ജീവിതയാത്ര

Share it:

പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്റെ ശിഷ്യനായിരുന്നു തോമസ് ഹക്‌സ്‌ലി (1825 -1895). ശാസ്ത്രജ്ഞന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഈ ബ്രിട്ടീഷ് പ്രതിഭാശാലിയെക്കുറിച്ച് ഒരു കഥയുണ്ട്:

ഒരിക്കല്‍ ഹക്‌സ്‌ലി അയര്‍ലന്‍ഡിലെ ഡബ്ലിന്‍ നഗരത്തില്‍ ഒരു പ്രഭാഷണ പരമ്പര നല്‍കാന്‍ എത്തി. പല ദിവസങ്ങള്‍ നീണ്ടുനിന്ന പ്രഭാഷണ പരമ്പര വലിയ വിജയമായിരുന്നു. ഡബ്ലിനിലെ പരിപാടി കഴിഞ്ഞ ഉടനേ അദ്ദേഹത്തിന് അടുത്തുള്ള ഒരു പട്ടണത്തില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു.

എത്രയുംവേഗം യാത്ര പുറപ്പെടാനുള്ള തിടുക്കത്തില്‍ ഹോട്ടല്‍മുറിയില്‍ നിന്നു ബാഗും മറ്റു വ്യക്തിപരമായ സാധനങ്ങളുമെല്ലാം എടുത്തുകൊണ്ട് അദ്ദേഹം ഒരു കുതിരവണ്ടിയില്‍ കയറി. ടാക്‌സിയായി ഓടിയിരുന്ന ആ കുതിരവണ്ടിയില്‍ കയറിയ ഉടനേ ഹക്‌സ്‌ലി കുതിരവണ്ടിക്കാരനോടു പറഞ്ഞു: 'വേഗം പോകൂ. ഇപ്പോള്‍ത്തന്നെ ഞാന്‍ വളരെ ലേറ്റായി.

കുതിരവണ്ടിക്കാരന്‍ കുതിരകളെ ചാട്ടവാറുകൊണ്ടടിച്ച് വണ്ടി അതിവേഗം പായിച്ചു. വണ്ടി പായുന്നതു കണ്ടപ്പോള്‍ താന്‍ ഉടനേതന്നെ ലക്ഷ്യസ്ഥാനത്തെത്തുമല്ലോ എന്നോര്‍ത്ത് അദ്ദേഹം ആശ്വസിച്ചു. പിന്നെ അദ്ദേഹം കണ്ണുകളടച്ച് അല്പം വിശ്രമിക്കാന്‍ ശ്രമിച്ചു.

കുറേ കഴിഞ്ഞപ്പോള്‍ ഹക്‌സ്‌ലി കണ്ണുതുറന്ന് പുറത്തേക്കു നോക്കി. അപ്പോള്‍ അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. കാരണം, അദ്ദേഹത്തിന് പോകേണ്ടിയിരുന്ന സ്ഥലത്തിന്റെ നേരേ എതിര്‍ദിശയിലേക്കായിരുന്നു കുതിരവണ്ടി അപ്പോള്‍ പൊയ്‌ക്കൊണ്ടിരുന്നത്.

ഹക്‌സ്‌ലി തന്റെ സീറ്റില്‍നിന്നു മുന്നോട്ടാഞ്ഞ് കുതിരവണ്ടിക്കാരനോടു ചോദിച്ചു: നിങ്ങള്‍ എങ്ങോട്ടാണുപോകുന്നതെന്ന് അറിയാമോ?

പിന്തിരിഞ്ഞുനോക്കാതെ കുതിരവണ്ടിക്കാരന്‍ പറഞ്ഞു: എനിക്കറിയില്ല, സാര്‍. പക്ഷേ, പോകാവുന്നത്രയും വേഗത്തിലാണു ഞാന്‍ പോകുന്നത്.

ഇതൊരു യഥാര്‍ഥ കഥയാണത്രേ! കുതിരവണ്ടിയില്‍ കയറിയ ഹക്‌സ്‌ലി വിചാരിച്ചതു ഹോട്ടല്‍ മാനേജര്‍ കുതിരവണ്ടിക്കാരനോടു തന്റെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചു മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട് എന്നായിരുന്നു. കുതിരവണ്ടിക്കാരന്‍ വിചാരിച്ചത് തന്റെ വണ്ടി സാധാരണ പോയിരുന്ന റൂട്ടിലൂടെയാണ് ഹക്‌സ്‌ലിക്കു പോകേണ്ടിയിരുന്നത് എന്നും!

വേഗത്തിലുള്ള യാത്ര സുരക്ഷിതവുമാണെങ്കില്‍ അതു നല്ലതുതന്നെ. എന്നാല്‍, നമ്മുടെ യാത്ര എങ്ങോട്ടാണെന്ന് നമുക്കറിയാന്‍ പാടില്ലെങ്കിലോ? അപ്പോള്‍ കാര്യങ്ങള്‍ അപ്പാടെ തകിടം മറിയും.

വേഗത്തില്‍ പോകുന്ന കാര്യത്തെക്കുറിച്ചു മാത്രമേ ഹക്‌സ്‌ലിയുടെ കുതിരവണ്ടിക്കാരന്‍ ചിന്തിച്ചുള്ളു. അദ്ദേഹത്തിന് പോകേണ്ടിയിരുന്നത് എങ്ങോട്ടാണെന്ന് അയാള്‍ ചോദിച്ചില്ല.

ജീവിതമാകുന്ന നമ്മുടെ യാത്രയില്‍ നമുക്കൊക്കെ പല ലക്ഷ്യങ്ങളുണ്ടാകും. അതുപോലെ അവയെല്ലാം നേടിയെടുക്കാന്‍ നാം വിവിധ മാര്‍ഗങ്ങളും ആരാഞ്ഞെന്നിരിക്കും.എന്നാല്‍, നമ്മിലെത്ര പേര്‍ക്ക് നമ്മുടെ ജീവിത ലക്ഷ്യത്തെക്കുറിച്ചു ശരിയായ അവബോധമുണ്ട്? അതുപോലെ, നമ്മുടെ ജീവിതലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടി നാം തെരഞ്ഞെടുക്കുന്ന വഴികളെക്കുറിച്ച് നമുക്കെത്രമാത്രം ഉറപ്പും തീര്‍ച്ചയുമുണ്ട്?

ഇഹലോകജീവിതത്തില്‍ സന്തോഷവും സമാധാനവും പരലോകത്തില്‍ നിത്യജീവനും നിത്യാനന്ദവുമാണ് സാധാരണ രീതിയില്‍ നമ്മുടെയെല്ലാവരുടെയും ജീവിതത്തിന്റെ പരമലക്ഷ്യം. എന്നാല്‍, നമ്മുടെ ജീവിതയാത്രയില്‍ പലപ്പോഴും നാം മറ്റു ലക്ഷ്യങ്ങളിലല്ലേ ശ്രദ്ധ വയ്ക്കുന്നത്? അതുപോലെ, നേരായ മാര്‍ഗം വെടിഞ്ഞ് വളഞ്ഞ വഴികളിലൂടെയും നമ്മുടെ കൊച്ചുകൊച്ചു മോഹങ്ങള്‍ സാധിതമാക്കാന്‍ നാം ശ്രമിക്കാറില്ലേ?

നമ്മുടെ അനുദിനജീവിതത്തിലെ ലക്ഷ്യങ്ങള്‍ നമ്മുടെ പരമമായ ജീവിതലക്ഷ്യപ്രാപ്തിക്ക് സഹായകമാകുമെന്നു നാം ഉറപ്പുവരുത്തിയേ മതിയാകൂ. അതുപോലെതന്നെ, നമ്മുടെ ലക്ഷ്യപ്രാപ്തിക്കു നാം തെരഞ്ഞെടുക്കുന്ന വഴികളും അതിനു യോജിച്ചതാണെന്ന് നാം ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ, നമ്മുടെ ജീവിതം താളം തെറ്റാതെ അതിന്റെ അന്ത്യത്തിലെത്തുകയുള്ളൂ.

നമുക്കു വഴിതെറ്റിയാല്‍ നമ്മുടെ ഓട്ടം വേഗത്തിലാകും എന്ന് മനഃശാസ്ത്രജ്ഞനായ റോളോ മേയ് ഒരിക്കല്‍ എഴുതിയത് ഓര്‍മിക്കുന്നു. നമ്മുടെ ലക്ഷ്യപ്രാപ്തിക്കായി നാം തെരഞ്ഞെടുക്കുന്ന വഴികള്‍ തെറ്റായിട്ടുള്ളതാണെങ്കില്‍ ആ വഴികളിലൂടെ നാം വേഗത്തില്‍ നാശത്തിലെത്തുമെന്നു സാരം.

നമ്മുടെ ജീവിതം പരാജയത്തില്‍ കലാശിക്കാന്‍ നാമാരും ആഗ്രഹിക്കുന്നില്ല. എന്നാല്‍, നമ്മുടെ ജീവിതത്തെ പരാജയത്തിലേക്കു നയിക്കുന്ന വഴികളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ നമുക്ക് പലപ്പോഴും വൈമുഖ്യമാണെന്നു മാത്രം. തന്മൂലമല്ലേ നമ്മുടെ ജീവിതത്തില്‍ പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്നത്?

നമ്മുടെ ജീവിതലക്ഷ്യത്തെക്കുറിച്ച് എപ്പോഴും ശരിയായ അവബോധം നമ്മിലുണ്ടാകാന്‍ നമുക്കു ശ്രദ്ധിക്കാം. അതുപോലെ, നമ്മുടെ ജീവിതലക്ഷ്യപ്രാപ്തിക്കായി നാം കയറുന്ന വണ്ടി ശരിയായ ലക്ഷ്യത്തിലേക്കാണു പോകുന്നതെന്നും ഉറപ്പുവരുത്താം. അപ്പോള്‍, നാം പ്രതീക്ഷിക്കുന്നതുപോലെ നമ്മുടെ ജീവിതയാത്ര അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കൊള്ളും.
Share it:

Motivation Story

Post A Comment:

0 comments: