
നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഉത്തരവാദിത്തമുള്ളവരാക്കി മാറ്റേണ്ടത് കുടുംബ ഭദ്രതയ്ക്കും,എല്ലാവരിലും ഉത്തരവാദിത്വബോധമുണ്ടാക്കാനും ഏറ്റവും അനിവാര്യമായ ഘടകമാണ്. എല്ലാം ഞാൻ ചെയ്താലേ ശരിയാകൂ എന്ന ചിന്ത ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ ആദ്യം മാറ്റണം.ഞാനില്ലെങ്കിൽ ഒന്നും ശരിയാകില്ല എന്ന ധാരണ വേണ്ട . ആരില്ലെങ്കിലും ആവശ്യം വരുമ്പോൾ എല്ലാവരും സ്വയം കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്തു കൊള്ളും എന്ന വിശ്വാസമാണ് പ്രധാനം. അതിനാൽ ഏറ്റവും നല്ലത് കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും അവരവർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ ആദ്യമേ നൽകുക എന്നതാണ് .കുടുംബത്തിലെ ഓരോ അംഗങ്ങളെയും സ്വയംപര്യാപ്തരാക്കുകയെന്നത് വീട്ടിലെ ഓരോ അംഗത്തിന്റെയും ധർമ്മമാണ് എന്ന് തിരിച്ചറിയണം.കൊച്ചു കുട്ടികൾക്കു പോലും അതിനുള്ള അവസരം നൽകാവുന്നതാണ്. അഞ്ചു വയസാകുമ്പോഴേ കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെറിയ രീതിയിൽ പരിശീലിപ്പിക്കാം.അതിനു മുതിർന്നവർ എപ്പോഴും നല്ല മാതൃകകൾ ആയിരിക്കണം. അവർ മുതിർന്നവരെക്കണ്ടാണ് പഠിക്കുന്നത് എന്ന് ഓർക്കണം.ആഹാരം കഴിക്കുന്ന കുഞ്ഞു പാത്രങ്ങൾ കഴുകാനും,അവ വയ്ക്കേണ്ട സ്ഥലത്തു വയ്ക്കാനും ചെറിയ പ്രായത്തിലെ പരിശീലിപ്പിക്കാം. അവരുടെ പഠന സാമഗ്രികൾ ഭംഗിയായി അവരുടെ പഠന മേശപ്പുറത്തും, ബാഗിലും വയ്ക്കാൻ പ്രാപ്തരാക്കാം.സ്കൂളിൽ പോകുന്നതിനു മുന്നേയും വന്നതിനു ശേഷവും ഓരോ ദിവസവും കൊണ്ടുപോകുന്ന പഠനോപകരണങ്ങൾ കൃത്യമായി ഉണ്ടോ എന്ന് കുട്ടികളെ കൊണ്ട് തന്നെ പരിശോധിപ്പിച്ച് ഉറപ്പാക്കാം.കുട്ടികൾക്കുള്ള കുടിവെള്ളം അവർ തന്നെ രാവിലെ എടുക്കാൻ പരിശീലിപ്പിക്കാം.ഓരോ വ്യക്തിയും അവരുടെ ജീവിതത്തിലെ ദൈനം ദിന കാര്യങ്ങളിൽ സ്വയം ഉത്തരവാദിയാണെന്നു തിരിച്ചറിഞ്ഞാൽ മാത്രമേ സ്വയംപര്യാപ്തതയും, ഉത്തരവാദിത്വബോധവും, അടുക്കും ചിട്ടയും എല്ലാം പഠിക്കുകയുള്ളു.ഉത്തരവാദിത്വബോധമുള്ള ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാൻ ഒത്തൊരുമയോടെ കുടുംബത്തിലും, വിദ്യാലയത്തിലും പ്രവർത്തിക്കാം.
Post A Comment:
0 comments: