പ്രിയകൂട്ടുകാരേ,
എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനും, എല്ലാ ഭയവും തകർക്കാനും, എല്ലാ വേദനകളും മറക്കാനുമുള്ള ഏറ്റവും നല്ല മാർഗ്ഗം പുഞ്ചിരിയാണ്.പുഞ്ചിരി അത് എല്ലാവരുടെയും ഹൃദയത്തിന്റെ പൂട്ടിൽ ചേരുന്ന താക്കോലാണ്. നാം ഓരോരുത്തർക്കും നല്ല നർമ്മബോധവും,അത് ആസ്വദിക്കാനുള്ള മനസ്സും, ജീവിതത്തോട് ശുഭ സമീപനവും ഉണ്ടെങ്കിൽ ജീവിതം എത്ര മനോഹരമാണ്.
കൂട്ടുകാർക്കൊപ്പം നർമ്മം ആസ്വദിക്കാനും,
മറ്റുള്ളവർക്ക് ഒരിക്കലും വേദനിക്കാത്ത തരത്തിൽ നർമ്മത്തിൽ സംസാരിക്കാനുമുള്ള കഴിവ് നാം ഓരോരുത്തരും ആർജ്ജിച്ചെടുക്കേണ്ടതാണ്. ഇന്ന് ജൂലൈ 5..ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കംമുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം.
അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുതന്നെയായിരുന്നു നർമ്മം. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും, കൂടെ കരയിപ്പിക്കുകയും ചെയ്തു .... സമൂഹത്തിനെതിരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വയ്ക്കുകയും, മനോഹരങ്ങളായ സർഗ്ഗരചനകളാൽ വായനക്കാരിൽ എത്തിക്കുകയും ചെയ്തു.
വിദ്യാലയങ്ങളിലെ സമപ്രായക്കാരുമായുള്ള കൂട്ടുകാരുടെ, നർമ്മത്തിൽ ചാലിച്ചുള്ള ഇടപെടലുകൾ മാനസികസംഘർഷം കുറയ്ക്കുന്നതിനു ഒരു പരിധി വരെ സഹായകമാണ്. കൂട്ടുകാർ നർമ്മരസ പ്രധാനമുള്ള (ബഷീർ കൃതികൾ പോലെയുള്ള) പുസ്തകങ്ങൾ, വായിക്കാൻ താല്പര്യം കാണിക്കാനും,അധ്യാപകർ അത്തരം പുസ്തകങ്ങൾ കൂട്ടുകാർക്ക് പരിചയപ്പെടുത്താനും, മുൻകൈ എടുക്കണം.എല്ലാ പ്രായക്കാർക്കും നർമ്മം ആസ്വദിക്കാൻ കഴിയും .കൂടുതൽ ചിരിക്കുക,ജീവിതം ആസ്വദിക്കുക, ഒന്നിനെക്കുറിച്ചും അമിതമായി ചിന്തിക്കാതിരിക്കുക എന്നതും നാം ഓരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കണം .നമുക്ക് എപ്പോഴും പുഞ്ചിരിയോടെ പരസ്പരം കണ്ടുമുട്ടാം. " പുഞ്ചിരി സ്നേഹത്തിന്റെ തുടക്കമാണെന്ന " മദർ തെരെസയുടെ വാക്കുകൾ കൂടി ഓർക്കാം... എല്ലാ കൂട്ടുകാർക്കും നന്മയും,നർമ്മവും സന്തോഷവും, നിറഞ്ഞ ദിനം ആശംസിക്കുന്നു.
Post A Comment:
0 comments: