മനുഷ്യന്‍റെ മൂല്യം

Share it:
പ്രചോദന കഥകൾ
ഒരു കൊല്ലന്‍  (ഇരുമ്പ് പണിക്കാരന്‍) തന്‍റെ ആലയില്‍ (പണിസ്ഥലം) പണി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അച്ഛന്‍ പണി ചെയ്യുന്നത് നോക്കിയിരിക്കുകയായിരുന്ന അയാളുടെ മകന്‍ പെട്ടെന്ന് ചോദിച്ചു.

"അച്ഛാ, എത്രയാണ് ഒരു മനുഷ്യന്‍റെ മൂല്യം?"

അച്ഛന്‍ അത്ഭുതത്തോടെ മകനെ നോക്കി, തുടര്‍ന്നു പറഞ്ഞു

"മനുഷ്യന്‍റെ മൂല്യം നമുക്കങ്ങിനെ കണക്കാക്കാന്‍ ആവില്ല മോനേ! വിലമതിക്കാനാവാത്തതാണ് ഓരോ മനുഷ്യനും"

ആ ഉത്തരം മകന് അത്ര തൃപ്തികരമായി തോന്നിയില്ല. അവന്‍ ചോദിച്ചു

"അതെങ്ങിനെ ശരിയാകും. എല്ലാ മനുഷ്യരും വിലമതിക്കാന്‍ ആകാത്തവരാണെങ്കില്‍, എങ്ങിനെയാണ് ചിലര്‍ക്ക് കൂടുതല്‍ അധികാരവും അംഗീകാരവും കിട്ടുന്നത്? ചിലര്‍ ആരും ശ്രദ്ധിക്കാനില്ലാതെ അവഗണിക്കപ്പെടുന്നത്?"

അച്ഛന്‍ അതിനു മറുപടി പറയാതെ ഒരു ഇരുമ്പ് കഷണം കാണിച്ച് മകനോട് ചോദിച്ചു. 

"ഇതിനെന്തു വില വരും"

"ഏകദേശം 200 രൂപ"

"ശരി. ഞാനീ ഇരുമ്പ് ആണികളാക്കിയാലോ" അച്ഛന്‍ ചോദിച്ചു

"എങ്കില്‍ നമുക്ക് കുറെ ആണികള്‍ ഉണ്ടാക്കാന്‍ പറ്റും. കൂടുതല്‍ വിലയും കിട്ടും." മകന്‍ പറഞ്ഞു.

"അതേ, ഇതേ ഇരുമ്പ് ആണികളാക്കിയാല്‍ കൂടുതല്‍ വിലയാകും. പക്ഷേ ഇത് കൊണ്ട് ഞാന്‍ ഒരു യന്ത്രത്തിനാവശ്യമായ ഭാഗങ്ങള്‍ ഉണ്ടാക്കിയാലോ?"

"എങ്കില്‍ കൂടുതല്‍ വില കിട്ടും"

"എല്ലാം ഇരുമ്പ് തന്നെയാണെങ്കിലും അതിന്റെ വില നിശ്ചയിക്കുന്നത് അത് ഏത് രൂപത്തില്‍ ആണെന്നതാണ്. അത് പോലെത്തന്നെയാണ് മനുഷ്യനും. 

നാം എന്തായിത്തീരുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ മൂല്യം. അത് കൊണ്ട് മൂല്യം ഉള്ള വ്യക്തിയാകാന്‍ പരിശ്രമിക്കുക" ഒരു ചിരിയോടെ അച്ഛന്‍ പറഞ്ഞു.

മകന് അച്ഛന്‍ പറഞ്ഞത് മനസ്സിലായി.


Share it:

Motivation Story

Post A Comment:

0 comments: