പണം

Share it:

തീക്ഷ്ണതയുള്ള മതപുരോഹിതനായിരുന്നു അദ്ദേഹം. ദൈവവചന പ്രഘോഷണത്തോടൊപ്പം സാമൂഹികപ്രവര്‍ത്തനത്തിലും അദ്ദേഹം തത്പരനായിരുന്നു. ദരിദ്രരെയും പീഡിതരെയും സഹായിക്കുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

പ്രേഷിത പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ പാവങ്ങളോടുള്ള താത്പര്യംമൂലം അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: എനിക്ക് പണമുണ്ടായിരുന്നുവെങ്കില്‍ പാവങ്ങളെ തീര്‍ച്ചയായും ഞാന്‍ സഹായിക്കുമായിരുന്നു. കാരണം, അത്രമാത്രം പ്രധാനപ്പെട്ട കാര്യമാണിത്.

അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടുള്ളവരെല്ലാം പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം എത്രമാത്രം അഗാധമാണെന്നു മനസിലാക്കിയിരുന്നു. അതിന്റെ പേരില്‍ അവര്‍ക്ക് അദ്ദേഹത്തോട് ഏറെ ബഹുമാനവുമായിരുന്നു.

താന്‍ ജോലിചെയ്തിരുന്ന അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തില്‍ത്തന്നെ അദ്ദേഹത്തിന് കുറെ സ്ഥലമുണ്ടായിരുന്നു. ഒരു സുപ്രഭാതത്തില്‍ ആ സ്ഥലത്ത് സാമാന്യം വലിയ എണ്ണശേഖരം ഉണെ്ടന്നു കണ്ടുപിടിക്കപ്പെട്ടു. എണ്ണയുടെ വരുമാനമായി അദ്ദേഹത്തിന് ആദ്യം ലഭിച്ച ചെക്ക് ഒരുലക്ഷത്തിലധികം ഡോളറിന്റേതായിരുന്നു.

ലോട്ടറിയടിച്ചതുപോലെ ധാരാളം പണംകിട്ടിയപ്പോള്‍ അദ്ദേഹം ആ പണംകൊണ്ട് എന്താണു ചെയ്തത്? പാവങ്ങളെ സഹായിച്ചോ? കൈനിറയെ പണം കിട്ടിയപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് തനിക്കും കുടുംബത്തിനും വലിയ ഒരു വീടുപണിയുകയായിരുന്നു. അതിനുശേഷം ചലിക്കുന്ന കൊട്ടാരംപോലെയുള്ള ഒരു കാര്‍ വാങ്ങി. അതോടൊപ്പം തന്റെ എല്ലാ ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

പാവങ്ങളുടെ പ്രേഷിതനായി അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പോക്കുകണ്ടപ്പോള്‍ പലരും അന്തംവിട്ടുപോയി. അവരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ച് പണ്ടുകാലത്ത് അദ്ദേഹം പാവങ്ങളെക്കുറിച്ചു പറഞ്ഞിരുന്ന കാര്യം ഓര്‍മിപ്പിച്ചു. അപ്പോള്‍ അദ്ദേഹം നിസംഗതയോടെ പറഞ്ഞു: പണം എല്ലാ കാര്യങ്ങളും മാറ്റിമറിക്കുന്നു

സങ്കടകരമായ കഥയാണിതെങ്കിലും നടന്ന സംഭവംതന്നെയാണിത്. ദൈവത്തിനും ദൈവജനത്തിനുംവേണ്ടി അര്‍പ്പിതനായ ഈ മതപുരോഹിതനെ എത്രവേഗത്തിലാണ് പണം മാറ്റിമറിച്ചത്! അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചുവെങ്കില്‍ സാധാരണക്കാരായ നമ്മുടെയെല്ലാം ജീവിതത്തില്‍ പണം എന്തെല്ലാം മാറ്റിമറിച്ചുകൂടായ്കയില്ല!

പണം എല്ലാ തിന്മകളുടെയും മൂലകാരണമാണെന്നു പറയാറുണ്ട്. എന്നാല്‍ ഇത് എപ്പോഴും ശരിയായിരിക്കണമെന്നില്ല. കാരണം പണക്കാരായ എത്രയോപേര്‍ നല്ലവരായും നന്മചെയ്യുന്നവരായും നമ്മുടെയിടയിലുണ്ട്! പണത്തിന്റെ മാസ്മരിക ശക്തിക്കു വിധേയരാകാത്തവരാണിവര്‍.

 പണത്തോടുള്ള സ്‌നേഹം എല്ലാ തിന്മകളുടെയും മൂലകാരണമാണ് എന്നതിനെക്കുറിച്ച് സംശയം വേണ്ട. കാരണം പണത്തെ ആരു സ്‌നേഹിക്കുന്നുവോ അവര്‍ ഏതെങ്കിലും രീതിയില്‍ വഴിപിഴയ്ക്കുമെന്നതിനെക്കുറിച്ച് രണ്ടുപക്ഷമില്ല.

പണത്തോടുള്ള സ്‌നേഹം എന്നുപറയുമ്പോള്‍ പണത്തോടുള്ള അമിതസ്‌നേഹമാണ് ഇവിടെ വിവക്ഷിക്കുന്നത്. നമ്മുടെ അനുദിന ജീവിതത്തില്‍ പണമില്ലാതെ നമുക്കു ജീവിക്കാനാവില്ല എന്നതു ശരിതന്നെ. എന്നാല്‍ നാം പണത്തെ എന്നു സ്‌നേഹിക്കുവാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ നമ്മുടെ ജീവിതത്തെ ഓരോരോ രീതിയില്‍ അതു മാറ്റിമറിച്ചുകൊണ്ടിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ പണം നല്‍കുന്ന പ്രലോഭനത്തില്‍നിന്നു നാം അകന്നുനിന്നേ മതിയാകൂ.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബോഷ് എന്ന ചിത്രകാരന്‍ മരണാസന്നനായ ഒരു മനുഷ്യന്റെ മനോഹരമായ ഒരു ചിത്രം വരച്ചിട്ടുണ്ട്. മരണക്കിടക്കയില്‍ കിടക്കുന്ന അയാളുടെ ഒരു വശത്തു നില്‍ക്കുന്നത് ഒരു മാലാഖയാണ്. അല്പം അകലെയായി വച്ചിരിക്കുന്ന യേശുവിന്റെ ചിത്രത്തിലേക്കു നോക്കുവാനാണ് മാലാഖ ആ മനുഷ്യനോട് ആവശ്യപ്പെടുന്നത്.

മാലാഖ നില്‍ക്കുന്നതിന്റെ മറുവശത്ത് നിലയുറപ്പിച്ചിരിക്കുന്നത് ഒരു പിശാചാണ്. ആ പിശാചിന്റെ കൈയില്‍ കെട്ടുകണക്കിന് പണമുണ്ട്. പണം കാണിച്ച് ആ മനുഷ്യനെ എളുപ്പത്തില്‍ കൈയിലെടുക്കാമെന്നാണ് പിശാചിന്റെ നിലപാട്.

ആരാണ് ഇവിടെ വിജയിക്കുന്നത്? പിശാചോ മാലാഖയോ? വാഷിംഗ്ടണ്‍ ഡി.സി.യിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയിലിരിക്കുന്ന ഈ ചിത്രം കാണുമ്പോള്‍ നാം ഓരോരുത്തരും ഇക്കാര്യം സംബന്ധിച്ച് വിധിയെഴുതുവാന്‍ നിര്‍ബന്ധിക്കപ്പെടും. കാരണം നമ്മുടെ ജീവിതവുമായി അത്രമാത്രം ബന്ധപ്പെട്ട ഒരു പ്രമേയമാണിത്.

പണംകാണിച്ച് ആരെങ്കിലും നമ്മെ പ്രലോഭിപ്പിച്ചാല്‍ നാം അതില്‍ വീഴില്ലെന്ന് ഒരുപക്ഷേ നാം പറയുമായിരിക്കും. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അത്ര തീര്‍ച്ച വേണ്ട. കാരണം, പണം എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ എന്തെല്ലാം അനീതിയും അക്രമവും നാം അനുദിനം കാണുന്നുണ്ട്! പണത്തിന്റെ പേരില്‍മാത്രം എത്രയേറെ കുടുംബബന്ധങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കുമാണ് തകര്‍ച്ച സംഭവിക്കുന്നത്!

മനുഷ്യനു പണത്തോടുള്ള അമിതമോഹമില്ലായിരുന്നുവെങ്കില്‍ നമ്മുടെ ലോകം ഇപ്പോഴുള്ളതില്‍നിന്ന് എത്രയേറെ മെച്ചപ്പെട്ടതാകുമായിരുന്നു! അതുപോലെ നമ്മുടെയും ജീവിതം ഇപ്പോഴുള്ളതില്‍നിന്ന് എത്രമാത്രം ശ്രേഷ്ഠമാകുമായിരുന്നു! ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാനും നശിപ്പിക്കാനും ശക്തിയുള്ളതാണു പണം. നമ്മുടെ ജീവിതത്തെ ഇടിച്ചുതകര്‍ക്കുന്ന ശക്തിയല്ല, പ്രത്യുത കെട്ടിപ്പടുക്കുന്ന ശക്തിയാണ് പണം എന്ന് ഉറപ്പുവരുത്തുവാന്‍ നമുക്കു ശ്രദ്ധിക്കാം.
Share it:

Motivation Story

Post A Comment:

0 comments: