കണ്ണാടിക്കൊട്ടാരം. അങ്ങനെയാണ് ആ പളുങ്കുകൊട്ടാരം അറിയപ്പെട്ടിരുന്നത്. ആ കൊട്ടാരത്തില്‍ വലിയൊരു ഹാളുണ്ടായിരുന്നു. ആ ഹാളില്‍ ആയിരം കണ്ണാടികളും. പല വലിപ്പത്തിലും രൂപത്തിലുമുള്ള കണ്ണാടികളായിരുന്നു അവ.
ഒരു ദിവസം ഒരു നായ്ക്കുട്ടി ആ കൊട്ടാരത്തില്‍ എത്തിപ്പെട്ടു. അവന്‍ ആ ഹാളില്‍ കയറിനിന്ന് ചുറ്റിലും നോക്കി. അത്ഭുതം! ആയിരം നായ്ക്കുട്ടികള്‍ തന്നെ സൂക്ഷിച്ചുനോക്കുന്നു. അവന്‍ അവയുടെ നേരെനോക്കി മന്ദഹസിച്ചു. അപ്പോള്‍ അവയും സ്‌നേഹഭാവത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു. സന്തോഷചിത്തനായി തീര്‍ന്ന അവന്‍ അവയ്ക്കുനേരെ നോക്കിക്കൊണ്ട് വാലാട്ടി. അതേ നിമിഷംതന്നെ അവയും വാലാട്ടി. സന്തോഷംകൊണ്ട് നായ്ക്കുട്ടി തുള്ളിച്ചാടി. അപ്പോള്‍ ആയിരം നായ്ക്കുട്ടികളും അവനോടൊപ്പം തുള്ളിച്ചാടി. അവന്റെ ഹൃദയം ആനന്ദംകൊണ്ട് നിറഞ്ഞു. അന്നു തുള്ളിച്ചാടിയാണ് അവന്‍ തന്റെ ഉടമസ്ഥനോടൊപ്പം വീട്ടിലേക്ക് തിരിച്ചുപോയത്.
വീട്ടില്‍ മടങ്ങിയെത്തിയ നായ്ക്കുട്ടി അയല്‍വക്കത്തെ ഒരു നായ്ക്കുട്ടിയോട് താന്‍ കണ്ണാടിക്കൊട്ടാരത്തില്‍ കണ്ട നായ്ക്കുട്ടികളുടെ കഥ പറഞ്ഞു. പക്ഷേ, കഥ കേട്ടിട്ട് അയല്‍ക്കാരന് അത്ര വിശ്വാസം വന്നില്ല.
എങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ നായ്ക്കുട്ടി കൊട്ടാരം കാണുവാന്‍ പോയി. പേടിച്ചരണ്ടാണ് കണ്ണാടിക്കൊട്ടാരത്തിലെ ഹാളിലേക്ക് അവന്‍ കടന്നുചെന്നത്. അപ്പോള്‍ അവന്‍ കണ്ടതെന്താണ്? പേടിച്ചു നില്‍ക്കുന്ന അസംഖ്യം നായ്ക്കുട്ടികള്‍! അല്‍പസമയം കഴിഞ്ഞപ്പോള്‍ അവന്‍ അല്പമൊന്നു മുരണ്ടു. അപ്പോല്‍ ആയിരക്കണക്കിന് നായ്ക്കുട്ടികളും അവനുനേരെ മുരണ്ടു.
അവനു ദേഷ്യംവന്നു. അവന്‍ അവയ്ക്കുനേരെ കുരച്ചു. അതേനിമിഷംതന്നെ മറ്റുനായ്ക്കുട്ടികളും അവനെ നോക്കി കുരച്ചു. ആയിരം പേരും തനിക്ക് എതിരായോ? അവന്‍ പിന്നെ അവിടെ നിന്നില്ല. അതിവേഗം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.
ഇതൊരു ജാപ്പനീസ് മുത്തശ്ശിക്കഥയാണ്. ഈ കഥയുടെ സാരാംശം ആരും നമുക്ക് പറഞ്ഞുതരേണ്ടതില്ല. അത്രമാത്രം വ്യക്തമാണ് അതിന്റെ സന്ദേശം. ലോകത്തിലുള്ള മനുഷ്യരുടെ മുഖങ്ങളെല്ലാം കണ്ണാടികളാണ്. ആ മുഖങ്ങളില്‍ നാം നോക്കുമ്പോള്‍ എന്തുതരം പ്രതിഫലനമാണ് നാം കാണുന്നത്?
ആദ്യത്തെ നായ്ക്കുട്ടി കണ്ടതുപോലെ സ്‌നേഹവും സൗഹാര്‍ദ്ദവും തുടിക്കുന്ന പ്രതിഫലനമാണോ? അതോ രണ്ടാമത്തെ നായ്ക്കുട്ടി കണ്ടതുപോലെ വിദ്വേഷം സ്ഫുരിക്കുന്ന പ്രതിബിംബങ്ങളോ? ആ മുഖങ്ങളില്‍ നാം കാണുന്നത് എന്തുതന്നെയായാലും അതൊരു പരിധിവരെയെങ്കിലും നമ്മുടെ രൂപത്തിന്റെയും ഭാവത്തിന്റെയും പ്രതിഫലനമല്ലേ?
ശരിയാണ്. നാം ചിലരോട് എത്ര സൗഹാര്‍ദ്ദപൂര്‍വം പെരുമാറിയാലും അവര്‍ പുഞ്ചിരിക്കുകയോ സൗഹാര്‍ദ്ദപൂര്‍വം പെരുമാറുകയോ ചെയ്യുകയില്ലായിരിക്കാം. എന്നുമാത്രമല്ല, കടിച്ചുകീറാന്‍ നില്‍ക്കുന്ന പട്ടിയെപ്പോലെ അവര്‍ നമ്മോട് പെരുമാറിയെന്നും വരാം. എങ്കില്‍പ്പോലും, മറ്റുള്ളവര്‍ നമ്മോട് എങ്ങനെ പെരുമാറുമെന്ന് ഒരു പരിധിവരെയെങ്കിലും നമുക്ക് തീരുമാനിക്കാന്‍ സാധിക്കും എന്നതാണ് വസ്തുത.
നാം എപ്പോഴും മറ്റുള്ളവരോട് സ്‌നേഹപൂര്‍വവും ആദരപൂര്‍വവും പെരുമാറുന്ന വ്യക്തികളാണെന്നു കരുതുക. അങ്ങനെയുള്ള നമ്മോട് ആരെങ്കിലും ക്ഷോഭിക്കാനോ തട്ടിക്കയറാനോ തുനിയുമോ? നമ്മുടെ സ്വഭാവം ശാന്തതയുള്ളതും പെരുമാറ്റരീതി ഹൃദ്യവുമാണെങ്കില്‍ മറ്റുള്ളവര്‍ അതുപെട്ടെന്നു മനസിലാക്കുകയും അതനുസരിച്ച് അവരുടെ പെരുമാറ്റ ശൈലിയില്‍തന്നെ മാറ്റം വരുത്തുകയും ചെയ്യാനല്ലേ ഏറെ സാധ്യത? എന്നാല്‍, തണ്ടും താന്‍പോരിമയും നിറഞ്ഞതാണ് നമ്മുടെ പെരുമാറ്റരീതിയെങ്കില്‍ നമ്മോട് ഇടപെടുന്നവരില്‍ ഏറെപ്പേരും നമ്മെപ്പോലെതന്നെ തണ്ടും ധിക്കാരവും കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
അഹങ്കാരം മുറ്റിനില്‍ക്കുന്ന പെരുമാറ്റരീതിയാണ് നമ്മുടേതെന്നു കരുതുക. അങ്ങനെയുള്ള നമ്മോട് ആരെങ്കിലും സ്‌നേഹത്തോടും വിനയത്തോടുംകൂടി പെരുമാറുമോ? നമ്മില്‍നിന്ന് വേതനം കൈപ്പറ്റുന്ന വ്യക്തികളാണെങ്കില്‍ ഒരുപക്ഷേ, നമ്മുടെ തണ്ടും അഹങ്കാരവുമൊന്നും കണ്ടില്ലെന്നു നടിച്ചെന്നുവരാം. എങ്കില്‍പ്പോലും അവരുടെ ഹൃദയത്തില്‍ നമുക്ക് അംഗീകാരവും ആദരവും ലഭിക്കുന്നില്ല എന്നത് തീര്‍ച്ചയാണ്.
നാം വിചാരിച്ചാല്‍ നമുക്കു ചുറ്റും പ്രകാശമാനവും പ്രസാദാത്മകവുമായ ലോകം സൃഷ്ടിക്കാന്‍ കഴിയും എന്ന അവബോധം എപ്പോഴും നമുക്കുണ്ടാവണം. ഇതുവഴി നമ്മുടെ വ്യക്തിജീവിതവും സാമൂഹികജീവിതവുമൊക്കെ പ്രകാശമാനമാക്കാന്‍ സാധിക്കും.
ജീവിതത്തില്‍ ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ പോലും മുഖംവീര്‍പ്പിച്ച് നടക്കുന്നവരെ കണ്ടിട്ടില്ലേ? നിസാരകാര്യങ്ങള്‍ക്കു പോലും മറ്റുള്ളവരോട് മുറുമുറുക്കുന്നതിന് മടിയില്ലാത്തവരാണ് നമ്മില്‍ പലരും. നമ്മേക്കാള്‍ വിങ്ങുന്ന ഹൃദയത്തോടെ നടക്കുന്ന എത്രയോ പേരുണ്ടാകും ഈ സമൂഹത്തില്‍ എന്നു ചിന്തിച്ചു നോക്കൂ. അവരെ ആശ്വസിപ്പിക്കാന്‍ അവരോട് സ്‌നേഹപൂര്‍വം പെരുമാറാന്‍ നാം പരിശ്രമിക്കാറുണ്ടോ? നമ്മെക്കാള്‍ എത്രയോ വലിയ ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും ഉഴലുന്നവരാണ് നമുക്ക് ചുറ്റുമുളളതെന്ന് അന്വേഷിക്കാന്‍ മെനക്കെടുന്ന ആര്‍ക്കും മനസിലാകും. അവരില്‍ പലരും മുഖത്തു പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്നവരാണ്. നമ്മുടെ പെരുമാറ്റശൈലിയിലൂടെ മറ്റുള്ളവരുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ കഴിയുമെന്ന കാര്യം നാം മറന്നുപോകരുത്.```
Post A Comment:
0 comments: