പഠനയാത്ര 2019

Share it:
പൈക അഞ്ചാംമൈൽ നരിതൂക്കിൽ ഫിഷ് ഫാമിലേയ്ക്ക് ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളിലെ കുട്ടികൾ നടത്തിയ പഠനയാത്ര ശ്രദ്ധേയമായി.മണ്ണിൽ മാത്രമല്ല വെള്ളത്തിലും പൊന്നുവിളയിക്കാമെന്ന് തെളിയിച്ച കർഷകനെയാണ് കുട്ടികൾക്കു പരിചയപ്പെടാനായത്.

റബ്ബറിന്റെയും നാണ്യവിളകളുടെയും വിലത്തകർച്ചയിൽ പകച്ചു നിൽക്കുന്ന കർഷകർക്കിടയിൽ അതിജീവനത്തിന്റെ മാതൃകയാണ് ബേബി നരിതൂക്കിൽ . സ്വർണക്കടയും പരമ്പരാഗതമായി കിട്ടിയ കാർഷിക പൈതൃകവും സ്വന്തം പുരയിടത്തിലെ തേക്കു പ്ലാന്റേഷനും ഒക്കെയായി നാട്ടിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ബേബിച്ചായൻ.മലയോര കർഷകന്റെ നട്ടെല്ലൊടിച്ച റബ്ബർ വിലത്തകർച്ചയിൽ ഒട്ടുമുക്കാൽ കർഷകരും പകച്ചു നിന്നപ്പോൾ ഹൈഡെൻസിറ്റി ഓർഗാനിക് ഫിഷ് ഫാമിങ്ങിലൂടെയാണ് ഇദ്ദേഹം വിജയം വലവീശി പിടിച്ചെടുത്തത്.. വലിയ പടുത കുളങ്ങളിൽ ആയിരവും പതിനായിരവും മീനുകളെ വളർത്തുമ്പോൾ ഒന്നേമുക്കാൽ ഏക്കർ സ്ഥലത്തെ പടുകൂറ്റൻ കുളത്തിൽ എഴുപത്തയ്യായിരം ഗിഫ്റ്റ് തിലോപ്പിയ മീനുകളാണ് വിളവെടുപ്പിനു തയ്യാറായിരിക്കുന്നത്. 
കൃഷിയിൽ എന്നും നൂതന പരീക്ഷണങ്ങളിൽ തൽപരനായ ബേബിച്ചായൻ മത്സ്യകൃഷിക്കായി തെരഞ്ഞെടുത്ത സാങ്കേതിക വിദ്യയും കേരളത്തിൽ ആദ്യത്തേതാണ്.തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ പരീക്ഷിച്ചു വിജയിച്ച കൃഷിരീതി കേരളത്തിലെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിലാണ് നടപ്പാക്കിയത്.പാറക്കെട്ടുകൾ നിറഞ്ഞ്
ചെങ്കുത്തായി കിടന്ന സ്ഥലത്തെ തേക്കു പ്ലാന്റേഷൻ വെട്ടിമാറ്റി സ്ഥലം വാട്ടർ ലെവൽ ആക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഒന്നര കൊല്ലത്തെ അശ്രാന്ത പരിശ്രമമാണ് ഇന്നു കാണുന്ന കൃഷിയിടം.
പടുത കുളങ്ങളിൽ വേസ്റ്റും സ്ളറിയും ചേർന്ന് ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് പല കർഷകർക്കും തലവേദനയാകുന്നത്.ഇതിനു പരിഹാരമായി കുളത്തിനു നടുവശത്ത് സെൻട്രിഫ്യൂഗൽ രീതിയിൽ രീതിയിൽ വെളളം എത്തിച്ച് പൈപ്പുവഴി അടുത്തുള്ള ടൊയ്ലറ്റ് ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിക്കുന്നതു വഴി കായലിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.പെല്ലറ്റും മറ്റ് കൃത്രിമ ആഹാരങ്ങളും കുറച്ച് ചേമ്പിലയും പായലും പോലുള്ള സ്വാഭാവിക ആഹാരം കഴിക്കുന്നതു കൊണ്ട് തന്നെ മീനുകൾക്ക് രുചിയേറെയാണ്. കുളത്തിൽ നിന്നും പിടിച്ചെടുക്കുന്ന മീനിനെ അടുത്തുള്ള ശുദ്ധജല ടാങ്കിൽ ഒരു ദിവസം സൂക്ഷിച്ച ശേഷമാണ് വിൽപന.വമ്പൻ ഓർഡറുകൾക്കു പുറമെ ദിവസും കേട്ടറിഞ്ഞെത്തുന്ന ആളുകൾക്കായി മീൻ ഡ്രസ് ചെയ്തു കൊടുക്കാനും ഫാമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
അഞ്ച് തൊഴിലാളികളാണ് ഫാമിലെ പ്രവർത്തനങ്ങളിൽ സഹായത്തിനുള്ളത്. കൃഷിയിലും വിപണനത്തിലും ബേബിച്ചനു നിഴലായി ഭാര്യ റീത്താമ്മയും സദാസമയവും ഫാമിൽത്തന്നെ ഉണ്ട്. 

മത്സ്യകൃഷിയുടെ സാധ്യതകളും പ്രായോഗിക പരീക്ഷണങ്ങളിലൂടെ നേടിയ അനുഭവജ്ഞാനവും ബേബി നരിതൂക്കിൽ കുട്ടികളോട് പങ്കുവച്ചു.മൂന്ന്, നാല് ക്ലാസുകളിലെ എഴുപത് കുട്ടികളാണ് ഫാം സന്ദർശിച്ചത്.
ഹെഡ്മിസ്ട്രസ് ജി ജിജി, വാർഡ് മെമ്പർ സുജാതാ ദേവി, അധ്യാപകരായ അഭിലാഷ്, ഹരികൃഷ്ണൻ, മായ, ശ്രീനജ എന്നിവർ പഠനയാത്രയ്ക്കു നേതൃത്വം നൽകി.
Share it:

Post A Comment:

0 comments: