സഹായം

Share it:

ഒരിക്കല്‍ ഒരു ബാലന്‍ ഒരു വലിയ കല്ല് വഴിയില്‍നിന്നു തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, അവന്‍ ഏറെ ശ്രമിച്ചിട്ടും കല്ല് അനങ്ങിയില്ല. അവന് ആകെ വിഷമമായി. അല്പം കഴിഞ്ഞപ്പോള്‍ അവന്റെ പിതാവ് ആ വഴിയെചെന്നു. വിഷാദമൂകനായി നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ അയാള്‍ കാര്യം തിരക്കി. കല്ല് തള്ളിമാറ്റാന്‍ ശ്രമിച്ച കഥ അവന്‍ പറഞ്ഞു.

''നീ കല്ലുമാറ്റാന്‍ ശ്രമിച്ചിട്ട് അതു മാറിയില്ല, അല്ലേ?'' അവന്റെ പിതാവു ചോദിച്ചു. ''ഇല്ല'' എന്നു അവന്‍ മറുപടി പറഞ്ഞു. '' ഈ കല്ല് തള്ളിമാറ്റുന്നതിന് നീ എന്തുകൊണ്ടാണ് എന്റെ സഹായം ചോദിക്കാതിരുന്നത്?'' അയാള്‍ കൗതുകപൂര്‍വം തിരക്കി. അപ്പോഴാണ് തന്റെ പിതാവിന്റെ സഹായത്താല്‍ ആ കല്ല് ഉരുട്ടിമാറ്റാമായിരുന്നു എന്ന കാര്യം അവന് ഓര്‍മവന്നത്. അവന്‍ ഉടനെ പിതാവിന്റെ സഹായംതേടി. ഇരുവരും ചേര്‍ന്ന് അതിവേഗം ആ കല്ല് വഴിയില്‍നിന്ന് ഉരുട്ടി മാറ്റുകയും ചെയ്തു.

ഈ ബാലന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെയാണ് പലപ്പോഴും നമ്മുടെ കാര്യങ്ങളില്‍ സംഭവിക്കുന്നത്. നാം പലപ്പോഴും നമ്മുടെ പ്രശ്‌നങ്ങളൊക്കെ നമ്മുടെ സ്വന്തം ശക്തികൊണ്ടുമാത്രം പരിഹരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, നമ്മുടെ പല പ്രശ്‌നങ്ങളും നമ്മുടെ സ്വന്തം ശക്തികൊണ്ട് പരിഹരിക്കാനാവില്ല എന്നതാണ് വസ്തുത. അവ പരിഹരിക്കുന്നതിന് ഈശ്വര ശക്തിയും നമുക്ക് ലഭിച്ചേ മതിയാകൂ. പ്രശ്‌നങ്ങളോട് നാം തനിയെ പോരാടിയാല്‍ വിജയം എപ്പോഴും നമ്മില്‍നിന്ന് അകന്നു നില്‍ക്കാനാണ് സാധ്യത.

നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നാം ദൈവത്തിങ്കലേക്ക് തിരിയുമ്പോള്‍ അവിടുത്തെ ശക്തി പ്രവഹിക്കുവാന്‍ തുടങ്ങും. ആ നിമിഷംമുതല്‍ പ്രശ്‌നപരിഹാരം എളുപ്പമുള്ളതാകും. എന്നാല്‍, നമ്മുടെ ശ്രദ്ധ അവിടുന്നില്‍നിന്ന് അകന്നുപോയാല്‍ നമ്മിലേക്കുള്ള ശക്തിപ്രവാഹം നമുക്കു സ്വീകരിക്കാന്‍ കഴിയാതെ വരും. അനുദിന ജീവിതത്തില്‍ ദൈവത്തിന്റെ ശക്തി നമുക്ക് ലഭിക്കണമെങ്കില്‍ നാം ആ ശക്തിയെക്കുറിച്ച് അനുനിമിഷം അവബോധം ഉള്ളവരായിരിക്കണമെന്നു ചുരുക്കം.

 പ്രത്യേകിച്ചും, നമ്മുടെ ജീവിത പ്രശ്‌നങ്ങളില്‍ അവിടുത്തെ പക്കലേക്കു തിരിയാന്‍ നാം ഒരിക്കലും മറക്കരുത്. നമ്മുടെ ചിന്തയും മനസും എപ്പോഴും ദൈവത്തിലേക്ക് തിരിക്കാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം ദൈവിക ശക്തിയും ചൈതന്യവുംകൊണ്ട് നിറയും. അപ്പോള്‍ നമ്മുടെ ജീവിതം പ്രശ്‌നങ്ങള്‍ക്കിടയിലും പ്രസന്നമായിത്തന്നെ മുന്നോട്ടു പോകും.
Share it:

Motivation Story

Post A Comment:

0 comments: