ദുന്ദുഭി. പോത്തിന്റെ തലയും കൊമ്പുമുള്ള ഒരു അസുരനായിരുന്നു അയാള്‍. ആയിരം ആനയുടെ ശക്തിയുണ്ടായിരുന്ന അയാള്‍ വലിയൊരു യുദ്ധക്കൊതിയനായിരുന്നു.
ഒരിക്കല്‍ ദുന്ദുഭി സമുദ്രത്തിന്റെ അടുത്തുചെന്നു പറഞ്ഞു: '' നീ എപ്പോഴും കിടന്ന് അലറുന്നുണ്ടല്ലോ. വാ, നമുക്കൊന്നു പരസ്പരം ഏറ്റുമുട്ടാം. അപ്പോള്‍ ഞാനോണോ നീയാണോ കേമന്‍ എന്നു നമുക്കറിയാമല്ലോ.
സമുദ്രം പറഞ്ഞു: ''അയ്യോ, നിന്നോടു യുദ്ധം ചെയ്യാനോ? നീ മിടുക്കനല്ലേ. യുദ്ധം ചെയ്യാന്‍ നിനക്കു കൊതിയാണെങ്കില്‍ ഹിമവാന്റെ അടുക്കല്‍ ചെല്ല്. ഹിമവാനാണെങ്കില്‍ നല്ല തടിമിടുക്കുണ്ടല്ലോ.
സമുദ്രത്തിന്റെ മറുപടി കേട്ടയുടനേ ദുന്ദുഭി ഹിമവാന്റെ പക്കലേക്ക് ഓടി. എന്നിട്ടു കൊമ്പും തലയുമിളക്കിക്കൊണ്ടു പറഞ്ഞു: ''നിന്നോടു യുദ്ധം ചെയ്യാനാണു ഞാന്‍ വന്നിരിക്കുന്നത്. വരൂ, വേഗമാകട്ടെ. എന്റെ കൈയാണെങ്കില്‍ വല്ലാതെ തരിക്കുന്നു!
അപ്പോള്‍ ഹിമവാന്‍ അനുനയസ്വരത്തില്‍ പറഞ്ഞു: ''എന്റെ പൊന്നു ചങ്ങാതീ, ഞാന്‍ എങ്ങനെ യുദ്ധം ചെയ്യാനാണ്? എനിക്കാണെങ്കില്‍ ഇവിടെനിന്ന് ഇളകാന്‍പോലും പാടില്ലല്ലോ.
ദുന്ദുഭിക്കു വല്ലാത്ത ദേഷ്യം വന്നു. അയാള്‍ അലറി: ''നിന്നോടല്ലെങ്കില്‍ പിന്നെ ഞാന്‍ ആരോടു യുദ്ധം ചെയ്യണം? വേഗം പറയൂ. അല്ലെങ്കില്‍ നിന്നെയിപ്പോള്‍ എടുത്തു സമുദ്രത്തില്‍ കൊണ്ടുപോയി മുക്കിത്താഴ്ത്തും.
ഹിമവാന്‍ പറഞ്ഞു: ''അയ്യോ, എന്നോടു പിണങ്ങരുതേ. നിനക്കു യുദ്ധം ചെയ്യാന്‍ പറ്റിയ ഒരു പടുകൂറ്റന്‍ വാനരനുണ്ട്. അവന്റെ പേര് ബാലി എന്നാണ്. കിഷ്‌കിന്ധയിലാണ് അവന്റെ താമസം. നീ വേഗം അങ്ങോട്ടു ചെല്ലൂ.
ഹിമവാന്റെ മറുപടി കേള്‍ക്കേണ്ട താമസം, ദുന്ദുഭി കിഷ്‌കിന്ധയിലേക്കു കുതിച്ചു. അയാള്‍ അവിടെ എത്തിയപ്പോള്‍ ബാലിയും അവന്റെ കുടുംബാംഗങ്ങളും നല്ല ഉറക്കത്തിലായിരുന്നു. ദുന്ദുഭി ബാലിയുടെ പടിപ്പുരവാതിലില്‍ചെന്ന് കൊമ്പുകൊണ്ടു മുട്ടി ശബ്ദമുണ്ടാക്കിയിട്ടു പറഞ്ഞു:
'ബാലീ, ഇതു ദുന്ദുഭിയാണ്. ഞാന്‍ നിന്നോടു യുദ്ധം ചെയ്യാനാണ് വന്നിരിക്കുന്നത്. വേഗം ഇറങ്ങിവരൂ!
ദുന്ദുഭിയുടെ ശബ്ദംകേട്ട് ഉറക്കമുണര്‍ന്ന ബാലി കഥ എന്തെന്നറിയാതെ കുഴങ്ങി. അവന്‍ കണ്ണുംതിരുമ്മി എഴുന്നേറ്റു ചെന്നപ്പോള്‍ ദുന്ദുഭി പറഞ്ഞു: 'യുദ്ധം ചെയ്യാഞ്ഞിട്ട് എന്റെ കൈകള്‍ തരിക്കുന്നു. വരൂ, നമുക്കൊന്ന് ഏറ്റുമുട്ടാം.
ബാലി ഒരു വാനരനാണെങ്കിലും സാധാരണ കുരങ്ങനല്ല; പര്‍വതങ്ങള്‍ അപ്പാടെ കൈകളിലെടുത്ത് അമ്മാനമാടാന്‍ കഴിവുള്ളവനാണ്. അങ്ങനെയുള്ള ബാലിയോടാണ് ദുന്ദുഭി പോരിനു ചെന്നിരിക്കുന്നത്.
അഹങ്കാരിയും അധികപ്രസംഗിയുമായ ദുന്ദുഭിയോട് എന്തുചെയ്യണമെന്ന് ബാലി ആലോചിച്ചുനില്‍ക്കുമ്പോള്‍ ദുന്ദുഭി തന്റെ വെല്ലുവിളി ആവര്‍ത്തിച്ചു. ബാലി പിന്നെ ഒന്നും ആലോചിച്ചില്ല. അവന്‍ ദുന്ദുഭിയുടെ ചെള്ളയ്ക്കുതന്നെ കൊടുത്തു ഉഗ്രന്‍ ഒരടി!
ബാലിയുടെ അടി ദുന്ദുഭിക്ക് വല്ലാതെ കൊണ്ടു. കലികയറിയ ദുന്ദുഭി ബാലിക്കു തിരികെ കൊടുത്തു അത്യുഗ്രന്‍ ഒരടി. പിന്നെ അവര്‍തമ്മില്‍ ഉഗ്രയുദ്ധമായിരുന്നു. അഹങ്കാരിയായ ദുന്ദുഭിയെ ഒരു പാഠം പഠിപ്പിക്കാന്‍വേണ്ടി ബാലി അയാളെ എടുത്ത് ഒരു ഏറുവച്ചുകൊടുത്തു. ദുന്ദുഭി ചെന്നുവീണതാകട്ടെ അങ്ങകലെയുള്ള ഋഷ്യമൂകപര്‍വതത്തിന്റെ മുകളിലും! അതോടെ ദുന്ദുഭിയുടെ കഥകഴിഞ്ഞു.
രാമായണത്തിലുള്ള ഈ കഥ കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും ഊറിച്ചിരിച്ചേക്കാം. കാരണം, ചുരുക്കമായിട്ടെങ്കിലും ദുന്ദുഭിയുടെ സ്വഭാവമുള്ള ചിലരെ നാം ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ടല്ലോ.
അടങ്ങിയൊതുങ്ങിയിരിക്കാത്ത സ്വഭാവമായിരുന്നു ദുന്ദുഭിയുടേത്. ആരോടെങ്കിലും ഉടക്കാതെയോ ആരെയെങ്കിലും പോരിനു ക്ഷണിക്കാതെയോയിരിക്കാന്‍ ദുന്ദുഭിക്ക് കഴിയുമായിരുന്നില്ല. ഓടിനടന്ന് എല്ലാവരോടും യുദ്ധം ചെയ്യാനായിരുന്നു മോഹം. അങ്ങനെയാണ് അവസാനം അയാള്‍ ബാലിയോട് ഏറ്റുമുട്ടാനൊരുങ്ങിയത്.
ദുന്ദുഭിയുടെ കഥ വെറുമൊരു അസുരനെക്കുറിച്ചുള്ള കഥയല്ല. ഈ കഥ നമ്മെക്കുറിച്ചുള്ള കഥകൂടിയാണ്. നമ്മുടെ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും യുദ്ധക്കൊതിയുടെയുമൊക്കെ കഥ.
ഒരുപക്ഷേ, നാമാരും ദുന്ദുഭിയെപ്പോലെ ഓടിനടന്നു വാക്കേറ്റത്തിനും കൈയേറ്റത്തിനുമൊന്നും പോകുന്നില്ലായിരിക്കാം. എന്നിരുന്നാലും ജീവിതത്തിലെ വിവിധ രംഗങ്ങളില്‍ ഏതെല്ലാം തരത്തിലുള്ള അനാവശ്യ മത്സരങ്ങള്‍ക്ക് നാം പലപ്പോഴും മുതിരാറുണ്ട്! നാം മറ്റുള്ളവരെക്കാള്‍ കേമന്മാരാണെന്നു സ്ഥാപിക്കാന്‍ എന്തെല്ലാം വഴികള്‍ നോക്കാറുണ്ട്! പക്ഷേ, ഈ മത്സരങ്ങള്‍കൊണ്ടു നാം എന്തെങ്കിലും നേടാറുണേ്ടാ?. ഒരുപക്ഷേ, ഈ മത്സരത്തിന്റെ ഫലമായി നാമും ദുന്ദുഭിയെപ്പോലെ അമ്പേ പരാജയപ്പെട്ടു പോകാറില്ലേ?
ജീവിതത്തിലെ എല്ലാ രംഗങ്ങളിലും ആരോഗ്യപരമായ മത്സരം നല്ലതുതന്നെ. എന്നാല്‍, മത്സരം അഹങ്കാരവും പൊങ്ങച്ചവും ധിക്കാരവുമൊക്കെയായി അധഃപതിക്കുമ്പോള്‍ അതു നമ്മുടെ ജീവിതത്തിന്റെ കാന്തി കെടുത്തുന്നു. എന്നുമാത്രമല്ല, അതു നമ്മുടെ ജീവിതംതന്നെ തകര്‍ക്കുകയും ചെയ്യുന്നു.
ദുന്ദുഭിയുടെ സ്വഭാവപ്രത്യേകത നമ്മിലേക്കു കടന്നുവരാതിരിക്കാന്‍ നമുക്കു ശ്രദ്ധിക്കാം. അതുപോലെ, ദുന്ദുഭിയുടെ സ്വഭാവം നമ്മില്‍ വളരാന്‍ ഇടയായിട്ടുണെ്ടങ്കില്‍ അതു ദൂരെ വലിച്ചെറിയാനും നമുക്കു ശക്തി സംഭരിക്കാം
Post A Comment:
0 comments: