പ്രചോദന കഥകൾ
ഒരിക്കല്‍ ഒരിടത്ത് വളരെയധികം വയസ്സായ ഒരു മുത്തശ്ശിയും അവരുടെ പേരക്കുട്ടികളായ രണ്ട് പെണ്‍കുട്ടികളും താമസിച്ചിരുന്നു. പലതരത്തിലുള്ള പലഹാരങ്ങളും, അച്ചാറുകളും ഉണ്ടാക്കി വിറ്റാണ് അവര്‍ ഉപജീവനം നടത്തിയിരുന്നത്.
പലഹാരങ്ങളും, അച്ചാറുകളും ഉണ്ടാക്കാന്‍ വളരെ നേരത്തെ ഉറക്കമെണീക്കണമായിരുന്നു അവര്‍ക്ക്.
എന്തായാലും നമ്മുടെ കഥയിലെ രണ്ട് പെണ്‍കുട്ടികളും കുഴിമടിച്ചികളായിരുന്നു. രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്ന കാര്യം അവര്‍ക്ക് ആലോചിക്കാനേ വയ്യായിരുന്നു. പക്ഷേ എന്ത് ചെയ്യാം? മുത്തശ്ശിക്ക് ഒരു മിടുക്കന്‍ പൂവന്‍ കോഴിയുണ്ട്. അവന്‍ അതിരാവിലെ ഉണര്‍ന്ന് ഉറക്കെ കൂകും.
അത് കേട്ടാലുടനെ മുത്തശ്ശി ചാടിയെണീക്കും. എന്നിട്ട് രണ്ട് പേരെയും വിളിച്ചുണര്‍ത്തും. പൂവന്‍ കൂകുന്നത് കേള്‍ക്കാത്ത പോലെ കിടക്കുന്ന രണ്ടാള്‍ക്കും മുത്തശ്ശി തട്ടി വിളിക്കുമ്പോള്‍ വേറെ വഴിയില്ലാല്ലോ! മനസ്സില്ലാ മനസ്സോടെ രണ്ടാളും എഴുന്നേല്‍ക്കും. എന്നിട്ട് പണികള്‍ തുടങ്ങും.
അതിരാവിലെ തങ്ങളെ കൂകി എഴുന്നേല്‍പ്പിക്കുന്ന പൂവന്‍ കോഴിയെ രണ്ട് പേര്‍ക്കും ഒട്ടും ഇഷ്ടമല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ആര്‍ക്കാണ് ഇഷ്ടമാകുക?
ഈ പൂവന്‍ കോഴി ഇല്ലായിരുന്നെങ്കില്‍ കുറച്ച് താമസിച്ച് എഴുന്നേറ്റാല്‍ മതി എന്ന് അവര്‍ കരുതി. പൂവന്‍ കൂകുന്നത് കൊണ്ടാനല്ലോ മുത്തശ്ശി നേരത്തെ എഴുന്നേല്‍ക്കുന്നത്. ഇന്നത്തെപ്പോലെ അലാറം വെയ്കാന്‍ ഘടികാരമോ (ക്ലോക്ക്) മൊബൈലോ അന്നില്ലല്ലോ.
അപ്പോള്‍ പിന്നെ പൂവനില്ലെങ്കില്‍ വൈകി എഴുന്നേറ്റാല്‍ മതി. അതിന് പൂവന്‍ കോഴിയെ ഇല്ലാതാക്കണം. രണ്ട് പേരും അതിനുള്ള പദ്ധതികള്‍ ആലോചിച്ചു.
അങ്ങിനെ ഒരു ദിവസം മുത്തശ്ശി ചന്തയില്‍ പോയ തക്കം നോക്കി രണ്ടു പേരും കൂടി ആ പാവം പൂവന്‍ കോഴിയെ പിടികൂടി കൊന്ന് പറമ്പില്‍ കുഴിച്ചിട്ടു.
പാവം മുത്തശ്ശി! രാത്രിയായിട്ടും പതിവ് പോലെ പൂവന്‍ വന്ന് കൂട്ടില്‍ കേറാതായപ്പോള്‍ വല്ലാതെ വിഷമിച്ചു. അവര്‍ പറമ്പിലെല്ലാം കോഴിയെ അന്വേഷിച്ച് നടന്നു. വല്ല കുറുക്കനോ, പെരുമ്പാമ്പൊ പിടിച്ച് തിന്നു കാണുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മുത്തശ്ശിക്ക് അത് കേട്ട് നല്ല ദേഷ്യം വന്നു.
കുറേ അന്വേഷിച്ചിട്ടും കാണാതായപ്പോള്‍ മുത്തശ്ശി കരച്ചിലായി. അത് കണ്ട് വിഷമം തോന്നിയെങ്കിലും രണ്ടാളും സത്യം പറഞ്ഞതേയില്ല. എന്തായാലും അടുത്ത ദിവസം നേരത്തേ എഴുന്നേല്‍ക്കണ്ടല്ലൊ എന്നവര്‍ സന്തോഷിച്ചു.
പിറ്റേ ദിവസം അതിരാവിലെ മുത്തശ്ശി ഉണര്‍ന്നു. കൂകി ഉണര്‍ത്താന്‍ പൂവന്‍ കോഴിയില്ലല്ലോ എന്നോര്‍ത്ത് മുത്തശ്ശി സത്യത്തില്‍ ഉറങ്ങിയതേയില്ല. സാധാരണയിലും വളരെയധികം നേരത്തെ തന്നെ മുത്തശ്ശി രണ്ടാളെയും വിളിച്ചുണര്‍ത്തി.
ഒരു വിധത്തില്‍ കണ്ണ് തുറന്ന് നോക്കിയ രണ്ട് പേരും പുറത്തെ ഇരുട്ട് കണ്ട് മുത്തശ്ശിയോട് പറഞ്ഞു.
"നേരം വെളുത്തിട്ടില്ലല്ലോ മുത്തശ്ശീ! നമുക്ക് കുറച്ച് നേരം കൂടി ഉറങ്ങാം!"
മുത്തശ്ശി പറഞ്ഞു: "ഇനിയും ഉറങ്ങിയാല്‍ നേരം വെളുക്കുന്നത് നമ്മള്‍ അറിയുകയേയില്ല! മുന്പൊക്കെ നേരം വെളുത്താല്‍ നമ്മുടെ പൂവന്‍ കോഴി നമ്മെ കൂകി ഉണര്‍ത്തുമായിരുന്നു. ഇപ്പോള്‍ അവനില്ലല്ലോ? അത് കൊണ്ട് നാം തന്നത്താന്‍ സമയത്തിനുണരണം!"
മുത്തശ്ശി രണ്ടാളെയും വിളിച്ചുണര്‍ത്തി പണി തുടങ്ങി. അന്ന് മുതല്‍ എല്ലാ ദിവസവും പാതിരാ കഴിയുമ്പൊളേയ്ക്കും മുത്തശ്ശി അവരെ വിളിച്ചുണര്‍ത്താന്‍ തുടങ്ങി. പൂവന്‍ കോഴിയെ കൊന്നു കളഞ്ഞത് വലിയ അബദ്ധമായിപ്പോയെന്ന് രണ്ടാളും മനസ്സിലാക്കി.
Post A Comment:
0 comments: