പ്രഭാത ചിന്തകൾ 5 June 2021

Share it:

ഇന്ന് പരിസ്ഥിതി ദിനം. ആദ്യം നമുക്ക്‌ ഒരു കഥയിൽ നിന്ന് തുടങ്ങാം ;                                                        

എന്നും കാണാറുള്ള നഗരക്കാഴ്ചകൾ ജനലഴികൾക്കരികിൽ നിന്ന് അന്നും കണ്ടപ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ അയാൾ നിന്നു. വീണ്ടും വീണ്ടും കണ്ണുകൾ തിരുമ്മിയും ഇറുക്കിയടച്ചും  ഒന്നു കൂടെ അയാൾ അങ്ങോട്ടു നോക്കി.

അതേ സ്ഥലം , അതേ ലോകം , പക്ഷേ കാഴ്ചകൾക്ക് വർണ്ണ ശോഭയില്ല; നിശ്ചലത മാത്രം. എത്ര നേരം അങ്ങനെ നിന്നു എന്നു പോലും നിശ്ചയമില്ലാതെ , അയാളുടെ ചിന്തയ്ക്കും കണ്ണിൽ പതിഞ്ഞ ചിത്രത്തിനും പറയാനേറെയുണ്ടെന്ന തോന്നൽ. ഓർമ്മകളിലേതോ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലെ പരസ്യ വാചകം അയാളിൽ തികട്ടി വന്നു. "City never sleeps" ഇന്നലെ വരെയും അത് നൂറു ശതമാനം ശരിയായിരുന്നു...പക്ഷെ ഇന്നിപ്പോൾ...?

നിരത്തുകളെല്ലാം ചലനമറ്റ് ..........

അണമുറിയാതെ ഒഴുകിയകലുന്ന വാഹന വ്യൂഹങ്ങൾ,സന്ധ്യ കഴിഞ്ഞാൽ സൂര്യനെ വെല്ലുന്ന പ്രഭാപൂരം,ആൾക്കൂട്ടത്തിന്റെ ആരവങ്ങൾ....ഇന്നാരുമില്ല. ഇപ്പോൾ കാഴ്ചകൾക്ക് നിറമില്ലാത്ത അവസ്ഥ. ഒരു വിളിപ്പാടകലെ കാണുന്ന കടൽത്തിരകളുടെ മുഖത്തും ശാന്തത.

നഗരത്തിലെ ഈ അപ്പാർട്ടുമെന്റിലെ ഏറ്റവും ഉയർന്ന നിലയിൽത്തന്നെ താമസ സൗകര്യം ലഭിക്കാൻ കാത്തിരുന്നത് എല്ലാ കാഴ്ചകളും നോക്കിയിരിക്കാൻ വേണ്ടിയായിരുന്നു. നഗര ഹൃദയം, കടൽ,അൽപ്പമകലെ കാടിന്റെ പച്ചപ്പ്.

ഒരു നിമിഷം ! അയാളുടെ ശ്രദ്ധ നഗരത്തിന്‌ സമീപമുള്ള കാടിന്റെ അഗാധതയിലേക്ക് ഊളിയിട്ടു. ദൂരക്കാഴ്ചയിൽ ഇന്ന്  അവിടമൊരു ഉത്സവ ലഹരിയിലാണോ എന്ന് തോന്നി. അതെ, പരിസരമലിനീകരണമില്ലാതെ , മനുഷ്യ ശല്യമില്ലാതെ ,മരങ്ങളും ചെടികളും പുൽകളും, പുഴുക്കളും ,പക്ഷികളും ,മൃഗജാലങ്ങളും ,കാട്ടരുവികളും ആഹ്ലാദത്തിൽ.... കാട്ടിനുള്ളിലെല്ലാവരും പുതുലോകത്തിലെന്നപോലെ ആഘോഷത്തിമിർപ്പിലാണെന്നയാൾക്ക് തോന്നി.അപ്പോൾ വീശിയടിച്ച കാറ്റിലെ കുളിർമയും നൈർമ്മല്യവും, കാട്ടു പൂക്കളുടെ പരിമളവും അയാളനുഭവിച്ചറിഞ്ഞു.. പതിമൂന്നാം നിലയിൽ നിന്ന് വീണ്ടും അയാൾ ആകാശത്തേക്ക് നോക്കി.അന്തരീക്ഷത്തിനെ മറയ്ക്കുന്ന പൊടിപടലങ്ങളില്ലാതെ , അപാരതയിൽ തിളങ്ങി നിൽക്കുന്ന കിന്നര നക്ഷത്രങ്ങൾ. ചലനമറ്റ നിരത്തുകൾ എന്തോ പറയുന്നത് പോലെ അയാൾക്കനുഭവപ്പെട്ടു. "ഈ കാഴ്ച്ചകളും മൗനവും ശാശ്വതമായ നിശ്ശബ്ദതയുടേതല്ല, വീണ്ടെടുപ്പിന്റെതാണ്‌" 

ആകാശയാനങ്ങളെ ഭയക്കാതെ ഒരു കൂട്ടം പക്ഷികൾ അപ്പോൾ എങ്ങോട്ടോ ചിറകടിച്ചു പറന്നുപോയി........

കൊറോണ മഹാമാരിക്കാലം നമുക്ക്‌ ദുരിതങ്ങൾ ഒരുപാട്‌ തന്നു എങ്കിലും പ്രകൃതിക്ക്‌ അത്‌ വലിയൊരു അനുഗ്രഹം ആയിരുന്നു എന്ന് ഇന്ന് നാം തിരിച്ചറിയുന്നു...ഭൂമി നമ്മൾക്കും ജീവജാലങ്ങൾക്കും നൽകിയ സൌഭാഗ്യമാണ് പ്രകൃതി.ദൈവത്തിന്റെ വരദാനമാണ് പ്രകൃതി.

മനുഷ്യന്റെ ചൂഷണം മൂലം ഇന്ന് പ്രകൃതി ചുട്ടുപൊള്ളുന്നു. മനുഷ്യന്റെ പ്രവൃത്തികൾ സഹിച്ച് പ്രകൃതി കരയുന്നു. ഈ കരച്ചിൽ സുനാമിയും വെള്ളപ്പൊക്കവുമായി ആഞ്ഞടിക്കുന്നു. പ്രകൃതിയുടെ സങ്കടങ്ങൾ ആണ് പ്രകൃതിക്ഷോഭങ്ങൾ

പ്രകൃതിയുടെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും ഒക്കെ ശ്വാസകോശമാണ് മരം.ഇന്ന് എത്രയെത്ര മരങ്ങളാണ് വെട്ടി നശിപ്പിക്കുന്നത്.

പ്രകൃതിയുടെ ജലസംഭരണികളാണ് കുന്നുകൾ.നമ്മൾക്ക് ജലം ലഭിക്കുന്നതിൽ ഏറിയ പങ്കും കുന്നുകൾക്കാണ്.കുന്നുകൾ ഇന്ന് വളരെ കുറവാണ്.വളരെ അപൂർവമായേ കുന്നുകൾ ഇന്ന് കാണാറുള്ളൂ.

പ്രകൃതിയുടെ രക്തമാണ് പുഴ.മാലിന്യങ്ങൾ എറിഞ്ഞും വിഷം കലക്കിയും മനുഷ്യൻ പുഴയെ മലിനമാക്കുന്നു. ഇന്ന് പ്രകൃതിയുടെ രക്തമായ ചില പുഴകളെല്ലാം അശുദ്ധരക്തം പോലെ പ്രവഹിക്കുന്നു.

ഭൂപ്രകൃതിയനുസരിച്ച് പ്രകൃതിയിൽ ഗ്രാമങ്ങളും നഗരങ്ങളും രൂപപ്പെട്ടിട്ടുണ്ട്.പക്ഷേ ഇന്ന് കൂടുതൽ ഇടങ്ങളിലും ഗ്രാമങ്ങളെ നഗരങ്ങൾ വിഴുങ്ങുന്നു.

രോഗങ്ങൾ എവിടുന്ന് വേണമെങ്കിലും ഉണ്ടാകാം.വായുവിലൂടെയും ,ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും ഉണ്ടാകാം.ഈ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണവും നമ്മൾ തന്നെ.നമ്മൾ ഒരു വ്യക്തി മാത്രം ശുചിത്വം പാലിച്ചാൽ രോഗങ്ങൾ കുറയില്ല.അതിന് ഒരു സമൂഹം ഒരുമിച്ച് ശ്രമിക്കണം.മനുഷ്യരെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താം.അതിന് ആദ്യം എല്ലാവരും ശുചിത്വശീലങ്ങൾ പാലിക്കണം.

നമ്മുടെ പ്രകൃതിയിൽ   പ്രകൃതിക്ഷോഭങ്ങളും രോഗങ്ങളും ജലക്ഷാമവും ഉണ്ടാവുന്നത് നമ്മുടെ പ്രവൃത്തികൾ മൂലമാണ്. അത് മനസ്സിലാക്കി നമുക്ക് ജീവിക്കാം.ഒരു മരതകപ്രകൃതിയെ നമുക്ക് വാർത്തെടുക്കാം.അപ്പോൾ പ്രകൃതിക്കൊപ്പം നമ്മൾക്കും സന്തോഷിക്കാം

 പരിസ്ഥിതി ദിന ആശംസകൾ 
Share it:

Morning Thought

Post A Comment:

0 comments: