ബാബര്‍ അലി

Share it:
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ചെറിയൊരു ഗ്രാമത്തിലാണ് ബാബര്‍ അലി ജനിച്ചത്. അച്ഛനു ചണം കച്ചവടമായിരുന്നു. പഠിക്കാന്‍ വലിയ ആഗ്രഹമായിരുന്നു ബാബറിന്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബാബറിനെ നല്ലൊരു സ്‌കൂളില്‍ ചേര്‍ക്കാന്‍ പിതാവിനായില്ല. ഗ്രാമത്തിനു സമീപത്തെ ബെല്‍ഡാങ്ക സിആര്‍ജിഎസ് ഹൈസ്‌കൂളില്‍ ബാബറിനെ ചേര്‍ത്തു. ഒന്‍പതു വയസ്സുകാരനായ ബാബര്‍ ദിവസവും 10 കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്.
സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്ന സമയത്ത് സ്‌കൂളിലെ മറ്റു കുട്ടികള്‍ കന്നുകാലികളെ മേയ്ച്ചും കളിച്ചും വെറുതെ സമയം പാഴാക്കുന്നത് ബാബര്‍ എന്നും കാണുമായിരുന്നു. അപ്പോഴാണ് താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ഈ കുട്ടികളെയും പഠിപ്പിച്ചുകൂട എന്ന ആശയം മനസ്സില്‍ ഉദിച്ചത്. കുറച്ചു കുട്ടികളെയും കൂട്ടി വീടിനു മുറ്റത്തെ പേരമരച്ചുവട്ടില്‍ ക്ലാസ് തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കുട്ടികളുടെ എണ്ണം 8 ആയി. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ബാബറിന്റെ അനുജത്തിയും ഈ കുട്ടികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇന്നു ബാബറിന്റെ അനുജത്തി ബാബര്‍ തുടങ്ങിയ സ്‌കൂളില്‍ പഠിപ്പിക്കുന്നു.
കുട്ടികള്‍ക്ക് പഠിക്കാന്‍ ബുക്കോ പേനയോ ഒന്നും ഉണ്ടായിരുന്നില്ല. കളിമണ്ണ് ഉപയോഗിച്ചാണ് ബ്ലാക്ക്‌ബോര്‍ഡ് ഉണ്ടാക്കിയത്. സ്‌കൂളില്‍ തന്നെ പഠിപ്പിക്കുന്ന ഒരു അധ്യാപികയോട് ബാബര്‍ എന്നും പൊട്ടിയ ചോക്കിന്റെ കഷ്ണങ്ങള്‍ ചോദിക്കുമായിരുന്നു. ഒരു ദിവസം അധ്യാപിക ബാബറിനോട് ഇതെന്തിനാണെന്നു ചോദിച്ചു. അപ്പോഴാണ് ബാബര്‍ താന്‍ വീട്ടില്‍ നടത്തുന്ന സ്‌കൂളിനെക്കുറിച്ച് പറഞ്ഞത്. അന്നു മുതല്‍ എന്നും ഒരു പെട്ടി നിറയെ ചോക്കുകള്‍ ബാബറിനു നല്‍കുമായിരുന്നെന്ന് അധ്യാപിക ഓര്‍ത്തു.
സ്വപ്‌നം സത്യമായി മാറുന്നു
ആദ്യം താമശയായിട്ടാണ് ബാബര്‍ കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയത്. ബാബര്‍ സ്‌കൂളില്‍ നിന്നും വരുന്നതും കാത്ത് കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. ബാബര്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ കുട്ടികള്‍ ശ്രദ്ധയോടെ കേട്ടു. കുട്ടികള്‍ക്ക് പഠിക്കാനായി ബുക്കുകള്‍ ഒന്നും ഇല്ലായിരുന്നു. ചിലപ്പോള്‍ പഴയ ബുക്കുകള്‍ വില്‍ക്കുന്ന കടകളില്‍ പോയി മോഷ്ടിച്ചു. ഇവയില്‍ പലതും എഴുതി തീര്‍ന്നവ ആയിരുന്നു.
എനിക്ക് കഴിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ യൂണിഫോം മാറി കുട്ടികളെ പഠിപ്പിക്കാനായി പോകും. കൂടുതല്‍ സമയവും ഞാന്‍ കുട്ടികളോടൊപ്പം ആയിരുന്നു. ഇതുകണ്ട അച്ഛന്‍ ഒരിക്കല്‍ എന്നോട് സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതുകാരണം എന്റെ പഠിത്തം നഷ്ടമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. എന്നാല്‍ എന്റെ ദൃഢനിശ്ചയത്തില്‍ ഞാന്‍ ഉറച്ചുനിന്നു. ഒടുവില്‍ അദ്ദേഹം എന്റെ ആഗ്രഹത്തിനു മുന്നില്‍ വഴങ്ങി. സ്‌കൂള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ അനുവദിച്ചു. അച്ഛന്റെ ഭയം പതുക്കെ മാറി. വീട്ടിലെ സ്‌കൂളിനോടൊപ്പം തന്നെ എന്റെ പഠിത്തത്തിലും ഞാന്‍ വേണ്ടത്ര ശ്രദ്ധ നല്‍കി.
എന്നും രാവിലെ നേരത്തെ ഉണരും. പ്രഭാതഭക്ഷണം കഴിച്ച് സ്‌കൂളില്‍ പോകും. സ്‌കൂളില്‍ ചെന്നാല്‍ എത്രയും പെട്ടെന്ന് വീട്ടില്‍ എന്നെയും കാത്തിരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് എത്തണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ക്ലാസില്‍ നിന്നും പോകാതിരിക്കാനായി ശ്രദ്ധിച്ചു. അച്ഛന്‍ തരുന്ന ചെറിയ പണം ഉപയോഗിച്ച് മിഠായികള്‍ വാങ്ങി അവര്‍ക്കു നല്‍കി. കുട്ടികള്‍ക്കായി പാട്ടും ഡാന്‍സും നടത്തി. സ്‌കൂള്‍ നടത്തുന്ന സ്ഥലത്ത് പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ഞാനായിരുന്നു വിധികര്‍ത്താവ്. എന്റെ സ്‌കൂളില്‍ നടക്കുന്നവ വീട്ടിലെ സ്‌കൂളിലും ഞാന്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു
സ്‌കൂളിലേക്ക് വേണ്ട പഠനോപകരണങ്ങള്‍ ലഭിച്ചുതുടങ്ങി
കുട്ടികള്‍ക്കു വേണ്ട പഠനോപകരണങ്ങള്‍ ഒന്നും എന്റെ പക്കല്‍ ഇല്ലായിരുന്നു. ഞാന്‍ കുട്ടികളുടെ മാതാപിതാക്കളുടെ അടുത്തേക്ക് ചെല്ലുകയും അവരില്‍ നിന്നും അരി ശേഖരിക്കുകയും ചെയ്തു. ഇതു വിറ്റുകിട്ടിയ പണം കൊണ്ട് ബുക്കുകള്‍ വാങ്ങി. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ബുക്കുകള്‍ നല്‍കണം എന്നാവശ്യപ്പെട്ട് ഗ്രാമമുഖ്യന് നിവേദനം നല്‍കി. അദ്ദേഹം അത് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ക്ക് നല്‍കി. പഠനോപകരണങ്ങള്‍ ലഭിക്കാന്‍ ഇതു സഹായകമായി.
എന്റെ സ്‌കൂളിലെ അധ്യാപകര്‍ക്ക് ഞാന്‍ ഇതൊക്കെ ചെയ്യുന്നതില്‍ വളരെ സന്തോഷമായിരുന്നു. എന്റെ അച്ഛന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 600 രൂപ സംഭാവന നല്‍കി. എന്റെ അമ്മയും എനിക്ക് എപ്പോഴും പിന്തുണ നല്‍കി. അമ്മയെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ എനിക്ക് നല്‍കിക്കൊണ്ടിരുന്നു.
ഒരു ദിവസം ഒദ്യോഗികമായി സ്‌കൂളിന്റെ ഉദ്ഘാടനം നടത്തി. 30 രൂപയ്ക്ക് ഒരു മൈക്ക് വാടകയ്ക്ക് എടുത്തു. പാട്ടിന്റെയും ഡാന്‍സിന്റെയും അകമ്പടിയോടെ റിബണ്‍ മുറിച്ച് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. എന്റെ അമ്മയുടെ സാരികള്‍ കൊണ്ടാണ് സ്‌കൂള്‍ അലങ്കരിച്ചത്. ഗ്രാമത്തിലെ പഞ്ചായത്തംഗങ്ങളും മറ്റു മുതിര്‍ന്ന വ്യക്തികളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. എന്റെ കുടുംബസുഹൃത്ത് ഒരു സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയിരുന്നു. അദ്ദേഹമാണ് സ്‌കൂളിന് ആനന്ദ ശിക്ഷാ നികേതന്‍ എന്നു പേരിട്ടത്.
പ്രാദേശിക മാധ്യമങ്ങളില്‍ സ്‌കൂളിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു. ഗ്രാമം മുഴുവന്‍ സ്‌കൂളിനെക്കുറിച്ച് അറിഞ്ഞു. നോബല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാ സെന്നും ഈ വാര്‍ത്ത കേള്‍ക്കാനിടയായി. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിപ്പിച്ചു. ശ്രേഷ്ഠനായ അധ്യാപകനും പശ്ചിമ ബംഗാളിന്റെ മുന്‍ ധനകാര്യ മന്ത്രിയുമായ അദ്ദേഹവുമായി ഒരു മണിക്കൂറുകളോളം സംസാരിച്ചു. അദ്ദേഹവുമായി സംസാരിച്ചതില്‍ നിന്നുള്ള ഊര്‍ജം ഉള്‍ക്കൊണ്ട് കൊല്‍ക്കത്തയിലേക്ക് പോകാന്‍ തീരുമാനിച്ചു. സ്‌കൂളിലേക്കു വേണ്ട പഠനോപകരണങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനായിരുന്നു ഈ യാത്ര. സ്‌കൂള്‍ യൂണിഫോമില്‍ ഒറ്റയ്ക്കാണ് ബാബര്‍ കൊല്‍ക്കത്തയിലേക്ക് പോയത്. ബാബറിനെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായി.
ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഇത്രയും വര്‍ഷമായിട്ടും എന്നെ സഹായിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അവര്‍ ഒരിക്കല്‍പ്പോലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സാബുജ് ബാരുണ്‍ സര്‍ക്കാറിനെ ഒരു ദിവസം പോയി കണ്ടു. അദ്ദേഹമാണ് ഇന്നു തന്റെ സ്‌കൂളിലെ ഭരണസമിതിയുടെ പ്രസിഡന്റ്. തന്റെ വില്ലേജിലെ ഒരു സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആയ ഫിറോസ ബീഗമാണ് സെക്രട്ടറി.
ഒരിക്കല്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശ്രീവാസ്തവയെ കാണാന്‍ പോയി. അദ്ദേഹം എന്നെ സഹായിക്കുക മാത്രമല്ല എന്റെ ജില്ലയിലെ ഏറ്റവും സമര്‍ഥനായ ആണ്‍കുട്ടി എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഒരാള്‍ ധരിച്ചിരിക്കുന്ന വസ്ത്രം കൊണ്ട് ആരും മിടുക്കന്മാരാകില്ല. ആരാണോ അറിവിന്റെ തിരി തെളിയിക്കുന്നത് അവരാണ് യഥാര്‍ഥ മിടുക്കന്മാരെന്നും അദ്ദേഹം പറഞ്ഞു.
2008 ല്‍ ഉന്നത മാര്‍ക്കോടെ ബാബര്‍ 10ാം ക്ലാസ് ജയിച്ചു. പരീക്ഷാ സമത്ത് 10 ദിവസം സ്‌കൂളിലെ കുട്ടികള്‍ക്ക് അവധി നല്‍കി. ഈ സമയത്ത് സിഎന്‍എന്‍ ഐബിഎന്‍ വാര്‍ത്താ ചാനല്‍ നല്‍കുന്ന റിയല്‍ ഹീറോ അവാര്‍ഡ് ബാബറിനു ലഭിച്ചു. നടന്‍ ആമിര്‍ ഖാനാണ് പുരസ്‌കാരം നല്‍കിയത്. ബാബറിനെക്കുറിച്ചെഴുതാനായി ബിബിസിയും ഗ്രാമത്തിലെത്തി. വാര്‍ത്താചാനലായ എന്‍ഡിടിവിയും ബാബറിനെ ആദരിച്ചു.
ചെറിയ ചെറിയ സംഭാവനകള്‍ ഉപയോഗിച്ചാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്. പക്ഷേ ഇനിയും ഇതില്‍ കൂടുതല്‍ എന്തൊക്കെയോ ചെയ്യണമെന്നു തോന്നി. സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ നല്ലൊരു കെട്ടിടം വേണമെന്നു മനസ്സിലായി. വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം നിര്‍മിക്കാനാവശ്യമായ പണം എന്റെ കയ്യില്‍ ഇല്ലായിരുന്നു. റിയല്‍ ഹീറോ പുരസ്‌കാരത്തിനൊപ്പം ലഭിച്ച പണം ഉപയോഗിച്ച് വീടിനു സമീപത്തായി വസ്തു വാങ്ങിയിരുന്നു. പക്ഷേ അതില്‍ കെട്ടിടം പണിയാന്‍ ആവശ്യമായ പണം ഉണ്ടായിരുന്നില്ല.
ഗ്രാമത്തിലെ ചെറിയൊരു കുട്ടി പ്രശസ്തനായതില്‍ ചിലര്‍ക്ക് അസൂയയും ഉണ്ടായി. പലരും എന്റെ അടുത്തെത്തി ഉപദേശിക്കും. ചിലര്‍ എന്തെങ്കിലും ജോലിക്ക് പോയിക്കൂടേ എന്നും മറ്റു ചിലര്‍ എന്തിനാ വെറുതെ ഈ കുട്ടികളെ പഠിക്കുന്നതുമൊക്കെ ചോദിച്ചു. എന്നാല്‍ ഞാന്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. വധ ഭീഷണി വരെ ഉണ്ടായി. പൊലീസ് സംരക്ഷണത്തോടെയാണ് കോളജ് പരീക്ഷ എഴുതിയത്.
മാലാല യൂസഫ് സായ്ക്ക് തലയിലാണ് വെടിയുണ്ടകളേറ്റത്. ജനങ്ങളുടെ വിദ്വേഷത്താലും ഉപദ്രവവും മൂലം എന്റെ മനസ്സിനാണ് വെടിയുണ്ടകള്‍ കൊണ്ടത്. കുട്ടികളെ എങ്ങനെ ഉത്സാഹമുള്ളവരാക്കാം എന്നതും വെല്ലുവിളിയായിരുന്നു. ഒരു കുട്ടി ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ ഞാന്‍ ആ കുട്ടിയുടെ വീട്ടില്‍ പോകും. മാതാപിതാക്കളോട് സംസാരിച്ച് കുട്ടിയെ സ്‌കൂളിലേക്ക് വിടണമെന്നു ആവശ്യപ്പെടും.
സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ് എന്റെ പ്രചോദനം. വിവേകാനന്ദന്റെ വാക്കുകളില്‍ നിന്നാണ് എനിക്ക് ശക്തിയും ഊര്‍ജവും ലഭിച്ചത്. ഇനിയും കൂടുതല്‍ നല്ലത് ചെയ്യാന്‍ അതെനിക്ക് പ്രചോദനമേകും.
ബാബറിന്റെ ജീവിതം പാഠപുസ്തകത്തില്‍
കര്‍ണാടക എന്റെ രണ്ടാമത്തെ ജന്മദേശമാണ്. കര്‍ണാടകയില്‍ ഇനിയും ഒരു സ്‌കൂള്‍ തുറക്കണമെന്നാണ് എന്റെ ആഗ്രഹം. രാജ്യത്തിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് എന്റെ ദൗത്യം. ഇനിയും കൂടുതല്‍ കുട്ടികള്‍ പഠിക്കാനായി മുന്നോട്ടുവരണം. അവര്‍ക്കും വിദ്യാഭ്യാസം നല്‍കിക്കഴിയുമ്പോള്‍ മാത്രമേ എന്റെ ദൗത്യം പൂര്‍ത്തിയാകുകയുള്ളൂ.
കര്‍ണാടക സര്‍ക്കാര്‍ ബാബറിന്റെ ജീവിതം പിയു കോഴ്‌സിന്റെ ആദ്യവര്‍ഷത്തെ ഇംഗ്ലീഷ് പാഠപുസ്തക്തതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാബര്‍ ആദ്യമായി സ്‌കൂള്‍ തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 8 കുട്ടികളും ഇന്നു കോളജിലാണ്. അവരില്‍ ചിലര്‍ ബാബറിന്റെ സ്‌കൂളില്‍ പഠിപ്പിക്കുന്നു. പുതിയ സ്‌കൂളില്‍ 500 കുട്ടികള്‍ ചേര്‍ന്നിട്ടുണ്ട്. പഴയ സ്‌കൂളില്‍ 300 കുട്ടികള്‍ പഠിക്കുന്നു.
എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ... വിവേകാനന്ദന്‍ പറഞ്ഞ ഈ വാക്കുകളാണ് ബാബറിന്റെ വഴികാട്ടി.
ലക്ഷ്യം നമുക്കു മാര്‍ഗമുണ്ടാക്കിത്തരുമെന്നത് ബാബര്‍ അലിയുടെ ജീവിതത്തില്‍ സത്യമാണ്. ഒന്‍പതു വയസ്സുള്ളപ്പോള്‍ താന്‍ കണ്ടുതുടങ്ങിയ സ്വപ്‌നം 21ാം വയസ്സില്‍ ബാബറിനെ എത്തിച്ചത് ഒരു സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ പദവിയിലാണ്. 12 വര്‍ഷത്തോളം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നം സഫലമായപ്പോള്‍ ഈ 21 കാരന് ലഭിച്ചത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്മാസ്റ്റര്‍ എന്ന പദവി
Share it:

Person

Post A Comment:

0 comments: