നാം വളരെ ഗൗരവപൂർവ്വം ഈ ലോകത്ത് നിരന്തരം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇനി ചെയ്യുന്നില്ല എന്ന് വച്ചാൽ ലോകത്തിന് ഒന്നും സംഭവിക്കുകയില്ല... അങ്ങനെ ആണ് എന്ന് നാം കരുതുന്നത് നമ്മുടെ അഹന്ത കൊണ്ട് മാത്രമാണ്...
നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഒന്നു നിരീക്ഷിക്കുക. നിങ്ങളുടെ ചെയ്തികൾ- അവ എന്തൊക്കെയായിരുന്നാലും - ഉപേക്ഷിക്കുകയാണെങ്കിൽ എന്താണ് നഷ്ടപ്പെടുക?
നേരം വെളുക്കുന്നതു മുതൽ അന്തിയാവും വരെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ തീർത്തും നിസ്സാരങ്ങളായവ മാത്രം. എന്നിട്ടോ ഇവയെക്കൊണ്ടൊക്കെ നിങ്ങൾ ക്ഷീണിതനായിപ്പോകുന്നു. തുടർന്ന് നിങ്ങൾ ഉറങ്ങാൻ പോകുന്നു. അടുത്ത പ്രഭാതത്തിൽ വീണ്ടും അതേ അനാവശ്യങ്ങൾ ചെയ്യാൻ നിങ്ങൾ തയ്യാറാവുന്നു.
പക്ഷെ, ജീവിതത്തിന്റെ നിസ്സാരതയിലേക്ക് നോക്കാൻ നിങ്ങൾക്ക് വലിയ ഭയമാണ്. അത് നിങ്ങളെ വിഷാദവാനാക്കുന്നു. മാത്രവുമല്ല നിങ്ങളുടെ ചെയ്തികളെല്ലാം ആത്യന്തികമായി ഉപയോഗശൂന്യങ്ങളാണെന്നറിയുകയാണെങ്കിൽ നിങ്ങളുടെ അഹന്ത നഷ്ടപ്പെടുന്നു.
എന്തുകൊണ്ടെന്നാൽ നിങ്ങളുടെ അഹന്തക്ക് എന്തെങ്കിലും പ്രാധാന്യം അനുഭവപ്പെടുക നിങ്ങൾ പ്രാധാന്യമുള്ള എന്തെങ്കിലും ചെയ്യുമ്പോഴാണ്.... അതു കൊണ്ടാണ് അപ്രധാനങ്ങളായ സംഗതികളിൽ പ്രാധാന്യം കല്പിച്ചെടുക്കുകയും എന്നിട്ട് താൻ മനുഷ്യത്വത്തിനോടുള്ള, കുടുംബത്തിനോടുള്ള, രാഷ്ട്രത്തിനോടുള്ള കടമകൾ നിർവ്വഹിക്കുകയാണെന്ന് സ്വയം കരുതുകയും ചെയ്യുന്നത്.
വാസ്തവത്തിൽ ജീവിതത്തിൽ നിന്ന് ആരും തന്നെ ഒന്നും പഠിക്കുന്നില്ല. നിങ്ങൾ പഠിക്കുകയാണെങ്കിൽ അതേ തെറ്റുകൾ നിങ്ങൾക്ക് വീണ്ടും ആവർത്തിക്കുവാൻ കഴിയില്ല. നിങ്ങൾ ഉള്ളിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ പഠിക്കുക. നിങ്ങളെന്തെല്ലാമാണോ ചെയ്തു കൊണ്ടിരിക്കുന്നത്, അതിലൂടെ പഠിക്കുക. അതിൽ നിന്ന് ഏറ്റവും പ്രധാനമായവയെ എടുക്കുക. നിങ്ങളുടെ ജീവിതത്തെക്കൊണ്ട്, നിങ്ങളുടെ ഊർജ്ജത്തെക്കൊണ്ട്, നിങ്ങളുടെ സമയത്തെക്കൊണ്ട്, നിങ്ങളെന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് തിരിഞ്ഞു നോക്കുക.
നിങ്ങളുടെ ജീവിതത്തിലൂടെ പഠിക്കുക. കാരണം, മറ്റു യാതൊരു പഠിപ്പുമവിടെയില്ല. നിങ്ങളുടെ തന്നെ ജീവിതത്തിന് നിങ്ങൾക്കൊന്നും തന്നെ തരുവാൻ കഴിയില്ലായെങ്കിൽ അപ്പോൾ മറ്റൊന്നിനും തന്നെ നിങ്ങൾക്കത് നൽകുവാൻ കഴിയില്ല.
നിങ്ങളുടെ തന്നെ ജീവിതത്തിലൂടെ പഠിക്കുക, അതിലൂടെ തീർച്ചപ്പെടുത്തുക. നിങ്ങളെക്കൊണ്ട് തന്നെ നിങ്ങളെന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ? നിങ്ങളൊരു ചക്രത്തിലാണെങ്കിൽ അതിൽ നിന്ന് പുറത്തേക്ക് ചാടുക. എന്നാൽ നിങ്ങളൊരു ചക്രത്തിലാണെന്നറിയുവാൻ നിങ്ങൾക്ക് നിരീക്ഷണത്തിലേക്കും ബോധത്തിലേക്കും ജാഗ്രതയിലേക്കും ആഴത്തിൽ നീങ്ങേണ്ടി വരും.
Post A Comment:
0 comments: