പശ്ചാത്താപം

Share it:

വിക്രമാദിത്യസദസിലെ ഉജ്വലതാരമായിരുന്നു അപാരപണ്ഡിതനായ വരരുചി. ഒരു പറയസ്ത്രീയെ വിവാഹംകഴിച്ച അദ്ദേഹം ഭാര്യയുമൊത്ത് കേരളത്തിലെത്തിയെന്നും അവര്‍ക്കുണ്ടായ പന്ത്രണ്ടു മക്കളില്‍ പതിനൊന്നു പേരെയും ജനിച്ച നിമിഷംതന്നെ ഓരോ സ്ഥലത്തുവച്ച് ഉപേക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. അങ്ങനെ ഉപേക്ഷിക്കപ്പെട്ട മക്കളാണത്രേ 'പറയിപെറ്റ പന്തിരുകുലം' എന്ന പേരില്‍ അറിയപ്പെടുന്നത്.

മേഴത്തോള്‍ അഗ്നിഹോത്രി മുതല്‍ നാറാണത്തു ഭ്രാന്തന്‍ ഉള്‍പ്പെടെ വായില്ലാക്കുന്നിലപ്പനില്‍ എത്തിനില്ക്കുന്ന വരരുചിയുടെ പന്ത്രണ്ടു മക്കളില്‍ ഒരാളാണ് അകവൂര്‍ ചാത്തന്‍. വൈശ്യകുടുംബത്തിലെ അംഗമായി വളര്‍ന്ന ചാത്തന്‍ ചൊവ്വരയിലുള്ള അകവൂര്‍ ഇല്ലത്തെ ആശ്രിതനായിരുന്നുവത്രേ. ഒരിക്കല്‍ അകവൂര്‍ ഇല്ലത്തെ ഒരു ഭട്ടതിരി ഒരു പാവപ്പെട്ട സ്ത്രീയെ മാനഭംഗപ്പെടുത്തി. ആ പാപം കഴുകിക്കളയാന്‍വേണ്ടി നമ്പൂതിരി തീര്‍ഥങ്ങളില്‍ സ്‌നാനത്തിനു പുറപ്പെട്ടു. യാത്രയ്ക്കു സഹായിയായി ചാത്തനെയും കൊണ്ടുപോയി.

ഇല്ലത്തുനിന്നു യാത്ര തുടങ്ങിയപ്പോള്‍ ചാത്തന്‍ സാമാന്യം വലുപ്പമുള്ള ഒരു കയ്പക്കായും കൈയിലെടുത്തു. ജിജ്ഞാസ അടക്കാനാവാതെ നമ്പൂതിരി അതിന്റെ കാരണം തിരക്കി. അപ്പോള്‍ ചാത്തന്‍ പറഞ്ഞു: ''ഈ കയ്പക്കായ്ക്കു വല്ലാത്ത കയ്പാണ്. വെറുതെ ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ ഇതുകൂടെ കൊണ്ടുപോവുകയാണ്.'' ബുദ്ധിശാലിയാണ് ചാത്തന്‍ എന്നു നമ്പൂതിരിക്കറിയാമായിരുന്നു. കയ്പക്കാകൊണ്ട് ചാത്തന് എന്തെങ്കിലും പ്ലാന്‍ കാണും എന്നുമാത്രം നമ്പൂതിരി വിചാരിച്ചു.

നമ്പൂതിരിയും ചാത്തനുംകൂടി പല പുണ്യതീര്‍ഥങ്ങളിലും മുങ്ങിക്കുളിച്ചു. അപ്പോഴൊക്കെ ചാത്തന്‍ തന്റെ കൈവശമുണ്ടായിരുന്ന കയ്പക്കായും തീര്‍ഥങ്ങളില്‍ മുക്കി. അധികം താമസിയാതെ അവര്‍ ഇരുവരും ഇല്ലത്തു മടങ്ങിയെത്തി. മടങ്ങിയെത്തിയ ഉടനെതന്നെ ചാത്തന്‍ കയ്പക്കാ കറിവയ്ക്കാന്‍വേണ്ടി അന്തര്‍ജനത്തിന്റെ കൈയില്‍ അരിഞ്ഞുകൊടുത്തു. അതവര്‍ കറിവച്ച് ഊണിനു വിളമ്പി. കറിയുടെ കയ്പുമൂലം നമ്പൂതിരിയുടെ ഊണ് അന്നു ശരിയായില്ല. അയാള്‍ ഭാര്യയോടു കോപിച്ചു. അപ്പോള്‍, കറിക്കുവേണ്ടി ചാത്തന്‍ കയ്പയ്ക്ക അരിഞ്ഞുകൊടുത്ത കഥ അവര്‍ വിവരിച്ചു.

ചാത്തനെ വിളിച്ചു നമ്പൂതിരി ചോദിച്ചു: ''നീ എന്താണ് ഇന്ന് അരിഞ്ഞുകൊടുത്തത്? കറിക്കു വല്ലാത്ത കയ്പായിരുന്നു.'' ''ഇന്നത്തെ കറി കയ്ച്ചുവെന്നോ? എന്നാല്‍ തിരുമേനിയുടെ പാപം തീര്‍ന്നിട്ടില്ല.'' ചാത്തന്‍ പറഞ്ഞു. പുണ്യതീര്‍ഥങ്ങളില്‍ സ്‌നാനം ചെയ്തിട്ടും തന്റെ പാപം തീര്‍ന്നിട്ടില്ലെന്നോ? നമ്പൂതിരി കാര്യം തിരക്കി.

''പുണ്യതീര്‍ഥങ്ങളില്‍ മുങ്ങിക്കുളിച്ചപ്പോള്‍ പാപം തീര്‍ന്നെങ്കില്‍ ആ കയ്പക്കായുടെ കയ്പും പണ്ടേ പോയിട്ടുണ്ടാകും. കാരണം തിരുമേനി മുങ്ങിക്കുളിച്ചിടങ്ങളിലൊക്കെ ഞാന്‍ ആ കയ്പക്കായും വെള്ളത്തില്‍ മുക്കിയിരുന്നു.'' വെറുതെ പുണ്യതീര്‍ഥങ്ങളില്‍ മുങ്ങിയതുകൊണ്ടു പാപം പോകില്ലെന്ന് അപ്പോഴാണ് നമ്പൂതിരിക്കു മനസിലായത്. ''അങ്ങനെയെങ്കില്‍ പാപത്തില്‍നിന്നു മുക്തിനേടാന്‍ ഞാന്‍ എന്തുചെയ്യണം?'' നമ്പൂതിരി ചോദിച്ചു.

''അതിനു പശ്ചാത്താപവും മനഃശുദ്ധിയും വേണം. പിന്നെ പ്രായശ്ചിത്തവും ചെയ്യണം.'' ചാത്തന്‍ പറഞ്ഞു. ''എന്തു പ്രായശ്ചിത്തമാണു ചെയ്യേണ്ടത്?'' നമ്പൂതിരി ചോദിച്ചു. ''തിരുമേനി പാപം ചെയ്തത് ഒരു പാവപ്പെട്ട സ്ത്രീയോടാണ്. അതുകൊണ്ട് ഒരു സ്ത്രീയുടെ ഇരുമ്പുപ്രതിമയുണ്ടാക്കി തീയിലിട്ടു പഴുപ്പിച്ച് ആ പ്രതിമയെ ആലിംഗനം ചെയ്യണം.'' ചാത്തന്‍ പറഞ്ഞു.

എന്തൊരു പ്രായശ്ചിത്തം എന്നു നമ്പൂതിരി മനസിലോര്‍ത്തു. എങ്കിലും പാപിയായി മരിക്കുന്നതിലും ഭേദം പാപത്തിനു പ്രായശ്ചിത്തം ചെയ്തു മരിക്കുന്നതാണു നല്ലതെന്ന തിരിച്ചറിവ് നമ്പൂതിരിക്കുണ്ടായി. നമ്പൂതിരി ചാത്തന്‍ പറഞ്ഞതുപോലെ, സ്ത്രീയുടെ ഇരുമ്പുപ്രതിമയുണ്ടാക്കി, തീയിലിട്ടു പഴുപ്പിച്ചു. ആളുകള്‍ നോക്കിനില്‍ക്കേ നമ്പൂതിരി ആ പ്രതിമയെടുത്ത് അതിനെ ആലിംഗനം ചെയ്യാനൊരുങ്ങി. അപ്പോള്‍ നമ്പൂതിരിയെ തടഞ്ഞുകൊണ്ട് ചാത്തന്‍ പറഞ്ഞു. ''അങ്ങയുടെ പശ്ചാത്താപം ആത്മാര്‍ഥമാണെന്ന് ഇപ്പോള്‍ വ്യക്തമായി. ഇനി മനഃശുദ്ധിയോടെ പാപം ചെയ്യാതെ അങ്ങു ജീവിച്ചാല്‍മതി. അപ്പോള്‍ അങ്ങു മോക്ഷംനേടും.''

തീയില്‍ പഴുപ്പിച്ച ഇരുമ്പുപ്രതിമയെ ആലിംഗനം ചെയ്താല്‍ പൊള്ളലേറ്റുള്ള മരണം തീര്‍ച്ചയായിരുന്നു. എങ്കിലും പാപത്തില്‍നിന്നുള്ള മുക്തിക്കുവേണ്ടി അങ്ങനെയൊരു പ്രായശ്ചിത്തംവരെ ചെയ്യാന്‍ ആ നമ്പൂതിരി തയാറായിരുന്നു. ചെയ്ത പാപത്തെക്കുറിച്ചുള്ള പശ്ചാത്താപം അത്രമാത്രം ആത്മാര്‍ഥമായിരുന്നു എന്നു ചുരുക്കം.

ബലഹീനരായ മനുഷ്യരാണു നാമെല്ലാവരും. തന്മൂലം നാമും ഓരോരോ പാപത്തില്‍ വീണുപോവുക സ്വാഭാവികംമാത്രം. എന്നാല്‍, ഗുരുതരമായ പാപങ്ങള്‍ ചെയ്തിട്ട് വെറുതെ തീര്‍ഥക്കുളങ്ങളില്‍ മുങ്ങിയോ പേരിനൊരു കുമ്പസാരം നടത്തിയോ ആ പാപങ്ങളില്‍നിന്നു മോചനം നേടാമെന്നു കരുതുന്നുവെങ്കില്‍ നമ്മുടെയും സ്ഥിതി തീര്‍ഥക്കുളങ്ങളില്‍ മുങ്ങിയ കയ്പക്കയുടേതുപോലെ ആയിരിക്കും എന്നതില്‍ സംശയംവേണ്ട.

ചാത്തന്‍ നമ്പൂതിരിയെ അനുസ്മരിപ്പിച്ചതുപോലെ, ഏതെങ്കിലും കാരണവശാല്‍ നാം പാപം ചെയ്യാനിടയായാല്‍ അതേക്കുറിച്ച് യഥാര്‍ഥ പശ്ചാത്താപം വേണം. അങ്ങനെ പശ്ചാത്തപിച്ച് മനഃശുദ്ധി നേടി നാം നമ്മുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യണം. എങ്കില്‍ മാത്രമേ, നമുക്കു പാപമോചനത്തിന് അര്‍ഹത ലഭിക്കുന്നുള്ളൂ. പാപമോചനത്തിനായി തീര്‍ഥക്കുളങ്ങളില്‍ മുങ്ങുന്നവരും കുമ്പസാരം എന്ന കൂദാശ സ്വീകരിക്കുന്നവരും ഇക്കാര്യം മറന്നുകൂടാ.

നാം ചെയ്യാനിടയാകുന്ന എല്ലാ പാപങ്ങള്‍ക്കും അതിനു തക്കതായ പരിഹാരമോ പ്രായശ്ചിത്തമോ ചെയ്യാന്‍ നമുക്ക് സാധിച്ചെന്നുവരില്ല. എങ്കിലും പല പാപങ്ങള്‍ക്കും പരിഹാരം ചെയ്യാന്‍ നമുക്കു സാധിക്കും എന്നതില്‍ സംശയംവേണ്ട. ഉദാഹരണമായി, മറ്റുള്ളവരില്‍നിന്നു പിടിച്ചെടുത്ത സമ്പത്ത് തിരികെ കൊടുക്കുന്നതിനും അങ്ങനെ അവര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനും നമുക്കു സാധിക്കില്ലേ? അതുപോലെ, ആരോടെങ്കിലും അന്യായമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്താനും നമുക്കു സാധിക്കില്ലേ?

പാപത്തില്‍നിന്നുള്ള മുക്തിക്ക് ആത്മാര്‍ഥമായ പശ്ചാത്താപം കൂടിയേ തീരൂ. പശ്ചാത്തപിക്കുന്നതോടൊപ്പം പാപങ്ങള്‍ക്കു പരിഹാരം ചെയ്യാനും നാം തയാറാകണം. കൂടാതെ, വീണ്ടും പാപം ചെയ്യാതിരിക്കാനുള്ള ഉറച്ച തീരുമാനം എടുക്കുകയും അതിനു ദൈവാനുഗ്രഹം തേടുകയും വേണം. എങ്കില്‍ മാത്രമേ ദൈവം നമ്മോടു ക്ഷമിക്കുമ്പോള്‍ അവിടത്തെ കൃപ സ്വീകരിക്കാന്‍ നാം അര്‍ഹരായിത്തീരുന്നുള്ളൂ.

നമ്മെ പാപത്തിലേക്കു നയിക്കുന്ന പ്രലോഭനങ്ങളോടുള്ള പോരാട്ടത്തില്‍ നാം ദുര്‍ബലരാണെന്നത് ഓര്‍മിച്ചുകൊണ്ട് ദൈവത്തിന്റെ ശക്തിയില്‍ നിരന്തരം ആശ്രയിക്കാം. അപ്പോള്‍ പ്രലോഭനങ്ങളോടുള്ള പോരാട്ടത്തില്‍ നാം കാലിടറിവീഴില്ല; പാപത്തിനു നാം അടിമയാകുകയുമില്ല.
Share it:

Motivation Story

Post A Comment:

0 comments: