മൂലധനം

Share it:

നമ്പൂതിരി സമുദായത്തിലെ ചിട്ടകള്‍ കടുകട്ടിയായിരുന്ന കാലം. അക്കാലത്ത് നമ്പൂതിരികുടുംബത്തിലെ ആണ്‍മക്കളില്‍ മൂത്തയാള്‍ക്കു മാത്രമേ വിവാഹംകഴിച്ച് കുടുംബജീവിതം നയിക്കാനാവൂ. മറ്റ് ആണ്‍മക്കള്‍ 'അഫ്ഭന്‍ നമ്പൂതിരി'മാരാണ്. അവര്‍ക്കു വിവാഹത്തിന് അവകാശമില്ല. അയാള്‍ മൂത്ത ജ്യേഷ്ഠന്റെ തണലില്‍ ജീവിതം തള്ളിനീക്കുന്നു.

സുപ്രസിദ്ധ സാഹിത്യകാരനും സമുദായ പരിഷ്‌കര്‍ത്താവുമായിരുന്ന വി.ടി. ഭട്ടതിരിപ്പാട് ഒരു 'അഫ്ഭന്‍' നമ്പൂതിരിയായിട്ടാണ് പിറന്നത്. ഏഴുവയസില്‍ ഉപനയനവും ഒമ്പതാം വയസില്‍ സമാവര്‍ത്തനവും കഴിഞ്ഞ് 17 വയസുവരെ വേദാധ്യയനം നടത്തി. ഉടനെതന്നെ ഷൊര്‍ണൂരിനടുത്തുള്ള ഒരു അമ്പലത്തില്‍ ശാന്തിക്കാരനുമായി.

ഭട്ടതിരിപ്പാടിന്റെ വേദാധ്യയനം തുടങ്ങിയതു സംബന്ധിച്ച് അദ്ദേഹംതന്നെ പറയുന്ന ഒരു കഥയുണ്ട്. പൊന്നാനി താലൂക്കിലെ മേഴത്തൂരില്‍ ജനിച്ച അദ്ദേഹം രാമന്‍ എന്ന പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. വേദാധ്യയനത്തിനു വേണ്ടി രാമന്‍ പിതാവായ തുപ്പന്‍ ഭട്ടതിരിപ്പാടിനോടൊപ്പം പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പാതായ്ക്കര മനയിലെത്തി. അവിടെവച്ച് മേലേടം നമ്പൂതിരിപ്പാട് രാമനോടു ചോദിച്ചു: ''ആട്ടെ, ഓത്തു ചൊല്ലാന്‍ മോഹമുണ്ടോ? അതോ അച്ഛന്റെ ഹേമംകൊണ്ടു പോന്നതോ?''

രാമന്റെ ഗുരുനാഥനാകാന്‍ പോകുന്നയാളാണ് മേലേടം. അദ്ദേഹത്തോടെങ്ങനെ കള്ളം പറയും? രാമന് അശേഷം മോഹമുണ്ടായിരുന്നില്ല ഓത്തു ചൊല്ലാന്‍. വെറുതെ തുള്ളിക്കളിച്ചു നടക്കാനായിരുന്നു അക്കാലത്തു രാമന്റെ ആഗ്രഹം. പക്ഷേ, അച്ഛന്‍ നില്ക്കുമ്പോള്‍ ഓത്തുചൊല്ലാന്‍ ആഗ്രഹമില്ലെന്നു പറയുന്നതെങ്ങിനെ? എന്നാല്‍ ഓത്തുചെല്ലാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞാല്‍ ഈശ്വരന്റെ മുന്‍പില്‍ അതു കള്ളമാകും. അപ്പോള്‍ ഈശ്വരന്‍ കോപിക്കില്ലേ? എന്തുചെയ്യണമെന്നറിയാതെ രാമന്‍ നിന്നു വിയര്‍ത്തു.

''എന്താ, കുട്ടിപ്പട്ടേരി മിണ്ടാത്തത്? മോഹംല്യാ അല്ലേ?'' മേലേടം ചോദിച്ചു. ''ഉണ്ട് മോഹംണ്ട്,'' ധൈര്യം സംഭരിച്ച് രാമന്‍ ഒരു നുണ പറഞ്ഞു. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് ഭട്ടതിരിപ്പാട്, 'കിനാവും കണ്ണീരും' എന്ന ആത്മകഥയില്‍ ഇപ്രകാരം എഴുതുന്നു. ''എന്റെ ജീവിതത്തില്‍ മനഃപൂര്‍വം ഒരു നുണപറഞ്ഞത് അന്നാദ്യമായിരുന്നു. ആ വാക്ക് എന്റെ വായില്‍നിന്നു വീഴാന്‍ ഞാന്‍ നന്നേ പാടുപെടേണ്ടിവന്നു. നെറ്റിയില്‍നിന്ന് വിയര്‍പ്പു തുള്ളികള്‍ ഇറ്റിറ്റു വീണു.''

ഒരു നുണപറഞ്ഞ രാമന് അന്നുരാത്രി ശരിക്കുറങ്ങാനായില്ല. ഒരു ദുഃസ്വപ്നം കണ്ട് രാമന്‍ ഏറെ ഭയപ്പെട്ടുപോയി. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ''ഞാന്‍ ഞെട്ടിയുണര്‍ന്നു കണ്‍മിഴിച്ചു. ഇതൊക്കെ ഒരു സ്വപ്നമാണെന്ന ബോധം വന്നെങ്കിലും വിയര്‍ത്തുകുളിച്ച എന്റെ കിതപ്പുമാറാന്‍ പിന്നെയും സമയമെടുത്തു. എന്റെ ജീവിതത്തില്‍ പരോപദ്രവകരമല്ലാത്ത ചില അസത്യവാക്കുകള്‍ തമാശയ്ക്കായി ഞാന്‍ ഉപയോഗിച്ചിട്ടുണ്ടാകാം. ആ ദുശീലത്തില്‍നിന്നു രക്ഷപ്പെടാന്‍ ഞാന്‍ അധ്വാനിക്കാറുണ്ട്. ഒന്നു തീര്‍ച്ച: ഏതൊരു വ്യക്തിയേയും അപകടത്തിലാക്കുന്ന യാതൊരസത്യവും ഞാന്‍ പറഞ്ഞിട്ടില്ല. ഈ ദൃഢനിശ്ചയം പല ആപത്ഘട്ടങ്ങളില്‍നിന്നും എന്നെ രക്ഷിച്ചിട്ടുണ്ട്. സത്യം സ്വത്തിനേക്കാള്‍ വിലപിടിച്ച മൂലധനമാണ്. ജീവിതയാത്രയില്‍ ചെക്കുബുക്കിനേക്കാള്‍ അതുപകരിക്കും; തീര്‍ച്ച.''

ശാന്തിക്കാരന്‍, അധ്യാപകന്‍, പത്രാധിപര്‍, ക്ലാര്‍ക്ക്, വില്പനക്കാരന്‍, പ്രൂഫ് റീഡര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, സമുദായ പരിഷ്‌കര്‍ത്താവ് എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ജോലിചെയ്തിട്ടുള്ളയാളാണ് ഭട്ടതിരിപ്പാട്. പക്ഷേ, അപ്പോഴേയ്ക്കും ആരെയും ഉപദ്രവിക്കുന്ന തരത്തിലുള്ള ഒരസത്യവും പറയാന്‍ അദ്ദേഹം ഒരിക്കലും തയാറായില്ല.

'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകവും മറ്റും എഴുതി നമ്പൂതിരി സമുദായത്തില്‍ പരിവര്‍ത്തനത്തിന് കാറ്റുവിതച്ച ഈ വിപ്ലവകാരിയുടെ ജീവിതം അത്രമാത്രം സത്യസന്ധമായിരുന്നു.

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സത്യസന്ധത നിറഞ്ഞുനില്‍ക്കുന്ന ജീവിതം എത്ര മഹനീയമാണ്. അങ്ങനെയുള്ള ജീവിതംവഴി മാനവകുലത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ എത്രയോ മഹത്തരം! എന്നാല്‍, വാക്കിലും പ്രവൃത്തിയിലുമൊക്കെയുള്ള സത്യസന്ധതയുടെ കാര്യംവരുമ്പോള്‍ നമ്മില്‍ ഏറെപ്പേരുടെയും നട്ടെല്ലുകള്‍ വളഞ്ഞുപോകാറില്ലേ?

ഓരോരോ കാര്യലാഭത്തിനുവേണ്ടി എത്ര ലാഘവത്തോടെയാണ് നമ്മില്‍ പലരും അസത്യം പറയുകയും അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്! ഏതുവഴിയില്‍ക്കൂടിയാണെങ്കിലും നമ്മുടെ കാര്യങ്ങള്‍ നടക്കണം എന്നതല്ലേ പലപ്പോഴും നമ്മുടെ ചിന്ത? മറ്റാരും അറിയുന്നില്ലെങ്കില്‍ അസത്യം പറയുന്നതിലും അധര്‍മം പ്രവര്‍ത്തിക്കുന്നതിലും എന്താണു പിശക് എന്ന് അറിയാതെയാണെങ്കിലും ചിലപ്പോഴൊക്കെ നാം സ്വയം ചോദിച്ചുപോകാറില്ലേ?

ഇറാനിലെ പ്രശസ്തനായ ഒരു മതപണ്ഡിതനും മിസ്റ്റിക്കും ജഡ്ജിയും ആധ്യാത്മിക ഗ്രന്ഥകാരനുമായിരുന്നു ഒസ്താദ് ഇലാഹി (1895-1974). 'വേഡ്‌സ് ഓഫ് ട്രൂത്ത്' എന്ന തന്റെ പുസ്തകത്തിന്റെ ഒന്നാം വോളിയത്തില്‍ അദ്ദേഹം തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നുണ്ട്.

കൊറാമാബാദ് എന്ന പട്ടണത്തില്‍ അറ്റോര്‍ണി ജനറലായി ഇലാഹി സേവനമനുഷ്ഠിക്കുന്ന കാലം. അവിടെ ധനികനായ ഒരു വ്യാപാരിയുണ്ടായിരുന്നു. ആ വ്യാപാരിയുടെ ഒരു സഹോദരന്‍ മരിച്ചപ്പോള്‍ ആ സഹോദരന്റെ സമ്പത്തു മുഴുവന്‍ തട്ടിയെടുക്കുന്നതിനുള്ള ഒരു പരിപാടി ആവിഷ്‌കരിച്ച് അയാള്‍ അതു നടപ്പാക്കാന്‍ തുടങ്ങി. മരിച്ചുപോയ സഹോദരന്റെ മക്കള്‍ക്ക് ന്യായമായും കിട്ടേണ്ടിയിരുന്ന സമ്പത്താണ് വളഞ്ഞ മാര്‍ഗത്തിലൂടെ അയാള്‍ കൈക്കലാക്കാന്‍ ശ്രമിച്ചത്.

ഇക്കാര്യം മനസിലാക്കിയ ഇലാഹി നിയമപ്രകാരം അയാളോടു കണക്കുചോദിച്ചു: പക്ഷേ, സഹോദരന്റെ സമ്പത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ കൊടുക്കുന്നതിനു പകരം കൈക്കൂലി കൊടുത്ത് ഇലാഹിയെ സ്വാധീനിക്കാനാണ് അയാള്‍ ശ്രമിച്ചത്.

ഇലാഹിയുടെ ഓഫീസിലെത്തിയ വ്യാപാരി ഒരു വലിയ തുകയുടെ കവര്‍ മേശപ്പുറത്തുവച്ച് ഭവ്യതയോടെ പുഞ്ചിരിച്ചു. ''എന്താണിത്?'' ഇലാഹി ഗൗരവപൂര്‍വം ചോദിച്ചു.

''തിരുമേനി, ഇതൊരു ചെറിയ സമ്മാനമാണ്,'' അയാള്‍ സ്വരംതാഴ്ത്തിപ്പറഞ്ഞു: ''ഇവിടെ നമ്മള്‍ രണ്ടുപേരുമല്ലാതെ മറ്റാരുമില്ല.'' ഉടനെ ഇലാഹി സ്വരമുയര്‍ത്തിപ്പറഞ്ഞു: ''നിങ്ങള്‍ക്കു തെറ്റുപറ്റി. ഇവിടെ വേറൊരാള്‍ കൂടിയുണ്ട്-ദൈവം.''

മറ്റുള്ളവരെ വഞ്ചിച്ചും കൈക്കൂലി കൊടുത്തുമൊക്കെ പണമുണ്ടാക്കാനാണ് ആ വ്യാപാരി ശ്രമിച്ചത്. അത് മറ്റാരും അറിയാതിരുന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു അയാളുടെ ചിന്ത. എന്നാല്‍, ഇലാഹി അയാളെ ഓര്‍മിപ്പിച്ചതുപോലെ, നാം എത്ര രഹസ്യമായിഏത് അധര്‍മം ചെയ്താലും അതെല്ലാം വ്യക്തമായി കാണുന്ന കണ്ണുകള്‍ ഉണ്ടെന്നതു നാം ഒരിക്കലും മറന്നുകൂടാ.

ആര്‍ക്കും പിടികൊടുക്കാതെ കള്ളംപറയുന്നതിനും നിയമത്തിന്റെ പിടിയില്‍ വീഴാതെ അധര്‍മം പ്രവര്‍ത്തിക്കുന്നതിനുമൊക്കെ നമുക്കു സാധിച്ചേക്കാം. പക്ഷേ, അപ്പോഴും ദൈവത്തിന്റെ ദൃഷ്ടിയില്‍നിന്നു നമ്മുടെ തിന്മകള്‍ ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല. എന്നു മാത്രമല്ല, ഒരിക്കല്‍ അവിടത്തെ ന്യായാസനത്തിനു മുന്‍പില്‍ നമുക്കു നില്‌ക്കേണ്ടതായിട്ടും വരും.

ഭട്ടതിരിപ്പാട് ബാലനായിരുന്നപ്പോള്‍ പറയാനിടയായ നുണ യഥാര്‍ഥത്തില്‍ ഒരു നുണയായിരുന്നോ എന്നു സംശയിക്കണം. എങ്കില്‍പ്പോലും അതിന്റെ പേരില്‍ എന്തുമാത്രം മാനസിക സംഘര്‍ഷം അദ്ദേഹം അനുഭവിച്ചു! അങ്ങനെയെങ്കില്‍, കള്ളവും ചതിയും ജീവിതത്തിന്റെ മുഖമുദ്രയാക്കിമാറ്റിയിട്ടുള്ളവര്‍ എത്രമാത്രം പശ്ചാത്തപിക്കണം. ഭട്ടതിരിപ്പാട് എഴുതിയതുപോലെ, സത്യം സ്വത്തിനേക്കാള്‍ വിലപിടിച്ച മൂലധനം തന്നെ. ജീവിതയാത്രയില്‍ ചെക്കുബുക്കിനേക്കാള്‍ അത് ഉപകരിക്കും എന്നതു നമുക്കു മറക്കാതിരിക്കാം.
Share it:

Motivation Story

Post A Comment:

0 comments: