പ്രിയപ്പെട്ട ടീച്ചർ

Share it:

പ്രിയപ്പെട്ട ടീച്ചർ,

എന്റെ മകൻ ഇന്ന് സ്കൂൾ വിദ്യാഭ്യാസം തുടങ്ങുകയാണ്. ഇനിയുളളതെല്ലാം അവനു പുതുമകൾ നിറഞ്ഞതും അപരിചിതവുമായിരിക്കും. അതുകൊണ്ട് വാൽസല്യപൂർവ്വം അവന്റെ കൈകളിൽ പിടിച്ച് അവൻ അറിയേണ്ട എല്ലാ അറിവുകളിലേക്കും വഴികാട്ടുമല്ലോ? ജീവിതം മുന്നോട്ടു നയിക്കാൻ ആവശ്യമായ വിശ്വാസം, സ്നേഹം, ധൈര്യം എന്നിവ അവനു പകർന്നു നൽകണം.

ഇതു കൂടി അവനെ പഠിപ്പിക്കുക -എല്ലാ തെമ്മാടികൾക്കും പകരമായി നല്ലവരുണ്ടാകും. സ്വന്തം കാര്യം മാത്രം നോക്കുന്ന എല്ലാ രാഷ്ട്രീയക്കാർക്കും പകരമായി അർപ്പണബോധമുളള നേതാക്കളുണ്ടാകും. എല്ലാ ശത്രുക്കൾക്കും പകരമായി സുഹൃത്തുക്കളുണ്ടാകുമെന്നു കൂടി അവനെ പഠിപ്പിക്കുക.

വെറുതെ കിട്ടിയ 100 രൂപയെക്കാൾ ഏറെ മൂല്യമുളളതാണ് അധ്യാനിച്ചു നേടിയ നേടിയ 10 രൂപയെന്നു കൂടി പഠിപ്പിക്കണം. തോൽവികൾ ഏറ്റുവാങ്ങാൻ പഠിപ്പിക്കണം; ഒപ്പം അഹങ്കരിക്കാതെ വിജയങ്ങൾ ആസ്വദിക്കാനും. അസൂയയിൽ നിന്ന് അകന്നു നിൽക്കുന്നവനായി അവൻ മാറട്ടെ. പൊട്ടിച്ചിരിക്കാനുളള കഴിവുകൂടി അവനിൽ ഉണ്ടാക്കണം. സങ്കടപ്പെട്ടിരിക്കുമ്പോഴും ചിരിക്കുന്നതെങ്ങനെ എന്ന് പഠിപ്പിക്കുക, പക്ഷേ, കരയുന്നതിൽ നാണക്കേടില്ലെന്നു കൂടി അവൻ അറിയണം.

പുസ്തകങ്ങളുടെ വിസ്മയം അവൻ അറിയണം.അതിനൊപ്പം ആകാശത്തു പാറി നടക്കുന്ന പക്ഷികളെയും വെയിലത്തു മൂളിപ്പറക്കുന്ന തേനീച്ചകളെയും ഹരിത ഭംഗിയുളള കുന്നിൻ ചെരിവിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെയും കാണാൻ അവനു സമയം കൊടുക്കണം.

മറ്റുളളവരെ വഞ്ചിക്കുന്നതിനേക്കാൾ വളരെ നല്ല കാര്യമാണു സ്വയം തോറ്റു കൊടുക്കുന്നതെന്നു പഠിപ്പിക്കണം. തെറ്റാണെന്ന് മുഴുവൻ ലോകവും പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ വിശ്വസിക്കാൻ അവൻ പഠിക്കട്ടെ. എല്ലാവരും ആൾക്കൂട്ടത്തിനൊപ്പം പോകുമ്പോഴും ഒഴുക്കിനൊപ്പിച്ചല്ലാതെ നിൽക്കാനുളള ശക്തി പകർന്നു നൽകുക. എല്ലാവരുടേയും വാക്കുകൾക്കു ചെവിയോർക്കാൻ അവനെ ശീലിപ്പിക്കുക. അധ്വാനത്തിനും ആശയങ്ങൾക്കും തക്ക പ്രതിഫലം നേടാൻ അവനു കഴിയണം. പക്ഷേ, ആത്മാവിനും ഹൃദയത്തിനും വില ഇടാൻ സമ്മതിക്കരുത്.

കൂക്കി വിളിക്കുന്ന ജനക്കൂട്ടത്തിനു നേർക്കു ചെവി കൊട്ടിയടക്കാൻ അവനു കരുത്തുണ്ടാകട്ടെ. ശരിയെന്നു തോന്നുന്ന കാര്യത്തിൽ ഉറച്ചു നിൽക്കാനും അതിനു വേണ്ടി പൊരുതാനും അവനു സാധിക്കണം. എന്റെ മകനോട് അമിത ലാളന വേണ്ട. നല്ല ഉരുക്ക് ഉണ്ടാകുന്നതു കൊടുംചൂടിൽ ഉരുകിയാണ്. ചിലയിടങ്ങളിൽ അക്ഷമ കാട്ടാനുളള ധൈര്യം അവനുണ്ടാക്കണം. ഒപ്പം ധീരതയോടെയിരിക്കാനുളള ക്ഷമയും വളർത്തണം. സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസം അവന് ഉണ്ടാകട്ടെ. എന്നാലേ അവന് മനുഷ്യനിൽ വിശ്വാസമുണ്ടാകൂ. അവൻ നല്ലൊരു മനുഷ്യനായി മാറട്ടെ!

എന്ന് സ്വന്തം,

ഏബ്രഹാം ലിങ്കൺ.

ഈ എഴുത്തു വായിച്ച് എന്റെ കണ്ണുകൾ നനഞ്ഞു  എന്ന് ഇനിയെനിക്ക് നാണക്കേടില്ലാതെ പറയാം!

ഈ ലോകത്തെ മുഴുവൻ അധ്യാപകർക്കുമായി, അവരിതു  വായിച്ച് വേണ്ടതു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഞാനിത് സമർപ്പിക്കുന്നു.

Share it:

അധ്യാപകർ

Post A Comment:

0 comments: