ശുഭദിനം - കവിത കണ്ണന്‍ 17 May 2021

Share it:

ആ കോളേജില്‍ അവന്‍ വളരെ നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു.  കോളേജിലെ എല്ലാ നല്ല കാര്യങ്ങളുടേയും മുന്‍നിരയില്‍ അവനുണ്ടാകും.  ഒരിക്കല്‍ ഒരു തല്ലുകേസില്‍ അവന്‍ ഉള്‍പ്പെട്ടു. അവന് പറയേണ്ടത് എന്താണെന്ന് കേള്‍ക്കുക പോലും ചെയ്യാതെ അധികൃതര്‍ അവനെ പുറത്താക്കി. വലിയ നിരാശയും മടുപ്പും അവന് അനുഭവപ്പെട്ടു. പുറത്താക്കപ്പെട്ട മറ്റു കുട്ടികളെല്ലാം രക്ഷിതാക്കളെ കൊണ്ടുവന്ന് തിരികെ ക്ലാസ്സില്‍ കയറി.  അവന്‍ മാത്രം വന്നില്ല.  പിന്നീട് അവന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറിപ്പോയി.  വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്ത് അവനെ കണ്ടപ്പോള്‍ എന്തേ പിന്നീട് കോളേജില്‍ വരാഞ്ഞത് എന്ന് ചോദിച്ചു.  അതിനുത്തരമായി അവന്‍ ഇങ്ങനെ ചെയ്തു.  ഒരു വെള്ള പേപ്പറില്‍ അവന്‍ ഒരു കറുത്ത കുത്തിട്ടു.  എന്നിട്ട് എന്താണ് ഇപ്പോള്‍ നീ കാണുന്നത് എന്ന് ചോദിച്ചു. കറുത്തൊരു പുള്ളികാണുന്നു. വേറൊന്നും കാണുന്നില്ല.  അപ്പോള്‍ അവന്‍ വീണ്ടും ചോദിച്ചു. അപ്പോ വെളുപ്പോ!  അത് നീ കാണുന്നില്ലേ.. 99% നിറഞ്ഞുനില്‍ക്കുന്ന വെളുപ്പിനെ കാണാതെ ഒരിറ്റുമാത്രമുളള കറുപ്പിനെ നീ കാണുന്നു.  ഇതു തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്.  യാദൃശ്ചികമായി വന്നുപോയൊരു തെറ്റിനെ മാത്രം കണ്ടു.  എനിക്കത് സഹിക്കാനായില്ല.  എന്തൊക്കെ തന്നെയായാലും എന്റെ അച്ഛന്റെ മുന്നില്‍ ഞാനൊരു മോശം മകനായില്ലേ... വിഷാദഛായ നിറഞ്ഞമുഖത്തോടെ അയാള്‍ നടന്നുനീങ്ങി.  ഒരേ ഒരു തെറ്റുകാരണം എത്രയോ ശരികളെ ഒറ്റ നിമിഷം കൊണ്ട് നമ്മളും മറന്നിട്ടില്ലേ.. പല പ്രിയപ്പെട്ടവരേയും ഒരേ ഒരു കാരണം കൊണ്ട് തള്ളിപ്പറഞ്ഞിട്ടില്ലേ.. വന്നുപോയൊരു അബദ്ധത്തിന്റെ പേരില്‍ എത്ര പേരെ നാം നമ്മുടെ മനസ്സില്‍ നിന്നും പറിച്ചുകളഞ്ഞിട്ടുണ്ട്.  പൂര്‍ണ്ണമായ ശരിയും പൂര്‍ണ്ണമായ തെറ്റും ഒരാളിലുമില്ല.  ശരിയും തെറ്റും മാറി വരുന്ന ഒരു മനസ്സാണ് എല്ലാവര്‍ക്കുമുള്ളത്.  അതില്‍ ഏതിനാണ് മനസ്സില്‍ കൂടുതല്‍ സ്ഥാനം കൊടുക്കുന്നത് എന്നതനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ.. വലിയ മരങ്ങള്‍ മാത്രമുള്ള കാട് എവിടെയാണ് ഉണ്ടാവുക.  എല്ലാകാടുകളിലും വള്ളിപടര്‍പ്പുകളും, കുറ്റിച്ചെടികളും, പുല്ലുകളും നിശ്ചയമായും ഉണ്ട്.  അവയെകൂടി സ്വീകരിക്കാതെ എങ്ങിനെ നമുക്ക് കാടിനെ സ്നേഹിക്കാനാകും.  മനുഷ്യരെ സ്വീകരിക്കാനും സ്നേഹിക്കാനും ശീലിക്കുമ്പോള്‍ ആ അടിക്കാടുകളെ കൂടി നമുക്ക് സ്വീകരിക്കാനും സ്നേഹിക്കാനും ശീലിക്കാം - ശുഭദിനം
Share it:

Morning Thought

Post A Comment:

0 comments: