പകയും വിദ്വേഷവും

Share it:

മൂന്നു ബ്രാഹ്മണ സഹോദരന്മാരുടെ കഥ. മുമ്പ് ഗോകര്‍ണം എന്ന കൊച്ചു രാജ്യത്തില്‍ രാജാവായിരുന്ന ശ്രുതസേനനോട് അഗ്‌നിശര്‍മന്‍ എന്ന ബ്രാഹ്മണന്‍ പറഞ്ഞ കഥയാണിത്. അഗ്‌നിശര്‍മന്‍ ഈ കഥ കേട്ടതാകട്ടെ ഈ ബ്രാഹ്മണ സഹോദരന്‍മാര്‍ക്കു വേണ്ടി ജോലി ചെയ്തിരുന്ന കര്‍ഷകനില്‍നിന്നും.

ബ്രഹ്മദത്തന്‍, സോമദത്തന്‍, വിശ്വദത്തന്‍ എന്നിങ്ങനെയായിരുന്നു ഈ ബ്രാഹ്മണസഹോദരന്മാരുടെ പേരുകള്‍. ഇവരില്‍ ആദ്യത്തെ രണ്ടുപേര്‍ വിവാഹിതരായിരുന്നു. മൂന്നാമത്തെയാളായ വിശ്വദത്തനാകട്ടെ അവിവാഹിതനും.

അവിവാഹിതനായ വിശ്വദത്തനെക്കൊണ്ട് മറ്റു രണ്ടു സഹോദരന്മാര്‍ ദാസനെപ്പോലെ പണിയെടുപ്പിച്ചു. വിശ്വദത്തന്‍ യാതൊരു മുറുമുറുപ്പും കൂടാതെ അവര്‍ക്കുവേണ്ടി എന്നും വയലില്‍ ജോലി ചെയ്തു. വിശ്വദത്തന്റെ സഹോദരന്മാര്‍ പലപ്പോഴും അയാളോട് അന്യായമായി പെരുമാറിയിരുന്നു. എന്നാല്‍, നല്ലവനും സ്‌നേഹമുള്ളവനുമായ വിശ്വദത്തന്‍ അവരോട് ഒരിക്കലും കോപിച്ചില്ല. എന്നുമാത്രമല്ല, അവരുടെ സുഖം എന്നും ഉറപ്പുവരുത്താനായിരുന്നു അയാള്‍ക്കു തിടുക്കം.

ഒരിക്കല്‍ വിശ്വദത്തന്റെ ജ്യേഷ്ഠന്മാരുടെ ഭാര്യമാര്‍ രണ്ടുപേരും കൂടി അയാളെ മോശമായ രീതിയിൽ സമീപിച്ചു. അപ്പോള്‍ വിശ്വദത്തന്‍ ജീവനുംകൊണേ്ടാടി. വിശ്വദത്തനെ സംബന്ധിച്ചിടത്തോളം ജ്യേഷ്ഠന്മാരുടെ ഭാര്യമാര്‍ സ്വന്തം അമ്മയ്ക്കു തുല്യരായിരുന്നു.

തങ്ങളുടെ അഭിലാഷം സാധിച്ചുതരാന്‍ വിസമ്മതിച്ച വിശ്വദത്തനെ വെറുതെ വിടാന്‍ ജ്യേഷ്ഠഭാര്യമാര്‍ തയാറായില്ല. പ്രതികാരദാഹികളായി മാറിയ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരോട് വിശ്വദത്തനെക്കുറിച്ച് അപവാദം പറഞ്ഞു. ഉടന്‍ തന്നെ വിശ്വദത്തന്റെ സഹോദരന്മാര്‍ രണ്ടുപേരും കൂടി അവനെ ചതിയില്‍ കൊല്ലാന്‍ തീരുമാനിച്ചു.

പക്ഷേ, വിശ്വദത്തന്റെ സഹോദരന്മാര്‍ ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. വിശ്വദത്തനാകട്ടെ തന്റെ സഹോദരന്മാര്‍ തന്നോട് ഹീനമായി പെരുമാറുന്നതിനെക്കുറിച്ച് ആരോടും പരാതി പറഞ്ഞതുമില്ല. എന്നുമാത്രമല്ല, ഇതിനിടയില്‍ താന്‍ കണെ്ടത്തിയ നിധി മുഴുവനും ജ്യേഷ്ഠന്മാര്‍ക്ക് കൊടുക്കുകയും ചെയ്തു.

വിശ്വദത്തന്‍ താന്‍ കണ്ടെടുത്ത നിധിമുഴുവനും സഹോദരന്മാര്‍ക്ക് നല്‍കിയിട്ടുപോലും അവര്‍ വിശ്വദത്തനോട് സ്‌നേഹപൂര്‍വം പെരുമാറിയില്ല. അവര്‍ തങ്ങളുടെ ഭാര്യമാരുടെ പ്രേരണയ്ക്ക് വശംവദരായി വിശ്വദത്തന്റെ കൈകാലുകള്‍ വെട്ടിമുറിച്ച് അയാളെ ശിക്ഷിച്ചു.

പക്ഷേ, അപ്പോഴും വിശ്വദത്തന്‍ ശാന്തത വെടിയുകയോ കോപിക്കുകയോ ചെയ്തില്ല. തന്റെ സഹോദരന്മാരെക്കുറിച്ചോ, അവരുടെ ഭാര്യമാരുടെ ഹീനമായ നടപടിയെക്കുറിച്ചോ ആരോടും പരാതിപ്പെട്ടതുമില്ല.

വിശ്വദത്തന്റെ ഈ കഥ കേള്‍ക്കുമ്പോള്‍, ആര്‍ക്കെങ്കിലും ഇത്രമാതം നിസംഗതയോടെ ഇത്രയേറെ വേദന സഹിക്കാന്‍ സാധിക്കുമോ എന്ന് നാം ചോദിച്ചേക്കാം. സാധാരണ രീതിയില്‍, നാമാരും തന്നെ നമ്മുടെ ജീവിതത്തില്‍ ഇത്രയേറെ നിസംഗതയോടെ നമ്മുടെ ജീവിതദുഃഖങ്ങളെ നേരിടുകയില്ല. പലപ്പോഴും ഇതിലും വളരെക്കുറച്ചുമാത്രം ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉണ്ടാകുമ്പോള്‍ നാം രൂക്ഷമായി പൊട്ടിത്തെറിക്കാനാണ് ഏറെ സാധ്യത.

വിശ്വദത്തന്റെ സഹോദരന്മാര്‍ സ്വാര്‍ഥരും നീതിരഹിതരും ക്രൂരരുമായിരുന്നു. എങ്കില്‍പ്പോലും വിശ്വദത്തന്‍ അവരെ വെറുത്തില്ല. എന്നുമാത്രമല്ല, അയാള്‍ അവരെ സ്‌നേഹിച്ചു. അവര്‍ തന്നോടു തിന്മ ചെയ്തപ്പോഴും അയാള്‍ അവര്‍ക്കു നന്മ മാത്രം ചെയ്തു. അവര്‍ തന്നെ കൊല്ലാന്‍ ചതിപ്രയോഗം നടത്തിയപ്പോഴും അയാള്‍ തനിക്കു കിട്ടിയ നിധി അവര്‍ക്ക് സമ്മാനമായി കൊടുത്തു. അവര്‍ തന്റെ കൈകാലുകള്‍ വെട്ടിമുറിച്ചപ്പോഴും അയാള്‍ അവരെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.

തന്റെ സഹോദരങ്ങള്‍ തന്നോട് അന്യായം പ്രവര്‍ത്തിച്ചപ്പോഴും അവരോട് കോപിക്കുകയോ അവരെ വെറുക്കുകയോ ചെയ്യാതിരുന്ന വിശ്വദത്തന്‍ വെറും പൊട്ടനായിരുന്നുവെന്ന് കരുതേണ്ട. എന്തു പ്രതിബന്ധങ്ങളുണ്ടായാലും ധര്‍മമാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാനായിരുന്നു വിശ്വദത്തന്റെ ശ്രമം. ആ ശ്രമത്തില്‍ വിശ്വദത്തന്‍ നൂറുശതമാനം വിജയിക്കുകയും ചെയ്തു.

ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ധര്‍മ മാര്‍ഗത്തില്‍ ഉറച്ചുനിന്ന വിശ്വദത്തനു തന്റെ കൈകാലുകള്‍ നഷ്ടപ്പെട്ടെങ്കിലും അത് ഈശ്വരാനുഗ്രഹത്താല്‍ ഉടനേ തിരികെക്കിട്ടി എന്ന് വിശ്വദത്തനെക്കുറിച്ചുള്ള കഥയില്‍ പറയുന്നു.

നമ്മുടെ അനുദിന ജീവിതത്തില്‍ ഒട്ടേറെപ്പേര്‍ നമ്മോട് അന്യായമായി പ്രവര്‍ത്തിച്ചേക്കാം. അതുപോലെ, അവര്‍ നമ്മുടെ ജീവിതത്തില്‍ പ്രതിബന്ധങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചേക്കാം. എന്നാല്‍, അപ്പോഴൊക്കെ ശാന്തത വെടിയാതെ അവരെ സ്‌നേഹിക്കുകയും അവര്‍ക്ക് നന്മമാത്രം ചെയ്യുകയും ചെയ്യാന്‍ സാധിച്ചാല്‍ എപ്പോഴും നമ്മെക്കുറിച്ച് അഭിമാനിക്കാന്‍ നമുക്ക് വകയുണ്ടാകും. അതുപോലെ തന്നെ, നമ്മുടെ ജീവിതം ധര്‍മാധിഷ്ഠിതമാണെന്ന് അപ്പോള്‍ ഉറപ്പാവുകയും ചെയ്യും.

ആരോടും ഒന്നിനെക്കുറിച്ചും ഒരിക്കലും പകയും വിദ്വേഷവുമില്ലാതെ ജീവിച്ച വിശ്വദത്തന്‍ ഈശ്വരസന്നിധിയില്‍ സംപ്രീതനായി. പകയും വിദ്വേഷവും വെടിഞ്ഞ് നമുക്കും ഈശ്വരസന്നിധിയില്‍ പ്രീതി കണ്ടെത്താം.
Share it:

Motivation Story

Post A Comment:

0 comments: