ചോക്കു കഷണങ്ങൾ...!!

Share it:

സൈലൻറ്സ് പ്ലീസ്... ആരും സംസാരിക്കരുത്. ഈ പദ്യങ്ങൾ വേഗം എഴുതി എടുത്തോളൂ.....

**
നാരങ്ങപ്പാല്‌
ചൂണ്ടയ്ക്ക്‌ രണ്ട്‌
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടിവരുന്ന
കുതിരക്കുട്ടീനെ
പിടിച്ചോ.....

📌📌📌📌

അത്തള പിത്തള തവളാച്ചി
ചുക്കുമ്മെരിക്കണ ചൂളാപ്പ
മറിയം വന്നു വിളക്കൂതി
ഉണ്ടോ മാണി സാറാ പീറാകോട്ട്‌...

📌📌📌📌

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ
കാക്ക കൊത്തി കടലിലിട്ടു
മുങ്ങാപ്പിള്ളേര്‌ മുങ്ങിയെടുത്തു
തട്ടാപ്പിള്ളേര്‌ തട്ടിയെടുത്തു.....

📌📌📌📌

വാ കുരുവീ വരു കുരുവീ
വാഴക്കൈമേൽ ഇരു കുരുവീ
നാരു തരാം, ചകിരി തരാം
കൂടുണ്ടാക്കാൻ കൂടേ വരൂ...

📌📌📌📌

വട്ടം വട്ടം മത്തങ്ങ
കൊത്തി കൊത്തി തിന്നപ്പോൾ
എന്തടി കാക്കേ മിണ്ടാത്തേ
കാ.. കാ.. കാ..

📌📌📌📌

"ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

"നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌?"

"കളിക്കാനായ്‌ കളം തരുമേ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാൻ പൊൻതടുക്ക്‌
ഇട്ടുണ്ണാൻ പൊൻതളിക
കൈ കഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്‌
ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

📌📌📌📌

കാട്ടുമരത്തിൻ കൊമ്പുകൾ തോറും
കയറാം മറിയാം ചാടാം
വാലാൽ ചില്ലത്തുമ്പിൽ ചുറ്റി
വലിഞ്ഞുകിടന്നൊന്നാടാം
കായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാൻ പുകൾ തേടും
വാലില്ലാത്തവർ നിങ്ങളെറിഞ്ഞാൽ
വാൽ പൊക്കിക്കൊണ്ടോടും!

📌📌📌📌

സന്ധ്യയായി തിരികൊളുത്തി
ഞങ്ങളെല്ലാം വീട്ടിലെത്തി
പ്രാത്ഥനയ്ക്കായ്‌ മുട്ടുകുത്തി
ഭക്തിയോടെ കൈകൾ കൂപ്പി

ദൈവമേ നിൻകുഞ്ഞു മക്കൾ
ദിവ്യപാദം കുമ്പിടുന്നു
കീർത്തനങ്ങൾ പാടിടുന്നു
വാഴ്ത്തിടുന്നു ദിവ്യനാമം

📌📌📌📌

കാക്കേ കാക്കേ..
കൂടെവിടെ?
കൂടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന്‌ തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞ്‌ കിടന്ന്‌ കരഞ്ഞീടും....

📌📌📌📌

കുറുക്കാ കുറുക്കാ..
കുറുക്കന്റെ മോനേ
നിനക്കെന്താ ജോലി?

വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴീനെ പിടിക്കണം
കറുമുറു തിന്നണം....

📌📌📌📌

ഒന്നാനാം കുന്നിൻമേൽ
ഒരാടി കുന്നിൻമേൽ
ഒരായിരം കിളികൂടു വച്ചു
കൂട്ടിനിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല...

***
എഴുതി കഴിഞ്ഞോ?  ഓണം കഴിഞ്ഞേ ഇനി
സ്കൂൾ തുറക്കൂ. വരുമ്പോൾ ഓരോ പദ്യവും അഞ്ചു പ്രാവശ്യം എഴുതി കൊണ്ടുവന്ന് എന്നെ കാണിക്കണം. കൂടാതെ നാല് വര കോപ്പി വാങ്ങാത്തവർ ഇനി വരുമ്പോൾ വാങ്ങിയിട്ട് വേണം ക്ലാസിലിരിക്കാൻ.

ഓൾ സ്റ്റാൻറപ്....
സേ എവരിബഡീ....
ഹാപ്പീ ഈദ്.....ഹാപ്പീ ഓണം

സിറ്റൗൺ.. പോകുമ്പോൾ ചെടികൾക്ക് വെള്ളം ഒഴിച്ചിട്ടേ പോകാവൂ...

(തിരക്കൊഴിഞ്ഞ  നേരം മുകളിൽ കൊടുത്ത വരികൾ നന്നായി വായിച്ച് അല്പനേരം കണ്ണുകളടച്ച് പിടിക്കുക. ചാരുതയാർന്ന ആ  കുട്ടിക്കാലത്തേക്ക് ഭൂതകാല തേരിലേറി നിങ്ങളെത്തും , തീർച്ച! കവിതകൾക്ക് കടപ്പാട്: ശ്രീ. ജി. ശങ്കരക്കുറുപ്പ്)

Share it:

ചോക്കു കഷണങ്ങൾ

Post A Comment:

0 comments: