സമര്‍പ്പണം

Share it:

ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി.

കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

"താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു.
"അല്ല" മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ ശില്‍പ്പി പറഞ്ഞു - "ഒരു ശില്‍പ്പം മതി, പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേടുപാട് സംഭവിച്ചു പോയി"
ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൌതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു സാധിച്ചില്ല.

"പക്ഷെ ഈ ശില്‍പ്പത്തിനെന്തു കുഴപ്പമാണ് സംഭവിച്ചത് ?"

തോല്‍വി സമ്മതിച്ച ഭാവത്തില്‍, തെല്ലാശ്ചര്യത്തോടെ ടൂറിസ്റ്റ് ചോദിച്ചു.

"ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട്."

ടൂറിസ്റ്റിനു നേരെ നോക്കാതെ തന്‍റെ ജോലിയില്‍ വ്യാപൃതനായി ശില്‍പ്പി പറഞ്ഞു.

"എവിടെയാണ് നിങ്ങളീ ശില്‍പ്പം സ്ഥാപിക്കാനുദ്ദേശിക്കുന്നത് ?"

"അതാ ആ സ്തൂപത്തിനു മുകളില്‍" അല്‍പ്പമകലെ സ്ഥിതിചെയ്യുന്ന ഏകദേശം ഇരുപതടി ഉയരമുള്ള കല്‍സ്തൂപം ചൂണ്ടിക്കാണിച്ച് ശില്‍പ്പി പറഞ്ഞു.
"അത്രയും ഉയരത്തില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ മൂക്കിലെ ഒരു നേര്‍ത്ത പോറല്‍ ആരാണറിയാന്‍ പോകുന്നത് ?" ടൂറിസ്റ്റ് ചോദിച്ചു.

ശില്‍പ്പി ജോലി നിര്‍ത്തി അയാളെ നോക്കി. ഒരു പുഞ്ചിരിയോടെ പറഞ്ഞു - "മറ്റാരും അറിഞ്ഞില്ലെങ്കിലും ഞാന്‍ അറിയുമല്ലോ ?"

സമര്‍പ്പണം എന്നത് നമ്മുടെയുള്ളിന്‍റെയുള്ളില്‍ അന്തര്‍ലീനമായ ആഗ്രഹമായിരിക്കണം, ഒരിക്കലും ബാഹ്യമായ നിബന്ധനകളായിരിക്കരുത്.

നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുവാനല്ല, മറിച്ച് നമ്മുടെ ആത്മസംതൃപ്തിക്കും കഴിവിന്‍റെ പൂര്‍ത്തീകരണത്തിനുമായിരിക്കണം.
അപ്പോള്‍ പൂര്‍ണ്ണത, ചുറ്റുമുള്ളവരുടെ അനുമോദനങ്ങളെക്കാള്‍, നമ്മുടെ മനസ്സിനുള്ളില്‍ സംതൃപ്തി നിറഞ്ഞ ഒരു വികാരമായി നിറയുന്നത് അനുഭവിച്ചറിയാം.

നിങ്ങളൊരു പര്‍വ്വതത്തിന് മുകളിലേക്ക് കയറുമ്പോള്‍ നിങ്ങളുടെ ചിന്ത "ഉയരം കീഴടക്കിയ എന്നെയീ ലോകം കാണട്ടെ" എന്നതായിരിക്കരുത്, മറിച്ച് "ഉയരത്തില്‍ നിന്നു ഞാനീ ലോകമൊന്നു കാണട്ടെ" എന്നതായിരിക്കട്ടെ !

Share it:

ചിന്തിക്കാം

Post A Comment:

0 comments: