വായന വളരട്ടെ

Share it:
പ്രിയ രക്ഷിതാക്കളെ ...
വിദ്യാലയങ്ങളിൽ പ്രീപ്രൈമറി കൂട്ടുകാരുടെ കഥോത്സവങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. വൈവിധ്യമാർന്ന കൂട്ടുകാരുടെ മികച്ച കഥാവതരണങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു .  കൂട്ടുകാരോടൊപ്പം കഥോത്സവങ്ങളിൽ ഒപ്പം കൂടിയപ്പോൾ മിക്ക കൂട്ടുകാരും പറഞ്ഞത് കഥകൾ  കൂടുതൽ കേൾക്കുന്നത് മൊബൈലിൽ കൂടിയാണെന്നാണ്..... " മൊബൈലിലൂടെ കഥ കാണുകയും കേൾക്കുകയും ചെയ്യുന്ന കൂട്ടുകാർ " അങ്ങനെമാത്രം മതിയോ......?
നമ്മുടെ ഒക്കെ വീടുകളിൽ കഥ പറയുന്ന, ശ്ലോകം ചൊല്ലുന്ന, പഴഞ്ചൊല്ല് കൂട്ടിച്ചേർക്കുന്ന ഒരു തലമുറയുണ്ടായിരുന്നു .... അവർ ഇന്നെവിടെ?
നമ്മുടെ കൂട്ടുകുടുംബങ്ങളുടെ കാലം കഴിയുകയും ചെറുകുടുംബം സന്തുഷ്ട കുടുംബവുമായി മാറുകയും ചെയ്തപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് മുത്തശ്ശി കഥ പറഞ്ഞുറക്കിയിരുന്ന, മുത്തം തന്നുണർത്തിയിരുന്ന അപ്പൂപ്പനെയും, അമ്മൂമ്മയെയും, അമ്മാവനേയും, അമ്മായിയേയും, കുട്ടേട്ടത്തിയെയും, കുഞ്ഞയേയും ഒക്കെയാണ്. മിക്കവാറും അച്ഛനമ്മമാർ ജോലിക്കു പോകുന്ന വീട്ടിൽ കുഞ്ഞിനെ നോക്കാൻ ഒരു സഹായിയെ കണ്ടെത്തുന്നു, അല്ലെങ്കിൽ കുഞ്ഞിനെ നോക്കാൻ ഒരിടത്ത് ഏല്പിക്കുന്നു. രണ്ടായാലും കുഞ്ഞിനോടു കഥ പറയാനും, കൊഞ്ചാനും, കുഞ്ഞിനെ ലാളിക്കാനും മുതിർന്നവർ ആരും കാണില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് വാടിതളർന്നെത്തുന്ന അച്ഛനമ്മമാർ കഥ പറയുകയോ, പാട്ടുപാടുകയോ ശ്രമിക്കാതിരുന്നാൽ അത്ഭുതപ്പെടാനില്ല. പിന്നെ ഇന്ന് ആർക്കും ഒട്ടും സമയവുമില്ലല്ലോ. 
      ഇതിനൊരു മാറ്റം വരേണ്ടത് അനിവാര്യമാണ്... സ്വന്തം കുട്ടിയെ മടിയിലിരുത്തി കഥകളും മറ്റും ചൊല്ലി കൊടുക്കാൻ നമുക്ക് കഴിയണം. ബാലസാഹിത്യകൃതികളെയും ബാലമാസികകളെയും പരിചയപ്പെടുത്താൻ കഴിയണം....കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ, പാട്ടുകൾ, അഭിനയഗാനങ്ങൾ, ചൊല്ലുകൾ, നാടൻ ശൈലികൾ ഇവയെല്ലാം അവരെ ഇങ്ങനെ പരിചയപ്പെടുത്തണം.അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞ കുട്ടികൾക്ക് വായനയിലേയ്ക്ക് ചുവട് വയ്ക്കാൻ പറ്റിയ പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് അവർക്ക് നൽകണം .... അവ കുട്ടിയെ രസിപ്പിക്കുന്നതാവണം. അങ്ങനെയല്ലെങ്കിൽ വായനയിൽ താല്പര്യം കുറയുകയും, പുസ്തകങ്ങളോട് മടുപ്പുണ്ടാവുകയും ചെയ്യും.  അതിന് മികച്ച ബാലസാഹിത്യ കൃതികളുടെയും മാസികകളുടെയും കൂട്ടുകാരായി രക്ഷിതാക്കൾ മാറണം.വാമൊഴിയുടെ ചുവടുപിടിച്ചുള്ള ശൈലിയായിരിക്കണം ബാലസാഹിത്യത്തിന്റെ ശക്തി. കഥ പറയുന്ന രീതി ആകർഷണീയമായാലേ കുട്ടിയുടെ മനസ്സ് കീഴടക്കാനാകൂ. സ്വാഭാവികത നഷ്ടപ്പെടാത്ത സംഭാഷണങ്ങളും, കഥാസന്ദർഭങ്ങളും വേണം. നന്മയുടെ ജന്മം, തിന്മയുടെ തോൽവി, അഹങ്കാരത്തിന് അമളി, ക്ഷമയുടെ ബലം, ശത്രുക്കൾപോലും ബഹുമാനിക്കുന്ന നായകൻ, പരീക്ഷണങ്ങൾ കടന്നു വിജയിക്കുന്ന നായകൻ, നായിക, ഭാവനയെ വികസിപ്പിക്കുന്ന കഥകൾ, മനുഷ്യത്വം, ബുദ്ധി, ഭൂതദയ, ശാസ്ത്ര ചിന്തകൾ ഇവയെല്ലാം കാത്തു കൊള്ളുന്ന കഥ- കവിത ഉൾക്കൊള്ളുന്ന സാഹിത്യ കൃതികൾ.... ഇവയൊക്കെ കൂട്ടുകാരെ പരിചയപ്പെടുത്തണം. ബാല്യത്തിലേയ്ക്ക് മടങ്ങാൻ ,. ബാല്യത്തിലെ സ്വച്ഛതയും, സുഖവും, സത്യവും, നേരും, നെറിയും അല്പനേരത്തെക്കെങ്കിലും തിരിയെ കിട്ടാനും വ്യക്തിപരമായി ഇത് നിങ്ങളെയും സഹായിക്കും.''
വായന വളരട്ടെ... അത് കൂട്ടുകാരിലേയ്ക്ക് സ്നേഹമൂറുന്ന കഥകളും പാട്ടുമൊക്കെയായി പടരട്ടെ...

Share it:

Morning Thought

Parenting

Post A Comment:

0 comments: