ബെര്‍ട്ടോള്‍ഡോ ജിയോവാനി (1420-91). അക്കാലത്തെ ഏറ്റവും പ്രഗത്ഭനായ കൊത്തുപണിക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹം കൊത്തുപണി അഭ്യസിച്ചത് അതിപ്രഗത്ഭനായ ഡൊണറ്റേലോയില്‍നിന്നായിരുന്നു. പക്ഷേ, ബെര്‍ട്ടോള്‍ഡോയുടെ ഓര്‍മ നിലനിര്‍ത്താനുതകുന്ന പ്രസിദ്ധമായ ചിത്രങ്ങളോ പ്രതിമകളോ ഇന്നു കാണാനില്ല.
എന്നാല്‍, അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു കലാകാരനുണ്ട് - മൈക്കളാഞ്ചലോ. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ കലാകാരന്മാരില്‍ ഒരാളായി ഇന്നു മൈക്കളാഞ്ചലോ അറിയപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഒരു പ്രധാന കാരണം ബെര്‍ട്ടോള്‍ഡോ ആണത്രെ. മൈക്കളാഞ്ചലോ അസാധാരണ കഴിവുകളുള്ള ഒരു ജീനിയസായിരുന്നു. എന്നാല്‍, അദ്ദേഹത്തെ ലോകം അറിയുന്ന ഒരു അനശ്വര കലാകാരനാക്കുന്നതില്‍ ബെര്‍ട്ടോള്‍ഡോ വഹിച്ച പങ്ക് വളരെ വലുതാണ്.
മൈക്കളാഞ്ചലോ സ്‌കൂളില്‍ പോയത് ഫ്‌ളോറന്‍സിലായിരുന്നു. പക്ഷേ, താഴ്ന്ന ക്ലാസുകളില്‍വച്ചുപോലും പഠനത്തിലായിരുന്നില്ല ആ ബാലന്റെ ശ്രദ്ധ. അവന്റെ ചിന്ത എപ്പോഴും പോയതു ചിത്രരചനയിലേക്കും കൊത്തുപണിയിലേക്കുമായിരുന്നു. പഠിക്കുന്നതിലേറെ സമയം ആ ബാലന്‍ ചിത്രരചനയില്‍ ചിലവഴിച്ചു.
മൈക്കളാഞ്ചലോയ്ക്കു പതിമൂന്നു വയസുള്ളപ്പോള്‍ ചിത്രരചന പഠിക്കുവാന്‍ അവന്റെ പിതാവ് മനസില്ലാമനസോടെ അവനെ അനുവദിച്ചു. അക്കാലത്തു പ്രസിദ്ധരായ ഗിര്‍ലാന്‍ഡജോ സഹോദരന്മാരായിരുന്നു ആ ബാലന്റെ ആദ്യ ഗുരുഭൂതര്‍. പക്ഷേ, അവര്‍ മൈക്കളാഞ്ചലോയെ കാര്യമായി ഒന്നും പഠിപ്പിച്ചില്ല. ചിത്രരചനയില്‍ അവര്‍ക്കറിയാമായിരുന്ന ടെക്‌നിക്കുകള്‍ ആ ബാലനു പറഞ്ഞുകൊടുക്കുന്നതില്‍ അവര്‍ വിമുഖത പ്രകടിപ്പിച്ചു.
അങ്ങനെയാണ് മൈക്കളാഞ്ചലോ ബെര്‍ട്ടോള്‍ഡോയുടെ സമീപമെത്തിയത്. ബെര്‍ട്ടോള്‍ഡോ മൈക്കളാഞ്ചലോയെ സന്തോഷപൂര്‍വം തന്റെ ശിഷ്യനാക്കി. മൈക്കളാഞ്ചലോയുടെ കഴിവുകള്‍ ആദ്യംതന്നെ ബെര്‍ട്ടോള്‍ഡോ കണ്ടറിഞ്ഞു. പക്ഷെ, മൈക്കളാഞ്ചലോയ്ക്കു തന്റെ ജോലിയില്‍ എന്തു മാത്രം താല്പര്യവും ആത്മാര്‍ഥതയും ഉണ്ടന്നു ബെര്‍ട്ടോള്‍ഡോയ്ക്കു സംശയമുണ്ടായിരുന്നു. കാരണം, പലപ്പോഴും വേണ്ടത്ര അര്‍പ്പണ മനോഭാവം ഇല്ലാതെയാണ് മൈക്കളാഞ്ചലോ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നത്.
ഒരു ദിവസം മൈക്കളാഞ്ചലോ ഒരു പ്രതിമയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പക്ഷേ, ബെര്‍ട്ടോള്‍ഡോയ്ക്ക് ആ ചെറുപ്പക്കാരന്റെ സമീപനരീതി ഇഷ്ടപ്പെട്ടില്ല. കാര്യഗൗരവവും ശ്രദ്ധയുമില്ലാതെ മൈക്കളാഞ്ചലോ പണിചെയ്യുന്നതു കണ്ടപ്പോള്‍ ബെര്‍ട്ടോള്‍ഡോ കോപംകൊണ്ടു ജ്വലിച്ചു. അദ്ദേഹം ഒരു ചുറ്റികയെടുത്തു മൈക്കളാഞ്ചലോ കൊത്തുപണി ചെയ്തിരുന്ന മാര്‍ബിള്‍ അടിച്ചുടച്ചുകൊണ്ടു പറഞ്ഞു: ''മൈക്കളാഞ്ചലോ, കഴിവ് വെറുതെ ലഭിക്കുന്നതാണ്. എന്നാല്‍ കഴിവ് ഉപയോഗിക്കാനുള്ള സന്നദ്ധത വിലപിടിപ്പുള്ള കാര്യവും.''
ബെര്‍ട്ടോള്‍ഡോ പറഞ്ഞത് എത്ര ശരിയാണ്. നമ്മുടെ കഴിവുകള്‍ ദൈവം നമുക്കു നല്‍കുന്ന ദാനങ്ങളാണ്. അതുകൊണ്ട് അവയെക്കുറിച്ച് ആത്മപ്രശംസ ചെയ്യാന്‍ നമുക്ക് യാതൊരു അവകാശവുമില്ല. എന്നാല്‍, നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകള്‍ ആത്മാര്‍ഥതയോടെ വിനിയോഗിക്കുക എന്നത് നമ്മുടെ പിടിയിലൊതുങ്ങുന്ന കാര്യമാണ്. അങ്ങനെ നാം ചെയ്താല്‍ അതേക്കുറിച്ച് ആത്മപ്രശംസ ചെയ്യാന്‍ നമുക്കു ന്യായമായ അവകാശമുണ്ടായിരിക്കും.
പക്ഷേ, നമ്മില്‍ എത്രയോ ചുരുക്കംപേര്‍ മാത്രമാണ് ദൈവം നമുക്ക് തന്നിരിക്കുന്ന കഴിവുകള്‍ വിനിയോഗിക്കുന്നത്! നമ്മുടെ കഴിവുകളെക്കുറിച്ച് നാം അഭിമാനം കൊള്ളുമ്പോഴും അവ വിനിയോഗിക്കുന്നതില്‍ എത്രയോ വിമുഖരാണ് നമ്മള്‍! ബുദ്ധിമുട്ടുവാനും കഷ്ടപ്പെടുവാനും നമുക്ക് പലപ്പോഴും മനസില്ല എന്നതല്ലേ അതിനു കാരണം?
നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകള്‍ നൂറുശതമാനം ആത്മാര്‍ഥതയോടെയും അര്‍പ്പണ ബോധത്തോടെയും നാം വിനിയോഗിക്കുകയാണെങ്കില്‍ അത്ഭുതകരമായിരിക്കും അതിന്റെ ഫലം. മൈക്കളാഞ്ചലോയുടെ കഥയിലേക്കുതന്നെ മടങ്ങിവരാം.
ബെര്‍ട്ടോള്‍ഡോയുടെ കീഴിയുള്ള ശിക്ഷണം മൈക്കളാഞ്ചലോയ്ക്ക് വലിയ ഗുണം ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും പ്രോത്സാഹനവും വഴി മൈക്കളാഞ്ചലോ തന്റെ ജോലിയില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തി. അങ്ങിനെയാണ് അദ്ദേഹം അര്‍പ്പണബോധമുള്ള ഒരു ആര്‍ട്ടിസ്റ്റായി മാറിയത്. ചിത്രരചനയിലും കൊത്തുപണികളിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്. മൈക്കളാഞ്ചലോയ്ക്ക് 21 വയസായിരിക്കുമ്പോള്‍ അദ്ദേഹം റോമിലെത്തി. 'പിയാത്ത' എന്ന അത്ഭുത പ്രതിമയ്ക്ക് രൂപം നല്‍കി. കന്യകാമാതാവ് യേശുവിന്റെ മൃതശരീരം മടിയില്‍ കിടത്തി അന്ത്യയാത്ര പറയുന്ന രംഗമാണ് അതിമനോഹരമായ ഈ പ്രതിമയില്‍ കൊത്തിയെടുത്തിരിക്കുന്നത്. അദ്ദേഹം പിന്നീട് വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ഡേവിഡും മോശയുമൊക്കെ ശില്പകലയിലെ അത്ഭുത ഇതിഹാസങ്ങള്‍തന്നെ.
റോമിലെ സിസ്റ്റെയിന്‍ ചാപ്പലിന്റെ മേല്‍ത്തട്ടില്‍ അദ്ദേഹം ചെയ്തിരിക്കുന്ന പെയിന്റിംഗുകള്‍ അതിശയകരംതന്നെ. 1508 മുതല്‍ 1512 വരെയുള്ള കാലഘട്ടത്തില്‍ പതിനായിരം ചതുരശ്ര അടി സ്ഥലത്താണ് സ്‌കാഫോര്‍ഡിംഗില്‍ മലര്‍ന്നുകിടന്ന് ചാപ്പലിന്റെ മേല്‍ത്തട്ടില്‍ അദ്ദേഹം വര്‍ണചിത്രങ്ങള്‍ വിരിയിച്ചിരിക്കുന്നത്. നിലത്തുനിന്ന് 60 അടി ഉയരത്തിലുള്ള സീലിങില്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ മികവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ലോകസൃഷ്ടിയുടെ കഥയും ബൈബിളിലെ പ്രമുഖരായ കഥാപാത്രങ്ങളും ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരിക്കല്‍, സിസ്റ്റെയിന്‍ ചാപ്പലിലെ ചിത്രപ്പണികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മൈക്കളാഞ്ചലോട് പറഞ്ഞു: ''നിലത്തുനിന്ന് എത്രയോ ഉയരത്തിലാണ് താങ്കള്‍ പെയിന്റ് ചെയ്യുന്നത്. അപ്പോള്‍ ചിത്രങ്ങളുടെ പൂര്‍ണതയ്ക്ക് കുറവ് വന്നാലും ആരും കാണുകില്ലല്ലോ. പിന്നെന്തിനാണ് ഇത്ര കഷടപ്പെട്ട് ജോലി ചെയ്യുന്നത്.''
ഉടനെ പുഞ്ചിരിയോടെ മൈക്കളാഞ്ചലോ പറഞ്ഞു: ''പക്ഷേ, ഞാന്‍ കാണും!''
മറ്റുള്ളവര്‍ കാണുവാന്‍വേണ്ടി മാത്രമായിരുന്നില്ല മൈക്കളാഞ്ചലോ ചിത്രരചനയും ശില്പവേലയും ചെയ്തത്. അവ അദ്ദേഹത്തിന്റെ ആത്മാവിഷ്‌കാരത്തിന്റെ ഭാഗമായിരുന്നു. അവയില്‍ ഒരു കുറവും വരുത്തുവാന്‍ അദ്ദേഹം സമ്മതിച്ചില്ല.
പലപ്പോഴും ഊണും ഉറക്കവും വിശ്രമവുമില്ലാതെയാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. അങ്ങനെ ആത്മാര്‍ഥമായി കഠിനാധ്വാനം ചെയ്തതുകൊണ്ടുകൂടിയാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്നും നമ്മെ അത്ഭുതസ്തബ്ധരാക്കുന്നത്.
മൈക്കളാഞ്ചലോയെപ്പോലെ ജീനിയസുകളല്ല നമ്മളെന്നു സമ്മതിക്കാം. എന്നാല്‍, അദ്ദേഹത്തിനുണ്ടായിരുന്ന അര്‍പ്പണ മനോഭാവത്തോടെ നാമും നമ്മുടെ കഴിവുകള്‍ വിനിയോഗിച്ചാല്‍ അതിന്റെ ഫലം അതിശയകരമായിരിക്കും എന്നതില്‍ സംശയംവേണ്ട.
ദൈവം നമുക്ക് വിവിധ കഴിവുകള്‍ തന്നിട്ടുണ്ട്. എന്നാല്‍, അവ വികസിപ്പിക്കുവാനും വിനിയോഗിക്കാനും അവിടുന്ന് എത്രമാത്രം സമയം നമുക്ക് അനുവദിച്ചിട്ടുണ്ട് എന്നു നമുക്ക് അറിയില്ല.
അതുകൊണ്ട് അലസത വെടിഞ്ഞ് അര്‍പ്പണ മനോഭാവത്തോടെ നമ്മുടെ കഴിവുകള്‍ ഉപയോഗിച്ച് ജോലി ചെയ്യാം. അതുവഴിയായി നമുക്ക് നമ്മുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും ധന്യമാക്കാം.
Post A Comment:
0 comments: