ഒരു പാവപ്പെട്ട ബ്രാഹ്മണനായിരുന്നു അയാള്‍. ഒരിക്കല്‍ അയാള്‍ ഭിക്ഷതേടി പ്രസേനജിത്ത് എന്ന രാജാവു ഭരിച്ചിരുന്ന ശ്രാവസ്തിയിലെത്തി. അവിടെ ഒരു ബ്രാഹ്മണഭവനത്തില്‍ താമസവും തുടങ്ങി.
അയാള്‍ പാവപ്പെട്ടവനായിരുന്നതുകൊണ്ട് ആളുകള്‍ അയാള്‍ക്ക് ഉദാരമായി സംഭാവനകള്‍ നല്കി. ആ സംഭാവനകളുടെ കൂട്ടത്തില്‍ ധാരാളം സ്വര്‍ണനാണയങ്ങളുമുണ്ടായിരുന്നു.
ദിവസങ്ങള്‍ കുറെ കഴിഞ്ഞപ്പോഴേക്കും അയാളുടെ കൈയില്‍ നല്ലൊരു സംഖ്യ സ്വര്‍ണനാണയങ്ങളുണ്ടായി. ജീവിതത്തിലാദ്യമായി കൈനിറയെ സ്വര്‍ണനാണയങ്ങള്‍ കിട്ടിയപ്പോള്‍ അയാള്‍ ആദ്യം പകച്ചുപോയി.
സ്വര്‍ണനാണയങ്ങള്‍ കൈവശം വച്ചാല്‍ ആരെങ്കിലും തന്നെ കൊള്ളയടിക്കുമെന്ന ചിന്ത ക്രമേണ അയാളില്‍ രൂപപ്പെട്ടു. തന്മുലം സ്വര്‍ണനാണയങ്ങള്‍ എവിടെയെങ്കിലും ഒളിച്ചുവയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. അടുത്തുള്ള കാട്ടില്‍പ്പോയി അവിടെ ഒരു മരത്തിന്റെ ചുവട്ടില്‍ അയാള്‍ ആ നാണയങ്ങള്‍ കുഴിച്ചിട്ടു.
നാണയങ്ങള്‍ ഭദ്രമായി ഒരിടത്തു കുഴിച്ചിട്ടപ്പോള്‍ അയാള്‍ക്കു സമാധാനമായി. എങ്കിലും എല്ലാദിവസവും കാട്ടില്‍പ്പോയി നാണയങ്ങള്‍ അവിടെയുണെ്ടന്ന് ഉറപ്പുവരുത്തുക പതിവായിരുന്നു.
ഒരു ദിവസം പതിവുപോല അയാള്‍ കാട്ടിലെത്തി. പക്ഷേ, അവിടെ സ്വര്‍ണനാണയങ്ങള്‍ സൂക്ഷിച്ചിരുന്ന കുഴി ശൂന്യമായിരുന്നു! ദാനമായി ലഭിച്ച തന്റെ പുതിയ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടത് അയാള്‍ക്കു സഹിക്കാന്‍ സാധിച്ചില്ല. അയാള്‍ നെഞ്ചത്തടിച്ചു വിലപിച്ചുകൊണ്ട് തന്റെ വാസസ്ഥലത്തേക്കു മടങ്ങി.
കാട്ടില്‍ നിന്നു മടങ്ങിയെത്തിയ ബ്രാഹ്മണന്റെ കരച്ചില്‍കേട്ട് ആളുകള്‍ ഓടിക്കൂടി കാര്യം തിരക്കി. അപ്പോള്‍ അയാള്‍ തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട കഥ പറഞ്ഞു.
നഷ്ടപ്പെട്ടതു ധനമായതുകൊണ്ട് അതു വീണ്ടും സമ്പാദിക്കാവുന്നതാണല്ലോ എന്നു പറഞ്ഞ് ആളുകള്‍ അയാളെ ആശ്വസിപ്പിക്കാന്‍ നോക്കി. എന്നാല്‍, അയാളാവട്ടെ ദുഃഖം മൂലം ഭക്ഷണം കഴിക്കാന്‍പോലും തയാറായില്ല. എന്നുമാത്രമല്ല, താന്‍ ഇനി ജീവിച്ചിട്ടുതന്നെ കാര്യമില്ലെന്ന തീരുമാനത്തില്‍ എത്തി.
സ്വര്‍ണനാണയങ്ങള്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖം മൂലം അയാള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത നാടെങ്ങും പരന്നു. ഈ വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ അമ്പരന്നുപോയി. അവരില്‍ പലരും അയാള്‍ക്കു സല്‍ബുദ്ധി ഉപദേശിച്ചു കൊടുക്കാന്‍നോക്കി. പക്ഷേ, അതൊന്നും കേള്‍ക്കാന്‍ അയാള്‍ തയാറായിരുന്നില്ല.
ബ്രാഹ്മണന്‍ ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത രാജാവായ പ്രസേനജിത്തിന്റെ കാതിലുമെത്തി.
അപ്പോള്‍ രാജാവുതന്നെ ബ്രാഹ്മണന്റെ പക്കലെത്തി, അയാളുടെ സ്വര്‍ണനാണയങ്ങള്‍ വീണെ്ടടുത്തു കൊടുക്കാമെന്ന് ഉറപ്പു നല്‍കി. അതു സാധിക്കാതെ പോയാല്‍ പകരം അത്രയും സ്വര്‍ണനാണയങ്ങള്‍ താന്‍ തന്നെ നല്‍കിക്കൊള്ളാമെന്നായിരുന്നു വാഗ്ദാനം. രാജാവിന്റെ ഈ ഉറപ്പിന്‍മേല്‍ ബ്രാഹ്മണന്‍ ആത്മഹത്യാ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങിയെന്ന് കഥാസരിത് സാഗരത്തില്‍നിന്നുള്ള ഈ കഥയില്‍ പറയുന്നു.
അധ്വാനിക്കാതെയും വിയര്‍പ്പു ചിന്താതെയും കിട്ടിയ ധനമായിരുന്നു ബ്രാഹ്മണന് ലഭിച്ച ആ സ്വര്‍ണനാണയങ്ങള്‍. എന്നാല്‍, അവ കൈയില്‍ കിട്ടിയതോടുകൂടി അയാളുടെ ജീവിതത്തിനാകപ്പാടെ മാറ്റം വന്നു. അയാളെ സംബന്ധിച്ചിടത്തോളം തന്റെ ജീവനെക്കാള്‍ പ്രധാനപ്പെട്ടതായിത്തീര്‍ന്നു തനിക്കു ലഭിച്ച സ്വര്‍ണനാണയങ്ങള്‍. അതുകൊണ്ടല്ലേ അവ നഷ്ടപ്പെട്ടപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ അയാള്‍ തീരുമാനിച്ചത്?
നാം അധ്വാനിച്ചും വിയര്‍പ്പുചിന്തിയും സമ്പാദിക്കുന്ന ധനത്തിന് അതിന്റേതായ മൂല്യമുണ്ട്. എന്നാല്‍, നമ്മുടെ ജീവനുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിന്റെ മൂല്യം എത്രയോ കുറവാണ്! എന്നിരുന്നാലും, മുകളില്‍പ്പറഞ്ഞ ബ്രാഹ്മണനെപ്പോലെ ധനത്തെ തങ്ങളുടെ ജീവനെക്കാളധികമായി സ്‌നേഹിക്കുന്ന ആളുകള്‍ എത്രയോ അധികമാണ് നമ്മുടെയിടയില്‍!
ധനസമാഹരണത്തിനായി മറ്റുള്ളവരെ കുത്തിക്കവരുവാനും സ്വന്തം ജീവന്‍ ബലികഴിക്കാനും വരെ തയാറുള്ളവരെ നാം നമ്മുടെ ചുറ്റിലും കാണാറില്ലേ? ഒരുപക്ഷേ, ധനത്തിന്റെ പേരില്‍ മരിക്കാന്‍ മുതിരുന്ന സാഹസമൊന്നും കാണിച്ചില്ലെങ്കില്‍പ്പോലും ധനത്തോട് അമിത സ്‌നേഹവും ആസക്തിയും നമുക്കില്ലെന്നു പറയാമോ?
ജീവിതം നല്ലനിലയില്‍ പോകുന്നതിന് സമ്പത്ത് നമുക്ക് കൂടിയേ തീരൂ. എന്നാല്‍, ധനംകൊണേ്ട രക്ഷയുള്ളൂ എന്ന ചിന്തയ്ക്ക് നാം അടിമകളായാലോ? ധനസമ്പാദനത്തിലും അതു ഭദ്രമായി സൂക്ഷിച്ചുവയ്ക്കുന്നതിലുമുള്ള ചിലരുടെ ശ്രദ്ധ കണ്ടാല്‍ ധനമാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമെന്ന് തോന്നിപ്പോകും.
ഒരുതുണ്ടു ഭൂമിയുടെ പേരില്‍ കൈയേറ്റവും കത്തിക്കുത്തും കൊലപാതകവും വരെ നമ്മുടെ നാട്ടില്‍ നടക്കാറുണ്ട്. കുറേ പച്ചനോട്ടുകള്‍ കൈയിലാക്കാന്‍ വേണ്ടി മാത്രം എന്ത് അക്രമവും അനീതിയും ചെയ്യാന്‍ മടിക്കാത്തവരുടെയും കഥകളേറെ. അതുപോലെ, ധനഷ്ടത്തിന്റെ പേരിലുള്ള ദുഃഖം താങ്ങാനാവാതെ ജീവിതം അവസാനിപ്പിക്കുന്നവരും അപൂര്‍വമായിട്ടാണെങ്കിലും നമ്മുടെ നാട്ടിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ധനത്തോടളള ആസക്തി മൂലം സ്വന്തം ജീവിതത്തിന്റെ ശോഭ കെടുത്തുന്നവര്‍ നിരവധിയാണ്.
ജീവസന്ധാരണത്തിനായി നാം ധനം സമ്പാദിക്കുമ്പോഴും അതിന്റെ വശ്യശക്തിയില്‍ കുടുങ്ങി ജീവിതം ദുരിതപൂര്‍ണമാകാതിരിക്കാന്‍ നമുക്കു ശ്രദ്ധിക്കാം. അതുപോലെ തന്നെ, നമുക്കുണ്ടാകുന്ന ധനം നമ്മുടെ ജീവന്റെ നാശത്തിന് കാരണമാകാതെ അത് നമ്മുടെ നിത്യജീവനു തന്നെ ഗുണകരമായ രീതിയില്‍ വിനിയോഗിക്കുന്നതിനും പരിശ്രമിക്കാം
Post A Comment:
0 comments: