പകല്‍മാന്യത

Share it:

അമേരിക്കന്‍ സ്വാതന്ത്ര്യസമരം നടക്കുന്ന കാലം. ജനറല്‍ റീഡ് ആയിരുന്നു അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്. ജനറല്‍ റീഡിനെ തങ്ങളുടെ പക്ഷത്തേക്കു കിട്ടിയാല്‍ അമേരിക്കന്‍ സ്വാതന്ത്ര്യസമരം പരാജയപ്പെടുത്താമെന്ന് അന്നു ചില ബ്രിട്ടീഷുകാര്‍ക്കു പ്രതീക്ഷയുണ്ടായിരുന്നു.

ഈ പ്രതീക്ഷയുടെ പിന്‍ബലത്തില്‍ ബ്രിട്ടീഷ് കമ്മീഷണര്‍മാരിലൊരാള്‍ ജനറല്‍ റീഡിനെ സമീപിച്ച് പതിനായിരം സ്വര്‍ണനാണയങ്ങള്‍ വാഗ്ദാനംചെയ്തു. ജനറല്‍ റീഡ് പറഞ്ഞു: ''സുഹൃത്തേ, ഞാന്‍ ദരിദ്രനാണ്. എന്നാല്‍, എന്നെ വിലയ്ക്കുവാങ്ങുവാന്‍ മാത്രം നിങ്ങളുടെ രാജാവ് ധനികനല്ല.

എത്ര വന്‍തുക കൈക്കൂലി കൊടുത്താലും അതില്‍ വീഴുന്നവനായിരുന്നില്ല അദ്ദേഹം. അതുകൊണ്ടാണ് തന്നെ വിലയ്ക്കു വാങ്ങുവാന്‍ മാത്രം ധനികനല്ല ബ്രിട്ടീഷ് രാജാവ് എന്ന് ജനറല്‍ റീഡ് പറഞ്ഞത്.

അഴിമതിയുടെ കറപുരളാത്ത നേതാവായിരുന്നു ജനറല്‍ റീഡ്. കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കുവാന്‍പോലും സാധ്യമല്ലായിരുന്നു.

ജനറല്‍ റീഡിന്റെ കഥ കേള്‍ക്കുമ്പോള്‍, ജീവിക്കുവാനറിയാത്തവന്‍ എന്നു ചിലരെങ്കിലും അദ്ദേഹത്തെ പരിഹസിച്ചേക്കാം. എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? ജീവിക്കുവാനറിയാമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ അന്തസായി പെരുമാറേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എങ്ങനെയെന്ന് അദ്ദേഹത്തിനു വ്യക്തമായി അറിയാമായിരുന്നു. തന്മൂലമാണു കൈക്കൂലിയുടെ ചൂണ്ടയില്‍ അദ്ദേഹം വീഴാതിരുന്നത്.

ജീവിക്കുവാനായി പലരീതിയില്‍ പാടുപെടുന്നവരാണു നാമെല്ലാം. ഇതിനിടയില്‍ നമ്മില്‍ ചിലരെങ്കിലും ജീവിതം കുറെക്കൂടി എളുപ്പവും സുഖകരവുമാക്കുവാന്‍വേണ്ടി വളഞ്ഞവഴികള്‍ തേടുന്നുണെ്ടന്നുള്ളതാണ് സത്യം. അഴിമതിയും അക്രമവും കൈക്കൂലിയുമൊക്കെ അങ്ങനെ ചിലരുടെയെങ്കിലും ജീവിതത്തിന്റെ ഭാഗമായി മാറുന്നു. പക്ഷേ, അതുവഴി തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം എത്രയേറെയാണെന്ന് അവര്‍ ചിന്തിക്കാറുണേ്ടാ?

തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ മാന്യന്മാരെന്നു നാം വിളിക്കുമോ? അഴിമതി നടത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്നവരെ നാം ഏതെങ്കിലും രീതിയില്‍ ആദരിക്കുമോ? തട്ടിപ്പും വെട്ടിപ്പും അഴിമതിയും കൈക്കൂലിയുമൊക്കെ തെറ്റാണെന്നു നമുക്കറിയാം. എങ്കിലും നമ്മില്‍ ചിലരെങ്കിലും തെറ്റായ ഈ വഴികളിലൂടെ പലപ്പോഴും നടക്കുന്നു. അങ്ങനെ തങ്ങളുടെ ജീവിതം മ്ലേച്ഛവും ഹീനവുമായി മാറാന്‍ അവര്‍ അനുവദിക്കുന്നു.

എന്നാല്‍, ജീവിതമെന്തെന്നും ജീവിക്കേണ്ടതെങ്ങനെയെന്നും ശരിക്കറിയാവുന്നവര്‍ തെറ്റായ ഈ വഴികള്‍ തെരഞ്ഞെടുക്കാറില്ല. അവര്‍ എപ്പോഴും ഏതു പ്രലോഭനത്തെയും ചെറുത്തുനില്‍ക്കുകതന്നെ ചെയ്യും.

റോമന്‍ സെനറ്റിലെ തലയെടുപ്പുള്ള ഒരു അംഗമായിരുന്നു ഫബ്രീഷ്യസ്. അദ്ദേഹത്തെ സ്വാധീനിക്കുന്നതിനുവേണ്ടി ഗ്രീസിലെ എപ്പൈറസ് രാജ്യത്തെ രാജാവായിരുന്ന പൈറസ് (318-272 ബി.സി.) ഒരു ശ്രമം നടത്തി. അപ്പോള്‍ ഫബ്രീഷ്യസ് കൊടുത്ത മറുപടി ശ്രദ്ധേയമാണ്:

''എനിക്ക് അല്പം കൃഷിസ്ഥലം മാത്രമേയുള്ളൂ. അതാണെങ്കില്‍ അത്ര ഫലസമ്പന്നവുമല്ല. എങ്കിലും എനിക്കു ജീവിക്കുവാനുള്ള വക അതില്‍നിന്നു ലഭിക്കുന്നു. ധനസമ്പാദനമായിരുന്നു എന്റെ ലക്ഷ്യമെങ്കില്‍ ഞാന്‍ എത്രയോ പണ്ടേ വലിയ ധനികനാകുമായിരുന്നു! റോമിന്റെ ശത്രുക്കളെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതില്‍ ഞാനും മുമ്പനായിരുന്നു. എനിക്കു വേണമായിരുന്നെങ്കില്‍ ഓരോ യുദ്ധത്തിനുശേഷവും പൊന്നും വെള്ളിയും ഇഷ്ടംപോലെ സമ്പാദിക്കാമായിരുന്നു. എന്നാല്‍, ഞാനതു ചെയ്തില്ല.

''ഇനിയിപ്പോള്‍ താങ്കളില്‍നിന്നു ധനം സമ്പാദിച്ചു ധനികനാകണമെന്ന് എനിക്കാഗ്രഹമില്ല. താങ്കള്‍ താങ്കളുടെ പൊന്നും വെള്ളിയുമൊക്കെ സ്വന്തം കൈയില്‍ വച്ചുകൊള്ളൂ. ഞാന്‍ എന്റെ ദാരിദ്ര്യവും അതോടൊപ്പം എന്റെ മാന്യതയും എന്നോടൊപ്പം സൂക്ഷിച്ചുകൊള്ളാം.

ആരെയും ആകര്‍ഷിക്കത്തക്ക വാഗ്ദാനമായിരുന്നു ഫബ്രീഷ്യസിനു പൈറസ് നല്‍കിയത്. എങ്കിലും ഫബ്രീഷ്യസ് പൈറസിന്റെ വലയില്‍ വീണില്ല. തെറ്റായ വഴിയിലൂടെയുള്ള ധനസമ്പാദനത്തിനു പകരം ആത്മാഭിമാനം കൈവിടാതെയുള്ള ദാരിദ്ര്യമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. തന്മൂലം അന്തസോടെ ജീവിക്കുവാനും അന്തസ് നഷ്ടപ്പെടാതെ മരിക്കുവാനും അദ്ദേഹത്തിനു സാധിച്ചു.

ജനറല്‍ റീഡിനെപ്പോലെ തന്നെ, ജീവിക്കേണ്ടതെങ്ങനെയെന്ന് അറിയാമായിരുന്ന വ്യക്തിയായിരുന്നു ഫബ്രീഷ്യസ്. സ്വന്തം ആത്മാഭിമാനവും മാന്യതയും പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു ജീവിതം അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല. അതുകൊണ്ട് ധനത്തിന്റെ പ്രലോഭനത്തെ ചെറുത്തുനില്‍ക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

അമിതമായ ധനമോഹമാണ് ഇപ്പോഴും പലരെയും അഴിമതിയുടെ ചെളിക്കുണ്ടില്‍ വീഴ്ത്തുന്നത്. ജീവിക്കുവാന്‍വേണ്ടി എന്നു പറഞ്ഞ് കൈക്കൂലി വാങ്ങുന്നവരും ധനമോഹത്തിന്റെ അടിമകളാണെന്നതില്‍ സംശയമില്ല.

ജീവിക്കുവാന്‍ പണംവേണം എന്നതു ശരിതന്നെ. എന്നാല്‍, അതു സമ്പാദിക്കുന്നതു ശരിയായ രീതിയില്‍ത്തന്നെയായിരിക്കണം. അല്ലാതെ പോയാല്‍, ജീവിക്കുവാനുള്ള നമ്മുടെ വ്യഗ്രതയ്ക്കിടയില്‍ ആത്മാഭിമാനവും മാന്യതയും സത്യസന്ധതയുമൊക്കെ കളഞ്ഞുകുളിക്കും. അപ്പോള്‍പ്പിന്നെ വെറും പകല്‍മാന്യന്മാരായി നമുക്കു ജീവിക്കേണ്ടിവരും.

അഴിമതിയും അക്രമവും നടത്തുമ്പോഴും മാന്യതയുടെ മൂടുപടമണിഞ്ഞ പകല്‍മാന്യന്മാരായി നമുക്കു ജീവിക്കാന്‍ സാധിക്കും. പക്ഷേ, ആത്മാഭിമാനം കളഞ്ഞുകുളിച്ചുകൊണ്ടുള്ള ഈ ജീവിതശൈലിയെ നാംതന്നെ നമ്മുടെ ഉള്ളില്‍ ആദരിക്കുകയില്ല. അപ്പോള്‍പ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ?

പകല്‍മാന്യതയ്ക്കപ്പുറമുള്ള മാന്യതയുടെ പാത നമുക്കു സ്വീകരിക്കാം. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ നമുക്കു ശ്രമിക്കാം. അപ്പോള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചു നമുക്കും മറ്റുള്ളവര്‍ക്കും ഏറെ സംതൃപ്തിയും സന്തോഷവും ഉണ്ടാകും.
Share it:

Motivation Story

Post A Comment:

0 comments: