ദമ്പതികള്‍ പങ്കെടുക്കുന്ന ഒരു കൗണ്‍സിലിങ്ങ് പ്രോഗ്രാമായിരുന്നു അത്. പരിപാടിക്കിടയില്‍ അവതാരകന്‍ ഒരു സ്ത്രീയോട് ചോദിച്ചു: നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ സന്തോഷവതിയായിരിക്കാന്‍ ശ്രദ്ധപുലര്‍ത്തുന്ന വ്യക്തിയാണോ? ആണെങ്കില്‍ അതില്‍ നിങ്ങള്‍ സന്തുഷ്ടയാണോ? വര്‍ഷങ്ങള്‍ നീണ്ട വൈവാഹികജീവിതത്തില്‍ ഇതുവരെയും ഒരു പരാതിപോലും പറഞ്ഞിട്ടില്ലാത്ത ഭാര്യ തന്നെക്കുറിച്ച് ഉറപ്പായും പറയാന്‍ ഇടയുള്ള ഒരു ഉത്തരം പ്രതീക്ഷിച്ച് അഭിമാനത്തോടെ നിന്ന ഭര്‍ത്താവിനെ ഞെട്ടിച്ചുകൊണ്ട് അവര്‍ ഇങ്ങനെ പറഞ്ഞു: ' എന്റെ ഭര്‍ത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല!' അന്തം വിട്ടുനിന്ന ഭര്‍ത്താവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവര്‍ തുടര്‍ന്നു: 'എന്റെ ഭര്‍ത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല, പക്ഷേ, ഞാന്‍ സന്തോഷവതിയാണ്. ഞാന്‍ സന്തോഷത്തോടെയിരിക്കുന്നതും അല്ലാത്തതും അദ്ദേഹത്തെ ആശ്രയിച്ചല്ല. എന്നെ ആശ്രയിച്ചാണ്. ഞാന്‍ സന്തോഷവതിയാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ഞാന്‍ മാത്രമാണ്. ഏത് ചുറ്റുപാടിലും, ഏതു സന്ദര്‍ഭത്തിലും സന്തോഷമായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.. പക്ഷേ, മറ്റൊരാളിനേയോ ചുറ്റുപാടിനെയോ ആശ്രയിച്ചാണ് എന്റെ സന്തോഷമെങ്കില്‍ ഞാന്‍ ആകെ വിഷമത്തിലായേനെ. ജീവിതത്തില്‍ എല്ലാം മാറിക്കൊണ്ടിരിക്കും. ചുറ്റും കാണുന്ന മനുഷ്യര്‍, ധനം, കാലാവസ്ഥ, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, മാനസികവും ശാരീരികവുമായ സുഖാസുഖങ്ങള്‍ ഇങ്ങനെ എത്രയോ കാര്യങ്ങള്‍... ഇതില്‍ എന്തൊക്കെ മാറിയാലും ഞാന്‍ സന്തോഷവതിയായിരിക്കണം. പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടില്‍ ആളുകള്‍ ഉണ്ടെങ്കിലും ഒറ്റക്കാണെങ്കിലും എപ്പോഴും സന്തോഷവതിയായിരിക്കണം. ഞാന്‍ എന്റെ ജീവിതത്തെ ഇത്രയേറെ സ്നേഹിക്കുന്നത് എന്റെ ജീവിതം മറ്റുള്ളവരുടേതിനേക്കാള്‍ നല്ലതായതുകൊണ്ടോ സുഗമമായതുകൊണ്ടോ അല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയില്‍ സന്തോഷവതിയായിരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചതുകൊണ്ടാണ്. എന്റെ സന്തോഷത്തിന് ഞാനാണ് ഉത്തരവാദി. എന്നെ സന്തോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം ഞാന്‍ എന്റെ ഭര്‍ത്താവില്‍ നിന്നും മറ്റുളളവരില്‍ നിന്നും എടുത്തുമാറ്റുമ്പോള്‍ എന്നെ തോളില്‍ ചുമക്കേണ്ട ബാധ്യതയില്‍ നിന്നും അവരെ മുക്തരാക്കുക കൂടിയാണ്. അത് ജീവിതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യുന്നു.' അവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ മുഖത്ത് കൂടുതല്‍ തെളിച്ചത്തിലുള്ള ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതെ, നമ്മുടെ സന്തോഷത്തിന്റെ താക്കോല്‍ അത് നമ്മുടെ കയ്യിലാണ്. അത് മറ്റുള്ളവരുടെ കയ്യില്‍ ഏല്‍പ്പിക്കാതിരിക്കുക. - ശുഭദിനം
Navigation
Post A Comment:
0 comments: