ശ്രീരാമപുത്രന്മാരാണ് ലവനും കുശനും. വാല്മീകി രാമായണത്തിൽ സീതയുടെ ഇരട്ടക്കുട്ടികളാണ് ലവകുശന്മാർ എന്നു പറയുന്നുണ്ടെങ്കിലും കുശൻ്റെ ജനനം സംബന്ധിച്ച് ഉത്തര രാമായണത്തിലും കഥാസരിത് സാഗരത്തിലും പറയുന്നത് ഇപ്രകാരമാണ്.ശ്രീരാമനാൽ ഉപേക്ഷിക്കപ്പെട്ട സീത വാല്മീകിയുടെ ആശ്രമത്തിൽ വസിക്കുന്ന കാലത്ത് ലവന് ജന്മം നൽകി.ഒരുനാൾ ലവനെ കുളിപ്പിക്കാൻ സീത സരസ്സിലേക്കു പോയി. ആ വിവരം അറിയാതിരുന്ന വാല്മീകി മഹർഷി കുട്ടിയെ ആശ്രമത്തിൽ കാണാതെ പരിഭ്രമിച്ചു.കുട്ടിയെ ആശ്രമത്തിൽ കിടത്തി കുളിക്കാൻ പോകുന്ന പതിവാണ് സീതക്കുള്ളത്. ഒരു പക്ഷേ കുട്ടിയെ വല്ല മൃഗങ്ങളും ഭക്ഷിച്ചിരിക്കുമോ? സീത കുളിച്ചു വരുമ്പോൾ കുട്ടിയെ ഇവിടെ കണ്ടില്ലെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? ഈ വക ചിന്തകളാൽ വാല്മീകി മഹർഷി തൻ്റെ ധ്യാനശക്തിയാൽ കുശപ്പുല്ലു കൊണ്ട് ഒരു ബാലനെ ഉണ്ടാക്കി ആ സ്ഥാനത്തു കിടത്തി. കുളി കഴിഞ്ഞെത്തിയ സീത, ലവനെപ്പോലെ കാഴ്ചയിൽ ഒരു പോലെയിരിക്കുന്ന മറ്റൊരു കുഞ്ഞിനെക്കണ്ട് അത്ഭുതത്തോടെ വാല്മീകിയോട് കാര്യങൾ ചോദിച്ചറിഞ്ഞു. സംഭവിച്ചതെല്ലാം സീതയോടു പറഞ്ഞ മഹർഷി കുശ കൊണ്ട് സൃഷ്ടിക്കപ്പെട്ട കുഞ്ഞായതിനാൽ അവന് കുശനെന്നു പേരിട്ട് സീതയുടെ രണ്ടാമത്തെ പുത്രനായി നൽകിയെന്നാണ് പറയപ്പെടുന്നത്.
ശ്രീരാമൻ അശ്വമേധയാഗം നടത്തുമ്പോൾ ശത്രുഘ്നൻ യാഗാശ്വവുമായി ലോകം ചുറ്റിത്തിരിഞ്ഞ കൂട്ടത്തിൽ വാല്മീകിയുടെ ആശ്രമത്തിനു സമീപമുള്ള തമസാനദിയുടെ തീരത്തു വരുകയും ലവകുശന്മാർ ആ കുതിരയെ പിടിച്ചു കെട്ടുകയും ചെയ്തു. ലവകുശന്മാരെ പരാജയപ്പെടുത്താൻ ശത്രുഘ്നനോ ലക്ഷ്മണൻ്റെ നേതൃത്വത്തിൽ വന്ന പോഷക സേനയ്‌ക്കോ കഴിഞ്ഞില്ല. തുടർന്ന് വാല്മീകി ഇടപെട്ടാണ് യാഗാശ്വത്തെ തിരിച്ചയച്ചത്.അതിനു ശേഷം വാല്മീകിയും സീതയും ലവകുശന്മാരും നൈമിശാരണ്യത്തിൽ ചെന്ന് ഒരു യാഗത്തിൽ സംബന്ധിച്ചു. വാല്മീകി നിർമ്മിച്ച രാമായണകാവ്യം ലവകുശന്മാർ അവിടെ വച്ച് പാടിയത് കേൾക്കാനിടയായ ശ്രീരാമൻ മക്കളെ തിരിച്ചറിഞ്ഞ് അയോദ്ധ്യയിലേക്ക് കൊണ്ടുവന്നു.
അവസാന നാളുകളിൽ രാജ്യം വിഭജിച്ച ശ്രീരാമൻ കോസലരാജ്യത്ത് കുശാവതി എന്നൊരു നഗരം പണിയിച്ച് കുശനെ അവിടത്തെ രാജാവായി അഭിഷേകം ചെയ്തു. സൂര്യവംശ രാജാക്കന്മാർക്കുള്ള അറുപത്തിനാല് അക്ഷൗഹിണിപ്പടയിൽ മുപ്പത്തിരണ്ടും എട്ടു മന്ത്രിമാരുള്ളതിൽ നാലുപേരേയും ജംഗമസ്വത്തുക്കളുടെ പകുതിയും കുശനുകൊടുത്തു.തുടർന്ന് വിന്ധ്യാപർവ്വതത്തിനു വടക്ക് ഉത്തരകോസലത്തിൽ ശതാവരി എന്നൊരു നഗരം സ്ഥാപിച്ച് ലവനെ അവിടത്തെ രാജാവാക്കി.ശേഷിച്ച അക്ഷൗഹിണിപ്പടയേയും മന്ത്രിമാരേയും ജംഗമസ്വത്തുക്കളേയും ലവനു നൽകി.ലവകുശന്മാർ രാജ്യം ഭരിച്ചുകൊണ്ടിരിക്കെ അവതാരലക്ഷ്യം പൂർത്തിയാക്കിയ ശ്രീരാമചന്ദ്രൻ സരയൂനദിയുടെ കയത്തിൽ ആത്മത്യാഗം ചെയ്തു !!!
ശുഭം
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: