നന്ദു മഹാദേവ.. അന്തരിച്ചു... 😥 ആദരാഞ്ജലികൾ 🌹🌹🌹

Share it:

കൊല്ലം: ക്യാൻസറിനോട് പുഞ്ചിരിയോടെ പടവെട്ടി അതിജീവനം എന്തെന്ന് എല്ലാവര്ക്കും കാട്ടി തന്ന കുഞ്ഞനുജൻ നന്ദു മഹാദേവ ഒടുവിൽ വിടവാങ്ങി..വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക് എന്ന് ചോദിച്ചു കൊണ്ടുള്ള നന്ദുവിന്റെ അവസാന പോസ്റ്റ് എല്ലാവരെയും കണ്ണീരണിയിക്കുന്നതാണ്..

അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക്..
ഇനി പരീക്ഷിക്കുവാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാൻ കഴിയുമോ സക്കീർ ഭായിക്ക്…
But I Can…!
എനിക്ക് കഴിയും…
അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും..!!
ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ….
മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സർജറിയോ ഒന്നുമുണ്ടാകില്ല..!!
എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്..
ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്..!!
അതുകൊണ്ട് തന്നെ നിലവിൽ ഇതിനായി മരുന്നൊന്നുമില്ലത്രേ…
ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം…
എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യും…
അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടർമാരുടെ സ്നേഹത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു…!
എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്നങ്ങളും പ്രതിസന്ധികളും..
ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളിൽ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..!
ചിലർക്ക് സാമ്പത്തികം മറ്റു ചിലർക്ക് കുടുംബപ്രശ്നങ്ങൾ വേറെ ചിലർക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകൾ അങ്ങനെ പലതരത്തിൽ ആകുമത്…!
പക്ഷേ നമ്മൾ തോറ്റു കൊടുക്കരുത്..
ചങ്കൂറ്റത്തോടെ നേരിടണം…
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുൻവിധിയെഴുതി തോൽക്കാൻ സ്വയം നിന്നുകൊടുക്കരുത്…
മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാൻ ശ്രമിക്കണം…!!
അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്നേഹിക്കും…!!
ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..അതിലൊന്നും വലിയ കാര്യവുമില്ല…
നെഞ്ചോടു ചേർത്തുവയ്ക്കാൻ അനേകം ഹൃദയബന്ധങ്ങൾ കിട്ടി എന്നുള്ളതിനെക്കാൾ വലുതായി മറ്റൊന്നുമില്ല…
അതൊരു പുണ്യമായി കരുതുന്നു..
ഓരോ ബന്ധങ്ങളും അത്രമേൽ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു…!!
നമ്മളെല്ലാവരും എപ്പോഴും ഒരു സ്നേഹവലയമാകണം…
ഞാനുമങ്ങനെയാണ്….
എന്നിൽ സ്നേഹം മാത്രമേയുള്ളൂ..
അപൂർവ്വം ചിലർക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്..
എൻറെയുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്നേഹം ഒഴുകിയെത്തിയിരിക്കും..
ജീവിതം വളരെ ചെറുതാണ്…
ഇനി എനിക്കും നിങ്ങൾക്കും ഒക്കെ എത്ര നിമിഷങ്ങൾ ഉണ്ടെന്നോ എത്ര ദിവസങ്ങൾ ഉണ്ടെന്നോ എത്ര മാസങ്ങളോ വർഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല…
അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും..ഒപ്പം
മതിലുകളില്ലാതെ അങ്ങട് സ്നേഹിക്കും..
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം
പുകയാതെ ജ്വലിക്കും…അല്ലപിന്നെ…
ശ്വാസകോശത്തിന് ഇൻഫെക്ഷൻ ബാധിച്ചു വേദന കൂടുതൽ ആയിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്…
ഇന്നലെ മുതൽ റേഡിയേഷനും തുടങ്ങി…
ഓരോ പരുങ്ങലിന് ശേഷവും പൂർവാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ…
ഇത്തവണയും കനലുകൾ ചവിട്ടിമെതിച്ചു ഞാൻ വരും..
ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടെങ്കിലും മനസ്സുകൊണ്ട് ഞാൻ സുഖമായിരിക്കുന്നു..
സന്തോഷമായിരിക്കുന്നു…
എന്റെ പ്രിയപ്പെട്ട എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..
ഞാനെന്നെ തന്നെ സർവ്വേശ്വരന് സമർപ്പിക്കുന്നു…
എല്ലാവർക്കും നന്മയുണ്ടാകട്ടെ..!!
പ്രാർത്ഥിക്കുക ചങ്കുകളേ…
സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ ❤️

പ്രിയ നന്ദുവിന് Sree Sharma Sastha Devaswom KVLPGS ആദരാഞ്ജലികൾ🌹🌹
■■■■■■■■■■■■■■■■■■■
നന്ദു മഹാദേവൻ എഴുതിയ കുറിപ്പ്
■■■■■■■■■■■■■■■■■■■

വീണ്ടും കീമോ തുടങ്ങുകയാണ് !!

നാളെ മുതൽ വീണ്ടും അതിശക്തമായ മരുന്നുകളുടെ ലോകത്തേയ്ക്ക്..!!

സർജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമർ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !!!

അവൾക്കെന്നോട് അടങ്ങാത്ത പ്രേമമാണത്രേ !!

ഇതുവരെ ഞാൻ നേരിട്ടതിനേക്കാൾ പതിന്മടങ്ങ് ഭീകരമായ ഒരു യുദ്ധമാണ് മുന്നിൽ !!
ഇതുവരെ അനുഭവിച്ചതിനേക്കാൾ പലമടങ്ങ് അധികം വേദനയും കൂട്ടിനുണ്ട് !!

ആദ്യം കാലിൽ പിടിച്ചു പ്രേമിച്ചു..
അതങ്ങു കൊടുത്തു ഞാൻ..
പിന്നെ ചങ്കിൽ കയറിക്കൂടി..
കീമോ കൊടുത്തു ചുരുക്കി ഞാൻ..
പിന്നെയും എന്നെ ശ്വാസം മുട്ടിച്ചപ്പോൾ ചങ്ക് പറിച്ചു കൊടുത്തു !!

ഇപ്പോൾ ദേ ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെ ചുറ്റിപ്പറ്റിയാണ് അവളുടെ കളി !!!

സർജറി ചെയ്യാൻ കഴിയാത്ത ഭാഗങ്ങളിലേക്ക് ഉൾവലിഞ്ഞുകൊണ്ട് എന്നെ ആക്രമിക്കുകയാണ്...

വലതു കൈയുടെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വരുന്നു !!

ഈ ഒരു മരുന്നിൽ ഇത് ചുരുങ്ങിയില്ലെങ്കിൽ ആവനാഴിയിൽ അസ്ത്രമില്ലാതെ യുദ്ധം ചെയ്യുന്ന രാജകുമാരന്റെ അവസ്ഥയാകും എനിയ്ക്ക്..
ഈ ചക്രവ്യൂഹത്തിൽ നിന്ന് ഇത്തവണ ഈ അഭിമന്യുവിന് പുറത്തു വന്നാലേ പറ്റുള്ളൂ..

ഒരേ സമയം മരുന്നിനോടും അർബുദത്തോടും വേദനയോടും പൊരുതുന്ന എന്റെ മനസ്സ് നൂറിരട്ടി ശക്തമാണ് !!

വിടില്ല ഞാൻ !!

അവസാന ശ്വാസം വരെയും പൊരുതും !!

വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാൻ !!

എന്റെ ട്രീറ്റ്മെന്റിന്റെ കാര്യങ്ങളും അനുഭവിക്കുന്ന വേദനകളുടെ തീക്ഷ്ണതയും ഞാൻ എന്റെ ചങ്കുകളോട് വിളിച്ചു പറയുന്നതിന് ഒരു വലിയ ഉദ്ദേശ്യമുണ്ട്..!!

നമ്മുടെ കൈയിലുള്ള ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ജീവനും ജീവിതവും ആണെന്ന് അനുഭവങ്ങളിലൂടെ ഞാൻ പഠിച്ച സത്യം മനസ്സിലാക്കിത്തരുന്നതിന് വേണ്ടിയാണ്..

ആഡംബര ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനും , 

പരീക്ഷയ്ക്ക് മാർക്ക് കുറയുന്നതിനും , 

കൂട്ടുകാരൻ കളിയാക്കിയതിനും , 

പ്രണയം തകർന്നതിനും ഒന്നും ഇനിയൊരു വ്യക്തി പോലും സ്വന്തം ജീവിതം ത്യജിക്കാതിരിക്കാൻ വേണ്ടിയാണ്..!!

എന്തൊക്കെ നഷ്ടപ്പെട്ടാലും കൈയിലുള്ള ജീവിതമാണ് ഏറ്റവും വലിയ ധനം എന്ന തിരിച്ചറിവ് കുഞ്ഞുങ്ങൾക്ക് ഉണ്ടാകാൻ വേണ്ടിയാണ് !!

ആയുസ്സിൽ നിഴല്‍ വീഴുമ്പോൾ ജീവന്റെയും ഒപ്പം ജീവിതത്തിന്റെയും മിഴിവും ഭംഗിയും കൂടി വരും !!

അന്ന് വരെ നാം കണ്ട പനിനീർ പൂവുകളേക്കാൾ ഭംഗിയാകും പിന്നീട് കാണുന്നവയ്ക്ക്...

അന്ന് വരെ ഉണ്ടായിരുന്ന ആഘോഷങ്ങളേക്കാൾ ആഹ്ലാദപൂർണ്ണമാകും പിന്നീടുള്ള ആഘോഷങ്ങൾക്ക് !!

അന്ന് വരെ കഴിച്ച ഭക്ഷണത്തേക്കാൾ സ്വാദായിരിക്കും പിന്നീട് കഴിക്കുന്ന ഓരോ അരിമണിച്ചോറിനും !!

അന്ന് വരെ ഉണ്ടായിരുന്നതിനേക്കാൾ ദൃഢതയാകും ബന്ധങ്ങൾക്ക് !!

നമുക്ക് മുന്നിലൂടെ പോകുന്ന ഓരോ മനുഷ്യനോടും ഓരോ ജീവിയോടും വാക്കുകൾക്കതീതമായ പ്രേമവും കരുണയും സ്നേഹവും കൊണ്ട് മനം നിറയും !!

സത്യത്തിൽ ബുദ്ധന് ധ്യാനത്തിലൂടെ കിട്ടിയത് പോലെയൊരു അറിവും ബോധവും ആണ് എനിക്ക് അർബുദത്തിലൂടെ കിട്ടിയത്..!!

ക്യാൻസർ ഇല്ലാതിരുന്ന നന്ദുവിനെക്കാൾ എത്രയോ മടങ്ങ് അധികം സന്തോഷവാനും ഉന്മേഷവാനും ആണ് ഇന്നത്തെ ഞാൻ !!

ശാന്തമായ സാഗരം പോലെയായിരിക്കുന്നു മനസ്സ് !!

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷ്യവും അത്യന്തികമായ വിജയവും അവന്റെ ഉള്ളിലുള്ള സന്തോഷത്തെ കണ്ടെത്തലാണെന്ന് അർബുദം എന്ന ധ്യാനം എനിക്ക് മനസ്സിലാക്കിത്തന്നിരിക്കുന്നു !!!

ഒരു പക്ഷേ അർബുദത്തെയും അത് തന്ന വേദനകളെയും ഒരു ധ്യാനം പോലെ പവിത്രമായി എടുത്ത് ഇങ്ങനെ വിചിത്രമായി ചിന്തിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യൻ ഞാനായിരിക്കും !!

ശ്രീകൃഷ്ണനും യേശുവും പോലെ മിക്കവാറും അവതാരപുരുഷന്മാരും സ്വയം വേദനകൾ ഏറ്റെടുത്ത് സന്തോഷം കണ്ടെത്തുമായിരുന്നു എന്ന അറിവിൽ എനിക്കിപ്പോൾ അത്ഭുതം ഇല്ല !! 

വിധിയെ പഴിക്കുന്നതിന് പകരം ആ വിധിക്ക് നന്ദി പറയുകയാണ് ഞാൻ...

ക്യാൻസർ എന്ന ധ്യാനം എനിക്ക് സമ്മാനിച്ച ആ വിധിയോട് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി !!

അസഹനീയമായ വേദനകൾ കൊണ്ട് പൊട്ടിക്കരയുന്ന അവസ്ഥകളിലും മനസ്സിനുള്ളിൽ പൂർണ്ണസന്തോഷം അനുഭവിക്കാനുള്ള കഴിവ് എനിക്ക് തന്ന ആ വിധിയോട് എനിക്കെങ്ങനെ ഇഷ്ടക്കുറവ് തോന്നും !!!

ഞാനിങ്ങനെ ഒഴുകും...!!

ഈ ഒഴുക്ക് നിലയ്ക്കില്ല !!

ഞാൻ തുടങ്ങിവച്ച കീഴ് വഴക്കങ്ങളിലൂടെ ,

പങ്കുവച്ച സന്തോഷപൂർണ്ണമായ വാക്കുകളിലൂടെ...

പകുത്തു നൽകിയ നിഷ്കളങ്കമായ സ്നേഹത്തിലൂടെ...

തുടക്കമിട്ട കർമ്മ പദ്ധതികളിലൂടെ..

അനന്തമായി ഒഴുകും !!

അതിജീവനത്തിലൂടെ ഞാനിങ്ങനെ അതിജീവിച്ചു കൊണ്ടിരിക്കും !!

എന്റെ കരങ്ങൾ വേദനിക്കുന്ന ഒരായിരം നിരാലംബർക്ക് ആശ്വാസമാണെന്ന്
എനിക്കറിയാം..
എന്റെ വാക്കുകൾ മനസ്സ് തളർന്ന ഒത്തിരിപ്പേർക്ക് ആശ്വാസമാണെന്നും ഞാൻ മനസ്സിലാക്കുന്നു..!!

അതെന്റെ നിയോഗമാണ് !!

എപ്പോഴത്തെയും പോലെ എനിക്ക് വേണ്ടത് എന്റെ പ്രിയമുള്ളവരുടെ പ്രാർത്ഥനകളാണ്..

ശക്തമായി അതിശക്തമായി തിരികെ വരുമെന്ന വാക്കു മാത്രമാണ് പകരം തിരികെ നൽകാൻ എന്റെ കൈയിലുള്ളത്..

പലപ്പോഴും തീർന്നു എന്ന് തോന്നുന്ന അവസ്ഥകളിൽ നിന്ന് അത്ഭുതകരമായി ഞാൻ തിരികെ വന്നത് പ്രിയമുള്ളവരുടെ പ്രാർത്ഥനകളുടെ ഫലമാണ് !!

കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങും !!
പക്ഷേ അത് മുന്നോട്ട് തന്നെ 
ആയിരിക്കും !!
Share it:

Condolences

Post A Comment:

0 comments: