ലണ്ടനിലെത്തുന്ന ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമാണ് ട്രഫാള്‍ഗര്‍ സ്‌ക്വയര്‍. അവിടെ സ്ഥാപിച്ചിരിക്കുന്ന ഒരു സ്തൂപത്തിനു മുകളിലായി തലയെടുപ്പോടുകൂടി നില്‍ക്കുന്ന ഒരു പ്രതിമയുണ്ട്. ഇംഗ്ലണ്ടിന്റെ നേവല്‍ ഹീറോയായ അഡ്മിറല്‍ ഹൊറേസിയോ നെല്‍സണ്‍ (1758-1805) എന്ന ധീരപോരാളിയുടേതാണ് ഈ പ്രതിമ. 1805-ല്‍ നടന്ന ട്രഫാള്‍ഗര്‍ യുദ്ധത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ നിലനിര്‍ത്തുന്ന സ്മാരകമാണിത്.
ട്രഫാള്‍ഗര്‍ യുദ്ധത്തില്‍ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തിയ നെല്‍സന്റെ കഥ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്തതാണ്. നോര്‍ഫോക്കില്‍ ജനിച്ച നെല്‍സണ്‍ പന്ത്രണ്ടു വയസുള്ളപ്പോള്‍ നേവിയില്‍ ചേര്‍ന്നു. 1793-ല്‍ ഫ്രാന്‍സുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മെഡിറ്ററേനിയനിലെ കപ്പലുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. യുദ്ധത്തിലുണ്ടായ പരിക്കുമൂലം 1794-ല്‍ അദ്ദേഹത്തിന്റെ ഒരു കണ്ണു നഷ്ടപ്പെട്ടു. 1797-ല്‍ കാനറി ഐലന്‍ഡില്‍ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കൈയും നഷ്ടപ്പെട്ടു.
ഒരു കണ്ണും ഒരു കൈയും നഷ്ടപ്പെട്ടിട്ടും നെല്‍സണ്‍ യുദ്ധരംഗത്തുനിന്നു പിന്മാറിയില്ല. 1798-ല്‍ നെപ്പോളിയന്‍ ഈജിപ്റ്റ് ആക്രമിച്ചപ്പോള്‍ നെപ്പോളിയന്റെ നാവികസേനയെ തുരത്താന്‍ നെല്‍സണ്‍ ആണ് നിയോഗിക്കപ്പെട്ടത്. ആ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച നെല്‍സണ്‍ പെട്ടെന്ന് ഇംഗ്ലീഷുകാരുടെ ആരാധനാപാത്രമായി.
1801-ല്‍ കോപ്പന്‍ഹേഗനില്‍വച്ച് ഡെന്മാര്‍ക്കിന്റെ നാവികസേനയെ നെല്‍സണ്‍ പരാജയപ്പെടുത്തി. പിന്നീട് ഇംഗ്ലണ്ടിന്റെ മെഡിറ്ററേനിയന്‍ ഫ്‌ളീറ്റിന്റെ പൂര്‍ണ ചുമതല അദ്ദേഹത്തിന്റെ ചുമലിലായി. ആദ്യം ഫ്രഞ്ച് നാവികസേനയ്ക്കു തടയിട്ട അദ്ദേഹം പിന്നീട് സ്പാനിഷ് നാവികസേനയേയും വരുതിക്കു നിര്‍ത്തി. അവസാനം 1805-ല്‍ ട്രഫാള്‍ഗറില്‍ നടന്ന പൊരിഞ്ഞ പോരാട്ടത്തില്‍ നെല്‍സണ്‍ ശത്രുക്കളുടെമേല്‍ നിര്‍ണായക വിജയം നേടി. എങ്കിലും ആ യുദ്ധത്തിനിടയില്‍ മുറിവേറ്റ് നെല്‍സണ്‍ മരിക്കുകയുണ്ടായി.
ട്രഫാള്‍ഗര്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ വിക്ടറി എന്ന കപ്പലിലായിരുന്നു നെല്‍സന്റെ ആസ്ഥാനം. അവിടെനിന്ന് മറ്റു കപ്പലുകളിലേക്ക് അദ്ദേഹം ഒരു സന്ദേശം അയച്ചു. തന്റെ കീഴ്ജീവനക്കാരെ ഉദ്ദേശിച്ച് അദ്ദേഹം നല്കിയ ആ സന്ദേശം ഇതായിരുന്നു: ''ഓരോരുത്തരും അവരവരുടെ കടമ നിര്‍വഹിക്കുമെന്ന് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു''. നെല്‍സന്റെ കീഴ്ജീവനക്കാരെ ആവേശഭരിതരാക്കി ജീവന്‍ ബലികഴിച്ചും പോരാടുവാന്‍ സജ്ജരാക്കിയ സന്ദേശമായിരുന്നു ഇത്. ഓരോരുത്തരും അവരവരുടെ കടമ നിര്‍വഹിക്കണമെന്നു നെല്‍സണ്‍ മറ്റുള്ളവരോട് ഓര്‍മിപ്പിക്കുക മാത്രമല്ല ചെയ്തത്. ജീവന്‍ ബലികഴിച്ചും സ്വന്തം കടമ നിര്‍വഹിക്കാന്‍ അദ്ദേഹം തയാറായി എന്നതാണു വസ്തുത.
യുദ്ധം നടക്കുന്ന അവസരത്തില്‍ തോമസ് ഹാര്‍ഡി എന്ന നാവികനായിരുന്നു നെല്‍സന്റെ ഫ്‌ളാഗ് ക്യാപ്റ്റന്‍. വെടിയുണ്ടയേറ്റു നെല്‍സണ്‍ കപ്പലിന്റെ ഡെക്കില്‍ വീണപ്പോള്‍ നെല്‍സനെ അതിവേഗം ഡെക്കിനു താഴേയ്ക്കു എടുത്തുകൊണ്ടുപോയത് ഹാര്‍ഡിയായിരുന്നു. അധികം താമസിയാതെ നെല്‍സണ്‍ അന്ത്യശ്വാസം വലിച്ചു. പക്ഷേ, അതിനു തൊട്ടുമുന്‍പ് അദ്ദേഹം പറഞ്ഞു: ''എനിക്കിപ്പോള്‍ തൃപ്തിയായി. എനിക്കെന്റെ കടമ ചെയ്യാന്‍ സാധിച്ചതില്‍ ഈശ്വരന് നന്ദി.''
നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ ഒട്ടേറെ കടമകളുണ്ട്. മാതാപിതാക്കള്‍ക്ക് മക്കളോട് കടമകളുണ്ട്. അതുപോലെ മക്കള്‍ക്കു മാതാപിതാക്കളോടും. ഭാര്യയ്ക്കു ഭര്‍ത്താവിനോടും ഭര്‍ത്താവിനു ഭാര്യയോടും കടമകളുണ്ട്. സഹോദരങ്ങള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും പരസ്പരവും കടമകളുണ്ട്. അതുപോലെ, നാം ജോലിക്കാരാണെങ്കില്‍ നാം ജോലിചെയ്യുന്ന സ്ഥാപനത്തോടും സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ സമൂഹത്തോടും പൗരന്മാരെന്ന നിലയില്‍ നമ്മുടെ രാജ്യത്തോടും നമുക്കു കടമയുണ്ട്.
നമ്മുടെ ജീവിതത്തിലെ കടമകളുടെ അല്ലെങ്കില്‍ ഉത്തരവാദിത്വങ്ങളുടെ ഈ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകുമ്പോള്‍ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ആ ചോദ്യമിതാണ്. നാം നമ്മുടെ കടമകള്‍ ശരിയായി നിര്‍വഹിക്കുന്നുണ്ടോ? നമ്മുടെ ജീവിതത്തില്‍ നമുക്കുള്ള വിവിധ കടമകള്‍ നിര്‍വഹിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉത്തരവാദിത്വങ്ങളില്‍നിന്ന് ഓടിയൊളിക്കുന്ന പ്രകൃതമാണ് നമ്മില്‍ പലരുടേതും. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലെ വിവിധ കടമകള്‍ നിര്‍വഹിക്കുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധിച്ചേ മതിയാകൂ.
ഒരുകാലത്ത് ഇംഗ്ലണ്ടിലെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന മഹാത്മാവായിരുന്നു കാര്‍ഡിനല്‍ ജോണ്‍ ഹെന്റി ന്യൂമന്‍ (1801-90). അദ്ദേഹം ഇപ്രകാരം എഴുതുന്നു: ''ഈശ്വരൻ എന്നെ സൃഷ്ടിച്ചിരിക്കുന്നത് ഒരു പ്രത്യേക ദൗത്യം നിര്‍വഹിക്കുന്നതിനായിട്ടാണ്. അത് മറ്റാര്‍ക്കും ഈശ്വരൻ നല്കിയിട്ടില്ലാത്ത ദൗത്യമാണ്.''
കാര്‍ഡിനല്‍ ന്യൂമന്‍ പറഞ്ഞിരിക്കുന്നതു നമ്മുടെ ഗൗരവമായ പരിചിന്തനത്തിനു വിഷയമാക്കേണ്ട കാര്യമാണ്. അദ്ദേഹം നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ ജനനത്തിനും ജീവിതത്തിനും വലിയ അര്‍ഥമുണ്ട്. ഈശ്വരൻ നമ്മെ ഭൂമിയിലേക്കയച്ചപ്പോള്‍ അവിടുന്നു നമ്മെക്കുറിച്ചൊരു പദ്ധതിയിട്ടിട്ടുണ്ട്. നാമെന്തൊക്കെയോ ആയിത്തീരണമെന്നും നാം എന്തൊക്കെയോ ചെയ്യണമെന്നുമൊക്കെ ആ പദ്ധതിയിലുണ്ട്. പക്ഷേ, ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ നമുക്കു നേരമുണ്ടോ? നമ്മുടെ ചിന്ത എപ്പോഴും തന്നെ ജീവിതസുഖങ്ങളിലും മറ്റു ഭൗതികകാര്യങ്ങളിലുമല്ലേ?
ഈശ്വരൻ നമുക്കെല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം ദൗത്യങ്ങള്‍ നല്കിയിട്ടുണ്ടെന്നതില്‍ സംശയമില്ല. നമുക്കല്ലാതെ, മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത ദൗത്യമാണത്. പക്ഷേ, ഈശ്വരൻ നമുക്കു നല്കിയിരിക്കുന്ന ദൗത്യം നാം എങ്ങനെ മനസിലാക്കും? ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിക്ക്, ഈശ്വരൻ അദ്ദേഹത്തെ ഏല്പിച്ചിരുന്ന ആ ദൗത്യത്തെക്കുറിച്ച് നല്ല തീര്‍ച്ചയുണ്ടായിരുന്നു. മദര്‍ തെരേസയുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സേവിക്കാനുള്ള ദൗത്യമാണ് ഈശ്വരൻ തനിക്കു നല്കിയിരിക്കുന്നതെന്നു മദര്‍ തെരേസ വളരെ നേരത്തെ മനസിലാക്കിയിരുന്നു.
എന്നാല്‍, സാധാരണക്കാരായ നമ്മുടെ കാര്യത്തില്‍ ഇത്ര വിപുലമായൊരു ദൗത്യം നാം കണ്ടെന്നുവരില്ല. എന്നിരുന്നാലും, നമ്മുടെ ഓരോരുത്തരുടെയും കാര്യത്തില്‍ ഈശ്വരൻ വ്യക്തമായ ദൗത്യങ്ങള്‍ നമുക്കു നല്കുന്നുണ്ടെന്നതില്‍ സംശയംവേണ്ട.
മാതാപിതാക്കളെന്ന നിലയിലും മക്കളെന്ന രീതിയിലും കുടുംബാംഗങ്ങളെന്ന നിലയിലും ഓരോരോ രംഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരെന്ന നിലയിലുമൊക്കെ നമുക്കു പലരോടും പല രീതിയിലും കടപ്പാടുകളും കടമകളുമുണ്ട്. നമുക്കുള്ള ഈ കടപ്പാടുകളും കടമകളും നമുക്കു മാത്രമേ പലപ്പോഴും പൂര്‍ത്തീകരിക്കാനാവൂ. മറ്റാര്‍ക്കും ചെയ്യാനാവാത്ത ഈ കടമകള്‍ നമ്മുടെ ജീവിതത്തില്‍ ഈശ്വരൻ നമുക്കു നല്കിയിരിക്കുന്ന ദൗത്യങ്ങളാണ് എന്നതു നാം മറക്കേണ്ട.
ഈശ്വരൻ നമുക്കു പ്രത്യേക ദൗത്യങ്ങള്‍ നല്കിയിട്ടുണ്ടെങ്കില്‍ അവ നാം തന്നെയല്ലേ നിര്‍വഹിക്കേണ്ടത്? അപ്പോള്‍പ്പിന്നെ നമ്മുടെ ഉത്തരവാദിത്വങ്ങളും ജോലികളുമൊക്കെ നാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് എങ്ങനെ നമുക്കു നീതീകരിക്കാനാവും?
നമ്മുടെ കടമകള്‍ നാംതന്നെ ചെയ്യണമെന്നു ഈശ്വരൻ ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ കടമകള്‍ ഈശ്വരൻ ആഗ്രഹിക്കുന്നതുപോലെ നാംതന്നെ ചെയ്താല്‍ മാത്രമേ നമ്മുടെ ജീവിതത്തിന് അര്‍ഥവും വൈശിഷ്ട്യവുമുണ്ടാകൂ. നമ്മുടെ കടമകള്‍ വിശ്വസ്തതയോടെ നമുക്കു നിറവേറ്റാം. നമ്മുടെ ദൗത്യനിര്‍വഹണം നമ്മുടെ ജീവിതത്തിന്റെ സുപ്രധാന ഘടകമാക്കി നമുക്കു മാറ്റാം.
Post A Comment:
0 comments: