മയൻ എന്ന അസുരൻ്റെ രണ്ടു പുത്രിമാരിൽ ഒരാൾ.സോമപ്രഭയാണ് രണ്ടാമത്തെ പുത്രി. ജനനം മുതലേ സ്വയംപ്രഭ ബ്രഹ്മചാരിണിയായി കഴിഞ്ഞു. അനുജത്തിയായ സോമപ്രഭയെ വൈശ്രവണ പുത്രനായ നളകൂബരൻ വിവാഹം ചെയ്തു.ബ്രഹ്മചാരിണിയായ സ്വയംപ്രഭ രംഭയുടെ ദാസിയായിരുന്നു. സീതാന്വേഷണവുമായി തെക്കോട്ടുയാത്ര ചെയ്ത അംഗദൻ, ഹനുമാൻ, ജാംബവാൻ തുടങ്ങിയവർ കാടുകളും മേടുകളുമെല്ലാം പരിശോധിച്ച് വിസ്ത്യതമായ ഒരു വനത്തിൽ വന്നു ചേർന്നു. വിശപ്പും ദാഹവും കൊണ്ട് ക്ഷീണിച്ച വാനരാദികൾ ദൂരെ ഒരിടത്തുള്ള ഒരു കുഴിയിൽ നിന്ന് ചെറു പക്ഷികൾ ആകാശത്തേക്കുയരുന്ന കാഴ്ചകണ്ടു. ആ പക്ഷികളുടെ ചിറകിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ജലത്തുള്ളികൾ കണ്ട വാനരന്മാർ ആ കുഴിയിൽ നിന്നും തങ്ങൾക്കുള്ള ദാഹജലം ലഭിക്കുമെന്നു കരുതി അവർ ഓരോരുത്തരായി ആ കുഴിയിലേക്ക് ഇറങ്ങി.അതിലൂടെ വളരെ ദൂരം സഞ്ചരിച്ചപ്പോൾ വിശാലമായ ഒരു ഉദ്യാനത്തിൽ വന്നു ചേർന്നു.അവിടെ ഏകാന്തതയിൽ ഒരു സുന്ദരി വസിക്കുന്നതു കണ്ട് വാനരനായകന്മാർ അത്ഭുതപ്പെട്ടു. തൻ്റെ ആത്മകഥ ആ സുന്ദരി ഇപ്രകാരം അവരോട് പറയുകയുണ്ടായി."രംഭയുടെ വിശ്വസ്തദാസിയായ സ്വയംപ്രഭയാണു ഞാൻ. ഒരിക്കൽ ചതുരാസ്യൻ എന്ന അസുരവീരൻ രംഭയെ അയാളുടെ സ്വാധീനവലയത്തിലാക്കി നൽകാൻ എന്നോട് ആവശ്യപ്പെട്ടു.അത് നിർവ്വഹിച്ചുകൊടുത്ത എനിക്കുള്ള നന്ദി സൂചകമായി ആ അസുരൻ ദൈത്യ ശില്പിയായ മയാചാര്യനെക്കൊണ്ട് ഈ ഉദ്യാനനഗരി പണികഴിപ്പിച്ചു തന്നു. ഇവിടെയുള്ള വില പിടിപ്പുള്ള രത്നങ്ങൾ വിവിധ വർണങ്ങളിലുള്ള വെളിച്ചം വിതറുമ്പോൾ തരുലതകൾ ആവശ്യാനുസരണം ഭക്ഷണ സാധനങ്ങളും നൽകി വരുന്നു. ഈ ഉദ്യാനനഗരിയിൽ ചതുരാസ്യനും രംഭയും ഞാനും മാത്രം കഴിയുന്ന കാര്യമറിഞ്ഞ ഇന്ദ്രൻ ഇവിടെയെത്തി രംഭയെ വീണ്ടെടുത്തു കൊണ്ടുപോയി. അസുരനു വേണ്ടി ഒത്താശ ചെയ്തു കൊടുത്ത എന്നെ ഏകാകിനിയായി ഇവിടെത്തനെ കഴിയണമെന്ന ശാപം നൽകിയ ഇന്ദ്രനോട് ഞാൻ ശാപമോക്ഷത്തിനായി യാചിച്ചു. അനേകായിരം വർഷങ്ങൾ കഴിഞ്ഞ് ശ്രീരാമ പത്നിയായ സീതാദേവിയെ അന്വേഷിച്ച് ഒരു വാനരസംഘം ഇവിടെ വന്നു ചേരുമെന്നും ആഹാരാദികൾ കൊടുത്ത് അവരെ സൽക്കരിക്കണമെന്നും തുടർന്ന് ഇവിടം ഉപേക്ഷിച്ച് രാമദേവനെ കണ്ട് അനുഗ്രഹം വാങ്ങി സ്വർഗ്ഗത്തിലേക്ക് മടങ്ങാമെന്നുമുള്ള ശാപമോക്ഷം ഇന്ദ്രൻ നൽകുകയുണ്ടായി. അതു പ്രകാരം നിങ്ങളെ പ്രതീക്ഷിച്ച് ഞാനിവിടെ ഏകാകിനിയായി കഴിഞ്ഞുകൂടുകയായിരുന്നു. നിങ്ങളെ സൽക്കരിച്ചതോടെ ഞാനീ സ്ഥലം ഉപേക്ഷിച്ചു പോകയാണ്. അതോടെ ഈ ഉദ്യാനനഗരി ഇല്ലാതെയാവും. നിങ്ങളേവരും കണ്ണടച്ചു നിൽക്കുക.ഞാൻ നിങ്ങളെ മുമ്പു നിന്ന മൈതാനത്തിലേക്ക് ആക്കിത്തരാം" സ്വയംപ്രഭയുടെ വാക്കുകൾ കേട്ട വാനരാദികൾ കണ്ണുകൾ അടച്ചുനിന്നു. അവർ കണ്ണുതുറന്നപ്പോൾ ഉദ്യാനവുമില്ല സ്വയംപ്രഭയുമില്ല.അവർ പഴയ മൈതാനത്തിൽ നില്ക്കുന്നതായി കാണപ്പെട്ടു! ശ്രീരാമസന്നിധിയിൽ ചെന്ന് അദ്ദേഹത്തിൻ്റെ അനുഗ്രഹവും വാങ്ങിയ സ്വയംപ്രഭ ശാപമോക്ഷം നേടി സ്വർഗ്ഗത്തിലേക്ക് തിരികെ പ്പോയി.
(നാളെ .. സുരസ)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: