അവധിക്കാല പ്രവർത്തനങ്ങൾ Class 3

Share it:
മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള അവധിക്കാല പ്രവർത്തനങ്ങളാണിത്. വീട്ടിലുള്ള മുതിർന്നവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്യേണ്ടത്. 
അവധിക്കാലപ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ഒരു പഴയ നോട്ടുബുക്ക് ക്രമീകരിക്കുമല്ലോ. ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ പരിശോധിക്കുകയും ഉചിതമായ നിർദ്ദേശങ്ങൾ നൽകുകയും വേണം.
പ്രവർത്തനം 01 
പത്രവായന നമ്മുടെ ജീവിതത്തിലെ ഒരു അത്യാവശ്യ ഘടകമാണ്. പത്രപാരായണം ഒരു ശീലമാക്കണം. എല്ലാ ദിവസവും പത്രം വായിക്കുകയും വിജ്ഞാനപ്രദമായ വാർത്തകൾ നിങ്ങളുടെ ശേഖരണബുക്കിൽ ഉൾപ്പെടുത്തുകയും ചെയ്താലോ?
പ്രവർത്തനം 02  - വായനാശീലം വളർത്താം 
ഓരോ ദിവസവും ഓരോ പുസ്തകം എന്ന രീതിയിൽ പുസ്തകങ്ങൾ വായിച്ചാലോ ?
വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും വേണം.  ഈ പ്രവർത്തനങ്ങളുടെ അവസാനം കൊടുത്തിരിക്കുന്ന കഥാശേഖരവും ഇതിനായി ഉപയോഗിക്കാവുന്നതാണ്.  
പ്രവർത്തനം 03
ഈ വർഷം നമ്മുടെ വിദ്യാലയത്തിൽനിന്നും നടത്തിയ പഠനയാത്ര / മാതാപിതാക്കൾക്കൊപ്പം നടത്തിയ വിനോദയാത്ര ഇവയിലേതിനേക്കുറിച്ചെങ്കിലും അനുഭവക്കുറിപ്പ് എഴുതാമോ?
 പ്രവർത്തനം 04
നിങ്ങളുടെ സ്വപ്‌നങ്ങൾ എന്തെല്ലാമാണ് ? ഞാൻ ആര് ആകും? എന്റെ ജീവിതലക്ഷ്യം എന്ത്? എഴുതി നോക്കിയാലോ?
പ്രവർത്തനം 05 
കേരളക്കരയിലൂടെ എന്ന പാഠഭാഗം ഓർമ്മയില്ലേ? കേരളത്തിലൂടെ  നമുക്ക് ഒരു യാത്ര നടത്തിയാലോ? കേരളത്തിന്റെ ഭൂപടം വരച്ച് ജില്ലകൾ അടയാളപ്പെടുത്താം.
പ്രവർത്തനം 06
കൂട്ടുകാരെ, 7 x 8 എത്രയാണ് ? ഗുണനപ്പട്ടികകൾ ഓർമ്മിക്കുന്നുണ്ടോ? ഗുണനപ്പട്ടികകൾ നമുക്കൊന്നെഴുതി നോക്കിയാലോ? ഒന്നുമുതൽ പത്ത് വരെയുള്ള ഗുണനപ്പട്ടികകൾ എഴുതാം. ശേഷം മാതാപിതാക്കളെ ചൊല്ലിക്കേൾപ്പിക്കുകയും വേണം.
പ്രവർത്തനം 07 - നമുക്ക് ഒരു കളി ആയാലോ?
“TEACHER” എന്ന വാക്കിലെ ഓരോ അക്ഷരവും ഉപയോഗിച്ച്, ആ അക്ഷരങ്ങൾ ഉൾപ്പെടുന്ന പരമാവധി വാക്കുകൾ കണ്ടെത്താം. 
പ്രവർത്തനം 08 - കണ്ടെത്തിയെഴുതാം   
 A- യിൽ തുടങ്ങുന്ന പത്ത് വാക്കുകൾ,  B- യിൽ തുടങ്ങുന്ന പത്ത് വാക്കുകൾ, A മുതൽ Z വരെ എന്ന രീതിയിൽ ഓരോ ദിവസവും തുടർച്ചയായി പത്ത് വാക്കുകൾ വീതം കണ്ടെത്തി എഴുതാം. (10 വാക്കുകൾ ലഭിക്കുന്നില്ല എങ്കിൽ പരമാവധി വാക്കുകൾ ശേഖരിക്കുക)
 എഴുതിയ പുതിയ വാക്കുകൾ മാതാപിതാക്കളുടെ സഹായത്തോടെ വായിക്കുവാൻ പഠിച്ചാലോ. വാക്കുകൾ കണ്ടെത്തുന്നതിന് നിങ്ങളുടെ പാഠപുസ്തകങ്ങളോ മറ്റുപുസ്തകങ്ങളോ ഉപയോഗിക്കാം.   
പ്രവർത്തനം 09
ഓരോദിവസവും അമ്മ നമുക്കായി സ്വാദേറിയ വിഭവങ്ങൾ തയ്യാറാക്കി തരുന്നില്ലേ ? ആഹാര പദാർത്ഥങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി അറിഞ്ഞാലോ? അരി ഉപയോഗിച്ചും  ഗോതമ്പ് ഉപയോഗിച്ചും തയ്യാറാക്കുന്ന വിഭവങ്ങളുടെ ഒരു പട്ടിക നമുക്ക് തയ്യാറാക്കാം. 


പ്രവർത്തനം 10 

വേനലൽക്കാലമായില്ലേ…? ജലത്തിന്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണിത്. ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, നമുക്ക് ഏതെല്ലാം വിധത്തിൽ ജലം സംരക്ഷിക്കാം എന്ന് നിങ്ങളുടെ പ്രവർത്തനബുക്കിൽ എഴുതുമോ? 
എഴുതിയാൽ മാത്രം പോരാ കേട്ടോ… ജലത്തിന്റെ ദുരുപയോഗം നമുക്ക് തടയുകയുംവേണം.
പ്രവർത്തനം 11 - പറവകൾക്ക് കുടിനീരൊരുക്കാം

മനുഷ്യരെപ്പോലെതന്നെ പക്ഷിമൃഗാദികളും കുടിവെള്ളം കിട്ടാതെ ഇപ്പോൾ അലയുകയാവും. മുതിർന്നവരുടെ സഹായത്തോടെ നമ്മുടെ വീട്ടുവളപ്പിൽ അവയ്ക്ക് കുടിനീരൊരുക്കിയാലോ? കുട്ടികൾക്ക് വായിക്കുന്നതിന് മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഉള്ള ചിത്രകഥകൾ താഴെ ഉള്ളടക്കംചെയ്യുന്നു. നാല് ലെവലുകളായിട്ടായിരിക്കും കഥകൾ ക്രമീകരിച്ചിരിക്കുന്നത്.
Share it:

അവധിക്കാല പ്രവർത്തനങ്ങൾ

Post A Comment:

0 comments: