ദേഷ്യം... ദേഷ്യം... ദേഷ്യം... എല്ലാവർക്കും ദേഷ്യമാണ്. പല ബന്ധങ്ങളും തകരാനുള്ള പ്രധാന കാരണവും ഈ ദേഷ്യം തന്നെ. സ്നേഹമുള്ളിടത്തേ പരിഭവവും വഴക്കും ഒക്കെ ഉണ്ടാകുകയുള്ളൂ എന്നാണ് പറയാറുള്ളത്. എന്നാൽ വഴക്കിടുമ്പോൾ ഇതൊക്കെ ചിന്തിക്കാൻ നമുക്ക് എവിടാ നേരം? അതിപ്പോ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ജീവിത പങ്കാളിയോ ആരും ആയിക്കൊള്ളട്ടെ! തമ്മിൽ വഴക്കിടുമ്പോൾ ഉണ്ടാവുന്ന ദേഷ്യത്തിൽ നാം അവരെ കുറ്റപ്പെടുത്തുകയും വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുകയും ചെയ്യുന്നത് പതിവാണ്. പെട്ടെന്ന് ഉണ്ടാവുന്ന ദേഷ്യത്തെ തുടർന്ന് ആക്രോശിക്കുകയും കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിയുകയും ചെയ്യുന്നവരുമുണ്ട്. എന്നാൽ പിന്നീട് അതെല്ലാമോർത്ത് വിഷമിക്കുകയും, അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും.
ക്രോധത്തെ കുറിച്ച് ഒരു കഥയുണ്ട്... അത് ഇങ്ങനെ ; പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ അയാൾ വേട്ടയ്ക്കിറങ്ങി. കുറെ നേരം കാടും മലയും താണ്ടിയെങ്കിലും ഒരു മൃഗത്തെപ്പോലും കിട്ടിയില്ല. തളർന്നു വിശ്രമിക്കാനിരുന്ന അയാൾ കുറച്ചകലെ അരുവി കണ്ടു. ഇലകൊണ്ടു കുമ്പിളുണ്ടാക്കി കുടിക്കാൻ വെള്ളമെടുത്തു. പെട്ടെന്ന് പറന്നെത്തിയ ഒരു പക്ഷി അതു തട്ടിത്തെറിപ്പിച്ചു. അയാൾ ദേഷ്യത്തോടെ വീണ്ടും വെള്ളമെടുത്തു. പക്ഷി പിന്നെയും കുമ്പിൾ തട്ടിക്കളഞ്ഞു. മൂന്നാം തവണയും അതു തന്നെ സംഭവിച്ചപ്പോൾ അയാൾ പക്ഷിയെ അമ്പെയ്തു വീഴ്ത്തി. ക്രോധം ശമിച്ചപ്പോൾ അയാൾ ചിന്തിച്ചു – മൂന്നു തവണ പക്ഷി അങ്ങനെ ചെയ്യണമെങ്കിൽ എന്തെങ്കിലും കാരണം കാണും. അയാൾ അരുവിയുടെ കരയിലൂടെ നടന്നു. കുറച്ചുദൂരം നടന്നപ്പോൾ മൃതദേഹങ്ങൾ കണ്ടു – അരുവിയിൽനിന്നു വെള്ളം കുടിച്ചവർ! ആ വെള്ളത്തിൽ വിഷം കലർന്നിരുന്നു!
പരിഹാരമില്ലാത്ത അധമവികാരമാണ് ക്രോധം. കോപിച്ചിരിക്കുന്ന സമയത്തു ചെയ്യുന്ന പ്രവൃത്തിക്ക് പിന്നീടൊരിക്കലും പരിഹാരം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. ക്ഷിപ്രകോപി ആത്മനാശത്തിനും ചുറ്റുമുള്ളവരുടെ നാശത്തിനും കാരണമാകും. പൊട്ടിച്ചിതറിയ കണ്ണാടി എത്ര മനോഹരമായി കൂട്ടിച്ചേർത്താലും ചില മുറിപ്പാടുകൾ ശേഷിക്കും. കോപിക്കുന്നവൻ ഉണ്ടാക്കുന്ന മുറിവുകൾ ഉണക്കാൻ പറ്റിയ ഒരു ലേപനവും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
'അതിവേഗം ആപത്ത്’ എന്നതു വഴിയുടെ മാത്രമല്ല, മനസ്സിന്റെ കൂടി നിയമമാണ്. നിയന്ത്രണാതീതമാകുന്ന വാഹനത്തിനും വികാരത്തിനും ശരവേഗമുണ്ടാകും. ക്രോധാവേശത്തിൽ നിൽക്കുന്നയാൾക്ക് ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം നഷ്ടമാകും. മുന്നറിയിപ്പുകൾക്ക് ഒരിക്കലും മധുരമുണ്ടാകില്ല. സൂക്ഷിച്ചില്ലെങ്കിൽ കുടിക്കേണ്ടിവരുന്ന കയ്പുനീരിന്റെ അതേ അരുചിയാകും ഓരോ താക്കീതിനും. മുന്നറിയിപ്പുകളോടു മത്സരിക്കാതെ, അവ നൽകുന്ന പാഠങ്ങൾ ഉൾക്കൊള്ളുകയാണ് മികവിനുള്ള മാർഗം.
ആധ്യാത്മരാമായണത്തിൽ ക്രോധത്തെ കുറിച്ച് എഴുത്തച്ഛൻ എഴുതിയിരിക്കുന്നത് കൂടി പറഞ്ഞ് നിർത്താം .
"ക്രോധമൂലം മനസ്താപമുണ്ടായ്‌വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമല്ലോ യമനായതു നിർണ്ണയം,
വൈതരണ്യാഖ്യയാകുന്നത് തൃഷ്ണയും.”
Post A Comment:
0 comments: