പ്രതീക്ഷ

Share it:

സീന ഭട്ടാചാര്യ എന്ന പതിനാറുകാരി സ്വന്തം കഥപറയുന്നതു കേള്‍ക്കുമ്പോള്‍ നമുക്ക് ദു:ഖം തോന്നാം. അതോടൊപ്പം മക്കളെ അകാരണമായി പീഡിപ്പിക്കുന്ന മാതാപിതാക്കളോടു നമ്മില്‍ ധാര്‍മികരോഷം നുരഞ്ഞുപൊന്തുകയും ചെയ്യും. സീന പറയുന്ന കഥ ശരിയാണെങ്കില്‍ സീനയും അവളെപ്പോലുള്ളകുട്ടികളും ഇത്രമാത്രം ദു:ഖം താങ്ങാന്‍ എന്തുതെറ്റു ചെയ്യുന്നു എന്നു നാം ചോദിച്ചേ മതിയാകു.

സീന ജനിച്ചത് കല്‍ക്കട്ടയിലാണ്. പത്തുവയസുവരെ സ്വന്തം മാതാപിതാക്കളുടെകൂടെ വളരാനുള്ള ഭാഗ്യം അവള്‍ക്കു ലഭിച്ചില്ല. സീനയുടെ മുത്തച്ഛനും മുത്തശ്ശിയുമാണ് അവളെ വളര്‍ത്തിയത്.

പത്താംവയസില്‍ സീനയുടെ മാതാപിതാക്കള്‍ എത്തി അവളെ മദ്രാസിലേക്കു കൊണ്ടുപോയി. മദ്രാസില്‍ സ്ഥിരതാമസമാക്കിയിരുന്ന അവര്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന നല്ല ജോലിയുള്ളവരായിരുന്നു. പക്ഷേ, സ്വന്തം മകളോട് സ്‌നേഹപൂര്‍വം പെരുമാറുവാന്‍ അവര്‍ക്ക് അറിവില്ലായിരുന്നു.

സീന തങ്ങള്‍ക്ക് ഒരു ഭാരമാണെന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്. സീന എഴുതുന്നു:

''ഞാന്‍ എന്റെ മാതാപിതാക്കളുടെകൂടെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവര്‍ പറയുന്നതുപോലെ എല്ലാം ചെയ്യാന്‍ ശ്രമിച്ചു. അവര്‍ ഒരിക്കലും എന്നോടു സൗമ്യഭാഷയില്‍ സംസാരിച്ചിട്ടില്ല. അവര്‍ എപ്പോഴും എനിക്ക് ആജ്ഞകള്‍ തരുകയായിരുന്നു ചെയ്തിരുന്നത്. ചിലപ്പോള്‍ എന്റെ അമ്മയ്ക്കു വെറുതെ കലികയറും. അപ്പോള്‍ എന്നെ ഒരുപാടു ചീത്തപറയും. എന്റെ അച്ഛനും ഇതില്‍നിന്നു വിഭിന്നനായിരുന്നില്ല.

''ഒരിക്കല്‍ ഞാന്‍ കിടക്ക വിരിക്കുകയായിരുന്നു. അമ്മ പറഞ്ഞ രീതിയില്‍നിന്ന് അല്പം മാറിയാണു ഞാന്‍ കിടക്ക വിരിച്ചത്. അത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അന്നു ജോലികഴിഞ്ഞ് അച്ഛന്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു, ഞാന്‍ അനുസരണക്കേടു കാണിച്ചെന്ന്. അപ്പോള്‍ അച്ഛന്‍ തന്റെ ബെല്‍റ്റ് ഊരിയെടുത്ത് എന്നെ അടിക്കുവാന്‍ തുടങ്ങി. അമ്മ എന്റെ തലമുടിക്കെട്ടില്‍ പിടിച്ചു വലിക്കുകയും ഇരുചെവിട്ടത്തും മാറിമാറി അടിക്കുകയും ചെയ്തു.''

ഇതൊക്കെ ശരിക്കും സംഭവിച്ചതോ എന്നു നമുക്ക് സംശയം തോന്നാം. സീന പറയുന്നതു ശരിയെങ്കില്‍, അതി ക്രൂരമായിട്ടാണ് അവളുടെ മാതാപിതാക്കള്‍ എപ്പോഴും അവളോടു പെരുമാറിയിരുന്നത്.

ഒരിക്കല്‍ സീനയുടെ വീട്ടില്‍ കുറെ അതിഥികള്‍ വന്നു. അപ്പോള്‍ നല്ല വസ്ത്രം ധരിക്കാതെ അവള്‍ അതിഥികള്‍ ഇരുന്നിരുന്ന വിരുന്നുമുറിയില്‍ കടന്നുചെല്ലാനിടയായി. സീനയുടെ അമ്മയ്ക്ക് ഇത് അശേഷം ഇഷ്ടപ്പെട്ടില്ല.

അതിഥികള്‍ പോയപ്പോള്‍ സീനയുടെ അമ്മ നേരെ അടുക്കളയില്‍ചെന്ന് നല്ല ചൂടുള്ള ഒരു ചട്ടുകം എടുത്ത് സീനയുടെ മുഖം പൊള്ളിച്ചു. അതെക്കുറിച്ചു ചോദിക്കാന്‍ ആരും ഉണ്ടായില്ല.

സീനയ്ക്ക് പന്ത്രണ്ടുവയസായപ്പോള്‍ അവളുടെ അച്ഛന്‍ അമേരിക്കയിലേക്കു കുടിയേറി. അങ്ങനെ സീനയും അമേരിക്കയിലെത്തി. പക്ഷേ, അമേരിക്കയിലെത്തിയിട്ടും സീനയുടെ ദു:ഖങ്ങള്‍ക്ക് ശമനമുണ്ടായില്ല. അവിടെയും അവളുടെ അച്ഛനും അമ്മയും അവളെ നിരന്തരം മര്‍ദിച്ചു.

ഒരിക്കല്‍ വീട്ടില്‍ തനിക്കുകിട്ടുന്ന മര്‍ദനത്തെക്കുറിച്ച് സീന തന്റെ അധ്യാപികയോടു പറയുവാനിടയായി. ഇക്കാര്യമറിഞ്ഞ അവളുടെ അച്ഛനും അമ്മയും മര്‍ദനത്തിന്റെ ശക്തികൂട്ടി.

സ്‌കൂളിലെ ക്ലാസ് കഴിഞ്ഞാലുടനേ വീട്ടിലെത്തിക്കൊള്ളണമെന്നായിരുന്നു സീനയ്ക്ക് നല്‍കിയിരുന്ന കല്പന. ഒരുദിവസം എന്തോ കാരണത്താല്‍ വൈകുന്നേരം നാലുമണികഴിഞ്ഞാണ് വീട്ടിലെത്തിയത്. അന്ന് വീടിനു പുറത്തിരുന്ന് സീനയ്ക്ക് രാത്രി കഴിക്കേണ്ടിവന്നു.

മാതാപിതാക്കളുടെ നിരന്തരമായ മര്‍ദനത്തിനിരയായ സീന സ്‌കൂളിലെ തന്റെ പഠനത്തിന്റെ ഭാഗമായി ഒരു ചെറിയ ഗവേഷണപരിപാടി തുടങ്ങി. മാതാപിതാക്കള്‍ കുട്ടികളോടു കാണിക്കുന്ന ക്രൂരതയായിരുന്നു ഗവേഷണ വിഷയം.

സീനയുടെ മാതാപിതാക്കള്‍ ഇക്കാര്യമറിഞ്ഞപ്പോള്‍ അവളുടെ നേരെ പാഞ്ഞടുത്തു. സീനയെ ബെല്‍റ്റുകൊണ്ട് മര്‍ദിക്കുന്നതിനിടയില്‍ അവളുടെ അച്ഛന്‍ പറയുകയാണ്: ''നീ ഗവേഷണം നടത്തുകയല്ലേ? ഈ പ്രഹരംകൂടി നിന്റെ ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊള്ളൂ.''

'പ്രതീക്ഷ എന്ന പേരില്‍ അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിലാണ് സീന തന്റെ കഥ എഴുതിയിരിക്കുന്നത്. തന്റെ മാതാപിതാക്കളുടെ അതിക്രൂരമായ മര്‍ദനത്തിന് ഇരയായ സീന മറ്റു കുട്ടികള്‍ക്ക് ഇതുപോലെ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തന്റെ കഥ സത്യസന്ധമായി എഴുതി പ്രസിദ്ധീകരിച്ചത്.

തന്റെ കഥ പറയുന്നതിനിടയില്‍ സീന എടുത്തെഴുതുന്ന ഒരു കാര്യമുണ്ട്. അതായത്, മക്കളെ അടിച്ചുവളര്‍ത്തുക എന്നത് മാതാപിതാക്കളുടെ പ്രത്യേകതയാണത്രേ.

മക്കളെ ശാസിച്ചും ശിക്ഷിച്ചുമൊക്കെ വേണം വളര്‍ത്താന്‍. വേണ്ടിവന്നാല്‍ ഒരു ചെറിയ വടിയെടുത്ത് മക്കളെ തല്ലേണ്ട സാഹചര്യവും വന്നേക്കാം. എന്നാല്‍, സീനയെ മര്‍ദിച്ചതുപോലെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ തല്ലിയാലോ? അതൊരിക്കലും ആര്‍ക്കും നീതീകരിക്കാനാവില്ല. എന്നുമാത്രമല്ല, അങ്ങനെ ചെയ്യുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും അതിന് സമൂഹത്തോട് ഉത്തരം പറയുകയും വേണം.

ദമ്പതികള്‍ക്കു ദൈവം നല്‍കുന്ന സമ്മാനമാണ് അവരുടെ മക്കള്‍. ആ മക്കളെ സ്‌നേഹിച്ചും താലോലിച്ചും ആവശ്യമെങ്കില്‍ ന്യായമായ രീതില്‍ ശിക്ഷിച്ചുമൊക്കെ വളര്‍ത്താനുള്ള ചുമതല മാതാപിതാക്കള്‍ക്കുണ്ട്. അതുപോലെ വളരാനും വികസിക്കാനുമുള്ള അവസരങ്ങള്‍ അവര്‍ക്കു നല്‍കുകയും വേണം.

തങ്ങള്‍ക്കു ജനിച്ച കുഞ്ഞ് പെണ്‍കുഞ്ഞായിപ്പോയി എന്ന കാരണത്താലോ അല്ലെങ്കില്‍ തങ്ങളുടെ കുഞ്ഞിനു സൗന്ദര്യം കുറഞ്ഞുപോയി എന്നതിനാലോ ആരെങ്കിലും കുഞ്ഞുങ്ങളെ ശരിക്കു ശ്രദ്ധിക്കുകയും വളര്‍ത്തുകയും ചെയ്യാതിരുന്നാല്‍ അതു കൊടും ക്രൂരതയാണെന്നതു നാം മറന്നുപോകരുത്.

സീന ഭട്ടാചാര്യയ്ക്കു സംഭവിച്ചതുപോലെ നമ്മുടെ കുടുംബങ്ങളില്‍ ആര്‍ക്കും സംഭവിക്കാതിരിക്കാന്‍ വ്യക്തികളെന്ന നിലയിലും സമൂഹത്തിലെ അംഗങ്ങളെന്ന നിലയിലും നമുക്കു ശ്രദ്ധിക്കാം.
Share it:

Motivation Story

Post A Comment:

0 comments: