വില്യം എലിയട്ടിന് ഇരുപതു വയസ് പൂര്‍ത്തിയായില്ല. പക്ഷേ, അപ്പോഴേക്കും തല കഷണ്ടി കയറി വെളുത്തു. താന്‍ ഇനി എങ്ങനെ മനുഷ്യരുടെ മുഖത്തു നോക്കും? എലിയട്ടിനെ വിഷമിപ്പിച്ചത് ഈ ചിന്തയായിരുന്നു. കഷണ്ടി മറ്റുള്ളവര്‍ കണ്ടെങ്കിലല്ലേ അതേക്കുറിച്ച് അപകര്‍ഷതാബോധം വേണ്ടു. എലിയട്ട് വേഗം ഒരു തൊപ്പി സംഘടിപ്പിച്ചു. അതിനുശേഷം തൊപ്പിവച്ചു മാത്രമേ എലിയട്ട് പുറത്തിറങ്ങൂ. പക്ഷേ, എത്രനാള്‍ കഷണ്ടിയിങ്ങനെ മറച്ചുപിടിക്കാനാവും?
എലിയട്ട് വേഗം ഹെയര്‍ട്രാന്‍സ്പ്ലാന്റിനൊരുങ്ങി. കഷണ്ടിത്തലയില്‍ മുടി പറിച്ചുനടാന്‍വേണ്ടി മാസത്തിലൊരു തവണവച്ച് പ്ലാസ്റ്റിക് സര്‍ജനെ സന്ദര്‍ശിച്ചു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും കഷണ്ടി ശരിക്കും മാറിയില്ല. എലിയട്ടിനു വല്ലാത്ത മനപ്രയാസമായി. മുടിയില്ലാതെ ജീവിച്ചിട്ടു കാര്യമില്ലെന്ന ചിന്ത എലിയട്ടില്‍ രൂഢമൂലമായി. ആത്മഹത്യ ചെയ്യുന്നതു തെറ്റാണെന്ന് അറിയാമായിരുന്നതുകൊണ്ട് അയാളതിനു മുതിര്‍ന്നില്ല. പക്ഷേ, ഓരോ ദിവസവും അന്തിയുറങ്ങുമ്പോള്‍ താന്‍ വീണ്ടുമൊരിക്കലും ഉണരാതിരുന്നെങ്കിലെന്ന് എലിയട്ട് പ്രാര്‍ഥിച്ചു.
എലിയട്ട് തൊപ്പിധരിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. അപ്പോഴേക്കും കഷണ്ടിയെക്കുറിച്ചുള്ള വിഷമംമൂലം വിഷാദരോഗത്തിന് എലിയട്ട് അടിമയായിരുന്നു. ഒരുദിവസം എലിയട്ടിന്റെ ഹൈസ്‌കൂള്‍ സുഹൃത്തായിരുന്ന ടെഡ് എലിയട്ടിന്റെ വീട്ടിലെത്തി. അപ്പോള്‍ പഴയ സുഹൃത്തിനോട് സ്‌നേഹപൂര്‍വം സംസാരിക്കുന്നതിനു പകരം എലിയട്ട് പറഞ്ഞു: ''ഇവിടെ ഇനി വരരുത്. എനിക്കത് ഇഷ്ടമല്ല.''
എലിയട്ടിന്റെ ഈ സംസാരരീതി കണ്ടപ്പോള്‍ തന്റെ പഴയ സുഹൃത്തിന് മാനസിക രോഗമാണോയെന്ന് ടെഡ് സംശയിച്ചു. ടെഡ് അക്കാര്യം ചോദിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴും എലിയട്ട് പരുഷമായി സംസാരിക്കുകയാണ് ചെയ്തത്. എലിയട്ടും ടെഡും ഒരുകാലത്ത് ആത്മമിത്രങ്ങളായിരുന്നു. കോളജ് പഠനത്തിനുശേഷം മറ്റൊരു സുഹൃത്തായ ഹാരിംഗ്ടണെയും ഉള്‍പ്പെടുത്തി വക്കീല്‍ ജോലി ചെയ്യാനായിരുന്നു അവരുടെ പരിപാടി.
പക്ഷേ, കഷണ്ടി കയറിത്തുടങ്ങിയപ്പോള്‍ അപകര്‍ഷതാബോധംമൂലം കൂട്ടുകാരില്‍നിന്നെല്ലാം എലിയട്ട് അകന്നു. അങ്ങനെയാണ്, അകലെയൊരു കോളജില്‍ പഠിച്ചിരുന്ന ടെഡുമായുള്ള ബന്ധത്തിന്റെ കണ്ണികള്‍ മുറിഞ്ഞുപോയത്.
സൗഹൃദം പുതുക്കാന്‍വന്ന ടെഡ് എന്ന ആ പഴയ ആത്മമിത്രത്തെ ആട്ടിപ്പായിച്ചതിനു ശേഷം കുറേനാള്‍ കഴിഞ്ഞപ്പോള്‍ എലിയട്ടിന്റെ മനോഭാവത്തില്‍ പെട്ടെന്ന് മാറ്റംവന്നു. വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന എലിയട്ട് ദൈവത്തിലേക്ക് തിരിഞ്ഞപ്പോള്‍ ശാന്തി കണ്ടെത്തി. കഷണ്ടി മറയ്ക്കാന്‍വേണ്ടി തൊപ്പിധരിക്കുന്ന ശീലം ഉപേക്ഷിച്ചു. എലിയട്ടിന്റെ മനസ് ശാന്തമായപ്പോള്‍ അയാള്‍ പഴയ സുഹൃത്തായ ടെഡിനെ ഓര്‍മിച്ചു.
എലിയട്ട് വേഗം ടെഡിന്റെ വീട്ടിലെത്തി. അപ്പോള്‍ ടെഡിന്റെ അമ്മ പറഞ്ഞ കഥ അയാള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. കോളജില്‍ പഠിച്ചിരുന്ന ടെഡിന് രണ്ടാം വര്‍ഷമായപ്പോഴേക്കും വിഷാദരോഗം പിടികൂടി. ആ രോഗത്തിന് അടിമപ്പെട്ടിരിക്കുമ്പോഴായിരുന്നു ടെഡ് തന്റെ പഴയ സ്‌നേഹിതനായ എലിയട്ടിനെ തേടിഎത്തിയത്. അന്ന് എലിയട്ടില്‍നിന്നുണ്ടായ തിരസ്‌കരണം ടെഡിനെ മാനസികമായി തകര്‍ത്തു. അധികം താമസിക്കാതെ ഒരു മനോരോഗ ചികിത്സാകേന്ദ്രത്തിലേക്ക് ടെഡിനെ മാറ്റേണ്ടിവന്നു.
താന്‍ തന്റെ കഷണ്ടിയെക്കുറിച്ചുള്ള മനോവ്യഥയുമായി അലഞ്ഞുനടന്നപ്പോള്‍ ടെഡ് മാനസികമായി അലയുകയായിരുന്നുവെന്ന് എലിയട്ട് ഓര്‍മ്മിച്ചു. എലിയട്ട് ഉടനെ ടെഡിനെ ഫോണില്‍ വിളിച്ചു. ടെഡ്, ''ഇതു ബില്‍ എലിയട്ടാണ്.'' എലിയട്ട് പറഞ്ഞു. ''മനസിലായി.'' നിര്‍വികാരതയോടെ ടെഡ് പറഞ്ഞു. ''ഞാന്‍ നിന്റെ ആത്മസുഹൃത്തായിരുന്നു.'' ''അതെ.'' ''നിനക്ക് കോളജില്‍വച്ച് എന്തുപറ്റി?'' ''എന്റെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.'' ''ഇപ്പോള്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?'' ''ഇല്ല, ഒന്നുമില്ല.''
ഇനി എന്തു ചോദിക്കണമെന്ന് എലിയട്ട് ആലോചിക്കുമ്പോള്‍, ടെഡ് നിര്‍വികാരതയോടെ ചോദിച്ചു. ''നിനക്ക് നല്ലൊരു ഹൃദയമുണ്ടോ?'' ''ഇപ്പോള്‍ എനിക്കുണ്ട്.'' ഇതു പറയുമ്പോള്‍ എലിയട്ടിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ''ഞാന്‍ മാനസികമായി തകര്‍ന്നിരുന്നതുകൊണ്ടാണ് അന്നു നീ വന്നപ്പോള്‍ നിന്നെക്കാണാന്‍ ഞാന്‍ വിസമ്മതിച്ചത്''. എലിയട്ട് വിക്കിവിക്കി പറഞ്ഞു. ''എന്നോട് ക്ഷമിക്കൂ.'' ''ശരി, നിര്‍ത്താന്‍ സമയമായി.'' ടെഡിന്റെ ശബ്ദത്തില്‍ വീണ്ടും പഴയ നിര്‍വികാരത.
ഒരുകാലത്ത് ആത്മമിത്രങ്ങളായിരുന്നു എലിയട്ടും ടെഡും. എന്നാല്‍, എലിയട്ടിന്റെ തലയില്‍ കഷണ്ടി കയറിയപ്പോള്‍ അയാളുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞതുപോലെയായി. സ്വയം ഉള്ളിലേക്ക് വലിഞ്ഞ അയാള്‍ സ്വാര്‍ത്ഥതയുടെ പര്യായമായി മാറി.
മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നെന്നോ അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും അയാള്‍ അന്വേഷിച്ചില്ല. ആത്മസുഹൃത്തിന്റെപോലും കാര്യം അന്വേഷിക്കാന്‍ അയാള്‍ തയാറായില്ല. തനിക്കുമാത്രമേ ദുഃഖമുള്ളൂ എന്നായിരുന്നു എലിയട്ടിന്റെ ചിന്ത.
എലിയട്ട് ഒരു ഒറ്റപ്പെട്ട വ്യക്തിയാണോ? പലപ്പോഴും ഒരു പരിധിവരെയെങ്കിലും നാം എലിയട്ടിനെപ്പോലെയല്ലേ? നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കൊച്ചുകൊച്ചു ദുഃഖങ്ങള്‍ വലുതായിക്കണ്ട് അവയെക്കുറിച്ച് പരിതപിക്കാനല്ലേ നമുക്ക് തിടുക്കം.
അതേസമയം, നമ്മുടെ ചുറ്റിലുമുള്ള പലര്‍ക്കും നമ്മേക്കാള്‍ കനത്ത ദുഃഖം ഉണ്ടാകുമ്പോഴും നാം അതു ശ്രദ്ധിക്കാന്‍പോലും തയാറാകുന്നില്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയാകുമോ?
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ദുഃഖങ്ങളെ നാം ചെറുതായി മാത്രം കാണണമെന്നില്ല. എന്നാല്‍, സ്വന്തം ദുഃഖങ്ങള്‍ കാണുന്നതോടൊപ്പം മറ്റുള്ളവരുടെ ദുഃഖങ്ങളും കാണാന്‍ നാം തയാറാകണം. പക്ഷേ, അതു സാധിക്കണമെങ്കില്‍ നമുക്കു വേണ്ടത് ഒരു നല്ല ഹൃദയമാണ്. ഇക്കാര്യം നന്നായി മനസിലാക്കിയതുകൊണ്ടാണ് മനോരോഗത്തിന് ചികിത്സയില്‍ കഴിയുമ്പോഴും ''നിനക്ക് നല്ലൊരു ഹൃദയമുണ്ടോ'' എന്ന് എലിയട്ടിനോട് ടെഡ് ചോദിച്ചത്.
കഷണ്ടി മാറ്റാന്‍ സാധിക്കുമോ എന്നതല്ല തന്നെ സംബന്ധിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യമെന്ന് 'മൈ ഗ്രെയ്റ്റസ്റ്റ് ടീച്ചര്‍' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ എലിയട്ട് പറയുന്നു: ''എനിക്ക് നല്ലൊരു ഹൃദയമുണ്ടോ?'' എന്ന ചോദ്യമാണ് തനിക്കിപ്പോള്‍ ഏറ്റവും പ്രാധാനപ്പെട്ടതെന്ന് പാശ്ചാത്യനായ എലിയട്ട് സാക്ഷ്യപ്പെടുത്തുന്നു.
എന്താണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രസക്തമായൊരു ചോദ്യം? ''എനിക്ക് നല്ലൊരു ഹൃദയമുണ്ടോ?'' എന്ന ചോദ്യംതന്നെയാണോ?
Post A Comment:
0 comments: