വടക്കും തെക്കും തമ്മിലായിരുന്നു അമേരിക്കയിലെ ആഭ്യന്തരയുദ്ധം (1861-65). വടക്കുഭാഗത്ത് 23 സംസ്ഥാനങ്ങള്‍ അണിനിരന്നപ്പോള്‍ തെക്കുഭാഗത്തുണ്ടായിരുന്നത് 11 എണ്ണമാണ്. അമേരിക്കയെ മൊത്തത്തില്‍ ഒരു യൂണിയനായി നിലനിര്‍ത്താന്‍വേണ്ടിയായിരുന്നു വടക്കന്‍ സംസ്ഥാനങ്ങള്‍ യുദ്ധം ചെയ്തത്. എന്നാല്‍, തെക്കന്‍ സംസ്ഥാനങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചത് വടക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധമില്ലാതെ ഒരു സ്വതന്ത്രരാജ്യമായി നിലകൊള്ളുന്നതിനുവേണ്ടിയായിരുന്നു.
പക്ഷേ, യുദ്ധം തുടങ്ങിയതോടുകൂടി അടിമത്തം ഒരു പ്രധാന വിഷയമായി മാറി. യുദ്ധത്തില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ ജയിച്ചാല്‍ അടിമകളെ നഷ്ടപ്പെടുമെന്ന് തെക്കന്‍ സംസ്ഥാനങ്ങള്‍ ഭയപ്പെട്ടു. യുദ്ധകാലത്തു പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കനാകട്ടെ അടിമത്തം ഇല്ലായ്മ ചെയ്യുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധനുമായിരുന്നു.
വടക്കും തെക്കും തമ്മില്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ത്തന്നെ 1863-ല്‍ ലിങ്കണ്‍ അടിമവ്യവസ്ഥിതിയെ നിരോധിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ഈ നടപടി തെക്കന്‍ സംസ്ഥാനങ്ങളുടെ ശത്രുത വര്‍ധിപ്പിച്ചതേയുള്ളൂ. അവര്‍ ശക്തിയോടെ വീണ്ടും ആഞ്ഞടിച്ചു. എന്നാല്‍, ആളും അര്‍ഥവും കൂടുതലുണ്ടായിരുന്നത് യൂണിയന്‍ ഗവണ്‍മെന്റിനായിരുന്നു. തന്മൂലം യുദ്ധത്തില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടു.
അടിമവ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്തതുകൊണ്ട് തെക്കന്‍ സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ ശത്രുവായിരുന്നു ലിങ്കണ്‍. അദ്ദേഹത്തെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്നായിരുന്നു അടിമവ്യവസ്ഥിതിയെ അനുകൂലിച്ചിരുന്നവരുടെ നിലപാട്. ആഭ്യന്തരയുദ്ധം ജയിച്ചുകഴിഞ്ഞപ്പോള്‍ ലിങ്കന്റെ ഉപദേശകരിലൊരാള്‍ അദ്ദേഹത്തോടു ചോദിച്ചു: ''യൂണിയനില്‍നിന്നു പിരിഞ്ഞുപോകാന്‍വേണ്ടി നമ്മോടു യുദ്ധംചെയ്ത തെക്കന്‍ സംസ്ഥാനങ്ങളോട് എങ്ങനെയായിരിക്കും അങ്ങു പെരുമാറുക?'' ഉടനെ ലിങ്കണ്‍ പറഞ്ഞു: ''അവര്‍ ഒരിക്കലും നമ്മോട് യുദ്ധം ചെയ്തിട്ടില്ലെന്ന രീതിയില്‍ ഏറ്റവും സൗഹാര്‍ദ്ദപൂര്‍വം ഞാന്‍ അവരോടു പെരുമാറും.''
ആഭ്യന്തരയുദ്ധം ഒഴിവാക്കാന്‍വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യാന്‍ ലിങ്കണ്‍ ഒരുക്കമായിരുന്നു. പക്ഷേ, ലിങ്കണെ പരസ്യമായി ധിക്കരിച്ചുകൊണ്ട് 1861 ഏപ്രില്‍ 12-നു അതിരാവിലെ 4.30ന് സൗത്ത്കരോലിനായിലെ ഫെഡറല്‍ ഗാരിസണ്‍ തെക്കന്‍ സൈന്യം ആക്രമിക്കുകയുണ്ടായി. യുദ്ധംനടന്ന നാലുവര്‍ഷംകൊണ്ട് രണ്ടുഭാഗത്തും ഒട്ടേറെ ആളുകള്‍ കൊല്ലപ്പെട്ടു. എങ്കിലും, തെക്കന്‍ സംസ്ഥാനങ്ങളുടെ പിടിവാശിമൂലം ഉണ്ടായ യുദ്ധത്തിന്റെ പേരില്‍ അവരോട് ശത്രുത വച്ചുപുലര്‍ത്താന്‍ ലിങ്കണ്‍ തയാറായില്ല. എന്നുമാത്രമല്ല, യുദ്ധം കഴിഞ്ഞപ്പോള്‍ അതെല്ലാം ക്ഷമിച്ച് അവരോട് സമഭാവനയോടെയാണ് ലിങ്കണ്‍ പെരുമാറിയത്.
നമ്മുടെ ജീവിതത്തില്‍ പലരും പലപ്പോഴും ശത്രുതാമനോഭാവത്തോടെ നമ്മോട് പെരുമാറാറുണ്ട്. ചിലപ്പോള്‍ ഒരു കാരണവും കൂടാതെയായിരിക്കാം മറ്റുള്ളവര്‍ നമ്മെ ഉപദ്രവിക്കുക. അങ്ങനെയുള്ള അവസരങ്ങളില്‍ അവരോട് ഹൃദയപൂര്‍വം ക്ഷമിക്കാന്‍ നമുക്കു സാധിക്കുമോ? അവര്‍ നമുക്കെതിരെ തെറ്റു ചെയ്തവരാണെങ്കിലും തെറ്റുചെയ്തിട്ടില്ലാത്തവരെപ്പോലെ അവരെ കണക്കാക്കി അവരോട് പെരുമാറാനും അടുത്തു പ്രവര്‍ത്തിക്കാനും നമുക്ക് സാധിക്കുമോ?
നാം മറ്റുള്ളവരോട് തെറ്റുചെയ്യുമ്പോള്‍ നമ്മുടെ തെറ്റുകള്‍ മറ്റുള്ളവര്‍ നമ്മോട് ക്ഷമിക്കണമെന്നും തെറ്റുചെയ്തിട്ടില്ലാത്തവരെപ്പോലെ നമ്മെ കണക്കാക്കണമെന്നും നാം ആഗ്രഹിക്കാറില്ലേ? അങ്ങനെയെങ്കില്‍, ഈ മനോഭാവംതന്നെ നമ്മോട് തെറ്റുചെയ്യുന്ന മറ്റുള്ളവരോടും നാം കാണിക്കേണ്ടതല്ലേ?
ഒരു കാലഘട്ടത്തില്‍ ജര്‍മ്മനിയിലെ ഏറ്റവും പ്രസിദ്ധനായ റൊമാന്റിക് കവിയായിരുന്നു ഹെയ്ന്റിച്ച് ഹെയ്ന്‍ (1797-1856). പക്ഷേ, ശത്രുക്കളോട് ക്ഷമിക്കുന്നതില്‍ ഏറെ വിമുഖനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിദ്വേഷമനസ്ഥിതിയും പ്രതികാരവാഞ്ഛയും അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ ഏറെ തളര്‍ത്തിയിരുന്നതായി കരുതപ്പെടുന്നു.
ഒരിക്കല്‍ ഹെയ്ന്‍ ഇപ്രകാരം എഴുതി: ''ലോകത്തിലെ ഏറ്റവും ശാന്തസ്വഭാവമാണ് എനിക്കുള്ളത്. ഒരു നല്ല വീടും തൃപ്തികരമായ ഭക്ഷണവും ജനാലയില്‍ക്കൂടി നോക്കുമ്പോള്‍ കാണാവുന്ന കുറെ പൂക്കളും വൃക്ഷങ്ങളും മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എന്നെ ഏറ്റവും സന്തോഷവാനായി കാണാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്റെ ഏറ്റവും വലിയ ആറോ ഏഴോ ശത്രുക്കളെ ആ വൃക്ഷങ്ങളില്‍ തൂക്കിക്കൊല്ലുന്ന കാഴ്ച എനിക്ക് ഒരുക്കിത്തരണം.
''അവര്‍ എന്നോടു ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും ഞാന്‍ ക്ഷമിക്കാം. അതും ഹൃദയപൂര്‍വം ഞാന്‍ ക്ഷമിക്കാം. കാരണം, നമ്മുടെ ശത്രുക്കളോട് ക്ഷമിക്കണമെന്നാണല്ലോ പ്രമാണം. എന്നാല്‍, അവര്‍ തൂക്കിക്കൊല്ലപ്പെട്ടതിനു ശേഷമേ ഞാന്‍ അവരോടു ക്ഷമിക്കൂ.''
തന്റെ ശത്രുക്കളോടു ക്ഷമിക്കാന്‍ ഹെയ്ന്‍ തയാറാണ്. പക്ഷേ, അതിനുമുമ്പായി ആ ശത്രുക്കള്‍ ക്രൂരമായി ശിക്ഷിക്കപ്പെടുകതന്നെ വേണമെന്ന് അദ്ദേഹം ശഠിക്കുന്നു!
നമ്മുടെ ശത്രുക്കളോട് ക്ഷമിക്കുന്ന കാര്യം വരുമ്പോള്‍ നാം ഹെയ്‌നിന്റെ ചിന്താഗതിയില്‍നിന്ന് ഏറെ അകലെയാണോ? ഹെയ്‌നെപ്പോലെ, മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവരോട് ക്ഷമിക്കുവാന്‍ നാം തയാറാണ്. എന്നാല്‍, അവരോട് ക്ഷമിക്കുന്നതിനു മുമ്പ് നീതി നടന്നുകാണണമെന്നല്ലേ നാം എപ്പോഴും മുറവിളി കൂട്ടുന്നത്? നീതി നടന്നു കാണമെന്നുള്ള നമ്മുടെ ഈ ആഗ്രഹവും ഹെയ്‌നിന്റെ ചിന്താഗതിയും തമ്മില്‍ എന്തെങ്കിലും അന്തരമുണ്ടോ?
ക്ഷമിക്കുകയാണെങ്കില്‍ നാം ലിങ്കണ്‍ ക്ഷമിച്ചതുപോലെതന്നെ ക്ഷമിക്കണം. തന്റെ ശത്രുക്കളുടെ തെറ്റുകള്‍ അക്കമിട്ടു നിരത്തുന്നതിന് അദ്ദേഹം ശ്രമിച്ചില്ല. എന്നുമാത്രമല്ല, അവയെല്ലാം തന്റെ ഓര്‍മയില്‍നിന്നു മായിച്ചുകളയാനാണ് അദ്ദേഹം ശ്രമിച്ചത്. ലിങ്കണെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്റെ സ്‌നേഹത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ ഭാവം കാഴ്ചവച്ചത് ശത്രുക്കളോട് ക്ഷമിക്കുന്നതിലായിരുന്നു.
ശത്രുക്കളോട് ക്ഷമിച്ചാല്‍ മാത്രംപോരാ, അവരെ നാം സ്‌നേഹിക്കുകയും ചെയ്യണമെന്നാണ് പ്രമാണം. നമ്മുടെ ശത്രുക്കളെ നമുക്കു സ്‌നേഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവരോട് നാം ക്ഷമിച്ചിട്ടില്ലെന്നതാണ് വസ്തുത. ആരോടെങ്കിലും നാം ഹൃദയപൂര്‍വം ക്ഷമിച്ചിട്ടുണ്ടെങ്കില്‍ അവരെ നാം തീര്‍ച്ചയായും സ്‌നേഹിക്കുകയും ചെയ്യും. കാരണം, തെറ്റുകുറ്റങ്ങളില്‍ വീണ അവര്‍ മറ്റാരെക്കാളും നമ്മുടെ സ്‌നേഹം അര്‍ഹിക്കുന്നുണ്ടല്ലോ?
മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ അവരോട് നാം ക്ഷമിക്കുന്നതാണ് നമ്മുടെ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രകടനം എന്നതു നമുക്ക് മറക്കാതിരിക്കാം. അതുപോലെ മറ്റുള്ളവര്‍ നമ്മോട് ഹൃദയപൂര്‍വം ക്ഷമിക്കുമ്പോള്‍ അവരുടെ സ്‌നേഹത്തിന്റെ മഹിമയും ആദരവോടെ നമുക്ക് അംഗീകരിക്കാം.
Post A Comment:
0 comments: