പാഠപുസ്തകങ്ങളിൽ വായിച്ചറിയുന്ന പ്രകൃതി പാഠങ്ങളെ അടുത്തു പരിചയപ്പെടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ജലാശയങ്ങൾ സന്ദർശിക്കാൻ ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം സ്കൂളിലെ കുട്ടികളെത്തിയത്.നാലാം ക്ലാസിലെ പരിസരപഠനം പുസ്തകത്തിലെ വയലും വനവും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠനയാത്ര വേറിട്ട അനുഭവം സമ്മാനിച്ചു.
ഇളങ്ങുളം ക്ഷേത്രം വക ആറാട്ടുകുളം, നവീകരിച്ച വെള്ളാങ്കാവ് കുളം ഉൾപ്പെടുന്ന കുടിവെള്ള പദ്ധതി, കോടിക്കണക്കിനു ലിറ്റർ ജലം സംഭരിച്ചിരിക്കുന്ന നരിപ്പാറമട എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. പഴമയുടെ പ്രൗഢിയും നാട്ടിൻ പുറത്തിന്റെ പച്ചപ്പും ഇന്നും കാത്തുസൂക്ഷിക്കുന്ന ഇളങ്ങുളം ആറാട്ടുകുളമാണ് ആദ്യം കണ്ടത്.തുടർന്ന് വെള്ളാങ്കാവ് കുളത്തിലേയ്ക്ക്.
ഒരു വർഷം മുൻപ് ചേറും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായിരുന്ന വെള്ളാങ്കാവ് കുളം എലിക്കുളം ഗ്രാമപഞ്ചായത്തും പാമ്പാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് നവീകരിച്ചത്.കുളത്തിന്റെ നവീകരണത്തിനു മുൻപുള്ള ദൃശ്യങ്ങൾ ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞ കുട്ടികൾക്ക് ജലസമൃദ്ധിയുടെ കാഴ്ചകൾ അത്ഭുതമായി. തെളിനീരിൽ ഓളം തല്ലിയും ആർത്തുവിളിച്ചും കുട്ടികൾ സന്തോഷം പങ്കിട്ടു.തുടർന്ന് നരിപ്പാറമടയിലേയ്ക്ക്. രണ്ടര ഏക്കറിൽ അധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന നരിപ്പാറമട എലിക്കുളം പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണികളിൽ ഒന്നാണ്. പാറമടയുടെ വലുപ്പവും വന്യതയും ജലസമൃദ്ധിയും നേരിട്ടു കണ്ടറിഞ്ഞ് ഉച്ചയോടെ ക്ലാസുകളിലേയ്ക്ക് മടക്കം. നാലാം ക്ലാസിലെ 38 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ജി.ജിജി, എസ് അഭിലാഷ്, വാർഡ് മെമ്പർ സുജാതാ ദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്
Post A Comment:
0 comments: