നമ്മുടെ ജീവിതത്തെ രുപപ്പെടുത്തുന്നതെന്താണ്? വിദ്യാഭ്യസം, സാമ്പത്തിക നില, സാമൂഹ്യ ബന്ധങ്ങൾ, കഠിനാധ്വാനം എന്നിങ്ങനെ വ്യത്യസ്തമായ ഉത്തരങ്ങൾ ആയിരിക്കും ഈ ചോദ്യത്തിന് ലഭിക്കുന്നത്. ഇവയിലൊക്കെ ശരിയില്ലാതില്ല എന്നാൽ ഇവയെല്ലാം അനുകൂലമായി വന്നാലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിന് അയാൾ തന്നെതീരുമാനിക്കണം ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ അയാൾ മാനസികമായി സജ്ജമാകണം. അയാളുടെ മനോഘടനയും ചിന്താരീതിയും സവിശേഷമായ രീതിയിൽ ചിട്ടപ്പെടുത്തണം. സ്കൂൾ വിദ്യാഭ്യാസ കാലത്തും മുതിർന്ന ശേഷവും നാം
ഏത് മേഖലകളിൽ വ്യാപരിക്കുന്നുവോ അവിടെ എല്ലാം വ്യക്തി മുദ്ര പതിപ്പിക്കുകയും വിജയശ്രീലാളിതരാവുകയും ചെയ്യണമെങ്കിൽ നമ്മുടെ മനോഭാവത്തെ അതിനനുകൂലമായി പ്രോഗ്രാം ചെയ്യ്തെടുത്തേ മതിയാകൂ....
ജീവിതത്തിൽ തടസങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ്. ഉറുമ്പുകൾ വരിവരിയായി വരുമ്പോൾ ഇടയ്ക്കൊരു തടസ്സം സൃഷ്ടിച്ചു നോക്കൂ, അവ ഒരിക്കലും ഭയന്ന് തിരിച്ചുപോകില്ല. മറിച്ചു വഴിയിൽ അല്പം മാറ്റം വരുത്തി മുന്നോട്ട് പോകുക തന്നെ ചെയ്യും. അതുപോലെ മുന്നോട്ട് പോകുകയാണ് നമ്മുടെ ദൗത്യം. മാർട്ടിൻ ലൂഥർ കിംഗ് ഒരിക്കൽ പറഞ്ഞതു പോലെ നിങ്ങൾക്ക് പറക്കാൻ കഴിയുന്നില്ലെങ്കിൽ നടക്കുക, നടക്കാനും കഴിയുന്നില്ലെങ്കിൽ ഇഴയുക എന്ത് സംഭവിച്ചാലും നിങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുക തന്നെ വേണം. ഈയൊരു തളരാത്ത ആത്മവിശ്വാസം ആണ് നമ്മുക്ക് വേണ്ടത്.
വിജയം ഒരിക്കലും ഒറ്റക്കുതിപ്പിലൂടെ നേടുന്നതല്ല. ചെറിയ ചെറിയ ചുവടുകൾ ശ്രദ്ധാപൂർവ്വം വച്ചാൽ ലക്ഷ്യത്തിലേയ്ക്ക് എത്ര ദുരം ഉണ്ടായാലും കീഴടക്കാൻ ആകും. നാമറിയുന്നതിനേക്കാൾ എത്രയോ അധികമാണ് നമ്മുടെ ഉള്ളിലെ ശക്തി എന്ന് തിരിച്ചറിയുക. വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന ആൽ വൃക്ഷം ഒരു കുഞ്ഞു വിത്തിൽ നിന്നാണ് എന്ന് അറിയുമ്പോഴാണ് ആ വിത്തിൽ സംഭരിച്ചു വച്ചിരിക്കുന്ന ശക്തിയെക്കുറിച്ച് നാമറിയുന്നത്. അതുപോലെ നാമോരോരുത്തരും മഹാവൃക്ഷങ്ങളായി പടർന്ന് പന്തലിക്കേണ്ടവരാണ്. അറിവിൻറെ ആകാശങ്ങളിലേയ്ക്ക് ചിറകുയർത്തി പറക്കേണ്ടവരാണ്.
ലക്ഷ്യങ്ങൾ മനസ്സിൽ കാണുന്ന ഒരാൾക്ക് ആദ്യം വേണ്ടത് ആ ലക്‌ഷ്യം സാക്ഷാത്ക്കരിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന ഉറച്ച വിശ്വാസമാണ്. ആ വിശ്വാസം നിങ്ങൾക്കില്ലെങ്കിൽ എത്ര കഴിവ് ഉണ്ടായാലും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാതെ പോകും. സ്വന്തം കഴിവിൽ ഉറച്ചു വിശ്വസിക്കുകയാണ് വിജയത്തിൻറെ ആദ്യ പടി. 'എനിക്ക് കഴിയും' എന്ന വിശ്വാസം സാദാ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കണം. ക്രമേണ അത് നിങ്ങളുടെ മനോഭാവമായി മാറും. മനോഭാവമാണ് ഒരാളുടെ ഭാവിയെ നിർണയിക്കുന്നത്. അതുകൊണ്ട് പ്പോഴും ശുഭാപ്തി വിശ്വാസത്തിൻറെ സഹയാത്രികരാകുക.
ഒഴിഞ്ഞു മാറ്റമല്ല മുന്നേറ്റമാണ് നമ്മുക്ക് വേണ്ടത്. ഒരു ചടങ്ങ് നടക്കുമ്പോൾ മുൻനിരയിൽ ചിലർ പിൻനിരയിലേ ഇരിക്കൂ. ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞു മാറാനും നേതൃത്വപരമായ പങ്കു വഹിക്കാനുമുള്ള വിമുഖതയാണിതു കാണിക്കുന്നത്. എപ്പോഴും മുന്നോട്ട് വരാനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ഉള്ള മനോഭാവം വളർത്തിയെടുക്കണം. കുട്ടിക്കാലത്തെ പിൻവലിക്കുന്ന ശീലം വളർന്നു വന്നാൽ ഭാവിയിലും അന്തർമുഖത്വത്തിലേയ്ക്ക് പോകാനിടയുണ്ട്. ഇത് തൊഴിൽ മേഖലയിലും ജീവിതത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. താനാരെക്കാളും പിന്നിലല്ലെന്നും മുൻ നിരയിൽ ഉണ്ടാകുമെന്നും സ്വയം ഉറപ്പിക്കുക. ഈ ദൃഢ വിശ്വാസം പഠനത്തിലും ഭാവിയിൽ മറ്റ് മേഖലകളിലും വിജയം വരിക്കാൻ നിങ്ങൾക്ക് തുണയാകും.
നമ്മിൽ കരുത്തുണ്ട്, ഭാവനയുണ്ട്, ആശയങ്ങളുണ്ട്, നന്മകളുണ്ട്, ആത്മവിശ്വാസമുണ്ട് - അവയെ പരിപോഷിപ്പിക്കുക മാത്രമാണ് നാം ചെയ്യേണ്ടത്. അങ്ങനെ ഭാവിക്ക് പുതിയ അർഥവും പ്രത്യാശയും നൽകുക. വിജയകുതിപ്പിന് തയ്യാറാകുക. നിങ്ങളിലെ ജേതാവിനെ സ്വയം കണ്ടെത്താനും ആത്മവിശ്വാസത്തോടെ പരീക്ഷകളെയും പരീക്ഷണങ്ങളെയും നേരിടാനും പുതിയൊരു ഉൾകാഴ്ചയോടെ ജീവിതത്തെ കാണാനും ശ്രമിക്കുക..
തുടരും...........
Post A Comment:
0 comments: