വീട്ടിലെ പൊന്നോമനയായിരുന്നു ആ നായ്ക്കുട്ടി. അതിന് അസുഖം പിടിപ്പെട്ടു. അച്ഛനും മകനും കൂടി മരുന്നു കുടിപ്പിക്കാനുള്ള ശ്രമത്തിലാണ്. നിര്‍ബന്ധപൂര്‍വ്വം വായില്‍ മരുന്ന് ഒഴിച്ചുകൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെട്ടു. നായ് കുതറി ഓടി. കയ്യില്‍ നിന്നും മരുന്ന് കുപ്പി വീണ് പൊട്ടുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് മണം പിടിച്ചെത്തിയ നായ്കുട്ടി ആ മരുന്ന് നക്കിക്കുടിക്കുകയും ചെയ്തു! സ്വയം ശീലിച്ച വഴികളിലൂടെ കൂടെയുളളവരെല്ലാം നടക്കണമെന്ന ആഗ്രഹം വ്യര്‍ത്ഥമാണ്. ഒരു കാര്യചെയ്യാന്‍ പലവഴികളുമുണ്ടാകും. എല്ലാവഴികള്‍ക്കും അവയുടേതായ മേന്മകളും ശരികളുമുണ്ടാകും. തങ്ങള്‍ നടന്ന വഴികളിലൂടെ തന്നെ മക്കളും നടക്കണമെന്ന് വിശ്വസിക്കുന്ന മാതാപിതാക്കളും തങ്ങള്‍ പഠിപ്പിക്കുന്ന രീതികളാണ് ഏറ്റവും ഫലപ്രദം എന്ന് കരുതുന്ന അധ്യാപകരും തന്നിഷ്ടങ്ങളെ താലോലിക്കുന്നവരും സ്വതന്ത്രവഴികളെ നിഷേധിക്കുന്നവരാണ്. ഒരു വഴിയടഞ്ഞാല്‍ അവശേഷിക്കുന്ന നൂറ് വഴികളുണ്ടാകും. ഒരേ ലക്ഷ്യത്തിലെത്താനുള്ള പല വഴികള്‍ അറിയുന്നവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ് യാത്രയുടെ വൈവിധ്യവും ലക്ഷ്യപ്രാപ്തിനേടുന്നതിന്റെ സംതൃപ്തിയും. പരിചയിച്ച വഴികള്‍ ഓരോന്നായി അടയുമ്പോഴും തനിക്കനുയോജ്യമായ മറ്റൊരുമാര്‍ഗ്ഗം കണ്ടെത്തുന്നവരാണ് ജേതാക്കള്‍. എല്ലാവരും വിജയിക്കുന്ന മാര്‍ഗ്ഗങ്ങളോ എല്ലാവരും പരാജയപ്പെടുന്ന മാര്‍ഗ്ഗങ്ങളോ ഇല്ല. നമുക്ക് അനുയോജ്യമായ ഒരു വഴി എവിടെയെങ്കിലും ഉണ്ടാകും. ആ വഴിയെത്തുന്നതുവരെ നമ്മുടെ യാത്ര തുടരാന്‍ നമുക്കാകട്ടെ - ശുഭദിനം
Navigation
Post A Comment:
0 comments: