പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി ഏറെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് ഈക്കുറി നടത്തിയത്. പൊൻകുന്നം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ നാശോന്മുഖം ആയിരുന്ന പ്ലാവിന് പുതുജീവൻ പകർന്ന് ‘മാമരത്തിന് സാന്ത്വനം’ പദ്ധതിയുടെ തുടർച്ചയാണ് ഈക്കുറി പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചത്. ആ മരത്തിൽ കഴിഞ്ഞ വർഷം ആകെ കായ്ച്ചത് ഒരേ ഒരു ചക്കയാണ്. അതിൻറെ കുരു സ്കൂളിൽ തന്നെ പാകി മുളപ്പിച്ചു. 2016 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മുളച്ചുവന്ന ആരോഗ്യമുള്ള തൈകൾ എലിക്കുളം പഞ്ചായത്തിൻറെ 16 വാർഡുകളിലും നട്ടു പിടിപ്പിക്കുന്ന പദ്ധതിയാണ് ‘കോവിൽ പ്ലാവും കുഞ്ഞുങ്ങളും’ എന്നത്. ഓരോ വാർഡുകളിലും അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികൾ പൊതുപ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ഉചിതമായ സ്ഥലങ്ങളിൽ വൃക്ഷ ത്തൈകൾ നട്ടുപിടിപ്പിക്കുകയുണ്ടായി. ഇതു വഴി മുൻവർഷം ചെയ്ത മഹത്തായ ഒരു പഠനത്തിന് തുടർച്ച നൽകുവാൻ സാധിച്ചു. ഒപ്പം 200 ഓളം വർഷം പഴക്കമുള്ള ഒരു പുണ്യവൃക്ഷത്തിൻറെ പുതിയ തലമുറ നാട്ടിൽ പച്ചപിടിച്ചു വരുന്നു എന്ന അഭിമാനവും ഞങ്ങൾക്കുണ്ട്. പദ്ധതിയുടെ ഉത്‌ഘാടനം എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി.സുമംഗല ദേവിയുടെ സാന്നിധ്യത്തിൽ സംസ്ഥാന വനം-വന്യജീവി ബോർഡ് അംഗവും വൃക്ഷമിത്ര അവാർഡ് ജേതാവുമായ ശ്രീ.കെ.ബിനു നിർവഹിച്ചു.
Navigation
Post A Comment:
0 comments: