വലിയൊരു വിഷ്ണുഭക്തനായിരുന്നു നാരദന്‍. സദാസമയവും 'നാരായണ, നാരായണ' എന്ന് ഉരുവിട്ടു നടന്നിരുന്ന നാരദന് തന്റെ വിഷ്ണുഭക്തിയെക്കുറിച്ച് ഏറെ അഭിമാനമായിരുന്നു. തന്നേക്കാള്‍ വലിയ വിഷ്ണുഭക്തന്‍ ഒരിടത്തും ഉണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.
അങ്ങനെയിരിക്കെ ഒരു ദിവസം വിഷ്ണുവിനെ സന്ദര്‍ശിക്കുവാന്‍ നാരദന്‍ വൈകുണ്ഠത്തിലെത്തി. വിഷ്ണുഭഗവാന്‍ അദ്ദേഹത്തെ സന്തോഷപൂര്‍വം സ്വീകരിച്ചു. അവരുടെ സംഭാഷണത്തിനിടയില്‍ നാരദന്‍ തന്റെ വിഷ്ണുഭക്തിയെക്കുറിച്ച് ആത്മപ്രശംസയോടെ സംസാരിച്ചു. തന്നെക്കാള്‍ വലിയ ഭക്തനില്ലെന്നു വിഷ്ണുവിനെ ബോധ്യപ്പെടുത്തുകയായിരുന്നു നാരദന്റെ ലക്ഷ്യം.
അപ്പോള്‍ വിഷ്ണു മന്ദഹാസം തൂകിക്കൊണ്ടു പറഞ്ഞു: ''ശ്രീപുരം എന്ന ഗ്രാമത്തില്‍ എന്റെ ഒരു വലിയ ഭക്തനുണ്ട്. വേഗം പോയി അയാളെ പരിചയപ്പെട്ടിട്ടുവരൂ.''
നാരദന്‍ തന്റെ വീണയുമെടുത്തുകൊണ്ട് നേരേ ശ്രീപുരത്തേക്കു പോയി. വിഷ്ണു പറഞ്ഞുകൊടുത്ത അടയാളങ്ങളുള്ള ഭക്തനെ അന്വേഷിച്ചപ്പോള്‍ അയാള്‍ ഒരു സാധാരണ കര്‍ഷകനാണെന്നു നാരദനു മനസിലായി. അയാളോടൊപ്പം ഒരുദിവസം ചെലവഴിക്കാന്‍ നാരദന്‍ അനുവാദം ചോദിച്ചു. അയാള്‍ സസന്തോഷം അതനുവദിക്കുകയും ചെയ്തു.
അന്നുരാത്രി ആ കര്‍ഷകന്‍ കിടക്കുന്നതിനു മുമ്പായി 'നാരായണ' എന്നു ഭക്തിപൂര്‍വം ഉരുവിട്ടു. എന്നാല്‍, ആ ദിവസം മുഴുവന്‍ കര്‍ഷകനോടൊത്തു ചെലവഴിച്ചിട്ടും അയാള്‍ ദൈവനാമം ഉരുവിടുന്നതായി നാരദന്‍ കേട്ടില്ല. അന്നു വൈകിട്ട് ഉറങ്ങാന്‍ പോകുന്നതിനു മുമ്പായി അയാള്‍ പതിവുപോലെ ദൈവനാമം മൂന്നുതവണ ഉരുവിടുന്നതു നാരദന്‍ വീണ്ടും ശ്രദ്ധിച്ചു.
പിറ്റേദിവസം അതിരാവിലെ നാരദന്‍ വൈകുണ്ഠത്തിലേക്കു യാത്രയായി. അവിടെ എത്തിയ ഉടന്‍ നാരദന്‍ ഭഗവാനോടു ചോദിച്ചു: ''ദിവസം രണ്ടുനേരം മാത്രം ദൈവനാമം ഉരുവിടുന്നയാള്‍ എങ്ങനെയാണ് ഒരു വലിയ ഭക്തനായിത്തീരുക?'' ആ കര്‍ഷകനോടുള്ള പുച്ഛം നാരദന്‍ അല്പംപോലും മറച്ചുവച്ചില്ല. വിഷ്ണു പറഞ്ഞു: ''നാരദനൊരു കാര്യം ചെയ്യൂ. ഇവിടെയിരിക്കുന്ന ഈ എണ്ണപ്പാത്രവുമെടുത്തു വൈകുണ്ഠത്തിനൊരു പ്രദക്ഷിണം വച്ചുവരൂ. പക്ഷേ, ഒരു കാര്യം. എണ്ണ അല്പംപോലും തുളുമ്പിപ്പോകരുത്.''
ഇതാണോ വലിയ ആനക്കാര്യം എന്ന് ഉള്ളില്‍പ്പറഞ്ഞുകൊണ്ട് നാരദന്‍ എണ്ണയുമെടുത്തു യാത്രയായി. അധികം താമസിയാതെ വൈകുണ്ഠത്തെ പ്രദക്ഷിണംവച്ച് അദ്ദേഹം വിഷ്ണുവിന്റെ സന്നിധാനത്തില്‍ മടങ്ങിയെത്തി. അപ്പോള്‍ പാത്രത്തിലെ എണ്ണ അല്പം പോലും തുളുമ്പിപ്പോയിരുന്നില്ല. നാരദന്‍ മടങ്ങിയെത്തിയപ്പോള്‍ ഭഗവാന്‍ ചോദിച്ചു: ''നാരദാ, എണ്ണ തുളുമ്പിപ്പോയോ?''
''ഇല്ല. അല്പം പോലും തുളുമ്പിയില്ല.'' നാരദന്‍ അഭിമാനപൂര്‍വം പറഞ്ഞു.
''എന്നാല്‍ ഇതിനിടയില്‍ എത്ര പ്രാവശ്യം എന്നെ സ്മരിച്ചു?'' ഒരു പുഞ്ചിരിയോടെ ഭഗവാന്‍ ചോദിച്ചു.
പെട്ടെന്നുണ്ടായ ജാള്യം മറച്ചുവച്ച് നാരദന്‍ പറഞ്ഞു: ''എന്റെ ശ്രദ്ധ മുഴുവന്‍ എണ്ണ തുളുമ്പിപ്പോകാതിരിക്കുന്നതിലായിരുന്നു. അതുകൊണ്ട് ഭഗവാനെ സ്മരിക്കാന്‍ സാധിച്ചില്ല.''
അപ്പോള്‍ ഭഗവാന്‍ പറഞ്ഞു: ''ഒരു പാത്രം എണ്ണയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടിവന്നപ്പോള്‍ എന്നെ മറക്കുവാന്‍ അതിടയാക്കി. എന്നാല്‍, ശ്രീപുരത്തെ കര്‍ഷകനാകട്ടെ തന്റെ കഠിനാധ്വാനത്തിലും ജീവിതവ്യഗ്രതയ്ക്കുമിടയിലും ദിവസം രണ്ടുനേരമെങ്കിലും എന്നെ ആത്മാര്‍ഥമായി സ്മരിച്ചു. അപ്പോള്‍ ആ കര്‍ഷകന്‍ വലിയൊരു ഭക്തനല്ലേ?''
ഉത്തരം പറയാന്‍ നാരദനു നാവു പൊന്തിയില്ല. അഹങ്കാരം വെടിഞ്ഞു വിനയാന്വിതനായിട്ടാണ് നാരദന്‍ അന്ന് വിഷ്ണുസവിധത്തില്‍നിന്നു മടങ്ങിയതെന്ന് ഹൈന്ദവപുരാണത്തില്‍ പറയുന്നു.
സദാസമയവും ദൈവനാമം ഉരുവിടുന്ന മഹര്‍ഷിയായിരുന്നു നാരദന്‍. എന്നാല്‍, പലപ്പോഴും അത് അധരവ്യായാമം മാത്രമായിരുന്നു. മനസും ഹൃദയവും ഈശ്വരനില്‍ അര്‍പ്പിച്ചുകൊണ്ടു പ്രാര്‍ഥിക്കുന്നതിനു പകരം സ്വന്തം ഭക്തിയുടെ മാഹാത്മ്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം ദൈവനാമം ഉരുവിട്ടുകൊണ്ടിരുന്നത്. തന്മൂലമാണ്, നാരദനെ ഒരു പാഠം പഠിപ്പിക്കുവാന്‍വേണ്ടി ശ്രീപുരത്തെ കര്‍ഷകനെ സന്ദര്‍ശിക്കുവാന്‍ വിഷ്ണു ഉപദേശിച്ചത്.
ശ്രീപുരത്തെ ആ കര്‍ഷകന്‍ ദിവസവും രണ്ടുതവണ മാത്രമേ പ്രാര്‍ഥിച്ചിരുന്നുള്ളൂ. ജീവിതവ്യഗ്രതയ്ക്കിടയില്‍ അയാള്‍ ഭഗവാനെ അനുസ്മരിച്ച നിമിഷങ്ങള്‍ കുറവായിരുന്നു. എങ്കിലും അയാള്‍ പ്രാര്‍ഥിച്ചപ്പോഴൊക്കെ അയാളുടെ മനസും ഹൃദയവും പൂര്‍ണമായും ഈശ്വരനിലായിരുന്നു.
ഈശ്വരനാമം വിളിച്ചു പ്രാര്‍ഥിക്കുന്ന മനുഷ്യരാണു നമ്മില്‍ ഭൂരിപക്ഷവും. ഒരു പക്ഷേ, നമ്മില്‍ പലരും ഒട്ടേറെ സമയം പ്രാര്‍ഥിക്കുന്നവരായിരിക്കും. എന്നാല്‍, നമ്മുടെ ഭക്തിയും പ്രാര്‍ഥനയുമൊക്കെ ഏതു വിധമുളളതാണെന്ന് ഇടയ്ക്കിടെ ആത്മപരിശോധന ചെയ്യുന്നതു നന്നായിരിക്കും. നാം കൂടുതല്‍ സമയം പ്രാര്‍ഥിക്കുന്നവരാണോ? എങ്കില്‍ അതു നല്ലതുതന്നെ.
എന്നാല്‍ ആ പ്രാര്‍ഥനയ്ക്കിടയില്‍ നമ്മുടെ ഹൃദയവും മനസും ദൈവത്തിലാണോ അതോ നമ്മില്‍ത്തന്നെയാണോ ശ്രദ്ധയൂന്നുന്നത് എന്നു നാം അന്വേഷിക്കണം. ദൈവനാമം ഉരുവിട്ടുകൊണ്ടിരുന്ന നാരദന്റെ മനസില്‍ നിറഞ്ഞുനിന്നിരുന്നതു ദൈവമായിരുന്നില്ല. പ്രത്യുത, താന്‍ തന്നെയായിരുന്നു. തന്റെ ഭക്തിയുടെ മഹിമയായിരുന്നു. നമ്മുടെ പ്രാര്‍ഥനയുടെയും ഭക്തിയുടെയുമൊക്കെ ശ്രദ്ധാകേന്ദ്രം എപ്പോഴും ദൈവംതന്നെയായിരിക്കണം. അല്ലാതെ നാമും നമ്മുടെ 'മഹിമ'യുമായിരിക്കരുത്.
നമ്മുടെ അനുദിന ജോലിത്തിരക്കിനിടയില്‍ കൂടുതല്‍ സമയം നമുക്കു പ്രാര്‍ഥിക്കാന്‍ സാധിക്കുക എന്നതു വലിയൊരു കാര്യമാണ്. എന്നാല്‍ നാം വളരെ സമയം പ്രാര്‍ഥിക്കുന്നു എന്നു പറഞ്ഞ് വിവിധ അനുഗ്രഹങ്ങള്‍ക്കായി ദൈവത്തോടു വിലപേശാന്‍ മുതിരേണ്ട.
അനുദിന ജീവിതത്തിലെ നമ്മുടെ ആവശ്യങ്ങള്‍ തീര്‍ച്ചയായും ദൈവത്തോടു പറയുവാന്‍ നമുക്ക് അവകാശം മാത്രമല്ല, കടമയുമുണ്ട്. എന്നാല്‍, നമ്മുടെ പ്രാര്‍ഥനയുടെയും ഭക്തിയുടെയുമൊക്കെ ലക്ഷ്യം നമ്മുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമുള്ളതാണെങ്കില്‍ നമ്മുടെ സ്ഥിതി ദയനീയമെന്നേ പറയേണ്ടൂ. പ്രാര്‍ഥനയില്‍ നാം ഏറ്റവുമധികം ശ്രദ്ധ നല്‍കുന്ന ഭാഗം ഏതാണെന്നറിയാമോ? ഇംഗ്ലീഷ് സാഹിത്യകാരനായ ജോനാഥന്‍ സ്വിഫ്റ്റിന്റെ അഭിപ്രായത്തില്‍-ദൈവത്തോടു നാം നമ്മുടെ പരാതികള്‍ പറയുന്ന ഭാഗമാണത്.
ആലോചിച്ചു നോക്കിയാല്‍ ഇക്കാര്യം വളരെ ശരിയല്ലേ? നാം നമ്മുടെ ആവശ്യങ്ങളും പരാതികളും പറയുന്ന കാര്യത്തില്‍ കാണിക്കുന്നത്ര ആത്മാര്‍ഥത അവിടുത്തെ ആരാധിച്ചു സ്തുതിക്കുന്നതില്‍ കാണിക്കുമോ? അധരംകൊണ്ടു നാം അവിടത്തെ പാടി സ്തുതിക്കുമ്പോഴും നമ്മുടെ ചിന്ത പലപ്പോഴും പോകുന്നതു നമ്മുടെ അനുദിന ജീവിതപ്രശ്‌നങ്ങളിലേക്കും ആവശ്യങ്ങളിലേക്കുമല്ലേ?
പ്രാര്‍ഥനയ്ക്കിടയില്‍ നമ്മുടെ ചിന്തയും മനസും ലോകകാര്യങ്ങളിലേക്കു പോവുക സ്വാഭാവികം മാത്രം. എന്നാല്‍ ആ ലോകകാര്യങ്ങള്‍ ദൈവത്തെ പൂര്‍ണമായും മറക്കാന്‍ നാം ഇടയാക്കരുത്. ശ്രീപുരത്തെ കര്‍ഷകനെപ്പോലെ, ചുരുക്കം നിമിഷങ്ങള്‍ മാത്രമാണെങ്കില്‍പ്പോലും നമ്മുടെ ജീവിതവ്യഗ്രതകളൊക്കെ മറന്ന് ദൈവത്തെ ശരിക്കും സ്മരിക്കുവാന്‍ നാം തയാറാകണം. എങ്കില്‍ മാത്രമേ, അവിടത്തെ മനസില്‍ നമുക്കുവേണ്ടി തയാറായിരിക്കുന്ന പ്ലാനും പദ്ധതിയും മനസിലാക്കാനും അവിടത്തെ തിരുവിഷ്ടം നമ്മുടെ ജീവിതത്തില്‍ നിറവേറാനും നമുക്ക് അനുഗ്രഹം ലഭിക്കൂ. നമ്മുടെ പ്രാര്‍ഥനയുടെയും ഭക്തിയുടെയുമൊക്കെ ശ്രദ്ധാകേന്ദ്രം ദൈവംതന്നെയായിരിക്കട്ടെ. അപ്പോള്‍ നാം അറിയാതെതന്നെ അവിടത്തെ ചൈതന്യംകൊണ്ടു നിറയും. അങ്ങനെ നമ്മുടെ ജീവിതം അനുഗ്രഹപൂര്‍ണമാവുകയും ചെയ്യും.
Post A Comment:
0 comments: