ലോക മാതൃഭാഷ ദിനം

Share it:
1999 നവംബറില്‍ ആണ്‌ യുനെസ്കൊയുടെ പൊതുസഭ വിശ്വമാതൃഭാഷാ ദിന പ്രഖ്യാപനം നടത്തിയത്‌. 2000 മുതല്‍ ഫെബ്രുവരി 21 വിശ്വമാതൃഭാഷാ ദിനമായി ആചരിച്ചുവരുന്നു. 1952 ല്‍ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതൃഭാഷയായ ബംഗളക്ക്‌ (ബംഗാളി ഭാഷക്ക്‌) അംഗീകാരം കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ശക്തമായ സമരം നടത്തുകയും അത്‌ പാക്കിസ്ഥാന്‍ രാഷ്ട്രീയം നിഷ്ഠുരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ആ സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 21 ഡാക്കയില്‍ പോലീസ്‌ വെടിവെപ്പില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. മാതൃഭാഷ സംരക്ഷിക്കാന്‍ വേണ്ടി രക്തസാക്ഷിത്വം വരിച്ച്‌ ആ വിദ്യാര്‍ത്ഥികളുടെ സ്മരണ കൂടി നിലനിര്‍ത്താനാണ്‌ യുഎന്‍ ഫെബ്രുവരി 21 തന്നെ വിശ്വമാതൃഭാഷാ ദിനമായി തെരഞ്ഞെടുക്കാന്‍ കാരണം. ലോകത്ത്‌ 7000 ത്തോളം ഭാഷകളാണ്‌ സംസാരഭാഷയായിട്ടുള്ളത്‌ എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. അതില്‍ 96 ശതമാനം ഭാഷകളും ലോകജനസംഖ്യയുടെ നാല്‌ ശതമാനം താഴെ മാത്രം ആളുകള്‍ സംസാരിക്കുന്നവയാണ്‌. ഇവയില്‍ ഏകദേശം നൂറ്‌ ഭാഷകള്‍ക്ക്‌ മാത്രമാണ്‌ ഭരണ-വിദ്യാഭ്യാസ തലത്തില്‍ മാന്യമായ സ്ഥാനമുള്ളത്‌. അതില്‍ത്തന്നെ ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്‌ മിക്കതിനും സ്ഥാനമില്ല. ആഗോളവല്‍ക്കരണത്തിന്റെ ഒരു പതിറ്റാണ്ട്‌ പിന്നിട്ടപ്പോഴേക്കും 50 ശതമാനം ഭാഷകളും മരണത്തിന്റെ വക്രത്തിലെത്തിയതാണ്‌ യുഎന്നിനെകൊണ്ട്‌ ഭാഷ സംരക്ഷണത്തിന്‌ ഊന്നല്‍ എടുപ്പിക്കാന്‍ സാഹചര്യം ഒരുക്കിയത്‌.
ഭാഷ ആശയവിനിമയത്തിന്റെ ഉപാധി മാത്രമല്ല, അത്‌ സാമൂഹ്യ സമരസതയുടേയും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിയുടേയും നിദാനം കൂടിയാണ്‌. സര്‍വോപരി ഭാഷ സംസ്കാരത്തിന്റെ പ്രതീകവും! ഒരു ഭാഷക്ക്‌ മങ്ങലേല്‍ക്കുന്നു എന്നുവെച്ചാല്‍ ഒരു സംസ്ക്കാരം ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്‌. അത്‌ വ്യതിരിക്തമായ ചിന്താശൈലിയുടെ, ആചാരാനുഷ്ഠാനങ്ങളുടെ, പൈതൃകത്തിന്റെ എല്ലാം അന്ത്യമാണ്‌.
ഭാഷ വൈവിധ്യത്തേയും സാംസ്ക്കാരിക തനിമകളേയും സംരക്ഷിക്കുക എന്നതാണ്‌ ദിനാചരണത്തിലൂടെ ലക്ഷ്യം വക്കുന്നത്‌. ഭാഷാ വൈവിധ്യംകൊണ്ട്‌ സമ്പന്നമായ ഭാരതം ഇന്ന്‌ ഭാഷകളുടെ ശവപറമ്പായി മാറിക്കൊണ്ടിരിക്കുന്നു. ഒന്നാം കോളനിവല്‍ക്കരണത്തിന്‌ സാധിക്കാത്തതാണ്‌ ആഗോളവല്‍ക്കരണത്തിലൂടെ കടന്നുകയറുന്ന കോളനിവല്‍ക്കരണത്തിന്റെ രണ്ടാംവരവ്‌ അടിവരയിടുന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ കഴിഞ്ഞവര്‍ഷം ഭാരതത്തിലെ മാതൃഭാഷ സ്നേഹികള്‍ ഭോപ്പാലില്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ മാതൃഭാഷകളുടെ സംരക്ഷണത്തിനായി ഒരു ജനകീയ മുന്നേറ്റത്തിനായുള്ള ആഹ്വാനവും-ഭാഷാ സംരക്ഷണ പ്രഖ്യാപനവും നടത്തിയത്‌.
ഭാഷ നിലനില്‍ക്കുന്നതും സമ്പുഷ്ടമാകുന്നതും പ്രയോഗത്തിലൂടെയാണ്‌ അതുകൊണ്ടുതന്നെ ഭോപ്പാല്‍ പ്രഖ്യാപനം ജനങ്ങളെ ആഹ്വാനം ചെയ്തത്‌ നിത്യവ്യവഹാരത്തില്‍ മാതൃഭാഷ തന്നെ ഉപയോഗിച്ച്‌ ഇന്നത്തെ അപകര്‍ഷതാബോധത്തെ വലിച്ചെറിയാനും അഭിമാനികളാവാനുമാണ്‌. ഇന്ന്‌ അക്ഷരാഭ്യാസമില്ലാത്ത സാമാന്യജനത്തിന്റെ പോലും മിഥ്യാധാരണ കയ്യൊപ്പ്‌ വക്കുക എന്നാല്‍ ഇംഗ്ലീഷില്‍ എന്തെങ്കിലും എഴുതി വട്ടംവരക്കുക എന്നാണ്‌? കയ്യൊപ്പ്‌ എന്നാല്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്‌. അതുകൊണ്ട്‌ തന്നെ സ്വന്തം കയ്യൊപ്പ്‌ മാതൃഭാഷയില്‍ രേഖപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്‌ മാതൃഭാഷ സംരക്ഷണത്തിന്റെ ഏറ്റവും ശക്തമായ മന്ത്രമായി കണക്കാക്കുന്നു. ഇന്ന്‌ ഒരു മലയാളി തന്റെ അയല്‍വാസിയടക്കമുള്ള സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹ ക്ഷണപത്രം തയ്യാറാക്കി നല്‍കുന്നത്‌ ഇംഗ്ലീഷിലാണ്‌. മലയാളത്തില്‍ അച്ചടിക്കുന്നത്‌ സാങ്കേതികമായ പ്രയാസമായിട്ടല്ല! മനഃപ്രയാസമാണ്‌. കുട്ടിയെ മലയാളം മീഡിയം വിദ്യാലയത്തിലാണ്‌ പഠിപ്പിക്കുന്നത്‌ എന്നുപറയുന്നത്‌ അങ്ങേയറ്റം അപമാനകരമായി കാണുന്ന മലയാളികള്‍ പെരുകിക്കൊണ്ടിരിക്കയാണ്‌. മലയാളം മരിക്കുകയാണ്‌ എന്ന്‌ പരിതപിക്കുന്നവരും മലയാളം അമരമാണെന്ന്‌ ആത്മവിശ്വാസം കൊള്ളുന്നവരും കേരളത്തിലുണ്ടെന്നതാണ്‌ ഏറെ വിചിത്രം. ഏതായാലും ഭാരതത്തിലെ അന്യഭാഷ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഭാഷയോട്‌ ആത്മബന്ധം പുലര്‍ത്തുന്നവര്‍ കേരളത്തില്‍ നന്നേ കുറവാണ്‌. ചരിത്രപരമായും മറ്റും പല കാരണങ്ങളും ഇതിന്‌ പറയപ്പെടുന്നു. മതപരമായും രാഷ്ട്രീയചിന്തയാലും മലയാളത്തേക്കാള്‍ മറ്റ്‌ ഭാഷകള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്ന മലയാളികള്‍ കേരളസമൂഹത്തിന്റെ അമ്പത്‌ ശതമാനത്തില്‍ കൂടുതലാണ്‌ എന്നത്‌ കേരളത്തിന്റെ മാത്രം പ്രത്യേകതയാവാം. ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍’ എന്ന്‌ പാടി ഭാഷാസ്നേഹം വിളംബരം ചെയ്ത കവിയും ‘മകന്‍ ഇംഗ്ലീഷുപഠിക്കാന്‍ ഭാര്യതന്‍ പ്രസവം അങ്ങ്‌ ഇംഗ്ലണ്ടില്‍ തന്നെ’ എന്ന്‌ പരിഹസിച്ച കവിയും കേരളീയന്റെ ഭാഷാസമീപനത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ വന്ന മാറ്റത്തിന്റെ സൂചകങ്ങളാണ്‌.
ഇന്ന്‌ ഭാഷാ സംരക്ഷണത്തിനായി സര്‍ക്കാര്‍ തലത്തില്‍ നിരവധി പ്രഖ്യാപനങ്ങളാണ്‌ നടക്കുന്നത്‌. പക്ഷേ അത്‌ നടപ്പിലാക്കുമ്പോള്‍ കാണിക്കുന്ന വൈകൃതങ്ങള്‍ കാണുമ്പോള്‍ സഹതപിക്കാനേ കഴിയൂ. രണ്ട്‌ ഉദാഹരണങ്ങള്‍ മാത്രം ഓര്‍മിക്കട്ടെ! ഒന്ന്‌ ‘മലയാള ഭാഷാ ദിനം’ എന്നൊരു ദിനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ മലയാളഭാഷ പ്രേമം വളര്‍ത്താന്‍ പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപിച്ച ദിനം ഇംഗ്ലീഷ്‌ കലണ്ടര്‍പ്രകാരം നവംബര്‍ ഒന്ന്‌. ഭാഷ സംസ്ഥാന രൂപീകരണ ദിനം എന്നതില്‍ കവിഞ്ഞ്‌ അതിന്‌ മലയാണ്‍മയോട്‌ എന്ത്‌ ബന്ധമാണ്‌ ഉള്ളത്‌? അത്‌ സര്‍ക്കാര്‍ നടപടി ആയതിനാല്‍ ‘ചടങ്ങ്‌’ പരിപാടിയായി ചിലയിടങ്ങളില്‍ നടക്കുന്നു. അതേസമയം, മലയാള ഭാഷ സ്നേഹികള്‍ ചിങ്ങം ഒന്ന്‌-മലയാളികളുടെ പുതുവല്‍സര ദിനം തന്നെ മലയാള ദിനമായി ആചരിക്കാന്‍ ആഹ്വാനം നല്‍കിയപ്പോള്‍ അതിന്‌ സാധാരണ ജനങ്ങളില്‍പോലും ആവേശം ഉണ്ടാക്കാന്‍ സാധിക്കുന്നു. രണ്ടാമത്തെ കാര്യം മലയാളത്തെ വിദ്യാലയങ്ങളില്‍ പ്രഥമഭാഷയും നിര്‍ബന്ധിത പഠനവിഷയവുമായി പ്രഖ്യാപിച്ചു. പ്രഥമ വിഷയത്തിന്‌ ആഴ്ചയില്‍ നാല്‌ പിരീഡ്‌ വേണമെന്നാണ്‌.
സര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതി ആദ്യം ഒരു ഐടി പിരീഡ്‌ തട്ടിയെടുത്തോളാന്‍ നിര്‍ദ്ദേശം നല്‍കി. ഉടന്‍ വിദ്യാഭ്യാസ വകുപ്പില്‍ ശക്തമായ ഐടി അറ്റ്‌ സ്കൂള്‍ ഇടപെട്ടു! കരിക്കുലം കമ്മറ്റി ആകെ വിഷമത്തിലായി. സമയം കണ്ടെത്തിയല്ലെ പറ്റൂ. ആര്‍ക്കോ ബുദ്ധി തെളിഞ്ഞു. സര്‍ക്കാരിന്റെ പ്രായോഗിക നിര്‍ദ്ദേശം ഉത്തരവായി ഇറങ്ങി. ചൊവ്വ ദിവസങ്ങളില്‍ എല്ലാ പിരീയഡില്‍ നിന്നും അഞ്ച്‌ മിനിട്ട്‌ വീതം എടുത്ത്‌ ഒരു പിരീഡ്‌ ഉണ്ടാക്കി അവിടെ പ്രഥമഭാഷയായ മലയാളം പഠിപ്പിക്കുക! ഈ ഉത്തരവ്‌ ഇറങ്ങിയിട്ടും മാസങ്ങള്‍ പിന്നിട്ടു. എവിടെയെങ്കിലും പ്രായോഗികമായോ എന്നറിയില്ല. ഏതായാലും കഴിഞ്ഞ ദിവസം പത്താംക്ലാസുകാര്‍ക്കുള്ള മോഡല്‍ പരീക്ഷ ആരംഭിച്ചു. ഒന്നാം ദിവസം ആദ്യം പഴയപടി മലയാളം, അറബി, സംസ്കൃതം,ഉറുദു…. ഉച്ചയ്ക്ക്ശേഷം അടിസ്ഥാനപാഠാവലി (പഴയ മലയാളം)- ഏതാണ്‌ ഒന്നാം ഭാഷ? ഒരു നിശ്ചയവുമില്ലയൊന്നിനും.
മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി (ക്ലാസിക്കല്‍) കിട്ടാനും മലയാളത്തിന്റെ ഉന്നമനത്തിനുവേണ്ടി മലയാളം സര്‍വകലാശാല തന്നെ തുടങ്ങാനും സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്‌. അതും വിവാദങ്ങളിലാണ്‌. തുഞ്ചന്റെ ജന്മസ്ഥലമുള്ള മലപ്പുറത്ത്‌ വേണോ, സമാധിഭൂമിയിലുള്ള പാലക്കാട്‌ വേണോ എന്നാണ്‌ തര്‍ക്കം. എങ്ങനെ ആയിരിക്കണം എന്നോ, എന്തിനായിരിക്കണമെന്നോ ഉള്ള ചര്‍ച്ചകളായിരുന്നു നടക്കേണ്ടിയിരുന്നത്‌. സര്‍വകലാശാലയെക്കുറിച്ച്‌ കരട്‌ സ്വരൂപം തയ്യാറാക്കാന്‍ നിയുക്തനായ കെ.ജയകുമാര്‍ എല്ലാവരുമായി ചര്‍ച്ച നടത്തി ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും എന്നാണ്‌ രണ്ട്‌-മൂന്ന്‌ മാസം മുമ്പ്‌ പറഞ്ഞിരുന്നത്‌. അദ്ദേഹം ആരെയെങ്കിലും ക്ഷണിക്കുകയോ ആരെങ്കിലും അദ്ദേഹത്തെ കണ്ടതായോ അറിവില്ല. അതും മറ്റൊരു സംസ്കൃത കലാശാലപോലെ മലയാളം ഒഴിച്ച്‌ ബാക്കിയെല്ലാം പഠിക്കാന്‍ കഴിയുന്ന ഒരു കലാശാലയായി എവിടെയെങ്കിലും വരുമായിരിക്കും.
ഇന്നത്തെ അവസ്ഥയില്‍നിന്നും മലയാള ഭാഷയെയും നമ്മുടെ തനിമയാര്‍ന്ന സംസ്കൃതിയെയും സംരക്ഷിച്ചും സംപുഷ്ടമാക്കിയും അടുത്ത തലമുറയ്ക്ക്‌ നല്‍കേണ്ടത്‌ നമ്മുടെ കര്‍ത്തവ്യമാണെന്ന ബോധം ജനഹൃദയത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയണം. ആ ആശയത്തോടെ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പക്ഷെ അവരുടെ ഒരു ഏകോപനം ഇന്നില്ല. അതുണ്ടാകേണ്ടിയിരിക്കുന്നു. ഈ വിശ്വമാതൃഭാഷാദിനം അത്തരം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒന്നിപ്പിക്കാന്‍ വേദിയാവണം. അതോടൊപ്പം വളര്‍ന്നുവരുന്ന കുട്ടികളില്‍ മാതാവിനും മാതൃഭൂമിക്കും തുല്യമാണ്‌ മാതൃഭാഷയെന്നും ഇവയ്ക്കൊന്നും പകരംവയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന സന്ദേശവും എത്തിക്കാന്‍ കഴിയണം. മലയാളം പറഞ്ഞാല്‍ പിഴ വിധിക്കുന്ന വിദ്യാലയങ്ങളല്ല വേണ്ടത്‌. ശുദ്ധമായ ഭാഷാപ്രയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ നയപരിപാടികള്‍ വേണം.
മാതൃഭാഷ വിദ്യാലയങ്ങള്‍ ഇന്ന്‌ മാറിമാറിവരുന്ന സര്‍ക്കാരുകളുടെ പരീക്ഷണശാലകള്‍ മാത്രമാണ്‌. സ്വകാര്യ മേഖലയില്‍വരുന്ന വിദ്യാലയങ്ങള്‍ക്ക്‌ മാതൃഭാഷ വിദ്യാലയമായി അംഗീകാരം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ്‌ ഇന്ന്‌ ഇത്രയും സിബിഎസ്‌ഇ വിദ്യാലയങ്ങള്‍ കേരളത്തില്‍ മുളച്ചു പൊങ്ങാനും കുട്ടികള്‍ അങ്ങോട്ട്‌ ഒഴുകാനും ഇടയാക്കിയത്‌. ഇത്‌ കേരളത്തിന്റെ സര്‍ഗ്ഗാത്മകതയേയാണ്‌ തകര്‍ത്തുക്കൊണ്ടിരിക്കുന്നത്‌. ഈയിടെ നമ്മുടെ മുന്‍ രാഷ്ട്രപതിയായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം നടത്തിയ ഒരു നിരീക്ഷണം ഏറെ പ്രസക്തമാണെന്ന്‌ തോന്നുന്നു. “ഭാരതത്തില്‍ ഇന്ന്‌ ശാസ്ത്രപ്രതിഭകള്‍ ഉണ്ടാവുന്നില്ല. സാങ്കേതിക വിദഗ്ദ്ധരേയുള്ളൂ. ശാസ്ത്രവും സാമൂഹ്യശാസ്ത്രവും കുട്ടിയുടെ മാതൃഭാഷയില്‍ പഠിപ്പിച്ചാലേ പ്രതിഭകള്‍ ഉണ്ടാവൂ” ഇത്‌ ആരെങ്കിലും കേള്‍ക്കുമോ ആവോ? ‘Mother Tongue Matters:- Local language as key to effective Learning’ എന്ന യുനസ്ക്കോയുടെ പഠന റിപ്പോര്‍ട്ട്‌ സാധാരണക്കാരന്‍ വായിക്കാന്‍ ഇടയില്ല. അവരെ ഉദ്ദേശിച്ചിട്ടല്ല അത്‌ തയ്യാറാക്കിയിരിക്കുന്നതും. റിപ്പോര്‍ട്ട്‌ അവസാനിപ്പിക്കുന്നത്‌ ഈ വരിയോടെയാണ്‌. “This document aims to inform policy-makers on research evidence in mother tongue instructions and to raise their awareness regarding its importance. It will also serve to support policy decisions and policy making at country level.” കലാമിന്റെ വാക്കുകളില്‍ ഇതാണ്‌ പ്രതിധ്വനിക്കുന്നത്‌. ഇത്‌ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടേയും നയരൂപീകരണ വിദഗ്ദ്ധരുടേയും ശ്രദ്ധയില്‍പ്പെടേണ്ടതല്ല. വിശ്വമാതൃഭാഷാ ദിനം കടന്നുപോകുമ്പോള്‍ ഭരണ-വിദ്യാഭ്യാസ-നീതിന്യായ രംഗത്തെല്ലാമുള്ള ഭാഷാ ആസൂത്രണം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ?
എ.വിനോദ്‌ (വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകനാണ്‌ ലേഖകന്‍)
കടപ്പാട് :- ജന്മഭൂമി ദിനപത്രം
മാതൃഭാഷയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ 
1. ലോകത്ത് ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ ?
മണ്ഡരിയൻ ചൈനീസ്

2. ഇന്ത്യയുടെ ഭരണഘടനയിൽ സ്ഥാനം നേടിയിട്ടുള്ള ഭാഷകളുടെ എണ്ണം എത്ര? 
22 

3.ശ്രേഷ്ഠഭാഷാ പദവി ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ എത്രാമത്തെ ഭാഷയണ് മലയാളം?
5 (2013 മെയ്‌ 23ന് ഈ പദവി ലഭിച്ചു.2004ൽ തമിഴിനും 2005ൽ സംസ്‌കൃതത്തിനും 2008ൽ കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കൽ പദവി ലഭിച്ചിരുന്നു. )
Share it:

Post A Comment:

0 comments: