വിദ്യാലയം പ്രതിഭകളോടൊപ്പം - 02

Share it:
വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഇളങ്ങുളം ശാസ്താ ദേവസ്വം കെ വി എൽ പി ജി സ്കൂളും കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയും ചേർന്ന് പ്രസിദ്ധ ഹാം റേഡിയോ ഓപ്പറേറ്റർ ജോസഫ് മറ്റപ്പള്ളിയെ ആദരിച്ചു.

ടെലിവിഷനും റേഡിയോയും ടേപ്പ് റിക്കോഡറും എന്നു വേണ്ട ഫോട്ടോഗ്രാഫിയും സൗണ്ട് റെക്കോഡിങ്ങും എഡിറ്റിങ്ങും അക്കൗണ്ടിങ്ങും എല്ലാം സ്മാർട്ട് ഫോണിലേക്ക് ചുരുങ്ങുന്ന ലോകത്തെ വേറിട്ട അനുഭവമാണ് ഹാം റേഡിയോ. പ്രാദേശികമായി അറിയപ്പെടുന്ന പ്രതിഭകളെ ആദരിക്കുന്ന പദ്ധതിയിൽ ഇളങ്ങുളത്തെ കുട്ടികൾക്ക് പരിചയപ്പെടാനായത് ഒരു അപൂർവ്വ വ്യക്തിത്വത്തെയാണ്.
ജോസഫ് മറ്റപ്പള്ളിയെന്ന ഇദ്ദേഹം ഇളങ്ങുളത്ത് സാധാരണക്കാരിൽ ഒരുവനായി ജീവിക്കുമ്പോൾ തന്നെ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധമായ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളുമൊക്കെയായി ഒരു ഇന്റർനാഷണൽ ഫിഗറാണെന്ന കാര്യം പലർക്കുമറിയില്ല. ബിരുദാനന്തര ബിരുദവും നിരന്തരമായ അന്വേഷണങ്ങളും അറിവു തേടിയുള്ള യാത്രകളും ഒക്കെയായി സ്വയം വെട്ടിത്തെളിച്ച പാതയിൽ സ്വയം രൂപപ്പെടുത്തിയ മനുഷ്യനാണ് നാട്ടുകാരുടെ പ്രിയപ്പെട്ട മറ്റപ്പള്ളി സാർ..
അമേരിക്ക ഉൾപടെയുള്ള രാജ്യങ്ങളിൽ ജീവിച്ചപ്പോഴും മക്കളെ നാട്ടിലെ സാധാരണ സ്കൂളുകളിൽ പഠിപ്പിച്ച് കൊച്ചുമക്കളേയും സർക്കാർ സ്കൂളുകളിൽ ചേർത്തു പഠിപ്പിച്ച മാതൃകാ വ്യക്തിത്വം..
ഇത്തരം വേറിട്ട ചിന്തകൾക്കിടയിലും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മറ്റൊന്ന് "ഹാം റേഡിയോ " ഓപ്പറേറ്റർ എന്ന അപൂർവ്വ ഖ്യാതിയാണ്..
ലോകമെമ്പാടും രാജകീയ വിനോദം എന്നറിയപ്പെടുന്ന ഒന്നാണ് ഹാം റേഡിയോ ഭ്രമം..
പന്ത്രണ്ടാം വയസ്സിൽ ലൈസൻസ് എടുക്കാവുന്നതും ലോകമെമ്പാടും സുഹൃത്തുക്കളെ ലഭിക്കാവുന്നതുമായ ഒരു വിനോദ ഉപാധി എന്നതിൽ അപ്പുറമായി പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, യുദ്ധം, ഒറ്റപ്പെട്ട സ്ഥലങ്ങൾ തുടങ്ങി ലോകമെമ്പാടും അടിയന്തിര സാഹചര്യങ്ങളിൽ ഏറ്റവും പ്രയോജനപ്പെട്ടിട്ടുള്ള വാർത്താ വിനിമയ സംവിധാനമാണ് ഹാം റേഡിയോ. ഓഖി ദുരന്തം, 2018 ലെ പ്രളയം, ഇടമലക്കുടിയിലെ തെരഞ്ഞെടുപ്പ് തുടങ്ങി പല സമയത്തും ഹാം റേഡിയോ കൂട്ടായ്മ നമ്മെ സഹായിച്ചിട്ടുണ്ട്.
ഒരു ബേസ് സ്റ്റേഷനും മൊബൈൽ സ്റ്റേഷനും ഉൾപെടുന്ന യൂണിറ്റാണ് ഹാം റേഡിയോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. തന്റെ ജീവിതാനുഭവങ്ങളും ഹാം റേഡിയോ കൂട്ടായ്മയെക്കുറിച്ചും ജോസഫ് മറ്റപ്പള്ളി കുട്ടികളോട് മനസ്സു തുറന്നു .....

ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ കുട്ടികൾക്കു മധുരവും നൽകി വിദ്യാലയത്തിനു പുസ്തകവും സമ്മാനിച്ചാണ് കൂടിക്കാഴ്ച അവസാനിച്ചത്.
പ്രഥമാധ്യാപിക ജി ജിജി, വാർഡ് മെമ്പർ സുജാതാ ദേവി, അധ്യാപകരായ അഭിലാഷ് എസ് , ഹരികൃഷ്ണൻ , കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറി പ്രവർത്തകരായ പി ആർ മധുകുമാർ , സുരേഷ് ബാബു മുകളുംപുറത്ത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി
Share it:

Visiting

Post A Comment:

0 comments: