സുഗ്രീൻ്റെ മന്ത്രിമാരിൽ ഒരാളായ ജാംബവാനെ കരടി ശ്രേഷ്ഠനായും വാനരശ്രേഷ്ഠനായും വർണ്ണിച്ചു കാണുന്നു.മഹാവിഷ്ണു രാമനായി അവതരിച്ച് രാവണനിഗ്രഹത്തിനൊരുങ്ങുമ്പോൾ ദേവന്മാർ അംശാവതാരമെടുത്ത് വാനരന്മാരായി ഭൂമിയിൽ എത്തണമെന്ന നിർദ്ദേശപ്രകാരം ജാംബവാൻ ബ്രഹ്മാവിൻ്റെ കോട്ടുവായിൽ നിന്ന് ജനിച്ചുവെന്ന് രാമായണം ബാലകാണ്ഡത്തിൽ പറയുന്നു. മധുകൈടഭന്മാരെ കണ്ടു ഭയന്ന ബ്രഹ്മാവിൻ്റെ വിയർപ്പിൽ നിന്നാണ് ജാംബവാൻ ജനിച്ചതെന്നും അദ്ദേഹത്തിന് അംബുജാതൻ എന്ന പേരു വന്നത് അങ്ങനെയെന്നുമാണ് കമ്പ രാമായണത്തിലെ പൂർവ്വകാണ്ഡത്തിൽ പറയുന്നത്.സപ്തദ്വീപുകളിൽ ഒന്നായ ജംബൂനദത്തിൽ ആദ്യം പ്രവേശിച്ച ആളെന്ന നിലയിലാണ് ജാംബവാൻ എന്ന പേരുണ്ടായതെന്നും കമ്പരാമായണം പറയുന്നു. സീതാന്വേഷണത്തിന് തെക്കൻ ദിക്കിലേക്കു പോയ വാനരന്മാരോടൊപ്പം ചെന്നിരുന്ന ജാംബവാനാണ് സമുദ്രലംഘനത്തിന് ഹനുമാനെ പ്രേരിപ്പിച്ചത്.തൃണബിന്ദു മഹർഷിയുടെ ശാപം നിമിത്തം സ്വന്തം ശക്തിയെപ്പറ്റി അജ്ഞനായിരുന്ന ഹനുമാനെ അദ്ദേഹത്തിൻ്റെ ജനനം, ആത്മശക്തി, വരലാഭങ്ങൾ തുടങ്ങിയവയെല്ലാം ജാംബവാൻ വർണ്ണിച്ചു കേൾപ്പിച്ചതോടെയാണ് ഹനുമാന് ശാപമോക്ഷം കൈവന്ന് സ്വന്തം ശക്തി വീണ്ടെടുക്കാനായത്. യുദ്ധക്കളത്തിൽ ബോധമറ്റു നിലംപതിച്ച ലക്ഷ്മണനേയും സുഗ്രീവാദികളേയും പുനരുജ്ജീവിപ്പിക്കാൻ മൃതസഞ്ജീവനിക്കായി ഹനുമാനെ ഹിമാലയത്തിലേക്ക് പറഞ്ഞു വിട്ടത് ജാംബവാനായിരുന്നു.
മൃതസഞ്ജീവനി ഏതെന്നു തിരിച്ചറിയാൻ കഴിയാത്ത ഹനുമാൻ നാല് ദിവ്യൗഷധങ്ങൾ വളർന്നു നിന്ന ഒരു കൊടുമുടി തന്നെ കുത്തിയsർത്തി വന്നെത്തിയപ്പോൾ മൃതസഞ്ജീവനി തിരിച്ചറിഞ്ഞ ജാംബവാൻ എല്ലാവരേയും പുനരുജ്ജീവിപ്പിച്ച ശേഷം ബാക്കി ഔഷധികളെല്ലാം യുദ്ധഭൂമിയിൽ എല്ലായിടത്തും ഒന്നു കൊണ്ടുനടന്നു. മൃതസഞ്ജീവനിയിൽ തട്ടിപ്പരന്ന കാറ്റേറ്റ് വീണു കിടന്ന സകലരും ജീവിച്ചെണീറ്റു.വിശല്യകരണി കൊണ്ട് ദേഹങ്ങളിൽ തറച്ചു കയറിയിരുന്ന ശല്യങ്ങളെല്ലാം നീങ്ങിപ്പോയി, ശല്യകരണിയാൽ ശരീരങ്ങളിലുണ്ടായിരുന്ന വ്രണങ്ങളെല്ലാം ഉണങ്ങി. മറ്റൊരു ഔഷധമായ സന്ധാനകരണിയുടെ പ്രഭാവം കൊണ്ട് സകല മുറിവുകളും അപ്രത്യക്ഷമായി! മഹാവിഷ്ണുവിൻ്റെ മത്സ്യാവതാരം മുതൽ ഒമ്പത് അവതാരങ്ങളും ജാംബവാൻ കണ്ടിട്ടുണ്ടെന്ന് പുരാണങ്ങൾ പറയുന്നു. വാമനാവതാര കാലത്ത് മഹാപരാക്രമിയായിരുന്ന ജാംബവാനാണ് വാമനൻ മൂന്നു ലോകങ്ങളേയും മൂവടിയാക്കി അളന്നെന്ന വിവരം പെരുമ്പറയടിച്ച് ഘോഷിച്ചു കൊണ്ടു നടന്നത്.
ശ്രീകൃഷ്ണാവതാരത്തിൽ സ്യമന്തകമണിയുമായി ബന്ധപ്പെട്ടാണ് ജാംബവാനെ നാം അറിയുന്നത്. സൂര്യദേവൻ സത്രാജിത്ത് എന്ന രാജാവിന് ദാനം ചെയ്ത സ്യമന്തകമണി അദ്ദേഹത്തിൻ്റെ അനുജൻ പ്രസേനൻ അത് ധരിച്ചു കൊണ്ട് നായാട്ടിനു പോയി. ഒരു സിംഹം പ്രസേനനെ കൊന്ന് രത്നം കടിച്ചെടുത്തു കൊണ്ടു നടക്കുമ്പോൾ ജാംബവാൻ ആ സിംഹത്തെ വധിച്ച് രത്നം കൈക്കലാക്കി. ശ്രീകൃഷ്ണനാണ് സ്യമന്തകമണി മോഷ്ടിച്ചതെന്നുള്ള ജനസംസാരം നാട്ടിൽ പരന്നപ്പോൾ കൃഷ്ണൻ ജാംബവാനെ യുദ്ധത്തിൽ തോല്പിച്ച് മണി തിരിച്ചെടുത്ത് സത്രാജിത്തിനെ ഏല്പിക്കുകയുണ്ടായി. ജാംബവാൻ്റെ പുത്രിയായ ജാംബവതിയെ കൃഷ്ണന് വിവാഹം ചെയ്തു കൊടുക്കുകയുമുണ്ടായെന്ന് ഭാഗവതത്തിൽ പറയുന്നു.വാമനവിജയം വിളംബരം ചെയ്തു കൊണ്ട് പെരുമ്പറയടിച്ച് മൂന്നു ലോകങ്ങളേയും പതിനെട്ടു പ്രാവശ്യം ജാംബവാൻ വലംവയ്ക്കുന്ന വേളയിൽ അദ്ദേഹത്തിൻ്റെ നഖാഗ്രം മഹാമേരുവിൻ്റെ ശൃംഗത്തിൽ അറിയാതെ തൊട്ടു പോയി. അതൊരു അവഹേളനമായി കരുതിയ മഹാമേരു മഹാപരാക്രമിയായ ജാംബവാന് ഇനിമേൽ മനസ്സ് എത്തുന്നിടത്ത് ശരീരം എത്താതിരിക്കട്ടെ എന്നും ആ നിമിഷം മുതൽ നിത്യവൃദ്ധനായി തീരട്ടെ എന്നും ശപിക്കുകയുണ്ടായി! അന്നു മുതലാണത്രേ ജാംബവാൻ ചിന്തിക്കുന്ന കാര്യം ചെയ്യാൻ കഴിവില്ലാത്തവനും നിത്യവൃദ്ധനുമായി തീർന്നതുമെന്ന് കമ്പരാമായണത്തിൽ പറയുന്നുണ്ട്.
(നാളെ .. സ്വയംപ്രഭ)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: