ഊണിന് ഉത്സവമേളം (Food Fest)

Share it:
ഊണിന് നൂറ്റൊന്നുകൂട്ടം വിഭവം ചോദിച്ച വരരുചിയുടെ കഥ പുരാണങ്ങളിൽ പ്രസിദ്ധം....... നാട്ടിൻ പുറവും നാട്ടുരുചികളും അന്യം നിന്നു പോകുന്ന നാളുകളിൽ ഉച്ചയൂണിന് നാൽപ്പത് കൂട്ടം വിഭവങ്ങളൊരുക്കി മാതൃകയാവുകയാണ് ഇളങ്ങുളം ശ്രീ ധർമശാസ്താ ദേവസ്വം സ്കൂളിലെ കുട്ടികൾ.

നാലാം ക്ലാസ് മലയാളം പാഠപുസ്തകം ഒന്നാം വോള്യത്തിലെ 'മധുരം' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് കുട്ടികൾ സ്കൂളിൽ സദ്യയൊരുക്കിയത്. പാഠഭാഗത്ത് വരരുചിയുടെ കഥയും കുഞ്ചൻ നമ്പ്യാരുടെ ഊണിന്റെ മേളവും കുഞ്ഞുണ്ണി മാഷും  നാട്ടുരുചിക്കഥയായ താളും തകരയും ഒക്കെചേർന്ന് വിഭവസമൃദ്ധം. ഫാസ്റ്റ് ഫുഡ് സംസ്കാരവും കൃത്രിമ രുചികളുമായി മലയാളി അജീർണ്ണവും പെരുവയറുമായി കാലം കഴിക്കുന്ന വർത്തമാനകാലത്ത് നാട്ടുരുചികളുടെ പോഷക സമൃദ്ധമായ ഇന്നലകളിലേയ്ക്ക് പിൻ നടത്താമായിരുന്നു കുഞ്ഞുങ്ങൾ ഒരുക്കിയ സദ്യ.

 






നാലാം ക്ലാസിലെ രണ്ടു ഡിവിഷനുകളിൽ നാൽപ്പതോളം കുട്ടികൾക്കായി ചുമതലകൾ മുൻകൂട്ടി വീതിച്ചു നൽകിയിരുന്നു. പഠനം കാര്യക്ഷമമാക്കുന്നത്തിനായി ക്‌ളാസിൽ പ്രവർത്തിക്കുന്ന ഏഴ് വർക്കിങ് ഗ്രൂപ്പുകൾ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി. ചോറും പായസവും സ്കൂളിൽ തന്നെ തയാറാക്കി. തൂശനിലകൾ കുട്ടികൾ നേരത്തെ തന്നെ എത്തിച്ചിരുന്നു. പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാർ, രസം, കാളൻ , മോര് എന്നുവേണ്ട ഒഴിച്ചുകറികളെല്ലാം ഓരോരുത്തരായി എത്തിച്ചു. കായവറുത്തത്, ശർക്കരപുരട്ടി, ചേന, ചേമ്പ്, കപ്പ എന്നിങ്ങനെ ഉപ്പേരി അഞ്ചുകൂട്ടം. നാരങ്ങ, മാങ്ങ, കടുമാങ്ങ, കണ്ണിമാങ്ങ, പാവയ്ക്ക, ഒലോലിക്ക, അമ്പഴങ്ങ എന്നിങ്ങനെ അച്ചാർ മാഹാത്മ്യം ഉപ്പേരിയെ കടത്തി വെട്ടി. ...... പച്ചടി, കിച്ചടി, ഇഞ്ചിക്കറി, മധുരക്കറി എന്നു വേണ്ട തൊടുകറികയും കെങ്കേമം...... അച്ചിങ്ങ, നീളൻപയർ, വൻപയർ, ഇടിച്ചക്കയങ്ങനെ തോരനും താരാതരം. പയറും കോവയ്ക്കയും ചക്കക്കുരുവും മെഴുക്കുപുരട്ടിയത്. പാടവറുത്തതും പാവയ്ക്കയും വത്തലൊരുക്കി.

നാടൻ വിഭവങ്ങൾ മാത്രം ചേർത്തൊരു അവിയലും ബഹുകേമം..... തൂശനില വിരിക്കുന്നതു മുതൽ ഉപ്പുതൊട്ട് നിലനിറച്ചു വിളമ്പുന്നത് വരെ കുട്ടികൾ ചിട്ടയോടെ ചെയ്തത് ആവശ്യമായ പരിശീലനത്തിനു ശേഷമായിരുന്നു. ആദ്യം അധ്യാപകർക്ക് ഇലയിട്ടുവിളമ്പി ആതിഥ്യമരുളി. ഇലയിൽ വിളമ്പിയ പാലടപ്രഥമനും കോരികുടിച്ചു കൈകുമ്പിളിൽ മോരും കുടിച്ചു ഇളമടക്കി എഴുന്നേൽക്കുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു
"ഊണ് ബഹുകേമം......
പത്രവാർത്ത 

Share it:

NEWS

School Own Work

Post A Comment:

0 comments: