പ്രിയ കൂട്ടുകാരേ,
ജീവിതത്തിൽ നാം ഒന്നിനേയും നിസ്സാരമായി കാണരുത്.ആരും തന്നെ നിസ്സാരരല്ല. നാം സ്വയം ഓരോരുത്തരുടെ ജീവിതത്തിനും മൂല്യം നിർണ്ണയിക്കുക.എനിക്ക് ഇന്ന് സ്വന്തമായും,മറ്റുള്ളവർക്കു വേണ്ടിയും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചു കൊണ്ടു വേണം ഒരു ദിനമാരംഭിക്കാൻ .കൊച്ചുകുട്ടികൾക്ക് പോലും നന്മയാർന്ന ധാരാളം കാര്യങ്ങൾ നിത്യവും ചെയ്യാൻ കഴിയും.ഞാൻ നിസ്സാരക്കാരനല്ല എന്ന് സ്വയം തോന്നുകയും, ആത്മാഭിമാനത്തോടെ എപ്പോഴും പെരുമാറാൻ ശ്രമിക്കുകയും വേണം.സമയത്തിന് വില കല്പിക്കുക.
ഫ്രാൻസിസ് ബേക്കണിന്റെ ഭാഷയിൽ പറഞ്ഞാൽ ശരിയായ സമയം തെരഞ്ഞെടുക്കയെന്നാൽ സമയത്തെ മിച്ചപ്പെടുത്തുകയാണ് എന്നാണർത്ഥം.കുഞ്ഞുപ്രായത്തിലെ സമയത്തിന്റെ മൂല്യവും അറിഞ്ഞിരിക്കണം.നാണയങ്ങൾ എപ്പോഴും ശബ്ദമുണ്ടാക്കാറില്ലേ. എന്നാൽ കറൻസി നോട്ടുകൾ ശാന്തമാണ്.അതുപോലെ നാം ഓരോരുത്തരുടെയും മൂല്യം കൂടുന്നതനുസരിച്ചു പക്വതയുണ്ടാവുകയും,നാം ശാന്തരായി പെരുമാറുകയും ചെയ്യണം.എപ്പോഴും അത്രമേൽ പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോൾ മാത്രമാണ് നാം അതിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയപ്പെടുന്നത്.കുടുംബ ബന്ധങ്ങളും, സുഹൃത്ത് ബന്ധങ്ങളും പവിത്രമായി സൂക്ഷിക്കണം.നാം എന്തു നേടുമ്പോഴും അതിന് നാം അർഹരാണോ എന്ന് സ്വയം വിലയിരുത്തണം.അർഹതയില്ലാതെ നേടുന്നതെന്തും കുറേ കഴിയുമ്പോൾ കൈമോശം വന്നുപോയേക്കാം. അർഹമായ കൈകളിലെത്തുമ്പോഴേ ഏതുവസ്തുവിനും അതിന്റെതായ മൂല്യമുണ്ടാകൂ."മൂല്യം മൂല്യവത്താവുന്നത്, അതിന്റെ മൂല്യം നാം മൂല്യവത്താക്കുമ്പോഴാണ്" എന്ന സ്വാമി ദയാനന്ദ സരസ്വതിയുടെ വാക്കുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓരോരുത്തർക്കും കഴിയട്ടെ എന്നാശംസിക്കുന്നു... ശുഭദിനം നേരുന്നു.
Post A Comment:
0 comments: