
അവന്‍ വളരെ വികൃതിയായിരുന്നു. ഒരു മിനിറ്റ് പോലും അടങ്ങിയൊതുങ്ങി ഇരിക്കാത്ത സ്വഭാവം. അവനെ നിയന്ത്രിക്കാന്‍ അവന്റെ ജേഷ്ഠന്‍ ഒരു വഴി കണ്ടുപിടിച്ചു. കളിക്കുമ്പോള്‍ അവനു ചുറ്റും ഒരു വലിയ വൃത്തം വരക്കും. ഇത് മറികടന്നാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്ന് പേടിപ്പിച്ചു. അവന്‍ ഓടിപ്പോകാതിരിക്കാന്‍ വേണ്ടി ജേഷ്ഠന്‍ ചെയ്ത ചെറിയകാര്യം. പക്ഷേ, ആ വൃത്തത്തിനുള്ളിലിരുന്ന് അവന്‍ ഒരുപാട് ചിന്തിച്ചുകൂട്ടി. വൃത്തത്തിന് പുറത്തേക്ക് കാലൊന്നു തൊടാന്‍ പോലും ഭയന്ന് അവന്‍ അതിനുള്ളില്‍ ചുരുണ്ടുകൂടി. കുട്ടിക്കാലം തീര്‍ന്നിട്ടും അവന്റെ മനസ്സില്‍ നിന്നും ആ വൃത്തം മാഞ്ഞുപോയില്ല. കൗമാരത്തിലും യൗവനത്തിലും ആ അദൃശ്യമായ വൃത്തം അവനെ വേട്ടയാടി. പില്‍ക്കാലത്താണ് ഈ വൃത്തത്തെക്കുറിച്ചു അവന്‍ ലോകത്തോട് പറഞ്ഞത്. രവീന്ദ്രനാഥ ടോഗോറായിരുന്നു ആ കുട്ടി. ചെറിയൊരു കയറില്‍ കെട്ടിയിട്ട ആനകളെ കണ്ടിട്ടില്ലേ.. നിസ്സാരമായി അത് പൊട്ടിച്ചു പോകാവുന്നതേയുള്ളൂ. പക്ഷേ, അവ ഒരിക്കലും അത് പൊട്ടിക്കാന്‍ ശ്രമിക്കാറേയില്ല. കാരണം, ചെറുപ്പത്തിലേ അവര്‍ ശീലിച്ചതാണ്. വലിയ ആനകളായിട്ടും ആ സത്യം അവ തിരിച്ചറിയുന്നതേയില്ല. അങ്ങനെയൊരു വൃത്തത്തിലോ കയറിലോ കുരുങ്ങിക്കിടക്കുകയാണ് പല മനുഷ്യമനസ്സുകളും. ഇത്തിരിപ്പോന്ന അറിവിന്റെയും ധാരണകളുടേയും ചെറിയ വൃത്തങ്ങളില്‍ അകപ്പെട്ടു കിടക്കുകയാണ്. നാം പുറത്തുകടക്കേണ്ടത് അത്തരം വൃത്തങ്ങളില്‍ നിന്നാണ്. ഒരു സ്വയം പുതുക്കലാണത്. ചിലതിനെയൊക്കെ ചെത്തിക്കളയുന്ന ധീരതയാണത്. അങ്ങനെയൊരു സ്വയം പുതുക്കലിനുളള ആത്മധൈര്യം നേടാന്‍ നമുക്കും സാധിക്കട്ടെ
Post A Comment:
0 comments: