ഉള്‍ക്കണ്ണിലെ വെളിച്ചം

Share it:

ജപ്പാന്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനും മതപ്രസംഗകനുമായിരുന്നു കഗാവ ടൊയോഹിക്കോ (1888- -þ-1960). ചെറുപ്രായത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം അമേരിക്കന്‍ മിഷനറിമാരുടെ സംരക്ഷണത്തിലാണു വളര്‍ന്നത്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സെമിനാരിയില്‍ പ്രവേശിച്ച കഗാവ പ്രിസ്ബിറ്റേറിയന്‍ സഭയിലെ മതപ്രസംഗകനായി സേവനമാരംഭിച്ചു. ഇതിനിടെ പാവങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കുന്നതിനും സമയം കണെ്ടത്തിയിരുന്നു. ഉന്നതപഠനത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയിലാണു പഠിച്ചത്.

പഠനത്തിനുശേഷം ജപ്പാനില്‍ മടങ്ങിയെത്തിയ അദ്ദേഹം സാമൂഹിക പ്രവര്‍ത്തനരംഗത്തേക്കു തിരിഞ്ഞു. തൊഴിലാളിപ്രസ്ഥാനത്തിനു തുടക്കം കുറിച്ച അദ്ദേഹം നഗരത്തിലെ തൊഴിലാളികളുടെ കാര്യത്തില്‍ മാത്രമല്ല, ഗ്രാമങ്ങളിലെ പാവപ്പെട്ട കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അതീവ തത്പരനായിരുന്നു. അദ്ദേഹം എഴുതിയ 'ഷിസന്‍ ഒ കൊയോട്' എന്ന നോവല്‍ ഒരു ബെസ്റ്റ് സെല്ലറായി. 'ബിഫോര്‍ ദ ഡോണ്‍' എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ നോവലില്‍ നിന്നു ലഭിച്ച റോയല്‍റ്റി ഉപയോഗിച്ചാണു കഗാവ ജാപ്പനീസ് ലേബര്‍ മൂവ്‌മെന്റിനു രൂപം കൊടുത്തത്.

ടോക്കിയോയില്‍ സ്ഥിര താമസമാക്കിയിരുന്ന അദ്ദേഹം കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ സ്ഥാപിക്കുന്നതിനും സമാധാന പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതിനും പ്രയത്‌നിക്കുകയുണ്ടായി. യുദ്ധത്തിനെതിരായിരുന്ന കഗാവ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിലവില്‍വന്ന മന്ത്രിസഭയില്‍ അംഗമായിരുന്നു. ജപ്പാനിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപവത്കരണത്തിനു സഹായിച്ച അദ്ദേഹം 1955-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്യപ്പെടുകയുണ്ടായി.

നോവലുകളും സാമ്പത്തിക-സാമൂഹിക വിശകലനങ്ങളുമൊക്കെ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം ഇരുപത്തിനാലു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

പലവിധ രോഗങ്ങളാല്‍ വലഞ്ഞിരുന്ന കഗാവ ഒരവസരത്തില്‍ കണ്ണുകള്‍ക്കു ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ടേക്കുമോ എന്ന് ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. കണ്ണുകള്‍ക്കു ബാന്‍ഡേജ് വച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു സുഹൃത്ത് അദ്ദേഹത്തോടു ചോദിച്ചു: ''അങ്ങയുടെ ആരോഗ്യം ക്ഷയിച്ചു. അങ്ങയുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടതു പോലെയായി. മരണം അടുത്തുവരുന്നതു കാണുമ്പോള്‍ അങ്ങേക്കു ഭയമില്ലേ?''

കഗാവ പറഞ്ഞു: ''ഞാന്‍ ഈ അന്ധകാരത്തില്‍ കിടക്കുമ്പോള്‍ ദൈവം എനിക്കു പ്രകാശം തരുന്നു. എന്റെ വേദനയ്ക്കിടയിലും ദൈവത്തിന്റെ കാരുണ്യം എന്നെ ആവരണം ചെയ്തിരിക്കുന്നു. ഈ അന്ധകാരത്തില്‍ ഞാന്‍ തനിയെ ആണെന്ന് എനിക്കു തോന്നുന്നില്ല.''

അപ്പോള്‍ സുഹൃത്തു വീണ്ടും ചോദിച്ചു: ''അങ്ങ് എത്രമാത്രം സഹിക്കുന്നു! അങ്ങേക്കു കാണാനും സാധിക്കുന്നില്ല. അതു വലിയ ബുദ്ധിമുട്ടല്ലേ?''

''അതെ, കാണാന്‍ സാധിക്കാത്തതില്‍ വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്,'' അദ്ദേഹം പറഞ്ഞു. ''എന്നാല്‍, ബാഹ്യനേത്രങ്ങള്‍കൊണ്ടു കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അന്തര്‍നേത്രങ്ങള്‍കൊണ്ടു കാണാന്‍ സാധിക്കും. ദൈവം പ്രകാശംതന്നെയല്ലേ. പുറമേ അന്ധകാരമാണെങ്കിലും എന്റെ ആത്മാവ് ദൈവത്തിന്റെ പ്രകാശംകൊണ്ടു നിറഞ്ഞിരിക്കുകയാണ്.''

കണ്ണുകാണാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പിത്തടഞ്ഞപ്പോഴും കഗാവയുടെ ആത്മാവില്‍ ദൈവത്തിന്റെ പ്രകാശമുണ്ടായിരുന്നു. തന്മൂലം, അകക്കണ്ണുകളിലൂടെ എല്ലാം വ്യക്തമായി കാണുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ബാഹ്യ നേത്രങ്ങളുടെ അന്ധത അദ്ദേഹത്തെ നിരാശനാക്കിയില്ല.

നമുക്കു ബാഹ്യനേത്രങ്ങള്‍കൊണ്ട് എല്ലാം കാണാനാവുന്നുണ്ട്. എന്നാല്‍, അകക്കണ്ണുകള്‍ കൊണ്ടു നമുക്കു കാണാനാവുന്നുണേ്ടാ? അകക്കണ്ണുകള്‍കൊണ്ടു നമുക്കു കാണാനാവുന്നില്ലെങ്കില്‍ അതിന്റെ അര്‍ഥം നമ്മുടെ ആത്മാവിന്റെയുള്ളില്‍ ദൈവത്തിന്റെ പ്രകാശം ഇല്ല എന്നാണ്.

ദൈവത്തിന്റെ പ്രകാശത്താല്‍ കഗാവയുടെ ആത്മാവും ഹൃദയവും നിറഞ്ഞാണിരുന്നത്. തന്മൂലം, ശാരീരിക ക്ലേശങ്ങളുടെയിടയിലും അദ്ദേഹത്തിനു മനഃശാന്തി നഷ്ടപ്പെട്ടില്ല. താന്‍ ദൈവത്തിന്റെ കാരുണ്യത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന ദൃഢവിശ്വാസത്തോടെ അദ്ദേഹം പ്രതിബന്ധങ്ങള്‍ക്കിടയിലൂടെ മുന്നോട്ടുപോയി.

കഗാവയെപ്പോലെ നമുക്കും നമ്മുടെ ആത്മാവും ഹൃദയവും ദൈവത്തിന്റെ പ്രകാശത്താല്‍ നിറയ്ക്കാം. അപ്പോള്‍ ഏതു പ്രതിസന്ധിയിലും അക്ഷോഭ്യരായി നമുക്കു മുന്നോട്ടുപോകാനാവും. ഒരു പ്രതിസന്ധിക്കും നമ്മെ തളര്‍ത്താനാവുകയില്ല.
Share it:

Motivation Story

Post A Comment:

0 comments: