തെറ്റും തിരുത്തും

Share it:

അഞ്ചുപേരുടെ ഒരു സെറ്റ്. 'പോക്കിരി സെറ്റ്' എന്നാണ് അവര്‍ സ്‌കൂളില്‍ അറിയപ്പെട്ടിരുന്നത്. അപ്പുണ്ണിയായിരുന്നു അവരുടെ അനിഷേധ്യ നേതാവ്. അയാള്‍ക്ക് വയസ് ഇരുപത്. 'ആനപ്പാച്ചന്‍' എന്ന പരമേശ്വരനായിരുന്നു അവരില്‍ രണ്ടാമന്‍. വാസുവും ഭാസ്‌കരനും അവറാനുമായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍.

അവര്‍ പഠിച്ചിരുന്നത് എട്ടാം ക്ലാസിലാണ്. പക്ഷേ, അഞ്ചുപേരും നല്ല തടിമിടുക്കുള്ളവരായിരുന്നു. അവര്‍ ആരോടും ശണ്ഠകൂടും. മുന്‍ബഞ്ചിലിരിക്കുന്ന കുട്ടികളുടെ തലയില്‍ ഞൊട്ടും. പെണ്‍പിള്ളേര്‍ക്കു പ്രേമലേഖനങ്ങള്‍ എഴുതും. ആരെങ്കിലും പരാതിപ്പെട്ടാല്‍ അവര്‍ക്ക് അതിന്റെ പേരിലും തലയില്‍ നല്ല ഞൊട്ടു കിട്ടും. അധ്യാപകര്‍ക്കും പൊതുവേ അവരെ ഭയമായിരുന്നു. ഹെഡ്മാസ്റ്റര്‍ ഒഴികെ മറ്റാരും അവരെ ശിക്ഷിക്കാന്‍ മുതിരില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് 'നരിച്ചീര്‍' എന്നുവിളിച്ചിരുന്ന സ്വാമിമാസ്റ്റര്‍ക്ക് സ്ഥലംമാറ്റമുണ്ടായത്. കണക്കു പഠിപ്പിച്ചിരുന്ന അദ്ദേഹത്തിനു പകരമെത്തിയത് കൃഷ്ണന്‍ മാസ്റ്ററായിരുന്നു.

കൃഷ്ണന്‍മാസ്റ്റര്‍ ആളു ചില്ലറക്കാരനായിരുന്നില്ല. അദ്ദേഹം ക്ലാസിലെത്തിയ ആദ്യദിവസം തന്നെ അപ്പുണ്ണിയെയും ആനപ്പാച്ചനെയുമൊക്കെ ശരിക്കും കൈകാര്യം ചെയ്തു. അവരുടെ അടവുകള്‍ അദ്ദേഹത്തിന്റെയടുത്തു ഫലിച്ചില്ല. എന്നുമാത്രമല്ല, അവര്‍ രണ്ടുപേരെയും തന്റെ വാഗ്‌ധോരണിയിലൂടെ ഉത്തരം മുട്ടിക്കുകയും ചെയ്തു. അന്ന് ആദ്യമായി അപ്പുണ്ണിയും സംഘവും മറ്റു കുട്ടികളുടെ മുന്‍പില്‍ ഇളിഭ്യരായി.

പക്ഷേ, തോറ്റു പിന്‍വാങ്ങുവാന്‍ അവര്‍ക്കു മനസില്ലായിരുന്നു. കൃഷ്ണന്‍മാസ്റ്ററെ കുടുക്കുവാന്‍ അവര്‍ അവസരം പാര്‍ത്തിരുന്നു. ഒരുദിവസം അവറാന്‍ ഒരു കണ്ടുപിടിത്തം നടത്തി. മുപ്പതുകാരന്‍ കൃഷ്ണന്‍മാസ്റ്ററും സ്‌കൂളിലെ ഏക ലേഡി ടീച്ചറായ അമ്മിണി മിസ്ട്രസും തമ്മില്‍ സ്‌നേഹമാണത്രേ. അവര്‍ പലപ്പോഴും രഹസ്യമായി സംസാരിക്കുന്നതു കണ്ടവരുണ്ടത്രേ.

'പോക്കിരിസെറ്റ്' പിന്നെ അടങ്ങിയിരുന്നില്ല. അവര്‍ ഒരുദിവസം അമ്മിണിടീച്ചറെയും കൃഷ്ണന്‍മാസ്റ്ററെയും കൂകിവിളിച്ചു. പിറ്റേദിവസം അതിനു ഹെഡ്മാസ്റ്ററുടെ ശിക്ഷയും കിട്ടി. ഓരോ കൈയിലും ആറാറുവച്ച് പന്ത്രണ്ടടി വീതമാണ് അന്ന് അഞ്ചുപേര്‍ക്കും ലഭിച്ചത്. ശിക്ഷ കിട്ടിയപ്പോള്‍ അഞ്ചംഗസംഘത്തിന്റെ വൈരം വര്‍ധിച്ചു. എങ്ങനെയെങ്കിലും കൃഷ്ണന്‍മാസ്റ്ററെ പാഠം പഠിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് കടത്തു കടക്കാന്‍ കൃഷ്ണന്‍മാസ്റ്ററുടെ കൂടെ അവര്‍ കൊതുമ്പുതോണിയില്‍ കയറിയത്. വലിയ വഞ്ചിയിലായിരുന്നു സാധാരണ അവര്‍ കടത്തു കടന്നിരുന്നത്. കൃഷ്ണന്‍മാസ്റ്റര്‍ ആ കൊതുമ്പുവള്ളത്തിലും.

അഞ്ചംഗ സംഘത്തിലെ ഒരാള്‍ ഒഴികെ നാലുപേരും മാസ്റ്ററോടൊപ്പം തോണിയില്‍ കയറി. പക്ഷേ, അവരുടെ ഉള്ളിലിരുപ്പ് അദ്ദേഹത്തിനു മനസിലായില്ല. അദ്ദേഹത്തിന്റെ കൈയില്‍ കുറെ പുസ്തകങ്ങളും നല്ല വിലയുള്ള ഒരു പുതിയ തെര്‍മോഫ്‌ളാസ്‌കും ഒരു പുത്തന്‍കുടയും ഉണ്ടായിരുന്നു. തോണി പുഴയുടെ നടുവിലെത്തിയപ്പോള്‍, നേരത്തെ പ്ലാന്‍ ചെയ്തതനുസരിച്ച് ആനപ്പാച്ചന്‍ ഒന്നു പുളഞ്ഞു. അപ്പോള്‍ കൊതുമ്പു തോണി ഉലയാന്‍ തുടങ്ങി. ഉടനേ അപ്പുണ്ണി ആനപ്പാച്ചനോടു കയര്‍ത്തു. ''എന്തിനെടാ തോണി ഇളക്കുന്നത്?'' അപ്പോള്‍ ആനപ്പാച്ചനും വിട്ടില്ല. അയാള്‍ പറഞ്ഞു: ''എന്താടാ ഇളക്ക്യാല്? തോണി നിന്റെ തറവാട്ടു സ്വത്താണോ?''

ഇതു കേള്‍ക്കേണ്ട താമസം, അപ്പുണ്ണി ആനപ്പാച്ചന്റെമേല്‍ ചാടിവീണു. ആനപ്പാച്ചന്‍ അപ്പുണ്ണിയെ വെള്ളത്തിലേക്കു തള്ളിയിട്ടു. വെള്ളത്തില്‍ വീണ അപ്പുണ്ണി തോണിയുടെ വക്കില്‍പ്പിടിച്ച് അതുമറിച്ചു. എല്ലാവരും വെള്ളത്തില്‍ വീണു. വെള്ളത്തില്‍വീണ എല്ലാവരും ഒരുവിധം നീന്തി കരപറ്റി. കൃഷ്ണന്‍മാസ്റ്ററാണ് ഏറ്റവും അവസാനം നീന്തിയെത്തിയത്. പക്ഷേ, അദ്ദേഹത്തിന്റെ പുസ്തകങ്ങളും വിലപിടിപ്പുള്ള ഫ്‌ളാസ്‌കും കുടയും പുഴയില്‍ ഒഴുകിപ്പോയിരുന്നു.

കൃഷ്ണന്‍മാസ്റ്ററോടു കണക്കു തീര്‍ത്ത സന്തോഷത്തില്‍ അവര്‍ അന്നു വീട്ടില്‍ പോയി. പക്ഷേ, പിറ്റേദിവസം മാസ്റ്റര്‍ ക്ലാസില്‍ വന്നില്ല. അതിനടുത്ത ദിവസങ്ങളിലും മാസ്റ്ററെ കണ്ടില്ല. അദ്ദേഹം ഒരാഴ്ച ലീവിലായിരുന്നു. പിന്നെ രണ്ടാഴ്ച അവധിക്കാലം വന്നു. അവധിക്കാലത്ത് അഞ്ചംഗസംഘത്തിനു മനംമാറ്റമുണ്ടായി. കൃഷ്ണന്‍മാസ്റ്ററോടു ചെയ്ത പ്രവൃത്തി ശരിയായില്ല എന്ന ബോധം അവരുടെ ഉള്ളിലുദിച്ചു. എന്നാല്‍, എന്തുചെയ്യണമെന്നറിയാതെ അവര്‍ കുഴഞ്ഞു.

അവധി കഴിഞ്ഞുവന്ന ദിവസം കൃഷ്ണന്‍മാസ്റ്റര്‍ ക്ലാസിലെത്തി. പക്ഷേ, ഒന്നും പഠിപ്പിച്ചില്ല. കുറെ കഴിഞ്ഞപ്പോള്‍ തനിക്കു സ്ഥലംമാറ്റമാണെന്നു പറഞ്ഞ് മാസ്റ്റര്‍ ക്ലാസില്‍നിന്നു പോയി. അപ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറിയിരുന്നു.

''നമ്മളു ചെയ്തതു കഷ്ടായി.'' അന്നു വൈകുന്നേരം അവര്‍ ഒത്തുകൂടിയപ്പോള്‍ അപ്പുണ്ണി വിതുമ്പി. ''നമുക്കു മാഷെ കണ്ടു മാപ്പു പറയണം.'' ആനപ്പാച്ചന്‍ അപ്പുണ്ണിയുടെ അഭിപ്രായം ശരിവച്ചു. തങ്ങളുടെ തെറ്റിന് എങ്ങനെ പരിഹാരം ചെയ്യാനാവും എന്നതിലായിരുന്നു പിന്നെ അവരുടെ ചിന്ത പോയത്.

'തെറ്റും തിരുത്തും' എന്ന പേരില്‍ എം.ടി. വാസുദേവന്‍നായര്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ കഥ തത്കാലം ഇവിടെ നില്ക്കട്ടെ. നമുക്ക് ഈ അഞ്ചംഗസംഘത്തെ ഒന്നു വിലയിരുത്താം. ഈ അഞ്ചംഗസംഘത്തിലുള്ളവര്‍ വലിയ തെമ്മാടികളാണെന്ന് നമുക്കു തോന്നാം. എന്നാല്‍, വാസ്തവം അങ്ങനെയാണോ? വെറും തമാശയ്ക്കുവേണ്ടിയായിരുന്നു അവര്‍ ആദ്യമാദ്യം ഓരോരോ കുസൃതിത്തരങ്ങള്‍ കാണിച്ചത്.

എന്നാല്‍, സ്‌നേഹത്തോടെ അവരെ ഉപദേശിക്കാനും നന്നാകണമെന്ന ലക്ഷ്യത്തോടെ അവരെ ശിക്ഷിക്കാനും ആരുമുണ്ടായില്ല. അവരുടെ ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരുമെല്ലാം അവരെ ശത്രുക്കളായിട്ടാണു കണ്ടത്. അങ്ങനെയാണ് അവരുടെ തമാശകള്‍ അതിരുവിട്ടുപോയത്.

നമ്മുടെ സമൂഹത്തില്‍ ഇന്നു സാമൂഹ്യവിരുദ്ധര്‍ എന്നു നാം പതിവായി ചിത്രീകരിക്കുന്ന കള്ളന്മാരും കവര്‍ച്ചക്കാരും വഞ്ചകരും ചതിയന്മാരുമൊക്കെ ധാരാളമുണ്ട്. എന്നാല്‍, അവര്‍ ഒരു സുപ്രഭാതത്തില്‍ നമ്മുടെ സമൂഹത്തിലേക്കു കടന്നുവന്നതാണോ? അവരും നമ്മുടെയിടയില്‍ ജനിച്ചുവളര്‍ന്നു നമ്മുടെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നേടിയവരല്ലേ? അവര്‍ ഇന്നു തെറ്റുകുറ്റങ്ങളില്‍ വീഴുന്നുണ്ടെങ്കില്‍ അതിന്റെ ഒരു കാരണം നാം അവര്‍ക്കു നല്‍കിയ ശിക്ഷണത്തിന്റെ പോരായ്മയല്ലേ? അതുപോലെ, ജീവിതത്തിലെ വിവിധരംഗങ്ങളില്‍ നാം നല്‍കുന്ന ദുര്‍മാതൃകകളും അവരുടെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടില്ലേ?

അപ്പുണ്ണിയും കൂട്ടരും പഠിക്കാന്‍ മോശമായിരുന്നു. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ആരും അത്ര ശ്രദ്ധിച്ചില്ല. അങ്ങനെയാണ് അവര്‍ വഷളന്മാരായി മാറിയത്. എങ്കില്‍പ്പോലും അവരില്‍ നന്മ ധാരാളമുണ്ടായിരുന്നു. അതുകൊണ്ടല്ലേ കൃഷ്ണന്‍മാസ്റ്ററോട് പകരം വീട്ടിയതിനുശേഷം അവര്‍ക്ക് പശ്ചാത്താപം തോന്നിയത്. അവര്‍ തങ്ങളുടെ തെറ്റിനെക്കുറിച്ച് പശ്ചാത്തപിക്കുക മാത്രമല്ല ചെയ്തത്; അതിനു പരിഹാരം ചെയ്യാനും അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് കൃഷ്ണന്‍മാസ്റ്റര്‍ക്കുവേണ്ടി പുതിയൊരു തെര്‍മോഫ്‌ളാസ്‌ക് അവര്‍ വാങ്ങിയത്.

ഫ്‌ളാസ്‌ക് വാങ്ങാന്‍ അവരുടെ കൈയില്‍ പണമില്ലായിരുന്നു. എങ്കിലും അവര്‍ ഒരുവിധത്തില്‍ പണമുണ്ടാക്കി ഫ്‌ളാസ്‌ക് വാങ്ങി. അതുമായി അവരെല്ലാവരുംകൂടി മാസ്റ്ററെകണ്ടു മാപ്പുപറയാന്‍ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു ചെന്നു. പക്ഷേ, അപ്പോഴേയ്ക്കും മാസ്റ്റര്‍ സ്ഥലം വിട്ടിരുന്നു. അന്ന് ഏറെ ദുഃഖിതരായിട്ടാണ് ആ 'തെമ്മാടിപ്പിള്ളേര്‍' തങ്ങളുടെ ഭവനങ്ങളിലേക്ക് തിരികെപ്പോയത്.

മാസ്റ്ററെ നേരില്‍കണ്ട് മാപ്പുപറയാന്‍ അന്നവര്‍ക്ക് സാധിച്ചില്ലെങ്കിലും അവരുടെ ഹൃദയങ്ങള്‍ ശരിക്കും മനസ്താപപൂരിതമായിരുന്നു. അവരിലെ മനുഷ്യത്വം വിജയംവരിച്ച നിമിഷമായിരുന്നു അത്. നമ്മുടെ ചുറ്റിലുമുള്ള ആരെങ്കിലും തെറ്റുകുറ്റങ്ങളില്‍ വീണാല്‍ അവരെ ശപിച്ചുതള്ളാന്‍ നാം തുനിയരുത്. അതിനുപകരം അവരിലെ നന്മ കണ്ടുകൊണ്ട് അവരെ നല്ലവഴിയിലേക്ക് തിരിച്ചുകൊണ്ടുപോകാനായിരിക്കണം ശ്രമിക്കേണ്ടത്.  

പലപ്പോഴും സ്‌നേഹപൂര്‍വമായ പെരുമാറ്റവും പ്രോത്സാഹജനകമായ ഉപദേശവും മാത്രംമതി അവര്‍ നല്ലവരായിത്തീരാന്‍. എല്ലാ മനുഷ്യരിലും നന്മയുണ്ട് എന്നതു നമുക്ക് മറക്കാതിരിക്കാം. അതോടൊപ്പം, ആ നന്മ അവരില്‍ പുഷ്പിക്കാന്‍ ഇടവരുത്തുന്ന രീതിയിലായിരിക്കട്ടെ അവരോടുള്ള നമ്മുടെ പെരുമാറ്റവും.
Share it:

Motivation Story

Post A Comment:

0 comments: