ബുദ്ധിമാനായ കാക്ക

Share it:

പ്രചോദന കഥകൾ

ഒരിടത്ത് ഒരു കാട്ടില്‍ ഒരു വന്‍മരമുണ്ടായിരുന്നു. അതിന്റെ മുകളിലെ ഒരു കൊമ്പില്‍ ഒരു കാക്ക യും കാക്കച്ചിയും കൂട് കൂട്ടി. കുറച്ചു നാളുകള്‍ക്ക് ശേഷം കാക്കച്ചി നാലു മുട്ടയിട്ടു. അവ വിരിഞുണ്ടായതോ, നല്ല സുന്ദരക്കുട്ടന്‍മാരായ  നാലു കാക്കകറുമ്പന്‍മാര്‍! 

കാക്കയും കാക്കച്ചിയും വളരെ സന്തോഷത്തോടെ കുട്ടികളെ നോക്കി കഴിഞ്ഞു വരവേ, ഒരു ദിവസം കുറച്ചാളുകള്‍ ആ മരത്തിനടുത്തെത്തി. അവര്‍ മരം വെട്ടാനെത്തിയതായിരുന്നു. കാക്കച്ചി ഭയത്തോടെ കാക്കയോട് ചെന്നു പറഞ്ഞു.

"നോക്കൂ! അവര്‍ നമ്മുടെ കൂടിരിക്കുന്ന മരം വെട്ടാന്‍ പോകുകയാണ്. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങള്‍ അപകടത്തിലാകും"

"നീ പേടിക്കാതിരിക്കൂ. നമുക്ക് വഴിയുണ്ടാക്കാം. ഈ രാജ്യത്തെ രാജാവ് വളരെ നീതിമാനാണ്. അദ്ദേഹം നമ്മളെ രക്ഷിക്കാതിരിക്കില്ല" കാക്ക പറഞ്ഞു.

"അതിന് നിങ്ങള്‍ എങ്ങിനെയാണ് അദ്ദേഹത്തോട് ഈ വിവരം പറയുക. അദ്ദേഹത്തിന് നമ്മുടെ ഭാഷ അറിയില്ലല്ലോ"  കാക്കച്ചി ചോദിച്ചു.

"അതിനെന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാം" ഇതും പറഞ്ഞു കാക്ക ദൂരെ രാജകൊട്ടാരം ലക്ഷ്യമാക്കി പറന്നു.

രാജാവ് കൊട്ടാരത്തില്‍ തന്‍റെ മന്ത്രിമാരോടൊപ്പം കാര്യമായ എന്തോ ചര്‍ച്ചയിലായിരുന്നു. പെട്ടെന്നാണ് ഒരു കാക്ക പറന്നു വന്ന്‍ ജനല്‍പ്പടിയില്‍ ഇരുന്ന്‍ ഉറക്കെ കരയാന്‍ തുടങ്ങിയത്. കാക്കയുടെ ശബ്ദം സഹിക്കവയ്യാതായപ്പോള്‍ അതിനെ ഓടിച്ചു വിടാന്‍ നോക്കി. 

എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവര്‍ ഓടിച്ചു വിട്ട കാക്ക അല്‍പസമയത്തിനകം  തിരികെയെത്തി വീണ്ടും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. 

കുറെ സമയം ഇതാവര്‍ത്തിച്ചപ്പോള്‍ രാജാവിന് കൌതുകമായി. അദ്ദേഹം ഭടന്‍മാരോട് കാക്കയെ ഭയപ്പെടുത്താതിരിക്കാന്‍ ആജ്ഞ്ജാപ്പിച്ചു. രാജാവിന്‍റെ ശ്രദ്ധ തന്നിലാണെന്ന് മനസ്സിലായ കാക്ക കാ..കാ.. എന്ന്‍ പതുക്കെ കരയാന്‍ തുടങ്ങി.

കാക്കയ്ക്ക് തന്നോട് എന്തോ പരാതി ബോധിപ്പിക്കാനുണ്ടെന്ന് രാജാവിന് തോന്നി. അദ്ദേഹം ഭടന്‍മാരോട് പറഞ്ഞു. 

"നിങ്ങള്‍ അതിനെ ഉപദ്രവിക്കാതെ! അതിനേന്തോ  പറയാനുണ്ടെന്ന് തോന്നുന്നു.  അത് പറന്നു പോകുമ്പോള്‍ നിങ്ങള്‍ ഈ കാക്കയെ പിന്തുടര്‍ന്ന് എന്തു കൊണ്ടാണ് അതിവിടെ വന്നിരുന്ന് കരയുന്നതെന്ന് കണ്ടെത്തൂ. എനിക്കെത്രയും പെട്ടെന്ന് വിവരം ലഭിക്കണം,"

രാജാവ് പറഞ്ഞത് മനസ്സിലായത് പോലെ കാക്ക പതുക്കെ ജനല്‍പ്പടിയില്‍ നിന്നും പറന്നകന്നു. ഉടനെ തന്നെ ഭടന്മാര്‍ അതിനെ പിന്തുടര്‍ന്നു തുടങ്ങി. 

ഭടന്‍മാര്‍ക്ക് കാണത്തക്ക വിധത്തില്‍ താഴ്ന്നു പറന്ന കാക്ക താമസിയാതെ അവരെ താന്‍ താമസിക്കുന്ന ആ വന്‍മരത്തിനടുത്തേക്ക് നയിച്ചു. മരത്തിനടുത്തെത്തിയതും കാക്ക തന്റെ കൂടീന് ചുറ്റും വട്ടമിട്ട് പറന്നു കരയാന്‍ തുടങ്ങി, കൂടെ കാക്കച്ചിയും മക്കളും.

ഭടന്മാര്‍ പെട്ടെന്നു തന്നെ മരത്തിന് മുകളിലെ കാക്കക്കൂടും താഴെ മരം വെട്ടാന്‍ തയ്യാറെടുക്കുന്ന മരംവെട്ടുകാരെയും ശ്രദ്ധിച്ചു. കാക്കക്കുഞ്ഞുങ്ങളെ കണ്ടതോടെ അവര്‍ക്ക് കാര്യം പിടികിട്ടി. അവര്‍ വേഗം തന്നെ മരം വെട്ടുകാരോട് ആ മരം വെട്ടാതെ സ്ഥലം വിടാന്‍ പറഞ്ഞു. അങ്ങിനെ കാക്കയും കുടുംബവും സുരക്ഷിതരായി.

തിരികെ കൊട്ടാരത്തിലെത്തിയ ഭടന്മാര്‍ കാര്യങ്ങളെല്ലാം രാജാവിനെ ധരിപ്പിച്ചു. അദ്ദേഹത്തിന് വളരെ സന്തോഷമായി.

"നമ്മുടെ രാജ്യത്തെ ഓരോ ജീവജാലത്തിനും നമ്മുടെ അടുത്തെത്തിയാല്‍ നീതി ലഭിക്കുമെന്ന്‍ ബോധ്യമാകുമ്പോഴാണ് നാം ശരിയായ ഭരണമാണ് നടത്തുന്നത് എന്ന്‍ ഉറപ്പാകുന്നത്" അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു.


Share it:

Motivation Story

Post A Comment:

0 comments: