കുഞ്ഞുപാത്തുമ്മ ഉമ്മറത്തു നില്ക്കുകയായിരുന്നു. അപ്പോഴാണ് ഒരു കുരുവിയുടെ കരച്ചില്‍ കേട്ടത്. അവള്‍ പെട്ടെന്ന് കുരുവിയുടെ കരച്ചില്‍ കേട്ട ഭാഗത്തേക്കു ചെന്നു. രണ്ടു കുരുവികള്‍ തമ്മില്‍ കൊത്തുകൂടുകയാണ്. അതിലൊന്ന് ഇടയ്ക്കിടെ നിലവിളിക്കുന്നുമുണ്ട്.
കുഞ്ഞുപാത്തുമ്മ ശബ്ദമുണ്ടാക്കി അവയെ ഓടിച്ചുവിട്ടു. പക്ഷേ, അകലേക്കു പറന്നുമാറിയ ആ കുരുവികള്‍ വീണ്ടും കൊത്തുകൂടി. ''ന്തിനാ വയക്കിടണത്? ചുമ്മായിരി.'' അവള്‍ കുരുവികളെ ഗുണദോഷിച്ചു. പക്ഷേ, കുരുവികളുണ്ടോ കൂട്ടാക്കുന്നു. അവ രണ്ടും നല്ല മൂച്ചിലാണ്. പരസ്പരം കൊത്തോടുകൊത്ത്. കുരുവികളുടെ ശണ്ഠ കണ്ട് മനസ്‌നൊന്ത് കുഞ്ഞുപാത്തുമ്മ പറഞ്ഞു: ''പറഞ്ഞാ കേക്കുകേലേ? ചുമ്മായിരി! ന്തിനാ അയിനെ കൊത്തണത്?''
കുരുവികള്‍ അവളെ ഗൗനിച്ചതേയില്ല. അവ പരസ്പരം കൊത്തു തുടര്‍ന്നു. അല്പം കഴിഞ്ഞപ്പോള്‍ അവയിലൊരു കുരുവി പരിക്കേറ്റു നിലംപതിച്ചു. അതു വീണതു പുരയിടത്തിനു തൊട്ടടുത്തുള്ള വെള്ളമില്ലാത്ത തോട്ടിലേക്കായിരുന്നു. ''നോക്കിക്കേ! എന്തൊരു കാണിക്കലാണു കാട്ടിയത്.'' കുഞ്ഞുപാത്തുമ്മ നെഞ്ചില്‍ കൈവച്ചു വിലപിച്ചു. ആഴമുള്ള തോടായിരുന്നു അത്. എങ്കിലും ധൈര്യം സംഭരിച്ച് തോടിന്റെ വക്കിലുള്ള ഒരു പാണലില്‍ പിടിച്ച് അവള്‍ ഇറങ്ങാന്‍ ശ്രമിച്ചു. അടുത്ത നിമിഷം പാണലോടുകൂടി അവള്‍ തോട്ടില്‍ വീണു.
വീഴ്ചയ്ക്കിടയില്‍ കുഞ്ഞുപാത്തുമ്മ എവിടെയെല്ലാമോ തട്ടുകയും മുട്ടുകയും ചെയ്തു. അവള്‍ വളരെ പണിപ്പെട്ട് എഴുന്നേറ്റു. അപ്പോള്‍ കൈമുട്ടിലും കാല്‍മുട്ടിലുമൊക്കെ ചോര വരുന്നുണ്ടായിരുന്നു. പക്ഷേ, അതവള്‍ വകവച്ചില്ല. അവള്‍ വേഗം കുരുവിയെ കൈയിലെടുത്തു. ചത്തതുപോലെ കിടന്നിരുന്ന ആ കുരുവിയുടെ വായില്‍ അവള്‍ തന്റെ കൈമുട്ടിലെ ചോര വിരലിലെടുത്ത് ഇറ്റിച്ചുകൊടുത്തു. എന്നിട്ട് അവള്‍ ആ കുരുവിയെ തിരിച്ചു മറിച്ചും നോക്കി. അതിന്റെ വയറ്റില്‍ കിടന്നിരുന്ന രണ്ടു ചെറിയ മുട്ടകള്‍, നേര്‍മയുള്ള തൊലിക്കിടയിലൂടെ അപ്പോള്‍ വ്യക്തമായി കാണാമായിരുന്നു.
''റബ്ബേ! കെട്ടിയോളാണ്!'' കുഞ്ഞുപാത്തുമ്മ ആത്മഗതം ചെയ്തു. ''കെട്ടിയോന്‍കുരുവി എന്തിനാ കെട്ടിയോളു കുരുവീനെ കൊത്തിക്കൊല്ലാമ്പോയത്?'' കുഞ്ഞുപാത്തുമ്മയുടെ കൈയില്‍ ആ കുരുവി ചത്തതുപോലെ അങ്ങനെ കിടക്കുമ്പോള്‍ അവള്‍ തന്റെ ബാപ്പായുടെയും ഉമ്മായുടെയും കാര്യം ഓര്‍മിച്ചു. ഉമ്മയ്‌ക്കെന്നും ബാപ്പായോടു വഴക്കാണ്. വീട്ടില്‍ പണമില്ലാത്തതാണു പ്രശ്‌നം. പണ്ട് ധാരാളം പണമുണ്ടായിരുന്നു. അതെല്ലാം കേസുകളിച്ചു നഷ്ടപ്പെട്ടു. മൂന്നുനേരം ഭക്ഷണം കഴിക്കാന്‍പോലും വകയില്ലാതെയായി.
നേരം വെളുക്കുമ്പോള്‍ തുടങ്ങി ഉമ്മാ ബാപ്പായ്‌ക്കെതിരേ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ഉച്ചത്തിലായിരിക്കും അവരുടെ പതംപറച്ചില്‍. അതു കേള്‍ക്കുമ്പോള്‍ കുഞ്ഞുപാത്തുമ്മ പറയും. ''ഉമ്മാ ഒന്നു പതുക്കെപ്പറ!'' ഉടനേ ഉമ്മാ കുഞ്ഞുപാത്തുമ്മയോടു മെക്കിട്ടുകയറും.
''ഒറക്കെപ്പറേവടീ! ഇനിക്ക് ലെയിസനസൊണ്ടെടീ ഒറക്കെപ്പറേന്‍!'' ഒരുദിവസം ബാപ്പായെക്കുറിച്ച് ഉമ്മാ എന്തോ ഉറക്കെപ്പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതുകേട്ട ബാപ്പാ ഉമ്മയോട് മിണ്ടാണ്ടിരിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഒരു പരിഹാസച്ചിരിയോടെ ഉമ്മ പറഞ്ഞു: ''ചെമ്മീനടിമ ആനമക്കാരിന്റെ പുന്നാരമോളെ പേടിപ്പിച്ചാന്‍ ബന്ന്!''
ഉമ്മാ പറഞ്ഞുതീര്‍ന്നില്ല, അതിനു മുന്‍പുതന്നെ ബാപ്പാ ഉമ്മായുടെ കഴുത്തിനു കയറിപ്പിടിച്ചു. ഒറ്റക്കൈകൊണ്ട് അവരെ കഴുത്തിനു പിടിച്ചു പൊക്കി പല്ലിറുമ്മിക്കൊണ്ട് തീപാറുന്ന കണ്ണുകളോടെ ബാപ്പാ പറഞ്ഞു: ''നീ മരി!'' കഴുത്തിനു പൊക്കിപ്പിടിച്ച ഉമ്മയെ ബാപ്പാ താഴത്തേക്കിട്ടു. ചക്ക വെട്ടിയിട്ടപോലെ നിലത്തുവീണ ഉമ്മാ ചത്ത ശവംപോലെ അവിടെക്കിടന്നു. കുഞ്ഞുപാത്തുമ്മ ആകെ പേടിച്ചുവിറച്ചു. ഉമ്മായെ ബാപ്പാ കൊന്നിട്ടിരിക്കുന്നു. ഇനി ഉടന്‍ പൊലീസ് വരും, ബാപ്പായെ കൈവിലങ്ങു വച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോകും. ലോകം തലകീഴായി മറിയുന്നതു പോലെ അവള്‍ക്കു തോന്നി.
അപ്പോള്‍ കേള്‍ക്കാം ഉമ്മായുടെ ശബ്ദം. ''പടച്ചോനേ! എനിക്കാരുമില്ല! മയ്യദ്ദീനേ, ഇനിക്കാരുമില്ല.'' ഉമ്മ മയ്യത്തായില്ല. അവള്‍ക്കാശ്വാസമായി. 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ നോവല്‍ വായിക്കുമ്പോള്‍ നമ്മുടെ ഓര്‍മയില്‍ തങ്ങിനില്ക്കുന്ന രണ്ടു സംഭവങ്ങളാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. പരസ്പരം ശണ്ഠകൂടുന്ന കെട്ടിയോന്‍ കുരുവിയും കെട്ടിയോള്‍ കുരുവിയും. പരസ്പരം കഴുത്തുഞെരിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഉമ്മായും ബാപ്പായും. പച്ചയായ പക്ഷിജീവിതവും പച്ചയായ മനുഷ്യജീവിതവുമല്ലേ ബഷീര്‍ ഈ നോവലിലൂടെ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.
കുരുവികള്‍ കൊത്തുകൂടുന്നത് സ്വാഭാവിക വാസനകൊണ്ടാണെന്നു പറയാന്‍ സാധിക്കും. അതിനവയെ കുറ്റംപറയാനും സാധിക്കില്ല. എന്നാല്‍, പരസ്പരം ശണ്ഠകൂടുന്ന മനുഷ്യരെ, പ്രത്യേകിച്ചും ഭാര്യാഭര്‍ത്താക്കന്മാരെ ന്യായീകരിക്കാനാവുമോ? ശണ്ഠയ്ക്കു കാരണമാകുന്ന പ്രശ്‌നങ്ങള്‍ക്കു ന്യായമായ പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനുപകരം പരസ്പരം കഴുത്തുഞെരിക്കാന്‍ ശ്രമിച്ചാല്‍ നാം ബുദ്ധിയും വിവേകവുമുള്ള മനുഷ്യരാണെന്ന് നമുക്കെങ്ങനെ അവകാശപ്പെടാനാകും?
കുഞ്ഞുപാത്തുമ്മയുടെ ഉമ്മാ തന്റെ ഭര്‍ത്താവുമായി നിരന്തരം വഴക്കടിച്ചത് തന്റെ ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടായിരുന്നു. ഒരു കൊലകൊമ്പന്‍ ആനയുണ്ടായിരുന്ന സമ്പന്ന കുടുംബത്തില്‍ ജനിച്ച ആ സ്ത്രീ മറ്റൊരു സമ്പന്ന കുടുംബത്തിലേക്കാണ് കെട്ടിച്ചുവിടപ്പെട്ടത്. പക്ഷേ, കാലത്തിന്റെ ഗതിവിഗതികളില്‍പ്പെട്ട് വട്ടനടിമ എന്ന അവരുടെ ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ മുഴുവന്‍ നഷ്ടപ്പെട്ടു. അപ്പോള്‍ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു ധൈര്യം പകരുന്നതിനു പകരം നിരന്തരം ഭര്‍ത്താവിനെ വിമര്‍ശിക്കാനും ശപിക്കാനുമാണ് ആ സ്ത്രീ മുതിര്‍ന്നത്.
നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ സുഖദുഃഖങ്ങള്‍ മാറിമാറിവരും. സുഖങ്ങള്‍ നന്ദിപൂര്‍വം പരസ്പരം പങ്കുവച്ച് അനുഭവിക്കുന്നതോടൊപ്പം ദുഃഖങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പരസ്പരം പകുത്തെടുത്ത് അവയുടെ കാഠിന്യം കുറയ്ക്കാനും നാം ശ്രമിക്കണം. ഇനി, എങ്ങനെയെങ്കിലും ഏറ്റുമുട്ടലോ സ്വരചേര്‍ച്ചയില്ലായ്മയോ വ്യക്തികള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ സമുദായങ്ങള്‍ തമ്മിലോ ഒക്കെ ഉണ്ടായാല്‍ അവയ്ക്കു വേഗം പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ, അവ വീണ്ടും വഷളാകുവാന്‍ ബുദ്ധിയും വിവേകവുമുള്ള നമ്മള്‍ ഒരിക്കലും അനുവദിക്കരുത്.
ശണ്ഠകൂടിയ കുരുവികളുടെയും വഴക്കടിച്ച ഉമ്മാടെയും ബാപ്പാടെയും കഥയിലേക്ക് മടങ്ങിവരട്ടെ. ശണ്ഠകൂടി നിലത്തുവീണ കുരുവി കുഞ്ഞുപാത്തുമ്മയുടെ കാരുണ്യസ്പര്‍ശംകൊണ്ട് നവജീവന്‍കിട്ടി തന്റെ കെട്ട്യോന്‍ കുരുവിയെതേടി പറന്നുപോയി. കുഞ്ഞുപാത്തുമ്മയുടെ ബാപ്പയാകട്ടെ തന്റെ ദേഷ്യം ശമിച്ചപ്പോള്‍ ഭാര്യയ്ക്കുവേണ്ടി ''എണ്ണേം കൊയമ്പും ഇഞ്ചേം'' വാങ്ങിക്കൊടുത്തു. അങ്ങനെ അവരും രമ്യതയിലായി. ''ഞമ്മക്കെ എല്ലാരിക്കലും ഇന്നു തൗബ ചെയ്യണം.'' ബാപ്പ ഭാര്യയോടും മകളോടുമായി പറഞ്ഞു. അതായത് ചെയ്തുപോയ തെറ്റുകള്‍ക്ക് ഒത്തൊരുമിച്ച് തമ്പുരാനോട് പൊറുതിക്കപേക്ഷിക്കണം എന്നാണ് അയാള്‍ പറഞ്ഞത്.
പരസ്പരം തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അന്യോന്യം മാപ്പ് അപേക്ഷിക്കണം. തെറ്റുകുറ്റങ്ങള്‍ക്ക് പരിഹാരം കാണണം. അതോടൊപ്പം നീതിമാനായ ദൈവത്തിന്റെ തിരുമുമ്പാകെ ചെയ്തതു തെറ്റായതുകൊണ്ട് നാം അവിടത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യണം. കുഞ്ഞുപാത്തുമ്മയുടെ ബാപ്പ അതാണ് ചെയ്തത്.
Post A Comment:
0 comments: