ലോകം കാണാന്‍ വലിയ ആഗ്രഹമായിരുന്നു ജൂലിയ ബുക്കാറിന്. അതുകൊണ്ടാണു പത്തുമാസം നീളുന്ന ഒരു യാത്രയ്ക്കു കാനഡയില്‍നിന്ന് ഈ ചെറുപ്പക്കാരി തുടക്കംകുറിച്ചത്. യാത്രയ്ക്കിടയില്‍ ആഫ്രിക്കയിലെ മണലാരണ്യങ്ങളും ഏഷ്യയിലെ നിബിഡവനങ്ങളുമൊക്കെ അവള്‍ കണ്ടു. പലപ്പോഴും കാല്‍നടയായും അപൂര്‍വമായി കഴുതപ്പുറത്തും ചിലപ്പോള്‍ റിക്ഷയിലും ബസിലും ട്രെയിനിലുമൊക്കെയാണ് അവള്‍ യാത്ര ചെയ്തത്.
യാത്രയുടെ അവസാനമായപ്പോഴേക്കും ജൂലിയ ജപ്പാനിലായിരുന്നു. ജപ്പാനിലെ കാഴ്ചകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ഭാഷയുടെ കാര്യത്തില്‍ അവള്‍ ശരിക്കും കഷ്ടപ്പെട്ടു. ഇംഗ്ലീഷ് ഭാഷയുമായി അല്പംപോലും സാമ്യമില്ലാത്ത ജാപ്പനീസ് ഭാഷ ജപ്പാനില്‍ അവളുടെ യാത്രയ്ക്ക് വല്ലാത്ത തടസം സൃഷ്ടിച്ചു. ജപ്പാനില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കുറവാണെന്നതാണു ജൂലിയയുടെ പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്.
ജപ്പാനിലെ നരിതാ എയര്‍പോര്‍ട്ടില്‍നിന്നായിരുന്നു കാനഡയിലേക്കുള്ള ജൂലിയയുടെ മടക്കയാത്ര. വിമാനത്താവളത്തില്‍ പോകാനായി അവള്‍ ഒരു റയില്‍വേ സ്റ്റേഷനിലെത്തി. പക്ഷേ, ഏതു ട്രെയിനാണ് അവിടേക്കു പോകുന്നതെന്നു കണ്ടുപിടിക്കുക ദുഷ്‌കരമായിരുന്നു. ജൂലിയ റെയില്‍വേസ്റ്റേഷനില്‍ അങ്ങനെ പകച്ചുനില്‍ക്കുമ്പോള്‍ ഒരു യുവതി അവളെ സമീപിച്ച് എവിടേക്കാണു പോകേണ്ടതെന്ന് ഇംഗ്ലീഷില്‍ ചോദിച്ചു. ഇംഗ്ലീഷ് അറിയാവുന്ന ഒരു ജപ്പാന്‍കാരിയെ കാണാനിടയായതില്‍ ജൂലിയ ഏറെ സന്തോഷിച്ചു. എയര്‍പോര്‍ട്ടിലേക്കുള്ള ട്രെയിന്‍ പുറപ്പെടാന്‍ കുറേ താമസമുണ്ടായിരുന്നു. തന്മൂലം, ജപ്പാന്‍കാരി യുവതി ജൂലിയയെ അടുത്തുള്ള ഒരു റെസ്റ്റോറന്റിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ അവര്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ജപ്പാന്‍കാരി താന്‍ അമേരിക്ക സന്ദര്‍ശിച്ച കാര്യം പരാമര്‍ശിച്ചു. ഏകയായി അമേരിക്കയില്‍ യാത്ര ചെയ്ത ആ യുവതി തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അവര്‍ക്ക് ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ചിരിക്കാന്‍ അവസരമുണ്ടായി.
അവസാനം ജൂലിയയുടെ ട്രെയിന്‍ പുറപ്പെടാനുള്ള സമയമായി. റെസ്റ്ററന്റിലെ ബില്ലു തീര്‍ത്ത് അവര്‍ വേഗം പുറത്തിറങ്ങി. ജപ്പാന്‍കാരിയാണ് ഇരുവരുടെയും ഭക്ഷണത്തിന്റെ പണം നല്‍കിയത്. ജൂലിയ തന്റെ ബാഗ്പായ്ക്ക് എടുത്ത് പ്ലാറ്റ്‌ഫോമിലേക്കു നടക്കാന്‍ തുടങ്ങുമ്പോള്‍ ജപ്പാന്‍കാരി പെട്ടെന്ന് അപ്രത്യക്ഷയായി. വിദേശിയായ തന്നോട് ഇത്രയേറെ കാരുണ്യം കാണിച്ച ആ യുവതിയോട് ഒരു നന്ദിവാക്കു പറയാന്‍ സാധിച്ചില്ലല്ലോ എന്ന കുണ്ഠിതത്തോടെ ജൂലിയ പ്ലാറ്റ്‌ഫോമിലേക്കു നടന്നു.
എന്നാല്‍, അല്പം കഴിഞ്ഞപ്പോള്‍ ആ യുവതി വീണ്ടും ജൂലിയയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഒരു ഭക്ഷണപ്പായ്ക്കറ്റുമായിട്ടാണ് അവള്‍ ജൂലിയയുടെ മുന്‍പിലെത്തിയത്. വന്നപാടെ ആ യുവതി ചോദിച്ചു: ''നിങ്ങള്‍ വെജിറ്റേറിയന്‍ അല്ലല്ലോ, ആണോ?'' ''അല്ല.'' എന്നു ജൂലിയ മറുപടി പറയുമ്പോഴേക്കും ആ യുവതി ഭക്ഷണപ്പായ്ക്കറ്റ് ജൂലിയയുടെ കൈയില്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ''ഇതു യാത്രയ്ക്കിടയില്‍ കഴിക്കാനാണ്. നല്ല യാത്ര ആശംസിക്കുന്നു. ഗുഡ്‌ബൈ.'' എങ്ങനെ നന്ദി പ്രകടിപ്പിക്കണമെന്നറിയാതെ ജൂലിയ വിഷമിക്കുമ്പോള്‍ വീണ്ടും 'ബൈ' പറഞ്ഞുകൊണ്ട് ജാപ്പനീസ് യുവതി ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.
പത്തുമാസം നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ പല തരക്കാരോടും ദേശക്കാരോടും ജൂലിയ ഇടപെടുകയുണ്ടായി. പലരില്‍നിന്നും ഒട്ടേറെ നല്ല അനുഭവം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, ജൂലിയയുടെ മനസില്‍ കുളിരുകോരിയിട്ട അനുഭവമായിരുന്നു ആ ജാപ്പനീസ് യുവതി നല്കിയത്. 'ജാപ്പനീസ് ഗുഡ്‌ബൈ' എന്ന പേരില്‍ ജൂലിയ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണക്കാരിയായ ഒരു വിദേശടൂറിസ്റ്റായിട്ടായിരുന്നു ജൂലിയ ജപ്പാനില്‍ എത്തിയത്. എന്നാല്‍, അവളോടു സൗഹൃദം പ്രകടിപ്പിക്കാനും വലിയ ചെലവില്ലാത്ത ഒരു സഹായം ചെയ്തുകൊടുക്കാനും ഒരു ജപ്പാന്‍കാരി തയാറായി. ജൂലിയയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത അനുഭവമായി അതുമാറി. അതുപോലെ, ആ യുവതിയുടെ സൗഹൃദപൂര്‍ണമായ പെരുമാറ്റം മനുഷ്യനന്മയിലുള്ള ജൂലിയയുടെ വിശ്വാസം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.
അതെ, ആര്‍ക്കും എപ്പോഴും അവസരോചിതമായ സഹായം ചെയ്തുകൊടുക്കാന്‍ സന്മനസുള്ള നല്ല മനുഷ്യര്‍ ലോകത്തില്‍ ധാരാളമുണ്ട്. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ പേരില്‍ മനുഷ്യര്‍ അന്യോന്യം പടവെട്ടി മരിക്കുന്നതു കാണുമ്പോള്‍ മനുഷ്യരുടെ നന്മയെക്കുറിച്ച് നമുക്കു സംശയം തോന്നാം. എന്നാല്‍, സംശയം വേണ്ട; ഹൃദയത്തിലും ജീവിതത്തിലും നന്മ നിറഞ്ഞുനില്ക്കുന്ന മനുഷ്യര്‍ ധാരാളമുണ്ട്. പക്ഷേ, നാം അങ്ങനെയുള്ളവരുടെ ഗണത്തില്‍പെടുന്നവരാണോ എന്നതാണു പ്രസക്തമായ ചോദ്യം.
മറ്റുള്ളവര്‍ പലപ്പോഴും പലരീതിയിലുള്ള സഹായം നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നുണ്ട്. നമുക്ക് സാധിക്കുന്നതാണെങ്കില്‍ തീര്‍ച്ചയായും അതു നാം ചെയ്തുകൊടുക്കണം. മറ്റുള്ളവര്‍ക്ക് ആവശ്യമുള്ളതും എന്നാല്‍ അവര്‍ പ്രതീക്ഷിക്കാത്തതുമായ സഹായം ചെയ്തുകൊടുക്കാന്‍ നമുക്കു സാധിച്ചാല്‍ അതു തീര്‍ച്ചയായും വലിയൊരു കാര്യംതന്നെയായിരിക്കും. അങ്ങനെ ചെയ്യുന്നതുവഴി മനുഷ്യ നന്മയിലുള്ള മറ്റുള്ളവരുടെ വിശ്വാസം ആഴപ്പെടുന്നതില്‍ നാം നമ്മുടെ പങ്ക് നിര്‍വഹിച്ചുവെന്ന് നമുക്ക് ആശ്വസിക്കാനാകും.
Post A Comment:
0 comments: